Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം പ്രസ്സിൽ അച്ചടിച്ച് സമ്മാനം ഇല്ലാതെ ലോട്ടറി വിറ്റ് കോടികൾ സമ്പാദിച്ചത് വെറുതേയായി; സാന്റിയാഗോ മാർട്ടിന്റെ 400 കോടി കണ്ട് കെട്ടാൻ നടപടികൾ തുടങ്ങി; എല്ലാ പഴുതുകളും അടഞ്ഞപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടൽ

സ്വന്തം പ്രസ്സിൽ അച്ചടിച്ച് സമ്മാനം ഇല്ലാതെ ലോട്ടറി വിറ്റ് കോടികൾ സമ്പാദിച്ചത് വെറുതേയായി; സാന്റിയാഗോ മാർട്ടിന്റെ 400 കോടി കണ്ട് കെട്ടാൻ നടപടികൾ തുടങ്ങി; എല്ലാ പഴുതുകളും അടഞ്ഞപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടൽ

കൊച്ചി: വെറും കടലാസ് അച്ചടിച്ച് മലയാളികളെ മുഴുവൻ പറ്റിച്ച് കോടികൾ പോക്കറ്റിലാക്കിയ സാന്റിയാഗോ മാർട്ടിന് കനത്ത തിരിച്ചടി. സമ്മാനം ഇല്ലാത്ത ലോട്ടറികൾ വിറ്റ് ആയിരക്കണക്കുന് കോടികളാണ് മാർട്ടിൻ കേരളത്തിൽ നിന്നും കടത്തിയത്. ലോട്ടറിയെ മറയാക്കി മാർട്ടിൻ കള്ളപ്പണവും വെളിപ്പിച്ചെന്ന് വ്യക്തമായതോടെ എൻഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങി. മാർട്ടിന്റെ സംരക്ഷകരായിരിക്കുന്നവർ അധികാരത്തിൽ നിന്നും പോയതോടെയാണ് എൻഫോഴ്‌സ്‌മെന്റ്് കർശന നടപടിയുമായി രംഗത്തെത്തിയത്. അന്യസംസ്ഥാന ലോട്ടറിയുടെ മറവിൽ 400 കോടിയിലേറെ രൂപ മാർട്ടിൻ വെളുപ്പിച്ചെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മാർട്ടിന്റെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ നടപടികൾ എൻഫോഴ്‌സ്‌മെന്റ് ആരംഭിച്ചു കവഴിഞ്ഞു.

സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. കേരളത്തിൽ നടന്ന സിക്കിം ഭൂട്ടാൻ ലോട്ടറി നറുക്കെടുപ്പുകളുടെ മറവിൽ നൂറുകണക്കിന് കോടി രൂപയുടെ കള്ളപ്പണം സാന്റിയാഗോ മാർട്ടിൻ വെളുപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. മാർട്ടിന്റെയും പങ്കാളി ജയമുരുകന്റെയും ഉടമസ്ഥതയിലുള്ള 'എം.ജെ. അസോസിയേറ്റ്‌സ്' എന്ന സ്ഥാപനം വഴിയാണ് ഭൂരിഭാഗം ഇടപാടുകളും നടന്നത്.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ്, ഫ്യൂച്ചർ ഗെയിം സൊല്യൂഷൻസ് എന്നീ സ്ഥാപനങ്ങൾ വഴിയും കള്ളപ്പണം ഇടപാടുകൾ നടന്നതായി എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തിൽ വ്യക്തമായി. അന്വേഷണത്തിന്റെ ഭാഗമായി മാർട്ടിന്റെ കേരളത്തിലെ പ്രമുഖ ഏജന്റുമാരായിരുന്നവരിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ മൊഴിയെടുത്തിരുന്നു.

സിക്കിം ഭൂട്ടാൻ ലോട്ടറികളുടെ കേരളത്തിലെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് 2009 മുതലുള്ള കാലയളവിലെ മാർട്ടിന്റെ ഇടപാടുകളാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന് വിധേയമാക്കിയത്. ഏതാണ്ട് 400 കോടിയോളം രൂപയുടെ കള്ളപ്പണം മാർട്ടിൻ നറുക്കെടുപ്പുകളുടെ മറവിൽ വെളുപ്പിച്ചതായാണ് എൻഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക നിഗമനം.

ഈ തുകയ്ക്ക് തുല്യമായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മാർട്ടിന്റെ വസ്തുവകകൾ കണ്ടുകെട്ടാനാണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനം. ഇതിനായി മാർട്ടിന്റെ കോയമ്പത്തൂരിലുള്ള ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. നടപടികൾക്ക് മുന്നോടിയായി മാർട്ടിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ സാന്റിയാഗോ മാർട്ടിൻ എന്ന ലോട്ടറി മാഫിയാ തലവൻ കേരളത്തിൽ നിന്നും അടിച്ചുമാറ്റിയത് 4752 കോടിയോളം രൂപയാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ലോട്ടറി കച്ചവടത്തിലൂടെ കേരളത്തിൽ നിന്നും 4600 കോടി രൂപ സമാഹരിച്ച മാർട്ടിൻ സിക്കിം സർക്കാറിന് നൽകിയത് വെറും 143 കോടി രൂപയായിരുന്നു.

മാർട്ടിന്റെ കൊള്ളയടിയെ കുറിച്ച് അന്വേഷിച്ച് കേസെടുക്കാൻ സംസ്ഥാന സർക്കാറാണ് നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച ഈ കേസുകൾ സിബിഐ ഏറ്റെടുക്കുകയായിരുന്നു. കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നതിന് മാർട്ടിനും കൂട്ടാളികളും സിക്കിം സർക്കാർ ഉദ്യോഗസ്ഥന്മാരും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയതായി സിബിഐ കണ്ടെത്തി. എന്നാൽ സിക്കിം സർക്കാറിന്റെ ഭാഗത്തു നിന്നും സഹകരണം ലഭിക്കാത്തത് അന്വേഷണം മുന്നോട്ട് പോകുന്നതിന് തടസമായി.

2009 ഏപ്രിൽ ഒന്നു മുതൽ 2010 മാർച്ച് 31 വരെയുള്ള കാലത്ത് 4752 കോടി രൂപയുടെ സിക്കിം ലോട്ടറി ടിക്കറ്റുകൾ കേരളത്തിൽ വിറ്റെങ്കിലും ഇതിൽ 142.93 കോടി രൂപ മാത്രമേ സിക്കിം സർക്കാരിന്റെ ഫണ്ടിലേക്ക് മാർട്ടിൻ അടച്ചിട്ടുള്ളൂ. ബാക്കി തുക മാർട്ടിന്റെ കമ്പനിയായ മാർട്ടിൻ ലോട്ടറി ഏജൻസീസ് സ്വന്തം കീശയിലാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP