Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യസഭയിൽ എത്തിച്ച് കേന്ദ്രമന്ത്രിയാക്കുമോ? ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇലക്ഷൻ ഡാറ്റാ വിശകലന വിദഗ്ധന് ദേശീയ സംഘടനാ പദവിക്കും സാധ്യത; ആലപ്പുഴയിൽ കെസിക്ക് എതിരെ മത്സരിക്കാനുള്ള തുറുപ്പുചീട്ടാകാനും സാധ്യത; അനിൽ ആന്റണിക്ക് ഉന്നത പദവി നൽകാൻ ബിജെപി; തീരുമാനം മോദിയെടുക്കും; ആന്റണിയുടെ മകൻ ഗെയിം ചെയ്ഞ്ചറാകുമോ?

രാജ്യസഭയിൽ എത്തിച്ച് കേന്ദ്രമന്ത്രിയാക്കുമോ? ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇലക്ഷൻ ഡാറ്റാ വിശകലന വിദഗ്ധന് ദേശീയ സംഘടനാ പദവിക്കും സാധ്യത; ആലപ്പുഴയിൽ കെസിക്ക് എതിരെ മത്സരിക്കാനുള്ള തുറുപ്പുചീട്ടാകാനും സാധ്യത; അനിൽ ആന്റണിക്ക് ഉന്നത പദവി നൽകാൻ ബിജെപി; തീരുമാനം മോദിയെടുക്കും; ആന്റണിയുടെ മകൻ ഗെയിം ചെയ്ഞ്ചറാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ ബിജെപി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി. ബിജെപിയിൽ ചേർന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനിൽ. ധർമ്മോ രക്ഷതി രക്ഷിത (ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം നമ്മെ കാത്തു രക്ഷിക്കും) എന്ന ശ്ലോകം ഉദ്ധരിച്ചുകൊണ്ടായിരുന്നു അനിൽ ആന്റണി സംസാരിക്കാൻ തുടക്കമിട്ടത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലും അനിൽ ആന്റണി വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. അനിൽ ആന്റണിക്ക് ബിജെപി ദേശീയ ഭാരവാഹിത്വം നൽകുമെന്നാണ് സൂചന. രാജ്യസഭാ അംഗത്വം നൽകി കേന്ദ്ര മന്ത്രിയാക്കുന്നതും പരിഗണനയിലുണ്ട്.

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കുകയെന്ന ദൗത്യം അനിൽ ആന്റണിക്ക് കൈമാറിയേക്കും. ഇതിന് ഗുണകരമാകുന്ന പദവിയാകും അനിൽ ആന്റണിക്ക് നൽകുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ അനിലിന്റെ സ്ഥാനത്തിൽ ഉടൻ ബിജെപി തീരുമാനം എടുക്കും. കേരളത്തിൽ ലോക്‌സഭയിൽ അക്കൗണ്ട് തുറക്കലാണ് ബിജെപിയുടെ ലക്ഷ്യം. തൃശൂരിൽ സുരേഷ് ഗോപിയാകും ബിജെപി സ്ഥാനാർത്ഥി. ആറ്റിങ്ങലിൽ കേന്ദ്ര മന്ത്രിയായ വി മുരളീധരനും മത്സരിക്കും. അനിൽ ആന്റണി സമ്മതിച്ചാൽ പ്രധാന സീറ്റിൽ അനിലിനേയും മത്സരിപ്പിക്കും. റബ്ബർ വില കൂട്ടിയാൽ മലയോര ക്രൈസ്തവരുടെ വോട്ട് ബിജെപിക്ക് കൊടുക്കുമെന്ന് ക്രൈസ്തവ സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ സീറ്റിൽ എല്ലാം അനിൽ ആന്റണി മത്സരിക്കാൻ സാധ്യതയുണ്ട്.

ആലപ്പുഴയിൽ കെസി വേണുഗോപാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാൽ അനിൽ ആന്റണിയെ മത്സരിപ്പിക്കാനാണ് ആലോചന. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഇലക്ഷൻ ഡാറ്റാ വിശകലനത്തിലും മിടുക്കനാണ് അനിൽ ആന്റണി. അതുകൊണ്ട് പാർട്ടിയുടെ സംഘടനാ മേഖലയിലും അനിൽ ആന്റണിയുടെ സേവനം ബിജെപിക്ക് ഉപയോഗിക്കാൻ കഴിയും. എല്ലാ സാധ്യതയും പരിശോധിച്ചാകും തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കുക. അനിൽ കേന്ദ്ര മന്ത്രിസഭയിലെത്തിയാൽ വി മുരളീധരനും രാജീവ് ചന്ദ്രശേഖറിനും ശേഷം മോദി മന്ത്രിസഭയിലെ മൂന്നാമത്തെ മലയാളിയാകും അനിൽ. ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരും അനിലിന്റെ വരവെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഗെയിം ചെയ്ഞ്ചറായി അനിൽ മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ഈ സാഹചര്യത്തിലാണ് അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ചർച്ചകളിൽ നിറയുന്നത്. കേരളത്തിൽ കോൺഗ്രസിന് എല്ലാ അർത്ഥത്തിലും തിരിച്ചടിയാണ് അനിൽ ആന്റണിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടുണ്ടെന്ന് അനിൽ ആന്റണി പറഞ്ഞു. ബിജെപി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു. ഈ നയം കൃത്യമായി നടപ്പാക്കുന്നതിന് പ്രധാനമന്ത്രിയും പാർട്ടിയും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ ഭൂരിഭാഗംവരുന്ന യുവാക്കളുടെ പ്രതിനിധിയെന്ന നിലയിൽ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾക്കൊപ്പം പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നാണ് കരുതുന്നതെന്നും അനിൽ വ്യക്തമാക്കി.

ബിജെപിയുടെ 44-ാം സ്ഥാപകദിവസത്തിൽ തന്നെ ഭാരതത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് പാർട്ടി അവസരം നൽകി. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾക്കായി പ്രവർത്തിക്കാൻ അനുവദിച്ച നേതൃത്വത്തിന് നന്ദി പറയുന്നതായും അനിൽ പറഞ്ഞു. എ.കെ. ആന്റണിയുമായി ചർച്ചചെയ്തിരുന്നോ എന്ന ചോദ്യത്തിന് തന്റെ തീരുമാനം വ്യക്തിപരമാണെന്ന് അനിൽ മറുപടി പറഞ്ഞു. അദ്ദേഹവുമായി അധികം രാഷ്ട്രീയം ചർച്ചചെയ്യാറില്ല. ഈ തീരുമാനം മൂലം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് ഒന്നും സംഭവിക്കില്ലെന്നും അനിൽ കൂട്ടിച്ചേർത്തു.

'കഴിഞ്ഞ 4-5 വർഷങ്ങളായി കോൺഗ്രസ് പാർട്ടി രാജ്യതാത്പര്യങ്ങൾക്ക് ഉപരി വ്യക്തികൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ബി.ബി.സി വിഷയത്തിൽ അഭിപ്രായം പറഞ്ഞത് ആ ഡോക്യുമെന്റി പുറത്തിറക്കിയത് നല്ല ഉദ്ദേശത്തോടെയല്ല എന്ന ബോധ്യമുള്ളതിനാലാണ്. എന്നാൽ, ഇക്കാരണത്താൽ എനിക്ക് രാജി വയ്ക്കേണ്ടി വന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഓരോ പൗരനും സാമൂഹികവും സാമ്പത്തികവുമായ നീതി ലഭിക്കുന്നതിനായി ഒരുപാട് പദ്ധതികൾ ഇന്ന് ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾക്കായി പ്രവർത്തിക്കാൻ ഒരു സാദാ പ്രവർത്തകൻ മാത്രമായിട്ടാണ് ബിജെപി.യിൽ വന്നത്', അനിൽ പറഞ്ഞു.

ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുകയാണ് മോദി സർക്കാർ നയിക്കുന്ന ബിജെപി സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ വികസനത്തിലേക്ക് നയിക്കാൻ വ്യക്തമായ കാഴ്‌ച്ചപ്പാടോടുകൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നദ്ദ എന്നിവർ പ്രവർത്തിക്കുന്നത്. അവരുടെ കാഴ്ചപ്പാടിനൊപ്പം പ്രവർത്തിക്കാൻ ബിജെപി അവസരം നൽകി. ഇതിന് നന്ദി അറിയിക്കുന്നതായും അനിൽ ആന്റണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോൺഗ്രസ് രാജ്യത്തെ വഞ്ചിക്കുകയാണ്. കുറച്ചു വർഷങ്ങളായി കോൺഗ്രസ് പ്രവർത്തകർ ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്,? അതാണ് അവരുടെ ധർമ്മം. എന്നാൽ തന്റെ ധർമ്മം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ്. ബിബിസി വിവാദത്തിൽ തന്റെ പ്രതികരണം നടത്തിയതിൽ കോൺഗ്രസ്സിനുള്ളിൽ അപമാനിക്കപ്പെടുകയാണ് ഉണ്ടായത്. മാസങ്ങളോളം ഇക്കാര്യത്തിൽ ചിന്തിച്ചശേഷം എന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് താൻ ബിജെപിയിൽ ചേർന്നത്.

താൻ ബിജെപിയിൽ ചേർന്നത് വ്യക്തി താത്പ്പര്യത്തിന് പുറത്താണ്. സ്വന്തം മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവർത്താനാണ് രക്ഷിതാക്കൾ പഠിപ്പിച്ചിട്ടുള്ളത്. സാധാരണ ബിജെപി പ്രവർത്തകനായി മാത്രമാണ് നിലവിൽ ബിജെപിയിൽ എത്തിയത്. വീട്ടിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ല. കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്ന സമയത്തും തങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ല. ദേശീയ നേതാക്കളിൽ ഒരാളാണ് എ.കെ ആന്റണി താൻ ബിജെപിയിൽ ചേർന്നത് അദ്ദേഹത്തിന്റെ പാരമ്പര്യത്തിന് ഒരു വിധത്തിലും കളങ്കമുണ്ടാക്കില്ല. താൻ ബിജെപിയിൽ ഒരു സ്ഥാനമാനവും മോഹിച്ചല്ലെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

ധർമ്മോ രക്ഷതി രക്ഷിത (ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം നമ്മെ കാത്തു രക്ഷിക്കും) എന്ന ശ്ലോകം ഉദ്ധരിച്ചുകൊണ്ടായിരുന്നു അനിൽ ആന്റണി സംസാരിക്കാൻ തുടക്കമിട്ടത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലും അനിൽ ആന്റണി വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP