Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിഷ്‌കൃതരെന്ന് പറയുന്ന ബ്രിട്ടനിലും ലിംഗ വിവേചനം; ഓൾഡ്ഹാമിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇരിപ്പിടം ഒരുക്കിയത് വിവാദത്തിൽ; ലേബർ പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി മാദ്ധ്യമങ്ങൾ

പരിഷ്‌കൃതരെന്ന് പറയുന്ന ബ്രിട്ടനിലും ലിംഗ വിവേചനം; ഓൾഡ്ഹാമിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇരിപ്പിടം ഒരുക്കിയത് വിവാദത്തിൽ; ലേബർ പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി മാദ്ധ്യമങ്ങൾ

ലണ്ടൻ: കേരളത്തിൽ ലിംഗവിവേചനമാണ് പ്രധാന ചർച്ചാ വിഷയം. ഫാറൂഖ് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ അനുവദിക്കാത്ത നടപടിയാണ് ഏറെ വിമർശിക്കപ്പെട്ടത്. എന്നാൽ, ലിംഗ വിവേചന പ്രശ്‌നങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന വ്യക്തമാക്കാൻ ഒരു സംഭവം കൂടി. ബ്രിട്ടനിലെ പുരോഗമന പാർട്ടിയെന്ന് അറിയപ്പെടുന്ന ലേബർ പാർട്ടിയിൽ ലിംഗ വിവേചന വിവാദം കത്തിപ്പടരുകയാണ് ഇപ്പോൾ. പുരോഗമന പാർട്ടി അതിനാൽ ഇതിൽ നിന്നും വിരുദ്ധമായി പാർട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ചെറിയൊരു പാകപ്പിഴവ് പോലും കടുത്ത വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഓൾഡ്ഹാമിലെ ഇടക്കാല തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ ഒരു യോഗത്തിലെ ഇരിപ്പിട സംവിധാനത്തിന്റെ പേരിൽ ലേബർ പാർട്ടി ക്രൂരമായി ക്രൂശിക്കപ്പെടുകയാണ്. പ്രസ്തുത യോഗത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ച് ഇരുത്തിയ നടപടിയാണ് കനത്ത എതിർപ്പിന് കാരണമായിത്തീർന്നിരിക്കുന്നത്. ഇതിനെ തുടർന്ന് ലേബർ പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി മാദ്ധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ഓൾഡ്ഹാമിൽ വച്ച് നടന്ന ഏഷ്യൻ പാർട്ടി റാലിക്കിടെയാണ് ലേബർ പാർട്ടി ഇത്തരത്തിൽ സ്ത്രീപുരുഷ വിവേചനം കാണിച്ച് ഇരിപ്പിടങ്ങൾ വേർതിരിച്ചിട്ട് യോഗം നടത്തിയിരിക്കുന്നത്.പാർട്ടിയുടെ ഫ്രന്റ്‌സ് ഓഫ് ബംഗ്ലാദേശ് ഗ്രൂപ്പാണ് പ്രസ്തുത യോഗം സംഘടിപ്പിച്ചിരുന്നത്. വ്യാഴാഴ്ച ഇവിടെ നടക്കുന്ന നിർണായകമായ ഇടക്കാലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണീ കൂട്ടായ്മ വിളിച്ച് കൂട്ടിയത്. ഈ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി തോൽക്കുമെന്ന ഭയവും ഉയർന്ന് വന്നിട്ടുണ്ട്. ഓൾഡ്ഹാം വെസ്റ്റ് ആൻഡ് റോയ്ട്ടണിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ഏഷ്യൻ വംശജരായ സ്ത്രീപുരുഷന്മാർ വേർതിരിഞ്ഞിരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ന്യൂനപക്ഷവിഭാഗങ്ങളുടെ വോട്ടിന് ഇവിടെ നിർണായകമായ പങ്കാണുള്ളത്. ഇവിടുത്തെ അഞ്ചിലൊന്ന് വോട്ടർമാരും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ഏഷ്യൻ വംശജരാണ്.

ലേബർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു പരിപാടിക്കിടെ സ്ത്രീ പുരുന്മാരെ വേർതിരിച്ചിരുത്തിയത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും തുല്യതയുടെ കാര്യത്തിൽ ലേബർ രാഷ്ട്രീയപരമായ തിരുത്തൽ നടത്തിയാൽ മാത്രമെ തെരഞ്ഞെടുപ്പിൽ വോട്ടുകൾ നേടാൻ സാധിക്കുകയുള്ളൂവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ മെയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വേളയിലും ഇത്തരം നടപടികളുടെ പേരിൽ ലേബർ പാർട്ടി കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. അന്ന് ബെർമിങ്ഹാമിൽ വച്ച് നടന്ന ഇസ്ലാമിക് സെന്റർ റാലിയിൽ വച്ചായിരുന്ന സ്ത്രീ പുരുഷന്മാരെ വേർതിരിച്ചിരുത്തിയിരുന്നത്.

ഓൾഡ്ഹാമിലെ തൊഴിലാളി വർഗങ്ങൾക്കിടയിൽ ലേബർ പാർട്ടിക്കുള്ള പിന്തുണ വളരെ കുറഞ്ഞിരിക്കുന്നുവെന്നാണ് പാർട്ടിയിലുള്ളവർ തന്നെ തുറന്ന് സമ്മതിക്കുന്നത്. ഐസിസിനോട് ബ്രിട്ടൻ നടത്തുന്ന പോരാട്ടം മയപ്പെടുത്തണമെന്ന ലേബർ നേതാവ് കോർബിന്റെ നിലപാടുകളോട് മിക്കവർക്കും കടുത്ത എതിർപ്പാണുള്ളത്. പ ാർട്ടിയുടെ വോട്ടുകൾ കുറയ്ക്കാൻ ഇത് പ്രധാന കാരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ജിഹാദിജോണിന്റെ കൊലയോടും പാരീസ് ആക്രമണത്തോടും കോർബിൻ പ്രകടിപ്പിച്ച നിലപാടുകളും കടുത്ത ക്ഷീണമാണ് ലേബർ പാർട്ടിക്കുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇവിടുത്തെ ഏഷ്യൻ വംശജരായ ന്യൂനപക്ഷങ്ങളുടെ പിന്തുണയുറപ്പാക്കി ഓൾഡ്ഹാമിലെ സീറ്റ് നിലനിർത്താമെന്നാണ് ലേബർ പാർട്ടി പ്രതീക്ഷിക്കുന്നത്. മെയിൽ നടന്ന തെരഞ്ഞെടുപ്പിൽ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പാർട്ടി ജയിച്ചത്.2011ലെ സെൻസസ് അനുസരിച്ച് ഓൾഡ്ഹാമിലെ 220,000 ജനസംഖ്യയിൽ 50,000 പേർ ഏഷ്യയിൽ നിന്നുള്ള ന്യൂനപക്ഷക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവിടെ ഒരു ദശാബ്ദത്തോളമായി ജിവിക്കുന്നു ചില ന്യൂനപക്ഷക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പോലുമറിയില്ലെന്നനും എന്നാൽ അവർ ലേബറിന് വോട്ട് ചെയ്യുമെന്നും ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നുണ്ട്.

ഇന്നലെ നടന്ന യോഗത്തിൽ ഫ്രന്റ്‌സ് ഓഫ് ബംഗ്ലാദേശ് ഗ്രൂപ്പ് ഇവിടുത്തെ ലേബർ സ്ഥാനാർത്ഥി ജിം മാക്മഹോന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഓൾഡ്ഹാം വെസ്റ്റിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.ഇന്നലെ സ്ത്രീകളും പുരുഷന്മാരും വെവ്വേറെ ഇരുന്ന യോഗത്തിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിക്ക് പുറമെ പാർട്ടിയിലെ ഉന്നതരായ നേതാക്കളും എംപിമാരും പങ്കെടുത്തിരുന്നു. പ്രസ്തുത യോഗത്തിൽ രണ്ട് സ്ത്രീകൾ മാത്രമാണ് പുരുഷന്മാർക്കിടയിൽ ഇരുന്നത്. അവർ ഏഷ്യൻ വംശജരായിരുന്നില്ല താനും.

ആളുകളെ നിർബന്ധിച്ച് ലിംഗാടിസ്ഥാനത്തിൽ വേർതിരിച്ചിരുത്തിയെന്ന ആരോപണം ലേബർ നിഷേധിച്ചിരിക്കുകയാണ്. ഓൾഡ്ഹാം ഈസ്റ്റ് ആൻഡ് സാഡിൽവർത്തിലെ എംപിയും വികലാംഗർക്കുള്ള ഷാഡോ മിനിസ്റ്ററുമായ ഡെബി അബ്രഹാംസ് ഈ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി പോരാടുന്ന നേതാവായ അദ്ദേഹം തന്റെ ട്വീറ്റിലൂടെ ഇതിനെ വിമർശിച്ചിട്ടുമുണ്ട്. ആളുകളെ ഇത്തരത്തിൽ വേർതിരിച്ചിരുത്തിയാണോ ലേബർ ആധുനിക ബ്രിട്ടൻ നിർമ്മിക്കാനൊരുങ്ങുന്നതെന്നാണ് ഇവിടുത്തെ യുകിപ് സ്ഥാനാർത്ഥിയായ ജോൺ ബിക്ക്‌ലെ വിമർശനമുന്നയിച്ചിരിക്കുന്നത്. ഇതൊരു മതപരമായ യോഗമല്ലായിരുന്നുവെന്നും രാഷ്ട്രീയ കൂട്ടായ്മയായിരുന്നുവെന്നും ലേബർ ഓർക്കണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കോർബിൻ നേതൃത്വമേറ്റെടുത്തതിനെ തുടർന്ന് ലേബർ പാർട്ടിക്ക് മൂന്നിലൊന്ന് വോട്ടർമാരെയും നഷ്ടപ്പെട്ടുവെന്ന് ഇന്നലെ പുറത്ത് വന്ന ഒരു പോൾ ഫലത്തിലൂടെ തെളിഞ്ഞിരുന്നു. ഇതിന് പുറമെ ബ്രിട്ടനിലെ ജനങ്ങളുമായി കോർബിനുള്ള ബന്ധം നഷ്ടപ്പെട്ട് വരുകയാണെന്നും ഈ പോൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലേബറിന് പകരം കോൺസർവേറ്റീവിനോ യുകിപിനോ ആണ് തങ്ങൾ വോട്ട് ചെയ്യുകയെന്ന് ഈ പോളിൽ പങ്കെടുത്ത നിരവധി പേർ വെളിപ്പെടുത്തിയിട്ടുണ്ട്.

ഓൾഡ്ഹാം വെസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ തന്റെ യുകിപ് പാർട്ടി വൻ വിജയം നേടുമെന്നാണ് യുകിപ് നേതാവ് നിഗെൽ ഫരാഗ് പ്രസ്താവിച്ചിരിക്കുന്നത്. അതോടെ ലേബർ നേതൃസ്ഥാനത്ത് നിന്നും ജെറെമി കോർബിൻ ഒഴിയേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.ലേബറിനെ പിന്തുണയ്ക്കുന്നവർ ഈ മണ്ഡലത്തിൽ ഇപ്പോൾ യുകിപിനെയാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.ഇമിഗ്രേഷൻ, ബെനഫിറ്റ്, അതിർത്തി നിയന്ത്രണം എന്നീ വിഷയങ്ങളിൽ കോർബിനുള്ള നിലപാടുകൾ മൂലം രാജ്യമാകമാനം ലേബറിന്റെ വോട്ടുകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അതിന്റെ സ്വാധീനം ഓൾഡ്ഹാമിലും പ്രതിഫലിക്കുമെന്നും യുകിപ് നേതാവ് ഉറപ്പിച്ച് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP