Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈക്കം സത്യാഗ്രഹ ശതാബ്ദി : കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിക്കണം

വൈക്കം സത്യാഗ്രഹ ശതാബ്ദി : കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിക്കണം

സ്വന്തം ലേഖകൻ

വൈക്കം:- സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മരണാർഥം എറണാകുളത്ത് നിന്നും ആരംഭിച്ച് വൈക്കം റോഡ് വഴി ചെന്നൈ താമ്പരം വരെ ഒരു പുതിയ ട്രെയിൻ ആരംഭിക്കണമെന്നും നിലവിൽ എറണാകുളം ബംഗളുരു സർവീസ് നടത്തുന്ന ഇന്റർസിറ്റി എക്സ്‌പ്രസ്സ് കോട്ടയത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ട് വൈക്കം റോഡ് യൂസേഴ്‌സ് ഫോറം റെയിൽവേ മന്ത്രിക്കും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര സാംസ്‌കാരിക പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാളിനും നിവേദനം സമർപ്പിച്ചു.

ഭാരതത്തിന്റെ സ്വാതന്ത്യ സമരത്തിലെ നിർണായകമായ സ്ഥാനമുള്ള വൈക്കം സത്യാഗ്രഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനും മധ്യ തിരുവിതാംകൂറിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനുമായി സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ തന്നെ വരുന്ന ഈ, ശതാബ്ദി ആഘോഷവേളയിൽ വൈക്കം റോഡ് റയിൽവേ സ്റ്റേഷൻ അമൃത് ഭാരത് സ്റ്റേഷൻ ആയി ഉയർത്തി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും നിലവിൽ ദിവസേന എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി എക്സ്‌പ്രസ്സ് കോട്ടയത്തേക്ക് നീട്ടി രാവിലെ 07:45 ന് കോട്ടയത്ത് നിന്നും ആരംഭിച്ച് 08: 10ന് വൈക്കത്തെത്തി 09: 05ന് എറണാകുളം എത്തി നിലവിലെ പോലെ തന്നെ സർവീസ് നടത്താമെന്നും വൈകിട്ട് 04: 50ന് എറണാകുളം നിന്നും പുറപ്പെട്ട് 05:30ന് വൈക്കത്തും 06ന് കോട്ടയവും എത്തുന്ന വിധത്തിൽ പുനക്രമീകരിച്ച് വൈക്കം സത്യാഗ്രഹ ശതാബ്ദി സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്സ് എന്ന് പുനർനാമകരണം ചെയ്തു സർവീസ് ആരംഭിക്കണം എന്നതാണ് ഒരു ആവശ്യം. നിലവിൽ വൈകിട്ട് 05 മുതൽ പിറ്റേന്ന് 09 വരെ പതിനാറു മണിക്കൂറോളം വെറുതെ എറണാകുളത്ത് കിടക്കുന്ന ട്രെയിൻ കോട്ടയത്തേക്ക് നീട്ടിയാൽ ബംഗളൂരുവിലേക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആയിരങ്ങൾക്ക് ഉപകാരപ്രദം ആയിരിക്കും.

അതേപോലെ തന്നെ കഴിഞ്ഞ ശബരിമല മണ്ഡലകാലത്ത് സർവീസ് നടത്തി വൻ വിജയമായിരുന്ന എറണാകുളം ചെന്നൈ താംബരം സർവീസ് വൈക്കം വീരൻ ഈ വി രാമസ്വാമിയുടെ പേരിൽ പെരിയാർ എക്സ്‌പ്രസ്സ് എന്ന പേരിൽ സ്ഥിരം സർവീസ് ആയി പുനരാരംഭിക്കണമെന്നും വൈക്കം റോഡ് യൂസേഴ്‌സ് ഫോറം നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. എറണാകുളത്ത് നിന്നും ഉച്ചക്ക് 01: 10ന് ആരംഭിച്ച് 01: 45ന് വൈക്കത്ത് എത്തി കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട, രാജപാളയം, ശിവകാശി, വിരുദനഗർ, മധുര, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, കുംഭകോണം, ചിദംബരം, കടലൂർ, വില്ല്പുരം, ചെങ്കൽപെട്ട് വഴി പിറ്റേന്ന് ഉച്ചക്ക് 12ന് താമ്പരം എത്തിച്ചേരും. വൈകിട്ട് 03:40ന് തിരിച്ച് താമ്പരത്ത് നിന്നും പുറപ്പെട്ട് ഇതേ വഴിയിലൂടെ പിറ്റേന്ന് ഉച്ചക്ക് 12 ന് എറണാകുളം എത്തുന്ന വിധത്തിൽ സർവീസ് നടത്തിയാൽ മധ്യതെക്കൻ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്രദമായിരിക്കും.

ഈ അവസരത്തിൽ തന്നെ വൈക്കത്തെ യാത്രക്കാരുടെ ദീർഘനാളായിട്ടുള്ള ആവശ്യമായ വേണാട്, വഞ്ചിനാട്, പരശുറാം, മലബാർ, ജയന്തി, അമൃത എക്‌സപ്രസ്സുകൾക്ക് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ എത്രയും വേഗത്തിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

*വൈക്കത്തേക്ക് റെയിൽ പാത സാധ്യതാ പഠനം നടത്തണം*

ഒ. രാജഗോപാൽ റെയ്ൽവേ സഹമന്ത്രി ആയിരുന്ന കാലത്ത് വൈക്കത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒരു ബൾബ് ലൈൻ സാധ്യതാ പഠനം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാലിപ്പോൾ കാലക്രമത്തിൽ വന്ന മാറ്റങ്ങൾ കണക്കിലെടുത്ത് നിർദ്ദിഷ്ട അങ്കമാലി ശബരി റെയിൽപ്പാതയുടെ കൂടി പ്രയോജനം ലഭിക്കത്തക്ക വിധത്തിൽ പിഴകിൽ സ്ഥാപിതമാകാൻ പോകുന്ന രാമപുരം റെയ്ൽവേ സ്റ്റേഷൻ നിന്നും ആരംഭിച്ച് ഉഴവൂർ, കുറവിലങ്ങാട്, വൈക്കം റോഡ്, തലയോലപ്പറമ്പ്, വൈക്കം വഴി ചേർത്തല റെയിൽവേ സ്റ്റേഷനിൽ അവസാനിക്കുന്ന വിധത്തിൽ ഒരു പുതിയ പാത നിലവിൽ വന്നാൽ അത് ഇപ്പോൾ നിലവിലുള്ള പാതകളിലെ തിരക്ക് കുറക്കുന്നതിനും മഴക്കാലത്ത് വെള്ളം കയറി എറണാകുളം വഴിയുള്ള ഗതാഗതം തടസപ്പെടുന്ന സ്ഥിതി ഒഴിവാക്കുന്നതിനും ഭാവിയിൽ എറണാകുളം ജംഗ്ഷൻ - എറണാകുളം ജംഗ്ഷൻ സബർബൻ ട്രെയിൻ തുടങ്ങുന്നതിനും റയിൽവേയെ സഹായിക്കും. ഇന്ത്യയിലെ മറ്റ് വൻ നഗരങ്ങളിലെ പോലെ കൊച്ചിക്കും സ്വന്തമായി ഒരു സബർബൻ റെയിൽവേ സ്വന്തമാകുന്നതിനും എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലൂടെ കടന്ന് പോകുന്ന ഈ ലൈൻ സ്ഥാപിതമായാൽ അത് ഈ പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, വ്യവസായ സംരംഭങ്ങൾ എന്നിവയുടെ സമഗ്രവികസനത്തിനും എറണാകുളം നഗരവികസനത്തിനും ആക്കം കൂട്ടും. എറണാകുളം ജംഗ്ഷൻ നിന്നും ആരംഭിച്ച് ആലുവ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, രാമപുരം, കുറവിലങ്ങാട്, വൈക്കം റോഡ്, തലയോലപ്പറമ്പ്, വൈക്കം, ചേർത്തല വഴി എറണാകുളം ജംഗ്ഷൻ തന്നെ എത്തിച്ചേരുന്ന സർക്കുലർ സർവീസ് ആരംഭിക്കുവാനും സാധിക്കും.

ഈ പാതയുടെ സാധ്യത സംബന്ധിച്ച് റയിൽവേ പഠനം നടത്തണമെന്നും വൈക്കത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് എത്രയും വേഗത്തിൽ ഈ ലൈൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനം കേന്ദ്ര മന്ത്രി അർജ്ജുൻ റാം മേഘവാളിന് വൈക്കം റോഡ് യൂസേഴ്‌സ് ഫോറം പ്രസിഡന്റ് വിനോദ് കുമാർ വൈക്കം കൈമാറി. സാജൻ ആലക്കളം, പ്രശാന്ത് നന്ദകുമാർ എന്നിവരും സന്നിഹിതരായിരുന്നു. ആവശ്യങ്ങൾ വിശദമായി കേട്ട കേന്ദ്രമന്ത്രി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP