Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഹുലിന്റെ അയോഗ്യത കേരളത്തിൽ കോൺഗ്രസിന് അവസരമാകും; പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിൽ എത്തിയ രാഹുലിന് ലഭിച്ച വമ്പൻ സ്വീകരണത്തിൽ നേതാക്കളും ഞെട്ടി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വീണ്ടും രാഹുൽ-പ്രിയങ്ക തരംഗം പ്രതീക്ഷിച്ച് കോൺഗ്രസ്; കേരള സമൂഹത്തിലെ ബിജെപി വിരുദ്ധത രാഹുൽ ഗാന്ധിയെ മുൻനിർത്തി വോട്ടാക്കാൻ തന്ത്രങ്ങൾ അണിയറയിൽ

രാഹുലിന്റെ അയോഗ്യത കേരളത്തിൽ കോൺഗ്രസിന് അവസരമാകും; പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിൽ എത്തിയ രാഹുലിന് ലഭിച്ച വമ്പൻ സ്വീകരണത്തിൽ നേതാക്കളും ഞെട്ടി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വീണ്ടും രാഹുൽ-പ്രിയങ്ക തരംഗം പ്രതീക്ഷിച്ച് കോൺഗ്രസ്; കേരള സമൂഹത്തിലെ ബിജെപി വിരുദ്ധത രാഹുൽ ഗാന്ധിയെ മുൻനിർത്തി വോട്ടാക്കാൻ തന്ത്രങ്ങൾ അണിയറയിൽ

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഏതെങ്കിലും വിധേന വോട്ടർമാരെ ശക്തമായി സ്വാധീനിക്കാൻ സാധിക്കുന്നത് കേരളത്തിലാണെന്ന് മുൻകാല തെരഞ്ഞെടുപ്പുകൾ തെളിയിച്ചതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രാഹുൽ തരംഗം ആഞ്ഞുവീശിയപ്പോൾ അത് കോൺഗ്രസിന് വൻ വിജയമാണ് സമ്മാനിച്ചത്. നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിടാനുള്ള എതിരാളി എന്ന ഇമേജാണ് രാഹുലിനും കോൺഗ്രസിനും ഗുണകരമായതും. വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിന് അവസരം ഒരുങ്ങുമ്പോൾ കോൺഗ്രസ് രാഹുൽ തരംഗത്തിലാണ് പ്രതീക്ഷ വെക്കുന്നത്.

നരേന്ദ്ര മോദിയെ നിരന്തരം വിമർശിച്ചതു കൊണ്ടാണ് രാഹുലിന്റെ വയനാട് എംപി സ്ഥാനവും പോയതെന്നാണ് കോൺഗ്രസുകാരുടെ വിശ്വാസം. രാഹുലിന്റെ ഈ അയോഗ്യത ലോക്‌സഭയിൽ കോൺഗ്രസിന് കേരളത്തിൽ അവസരമാകുമെന്നാണ് പ്രതീക്ഷ. പ്രിയങ്കയ്‌ക്കൊപ്പം രാഹുൽ ഇന്നലെ വയനാട്ടിൽ എത്തിയപ്പോൾ ലഭിച്ച വമ്പൻ സ്വീകരണം നേതാക്കളെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. വൻ ജനസഞ്ചയം തന്നയാണ് കൽപ്പറ്റയിൽ ഉണ്ടായിരുന്നത്. ഇത് വരാനാരിക്കുന്ന രാഹുൽ തരംഗത്തിന്റെ സൂചനയായി കണക്കാക്കും. കേരള സമൂഹത്തിലുള്ള ബിജെപി വിരുദ്ധത രാഹുലിലൂടെ പരമാവധി മുതലാക്കുക എന്ന തന്ത്രമാകും കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പയറ്റുക.

ഇന്നലെ രാഹുൽ നടത്തിയ പ്രസംഗവും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കമായിരുന്നു. ജയിലിലടച്ചാലും അപഹസിച്ചാലും കേന്ദ്രസർക്കാരിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അയോഗ്യനാക്കിയത് അവസരമായി കാണുമെന്നും രാഹുൽ ഗാന്ധി കൽപ്പറ്റയിൽ ഇന്നലെ വ്യക്തമാക്കി. എംപി പദവി നഷ്ടമായശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ രാഹുൽ പതിനായിരങ്ങൾ അണിനിരന്ന സത്യമേവ ജയതേ സംഗമം ഉദ്ഘാടനം ചെയ്ത രാഹുലിന്റെ വാക്കുകൾ നേതാക്കൾ ആവേശതതോടയാണ് ഏറ്റെടുത്തതും.

പാർലമെന്റിലും പുറത്തുമായി ഉന്നയിച്ച ചോദ്യങ്ങൾ രാഹുൽ വീണ്ടും ആവർത്തിച്ചു. പ്രധാനമന്ത്രിക്ക് അദാനിയുമായുള്ള ബന്ധമെന്തെന്നു പാർലമെന്റിൽ ചോദിച്ചതിനാണ് എന്നെ നിശ്ശബ്ദനാക്കാൻ ശ്രമിച്ചത്. ബിജെപി എത്ര ആക്രമിച്ചാലും ഭയപ്പെടില്ല. കാരണം, ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ ആശയം ബിജെപിയുടേതിൽനിന്നു വ്യത്യസ്തമാണ്. ബിജെപി ഇന്ത്യയെ വിഭജിക്കുകയും ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നു. ഞാൻ ജനങ്ങളെ ഒരുമിപ്പിക്കുന്നു.

ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള സഹകരണം അദാനിക്കു ഗുണകരമാക്കി മാറ്റിയതും രാജ്യത്തെ വ്യോമയാന നിയമങ്ങളിൽ മാറ്റം വരുത്തിയതും ഞാൻ പാർലമെന്റിൽ ചൂണ്ടിക്കാട്ടി. വിദേശനയത്തെപ്പോലും അദാനിക്കായി ദുരുപയോഗം ചെയ്തതും ഉന്നയിച്ചു. എന്നാൽ, പിന്നീട് പാർലമെന്റ് നടപടികൾ കേന്ദ്രസർക്കാർ തന്നെ തടസ്സപ്പെടുത്തി. എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. എന്നാൽ, തകർക്കാനും ഭയപ്പെടുത്താനും എത്ര ശ്രമിച്ചാലും അതിനൊന്നും വഴങ്ങുന്നയാളല്ല ഞാൻ. ഇത് ബിജെപിക്കു മനസ്സിലായിട്ടില്ല- രാഹുൽ ഗാന്ധി പറഞ്ഞു.

' ഇത്രയും വർഷങ്ങളായിട്ടും, ബിജെപിക്ക് അവരുടെ എതിരാളിയെ മനസ്സിലായിട്ടില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. അവരുടെ എതിരാളി ഭയപ്പെടുകയില്ല എന്നവർ മനസ്സിലാക്കുന്നില്ല. എന്റെ വസതിയിലേക്ക് പൊലീസിനെ അയയ്ക്കുകയോ എന്റെ വീട് എന്നിൽ നിന്ന് എടുത്തുമാറ്റുകയോ ചെയ്താൽ ഞാൻ ഭയക്കുമെന്ന് അവർ കരുതുന്നു',രാഹുൽ പറഞ്ഞു.

'ഡൽഹിയിലെ എംപിയുടെ ഔദ്യോഗിക വസതി ഒഴിയേണ്ട ബാധ്യതയുണ്ടായിരുന്നു. അവരെന്റെ വീട് തിരിച്ചെടുത്തതിൽ ഞാൻ സന്തോഷവാനാണ്. അവിടെ ജീവിക്കാൻ എനിക്ക് ഇഷ്ടമില്ല. വയനാട്ടിൽ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട എത്രയോ പേരെയും അവരുടെ പോരാട്ടത്തെയുംഞാൻ കണ്ടു. നാല് വർഷം മുമ്പ് ഞാൻ ഇവിടെ വന്നു, എംപിയായി. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വ്യത്യസ്ത പ്രചാരണമായിരുന്നു. സാധാരണ പ്രചാരണത്തിൽ, നിങ്ങൾ നയങ്ങളെ കുറിച്ചും, എന്തൊക്കെ നടപ്പാക്കണമെന്നും പറയും. പക്ഷേ 2014 ൽ പ്രചാരണം വ്യത്യസ്തമായിരുന്നു. അവിടെ ഒരു സ്നേഹം അനുഭവപ്പെട്ടു. കേരളത്തിലെ കുടുംബത്തിന്റെ ഭാഗമായും അവരുടെ മകനായും എനിക്ക് അനുഭവപ്പെട്ടു, രാഹുൽ പറഞ്ഞു.

'രണ്ട് കാഴ്ചപ്പാടുകളുടെ പോരാട്ടമാണ് നടക്കുന്നത്. വയനാടിനോടുള്ള ബന്ധം എല്ലാക്കാലവും നിലനിൽക്കും. പാർലമെന്റിൽ ഒരു ബിസിനസുകാരനെക്കുറിച്ചു ചോദിച്ചു. അവർ മറുപടി നൽകിയില്ല. എന്നെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് രണ്ട് കത്തുകൾ അയച്ചു. എന്തുകൊണ്ടാണ് എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതെന്ന് സ്പീക്കറോട് ഓഫിസിൽ നേരിട്ടെത്തി ചോദിച്ചു. എനിക്ക് മറ്റു മാർഗമില്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. വരൂ ചായ കൂടിക്കൂ കാര്യങ്ങൾ ഞാൻ വിശദീകരിക്കാം എന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് അംഗത്വം ഇല്ലാതായത് വയനാട്ടിലെ ജനങ്ങളുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്‌ത്തില്ല. ഏതു പാർട്ടിയിലുള്ള ആളായാലും മുന്നണിയിലുള്ള ആളായാലും നമ്മൾ തമ്മിലുള്ള ബന്ധം ദൃഢമായിരിക്കും.രാഹുൽ പറഞ്ഞു.

അതേസമയം, വയനാട്ടുകാർക്ക് മറ്റാരെക്കാളും നന്നായി രാഹുൽ ഗാന്ധിയെ മനസ്സിലാക്കാൻ സാധിച്ചെന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാഹുൽ ധൈര്യശാലിയാണ്. ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുന്നു. ചോദ്യം ചോദിക്കുക എന്നത് ജനപ്രതിനിധിയുടെ കടമയാണ്. പ്രധാനമന്ത്രി ഉൾപ്പെടെ മന്ത്രിമാരും എംപിമാരും ഒരാളെയാണ് ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

''നാളെ വയനാട്ടിലേക്ക് പോകുകയല്ലേ, എനിക്ക് അത്ര പ്രാവീണ്യത്തോടെ സംസാരിക്കാൻ സാധിക്കില്ലെന്ന് രാഹുലിനോട് പറഞ്ഞു. എന്നാൽ കുടുംബത്തോട് സംസാരിക്കുന്നതുപോലെ ലളിതമായി സംസാരിക്കാനാകുമെന്നാണു രാഹുൽ പഞ്ഞത്. അതുകൊണ്ട് കുടുംബത്തോട് സംസാരിക്കുന്നതു പോലെയാണ് എനിക്ക് തോന്നുന്നത്.

കോൺഗ്രസ് പ്രസ്ഥാനം ഒരു വ്യക്തിയുടെ പ്രശ്നം ഉയർത്തിപ്പിടിച്ചു വരികയാണെന്ന് ബിജെപി മന്ത്രിമാർ പറഞ്ഞു. എന്നാൽ ഒരു വ്യക്തിയുടെ സംരക്ഷണത്തിന് വേണ്ടി ഭരണകൂടം മുഴുവൻ രംഗത്തുവന്നിരിക്കുന്നു. അത് ഗൗതം അദാനിയാണ്. ഈ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ സ്വകാര്യ വ്യക്തിക്ക് എഴുതിക്കൊടുക്കുന്നു. ദിനംപ്രതി കോടികൾ സമ്പാദിക്കുന്നയാളെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് വേണ്ടി നിലകൊള്ളാൻ സർക്കാർ തയാറാകുന്നില്ല'' പ്രിയങ്ക പറഞ്ഞു.

റോഡ്ഷോയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലുമായി പാലക്കാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നടക്കം ആയിരക്കണക്കിനുപേർ അണിനിരന്നു. കൽപറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ 3.50ഓടെ ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും പതിനായിരങ്ങൾ ആർപ്പുവിളികളോടെ സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ കൈനാട്ടി ബൈപ്പാസ് റോഡ് ജങ്ഷനിലൊരുക്കിയ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. എംപിയായ ശേഷം പലതവണ രാഹുൽ മണ്ഡലത്തിലെത്തിയിട്ടുണ്ടെങ്കിലും ഇത്തവണ വരുന്നത് ഏറെ വൈകാരിക പശ്ചാത്തലത്തിലാണ്.

ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വയനാട് ജനത തെരഞ്ഞെടുത്തയച്ച രാഹുൽ ഗാന്ധി എംപി, നിലവിൽ എംപിയല്ല. സൂറത്ത് കോടതി വിധിയുടെ പിന്നാലെ ധൃതിപിടിച്ച് പാർലമെന്റിൽനിന്ന് അയോഗ്യനാക്കിയ ശേഷം ആദ്യമായാണ് വയനാടിന്റെ മണ്ണിലെത്തുന്നത്. തങ്ങളുടെ എംപിയോട് നടത്തിയ രാഷ്ട്രീയപകപോക്കലിനോടുള്ള ജനകീയ പ്രതിരോധം കൂടിയാണ് ഇന്നലത്തെ സ്വീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP