Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാളികപ്പുറം നേടിയ വിജയം തെരഞ്ഞെടുപ്പിൽ നടൻ ആവർത്തിക്കുമെന്ന് വിലയിരുത്തൽ; എ ക്ലാസ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത് ഹിന്ദു വോട്ടുകളെ ഏകീകരിക്കാൻ കഴിയുന്ന നടന്റെ പേര്; തൃശൂരിൽ സുരേഷ് ഗോപിയെങ്കിൽ പാലക്കാട്ട് ഉണ്ണി മുകുന്ദൻ; ലോക്‌സഭയിൽ കൂടുതൽ ജനപ്രിയരെ ഇറക്കി പരീക്ഷിക്കാൻ ബിജെപി

മാളികപ്പുറം നേടിയ വിജയം തെരഞ്ഞെടുപ്പിൽ നടൻ ആവർത്തിക്കുമെന്ന് വിലയിരുത്തൽ; എ ക്ലാസ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത് ഹിന്ദു വോട്ടുകളെ ഏകീകരിക്കാൻ കഴിയുന്ന നടന്റെ പേര്; തൃശൂരിൽ സുരേഷ് ഗോപിയെങ്കിൽ പാലക്കാട്ട് ഉണ്ണി മുകുന്ദൻ; ലോക്‌സഭയിൽ കൂടുതൽ ജനപ്രിയരെ ഇറക്കി പരീക്ഷിക്കാൻ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദൻ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും. ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രീതിയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. ക്രൈസ്തവ വോട്ടുകളും ഉണ്ണി മുകുന്ദൻ നേടുമെന്നാണ് വിലയിരുത്തൽ. ലോക്‌സഭയിൽ മത്സരിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ണി മുകുന്ദൻ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

എ ക്ലാസ്സ് മണ്ഡലം ആയതുകൊണ്ട് തന്നെ മികച്ച സ്ഥാനാർത്ഥിയെ ഇറക്കി പാലക്കാട്ടിലൂടെ ലോക്സഭയിൽ മികച്ച മത്സരമാണ് കേരളത്തിലെ ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിന് ഇത്തവണയും അവസരം നൽകണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രം പുറത്തിറങ്ങിയ ശേഷം ഹിന്ദു വിഭാഗങ്ങൾക്കിടയിൽ താരത്തിന് പ്രത്യേക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാൻ ഇത് സഹായിക്കുമെന്നും വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

തൃശൂരിൽ സുരേഷ് ഗോപിയാണ് സ്ഥാനാർത്ഥി. ഇതിന്റെ തരംഗം പാലക്കാട്ടും ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഉണ്ണി മുകുന്ദനെ മത്സരിപ്പിക്കാനുള്ള ആലോചന നടക്കുന്നത്. ബിജെപിയുടെ യുവം വേദിയിലും ഉണ്ണിമുകുന്ദനെ എത്തിക്കാൻ നീക്കമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴയിലും, ഷൊർണൂരിലും പാലക്കാട് മണ്ഡലത്തിലെ പോലെ തന്നെ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതും ബിജെപി ക്യാമ്പിന് ആത്മവിശ്വാസം കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് നടൻ ഉണ്ണി മുകുന്ദന്റെ പേരുൾപ്പെടെ ബിജെപി പാലക്കാട്ടേക്ക് പരിഗണിക്കുന്നത്. ബിജെപി ഈ വർഷം ആദ്യം മുതൽ തന്നെ ജില്ലയിലെ വിവിധ പരിപാടികൾക്കായി ഉണ്ണിയെ എത്തിച്ചിരുന്നു.

ബിജെപിയുമായി സഹകരിച്ച് നിൽക്കുന്ന ഉണ്ണി മുകുന്ദൻ തുടക്കം മുതലെ മോദി അനുകൂലിയാണ്. ഇതും പാലക്കാട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കേരളം ഉണ്ണിയുടെ ജന്മനാടാണെങ്കിൽ, വളർത്തിയ നാട് ഗുജറാത്താണ്. 1987 സെപ്റ്റംബർ 22ന് മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായി തൃശൂരിൽ ജനിച്ചു. ഉണ്ണിക്കൃഷ്ണൻ മുകുന്ദൻ എന്നതാണ് യഥാർഥ പേര്. കാർത്തിക മുതിർന്ന സഹോദരിയാണ്. പിതാവിന് ജോലി ഗുജറാത്തിലെ അഹമ്മദാബാദിൽ ആയതിനാൽ പഠിച്ചത് അവിടെയായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ രസകരമായ കഥയും ഉണ്ണി ഉണ്ണി മുകുന്ദന് പറയാറുണ്ട്.

മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' പരുപാടിയിൽ സംസാരിക്കവെതാരം ഇങ്ങനെ പറയുന്നു. ''ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും. ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകൾ വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്നത് കാരണം അവരെ കുറച്ച് കൂടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടി വരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ വളരെ ജനുവിനായിട്ടാണ് ഞാൻ പറഞ്ഞത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തിൽ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോയെന്നും നമുക്ക് അന്ന് അറിയില്ലല്ലോ. മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ എനിക്ക് തെളിവൊന്നുമില്ലല്ലോ. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ.ഗണേശ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സരവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനവും നൽകുമായിരുന്നു.'- ഉണ്ണി മുകുന്ദൻ പറയുന്നു.

കഴിഞ്ഞ ഇലക്ഷൻഫലം വന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയഫലം പുറത്തുവന്നതിന് പിന്നാലെ ഉണ്ണിമുകുന്ദൻ അദ്ദേഹത്തെ അനുമോദിച്ച് പോസ്റ്റ് ഇട്ടിരുന്നു. അതും വിവാദമായി. ഉണ്ണി ഒറ്റ മിനിട്ടുകൊണ്ട് 'ചാണകമായി'. ''ജനങ്ങൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്ര കുത്താൻ ആണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നൽകുന്നത് വളരെ മോശമായ ഒരു ഇമേജാണ്''- ഇതിന് മറുപടിയായി ഉണ്ണി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP