Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിയുടെ പള്ളി സന്ദർശനത്തിന് മുമ്പ് കർദിനാളിന്റെ അനുകൂല പ്രസ്താവന; ഈസ്റ്റർ ആശംസയുമായി നേതാക്കളെത്തിയ ബിഷപ്പ് ഹൗസുകളിൽ എല്ലാം വമ്പൻ സ്വീകരണം; റബ്ബറിന്റെ വിലയിൽ പ്രഖ്യാപനമെത്തിയാൽ സഭകൾ കൂടുതൽ അടുക്കും; തിരുവനന്തപുരത്തും തൃശൂരും പാലക്കാടും ജയിച്ചു കയറാൻ ഓപ്പറേഷൻ ഈസ്റ്റർ; ബിജെപി പ്രതീക്ഷയിൽ

മോദിയുടെ പള്ളി സന്ദർശനത്തിന് മുമ്പ് കർദിനാളിന്റെ അനുകൂല പ്രസ്താവന; ഈസ്റ്റർ ആശംസയുമായി നേതാക്കളെത്തിയ ബിഷപ്പ് ഹൗസുകളിൽ എല്ലാം വമ്പൻ സ്വീകരണം; റബ്ബറിന്റെ വിലയിൽ പ്രഖ്യാപനമെത്തിയാൽ സഭകൾ കൂടുതൽ അടുക്കും; തിരുവനന്തപുരത്തും തൃശൂരും പാലക്കാടും ജയിച്ചു കയറാൻ ഓപ്പറേഷൻ ഈസ്റ്റർ; ബിജെപി പ്രതീക്ഷയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഈസ്റ്റർ ദിനത്തിൽ കേരളത്തിലെ ക്രൈസ്തവസമുദായ നേതൃത്വം കാണിക്കുന്നത് ബിജെപി അനുകൂല നിലപാടുകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സഭകളിൽ നിന്ന് പ്രത്യക്ഷത്തിൽ അഭിപ്രായങ്ങൾ ഉയരുന്നത് ബിജെപി.യുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. തിരുവനന്തപുരത്തും തൃശൂരും പാലക്കാടും ഇത് വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ പള്ളി സന്ദർശനവും കേരളം പിടിക്കാനുള്ള തന്ത്രത്തിനായുള്ള ആദ്യ ചുവടുവയ്‌പ്പാണ്. ബിജെപിയ്‌ക്കൊപ്പം നിൽക്കാനുള്ള ക്രൈസ്തവ പാർട്ടിയും ഉടൻ യാഥാർത്ഥ്യമാകും. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പെസഹാ വ്യാഴം ദിനത്തിലെ ചുവട് വയ്‌പ്പിന് പിന്നാലെയാണ് ഈസ്റ്റർ ദിനത്തിലെ കൂടിക്കാഴ്ചകളും ചർച്ചകളും എത്തുന്നത്.

നരേന്ദ്ര മോദിയെ വാഴ്‌ത്തി കോൺഗ്രസിന്റെ പോരായ്മകളെ വിമർശിച്ചാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രംഗത്തുവന്നിരിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബിജെപി. അനുകൂലമെന്ന് വിലയിരുത്താവുന്ന അഭിപ്രായങ്ങൾ കർദിനാളിൽനിന്നുണ്ടായത്. സമുദായത്തിന്റെ ഭാഗത്തുനിന്നുള്ള ബോധപൂർവമായ നീക്കമായാണ് ഇത് വിലയിരുത്തുന്നത്. ക്രൈസ്തവസമുദായത്തെ കൂടെനിർത്താതെ കേരളത്തിൽ ബിജെപി.ക്ക് മാറ്റമുണ്ടാക്കാൻ കഴിയില്ലെന്ന് അമിത് ഷാ പാർട്ടി അധ്യക്ഷനായിരുന്നപ്പോൾ നിർദ്ദേശം നൽകിയിരുന്നു. ഇതാണ് മോദിയുടെ നേരിട്ടുള്ള ഇടപെടലിൽ മാറി മറിയുന്നത്. കെ.എൽ.സി.എ. സുവർണജൂബിലി ആഘോഷങ്ങളിൽ പ്രാസംഗികനായി ബിജെപി. അധ്യക്ഷൻ കെ. സുരേന്ദ്രനെ ഉൾപ്പെടുത്തിയത് സഭയ്ക്കുള്ളിലെ മാറ്റമായി നേതാക്കൾ കണ്ടിരുന്നു. അതിനുപിന്നാലെയാണ് കർദിനാളിന്റെ പ്രതികരണം.

ക്രൈസ്തവവിഭാഗങ്ങളെ കൂടെക്കൂട്ടാൻ പലഘട്ടങ്ങളിലായി വിവിധതന്ത്രങ്ങൾ ബിജെപി പുറത്തെടുത്തു. അൽഫോൻസ് കണ്ണന്താനത്തിനെ കേന്ദ്ര മന്ത്രി പോലുമാക്കി. പക്ഷേ അത് വിജയം കണ്ടില്ല. എബി വാജ് പേയ് സർക്കാരിൽ പിസി തോമസും മന്ത്രിയായിരുന്നു. അതിന് ശേഷം എൻഡിഎ സ്ഥാനാർത്ഥിയായി പിസി തോമസ് ജയിച്ചു. ഇതിന് കാരണം ക്രൈസ്തവ വോട്ടുകൾ പിസി തോമസിനെ തുണച്ചതായിരുന്നു. പക്ഷേ അതിന് ശേഷം ബിജെപിയെ പിന്തുണച്ച ആർക്കും ക്രൈസ്തവ സഹായം കേരളത്തിൽ കിട്ടിയില്ല. ഇതിന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ക്രൈസ്തവസഭാ മേലധ്യക്ഷന്മാരിൽനിന്നുള്ള അനുകൂല അഭിപ്രായപ്രകടനങ്ങളാണ് ബിജെപി.യ്ക്ക് പ്രതീക്ഷയാകുന്നത്. റബ്ബർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ ബിജെപി.യെ പിന്തുണയ്ക്കുമെന്നതരത്തിലുള്ള തലശ്ശേരി ബിഷപ്പിന്റെ പ്രഖ്യാപനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ക്രൈസ്തവസഭയ്ക്ക് പാർട്ടിയോടുള്ള മാനസിക അകൽച്ച മാറ്റിയെടുക്കുന്നതിനൊപ്പം, പ്രവർത്തകരെ ക്രൈസ്തവസമുദായത്തോട് അടുപ്പിക്കാനുള്ള പ്രവർത്തനങ്ങളും ബിജെപി. നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് താഴെത്തട്ടിൽ ക്രൈസ്തവസമുദായാംഗങ്ങളുടെ വീടുകളിൽ ഈസ്റ്റർ സന്ദേശ കാർഡുകളുമായി പ്രവർത്തകർ എത്തിയത്. വൈകുന്നേരമായപ്പോൾ മോദി പള്ളിയിലുമെത്തി. ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ മലയാറ്റൂർ മലകയറിയതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. പ്രവർത്തനങ്ങളുടെ ഗുണം കത്തോലിക്കാ സഭയിൽ ദൃശ്യമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുന്ന മറ്റുള്ളവരേയും അടുപ്പിക്കാൻ ബിജെപി ശ്രമം തുടരും.

കോൺഗ്രസിന് അങ്കലാപ്പാണ് ഈ വിഷയമെല്ലാം. സഭ എന്ത് ആവശ്യപ്പെട്ടാലും നീതിയുടേയും നിയമത്തിന്റേയും ഉള്ളിൽ നിന്നുകൊണ്ട് ക്രൈസ്തവ സമൂഹത്തിനായി ബിജെപി പ്രവർത്തിക്കും. വി.ഡി. സതീശനും കോൺഗ്രസുകാരും ഭയപ്പെട്ടിട്ട് ഒരു കാര്യവുമില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പറയുന്നു. ബിജെപി നേതാക്കൾ ക്രൈസ്തവ പുരോഹിതന്മാരെ സന്ദർശിച്ചതുമായ ബന്ധപ്പെട്ട് വി.ഡി. സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു. അദ്ദേഹം. ബിജെപി നേതാക്കൾ ബിഷപ്പ് ഹൗസിൽ പോയി ക്രൈസ്തവ പുരോഹിതരന്മാരെ കണ്ട് ഈസ്റ്റർ സന്ദേശം കൈമാറുന്നതിൽ വി.ഡി. സതീശന്റെ ഭയം സ്വാഭാവികമാണ്. ഇത്രയും കാലം ക്രൈസ്തവസഭയെ കോൺഗ്രസ് വഞ്ചിക്കുകയായിരുന്നുവെന്ന യാഥാർഥ്യം സഭ തിരിച്ചറിയുമോ എന്ന ആശങ്കയാണ് സതീശനുള്ളതെന്നാണ് ബിജെപി നേതാവിന്റെ വിശദീകരണം.

അരമനയിലെ അകത്തളങ്ങളിൽ പോയിരുന്ന് ബിജെപി വിരുദ്ധ ഉമ്മാക്കി പറഞ്ഞ് ക്രൈസ്തവ സമൂഹത്തിൽ ആശങ്കയുണ്ടാക്കി വോട്ട് തട്ടിക്കൊണ്ടിരുന്ന പഴയ കലാപരിപാടി ഇനിയും നടക്കാൻ പോകുന്നില്ല. ക്രൈസ്തവ സഭയുടെ കുഞ്ഞാടുകളായി അഭിനയിച്ച് ക്രൈസ്തവ സമൂഹത്തെ ചൂഷണം ചെയ്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പ് അടക്കമുള്ള ന്യൂനപക്ഷക്ഷേമ ഫണ്ടിന്റെ കേരളത്തിലെ വിനിയോഗം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യേണ്ട ന്യൂനപക്ഷ ഫണ്ടിലെ ശരിയായ വിഹിതം എന്തുകൊണ്ട് ക്രൈസ്തവ സഭയ്ക്ക് ഇതുവരെ കിട്ടിയില്ലെന്നും ബിജെപി പറയുന്നു. ഇതെല്ലാം വരും ദിനങ്ങളിലും ചർച്ചയാക്കും.

ബിജെപി ഉയർത്തിക്കാട്ടിയ ഈ കാര്യത്തിൽ ക്രൈസ്തവ സഭയ്ക്ക് ഹൈക്കോടതിയിൽ കേസ് കൊടുക്കേണ്ടിവന്നത് എന്തുകൊണ്ട്. ഇക്കാര്യത്തിൽ ഇന്നുവരെ പ്രതിപക്ഷ നേതാവിന്റെ നാവ് പൊന്തിയിട്ടില്ല. മതഭീകരവാദികൾ ഭീഷണിയുമായി പാലായിലെ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയപ്പോൾ വി.ഡി. സതീശൻ എവിടെയായിരുന്നു. അന്നും ബിഷപ്പ് ഹൗസിൽ എത്തിയതും ഭീഷണികളെ തടഞ്ഞ് പുറത്ത് കാവൽ നിന്നത് ബിജെപിക്കാരണെന്നും ബി. ഗോപാലകൃഷ്ണൻ കൂട്ടിച്ചേർക്കുന്നു. ഇത്തരം വാദത്തിലൂടെ കോൺഗ്രസിന്റെ ആക്രമണത്തെ പ്രതിരോധിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP