Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിടിമുറുക്കി ഗ്രൂപ്പ് മേധാവികൾ; ഭാരവാഹിപ്പട്ടിക ജില്ലകളിൽനിന്ന് കൈമാറേണ്ട ഒടുവിലത്തെ തീയതിയും തെറ്റി; അന്ത്യശാസനവും തിരുത്തേണ്ട അവസ്ഥ; പുനഃസംഘടനയിൽ പുകഞ്ഞ് കോൺഗ്രസ് നേതൃത്വം

പിടിമുറുക്കി ഗ്രൂപ്പ് മേധാവികൾ; ഭാരവാഹിപ്പട്ടിക ജില്ലകളിൽനിന്ന് കൈമാറേണ്ട ഒടുവിലത്തെ തീയതിയും തെറ്റി; അന്ത്യശാസനവും തിരുത്തേണ്ട അവസ്ഥ; പുനഃസംഘടനയിൽ പുകഞ്ഞ് കോൺഗ്രസ് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോഷക സംഘടനകളുടെ പുനഃസംഘടനയിൽ സംസ്ഥാന കോൺഗ്രസിൽ അമർഷം പുകയുന്നതിനിടെ സമാനമായ അട്ടിമറി പ്രതീക്ഷിച്ച് കെപിസിസി പുനഃസംഘടന. കോൺഗ്രസ് പുനഃസംഘടന' കെപിസിസി. യോഗത്തിൽ വരാൻതുടങ്ങിയിട്ട് നാലുമാസമായി. വെള്ളിയാഴ്ചയ്ക്കകം ഭാരവാഹിപ്പട്ടിക ജില്ലകളിൽനിന്ന് കൈമാറണമെന്നായിരുന്നു ചൊവ്വാഴ്ച ചേർന്ന കെപിസിസി. എക്സിക്യുട്ടീവിന്റെ തീർപ്പ്.

കെപിസിസി ഭാരവാഹികളുടെ പട്ടിക പുറത്ത് വരുമ്പോൾ മറ്റൊരു പൊട്ടിത്തെറിയാണ് സംസ്ഥാനത്തെ കോൺഗ്രസിനെ കാത്തിരിക്കുന്നത്. ജില്ലകളിൽനിന്നുള്ള പട്ടിക കൈമാറാൻ കെപിസിസി നൽകിയ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലാ കമ്മിറ്റികൾ മാത്രമാണ് കെപിസിസിക്ക് പട്ടിക നൽകിയത്. മറ്റ് ജില്ലകളിൽ പുനഃസംഘടനാ സമിതി യോഗം പോലും ചേർന്നിട്ടില്ല. ഇതോടെ ഈ അന്ത്യശാസനവും തിരുത്തേണ്ട അവസ്ഥയാണ് നിലവിൽ.

ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരെയാണ് തീരുമാനിക്കേണ്ടത്. ഇതിന് ജില്ലാടിസ്ഥാനത്തിൽ സമിതിയെ നിശ്ചയിച്ചപ്പോൾ ഗ്രൂപ്പ് മേധാവികളായ പല മുതിർന്ന നേതാക്കളും പുറത്തായി. തർക്കമായതോടെ ജില്ലയുടെ ചുമതലയുള്ള കെപിസിസി. ജനറൽ സെക്രട്ടറിയുടെയും ഡി.സി.സി. പ്രസിഡന്റിന്റെയും നേതൃത്വത്തിൽ എല്ലാ ഗ്രൂപ്പുകൾക്കും നേതാക്കൾക്കും പങ്കാളിത്തം ഉറപ്പാക്കി മൂന്നുമാസംമുമ്പ് സമിതി പുനഃസംഘടിപ്പിച്ചു. നേരത്തേ തയ്യാറാക്കിയ മാനദണ്ഡമനുസരിച്ച് ഈ സമിതികൾ ഒരു സ്ഥാനത്തേക്ക് ഒറ്റപ്പേര് എന്നരീതിയിലേക്ക് പട്ടിക തയ്യാറാക്കി കെപിസിസി.ക്ക് നൽകാനായിരുന്നു ജനുവരിയിൽ നൽകിയ നിർദ്ദേശം.

എന്നാൽ, ജില്ലാസമിതികൾ സൂക്ഷ്മപരിശോധന നടത്തേണ്ടതില്ലെന്നും കിട്ടുന്ന പേര് മുഴുവൻ കൈമാറിയാൽ മതിയെന്നും കെപിസിസി. സർക്കുലറിറക്കി. ഇങ്ങനെയൊരു തീരുമാനം എക്സിക്യുട്ടിവ് എടുത്തിരുന്നില്ല. ഇതോടെ സമിതിയെ നോക്കുകുത്തിയാക്കി പുനഃസംഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നേതാക്കൾ രംഗത്തെത്തി.

ജില്ലകളിൽനിന്ന് ലഭിക്കുന്ന പേരുകളിൽനിന്ന് ഭാരവാഹിയെ നിശ്ചയിക്കുന്നത് സംസ്ഥാനതലത്തിൽ ആരാകും എന്നതായിരുന്നു ചോദ്യം. ഇതോടെ പുനഃസംഘടനയോട് സഹകരിക്കേണ്ടതില്ലെന്ന് എ-ഐ ഗ്രൂപ്പുകൾ തീരുമാനിച്ചു. ഭാരവാഹികളെ തീരുമാനിക്കാൻ സംസ്ഥാനതലത്തിലും സമിതി എന്ന ഒത്തുതീർപ്പിലാണ് നിസ്സഹകരണം ഒഴിവായത്. ഏഴംഗസമിതി കെപിസിസി. രൂപവത്കരിക്കുകയും ചെയ്തു.

വെള്ളിയാഴ്ച അന്തിമതീയതിയാണെന്നും 10 ദിവസത്തിനകം സംസ്ഥാനപുനഃസംഘടനാസമിതി യോഗം ചേർന്ന് ഭാരവാഹികളെ നിശ്ചയിക്കണമെന്നും എക്സിക്യുട്ടീവ് യോഗത്തിൽ പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞത് മറ്റ് അംഗങ്ങൾ അംഗീകരിച്ചുവെന്നല്ലാതെ ചർച്ചകളൊന്നുമുണ്ടായില്ല.

രാഹുൽഗാന്ധിക്കുള്ള സ്വീകരണപരിപാടി, ഈസ്റ്റർ എന്നിവയ്ക്കിടയിൽ പുനഃസംഘടനാ സമിതി ചേരൽ എളുപ്പമല്ലെന്നും പ്രായോഗികമല്ലാത്ത തീരുമാനം പ്രഖ്യാപിച്ച് കെപിസിസി. പരിഹാസ്യമാകുന്നുവെന്നുമാണ് ചില നേതാക്കളുടെ പ്രതികരണം.

പോഷക സംഘടനകളുടെ പുനഃസംഘടനയിൽ സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം നിലനിൽക്കുകയാണ്. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ വരുത്തിയ മാറ്റമാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളെ ചൊടിപ്പിച്ചത്. ഇങ്ങനെയെങ്കിൽ അധ്യക്ഷ പദവിയിൽ തുടരാനില്ലെന്ന് കെ സുധാകരൻ ഭീഷണി മുഴക്കിയപ്പോൾ, പാർട്ടി പദവികളേറ്റെടുക്കാനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെയാണ് സംസ്ഥാന കോൺഗ്രസിലെ അമർഷമത്രയും.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് പാർട്ടി പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലതെ മുതിർന്ന നേതാക്കളുടെ ആക്ഷേപം. കോൺഗ്രസിൽ ഇതുവരെയുണ്ടായിരുന്ന ഗ്രൂപ്പ് സമവാക്യങ്ങളിൽ വലിയ മാറ്റമാണ് സമീപകാലങ്ങളിൽ സംഭവിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സംവിധാനത്തിന് പകരം പുതിയ അധികാര കേന്ദ്രങ്ങൾ സംസ്ഥാന കോൺഗ്രസിൽ ഉരുത്തിയിരുന്നതാണ് പുതിയ വടംവലികൾക്ക് കാരണം.

പോഷക സംഘടനാ പുനഃസംഘടനയിൽ സംസ്ഥാനത്തെ ചർച്ചകളും ലിസ്റ്റും മറിടകന്നാണ് അന്തിമ പട്ടികയിൽ ഡൽഹിയിൽനിന്ന് മാറ്റം വരുത്തിയത്. ഇതിൽ കടുത്ത അതൃപ്തിയാണ് കെ പി സി സി അധ്യക്ഷനും മുൻ അധ്യക്ഷന്മാരും സിറ്റിങ് എം പിമാരുമടക്കം ഭൂരിപക്ഷം നേതാക്കൾക്കും. കെഎസ്‌യു നേതൃത്വത്തിലേക്ക് സംസ്ഥാന നേതൃത്വം ചർച്ചകളിലൂടെ നൽകിയ പട്ടിക അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ, കെ സുധാകരൻ കെ സി വേണുഗോപാലിനെ വിളിച്ച് അമർഷമറിയിച്ചു. 'നോക്കുകുത്തിയായി കെ പി സി സി അധ്യക്ഷ പദവിയിൽ തുടരാൻ താനില്ലെന്നായിരുന്നു കെ സുധാകരന്റെ ഭീഷണി. മഹിളാ കോൺഗ്രസ് നേതൃത്വത്തിലേക്കുള്ള പട്ടിക തന്നോട് കൂടി ആലോചിക്കാതെ പ്രഖ്യാപിച്ചതിലും സുധാകരന് കടുത്ത അത്യപ്തിയാണുള്ളത്. ഇക്കാര്യവും ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു.

കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തലയും. മഹിളാ കോൺഗ്രസ്, കെഎസ്‌യു പുനഃസംഘടന സംബന്ധിച്ച അതൃപ്തി അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ പാർട്ടി പദവികൾ ഏറ്റെടുക്കാതെ എം എൽ എ മാത്രമായി തുടരാമെന്നാണ് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചതെന്നാണ് വിവരം. ഏഴ് എം പിമാരും പോഷക സംഘടനകളിലെ ഏകപക്ഷീയമായ പുനഃസംഘടന സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

കെ എസ് യു, മഹിളാ കോൺഗ്രസ് പുനഃസംഘടനയ്ക്ക് സമാനമായ അട്ടിമറി കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുണ്ടാകുമെന്ന് എ, ഐ ഗ്രൂപ്പുകൾ വിലയിരുത്തുന്നു. അതിനാൽ ജാഗ്രതയോടെയാണ് ഗ്രൂപ്പ് മാനോജർമാരുടെ നീക്കങ്ങൾ. തങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്ന ഒരു സഹകരണത്തിനും നിൽക്കേണ്ടെന്നാണ് ഗ്രൂപ്പുകളുടെ പൊതുതീരുമാനം. അധ്യക്ഷ പദവിയിലെത്തി രണ്ട് വർഷം പിന്നിടുന്ന ഘട്ടത്തിൽ കെപിസിസി പുനഃസംഘന പോയിട്ട് പോഷക സംഘടനകളുടെ പുനഃസംഘന പോലും പൂർത്തിയാക്കാൻ സാധിക്കാത്ത ഗതികേടിലാണ് കെ സുധാകരൻ. റായ്പൂർ പ്ലീനറി സമ്മേളനത്തിനു ശേഷം പുനഃസംഘടന പൂർത്തിയായിരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP