Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരുണാചലിന്റെ പേരു മാറ്റിയുള്ള ചൈനീസ് പ്രകോപനം ഇത് മൂന്നാം തവണ; തെക്കൻ ടിബറ്റിന്റെ ഭാഗമായ സാങ്‌നാൻ ആണെന്ന് അവകാശവാദം; അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം; ചൈനയുടെ തന്ത്രങ്ങൾ വിലപ്പോകില്ലെന്ന് വിദേശ മന്ത്രാലയം; ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന് 70 വർഷം പഴക്കം

അരുണാചലിന്റെ പേരു മാറ്റിയുള്ള ചൈനീസ് പ്രകോപനം ഇത് മൂന്നാം തവണ; തെക്കൻ ടിബറ്റിന്റെ ഭാഗമായ സാങ്‌നാൻ ആണെന്ന് അവകാശവാദം; അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം; ചൈനയുടെ തന്ത്രങ്ങൾ വിലപ്പോകില്ലെന്ന് വിദേശ മന്ത്രാലയം; ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന് 70 വർഷം പഴക്കം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അരുണാചൽ പ്രദേശിനെ ചൊല്ലിയുള്ള ഇന്ത്യ-ചൈന തർക്കത്തിന് ഏഴ് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇപ്പോഴും അരുണാചലിനെ ചൊല്ലിയുള്ള ചൈനീസ് പ്രകോപനം തുടരുകയും ചെയ്യുന്നു. അതിരുമാന്തുന്ന ചൈനീസ് ശൈലി ഇപ്പോഴും തുടരുന്നതാണ് ഇന്ത്യയുമായുള്ള തർക്കം തുടരാൻ ഇടയാക്കുന്നതും.

അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ ചൈനീസ് പേരുകൾ പുറത്തുവിട്ട് ഈ പ്രദേശത്തിനായുള്ള അവകാശവാദം ബലപ്പെടുത്താനുള്ള ചൈനീസ് നീക്കവും കഴിഞ്ഞ ദിവസം ഉണ്ടായി. ഈ നീക്കത്തെ അപലപിച്ചു ക1ണ്ട് ഇന്ത്യ രംഗത്തുവന്നു. ഈ പേരുകളെല്ലാം ചൈനയുടെ കണ്ടുപിടിത്തമാണെന്നും യാഥാർഥ്യവുമായി ബന്ധമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതു മൂന്നാം തവണയാണ് ചൈന അരുണാചലിലെ സ്ഥലങ്ങളുടെ ചൈനീസ്, ടിബറ്റൻ പേരുകളുമായി വരുന്നത്. 2017 ലും 2021ലും സമാനശ്രമം നടന്നു. ലഡാക്ക് അതിർത്തിയിൽ സംഘർഷം നടക്കുമ്പോഴായിരുന്നു ഇത്. അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്റെ ഭാഗമായ സാങ്‌നാൻ ആണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യയും ചൈനയും തമ്മിലുള്ള 3800 കിലോമീറ്റർ അതിർത്തിയിൽ പലയിടത്തും സമീപകാലത്ത് സംഘർഷം വർധിച്ചിട്ടുണ്ട്.

2017 ലും ചൈന സമാനമായ രീതിയിൽ ആറ് സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിരുന്നു. ഭൂപ്രദേശങ്ങളുടെ പേരുകൾക്ക് ഏകീകൃത സ്വഭാവം നൽകുന്നതിന്റെ ഭാഗമായാണ് പുനർനാമകരണം എന്നായിരുന്നു വിശദീകരണം. അരുണാചലിൽ ചില പ്രദേശങ്ങൾക്ക് സ്വന്തമായി പേരിട്ട് തങ്ങളുടെ അതിർത്തിവ്യാപന പരിപാടി ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ചൈന. അരുണാചലിനെ ചൈന മറ്റൊരു പേരിട്ടാണ് വിളിക്കുന്നത്. ചൈനീസ് അതിർത്തിവ്യാപന മനോഭാവം ഇന്ത്യയ്ക്ക് വലിയൊരു ശല്യമായി മാറിയിട്ട് ഏറെനാളായി.

90,000 ചതുരശ്ര കിലോമീറ്റർ ഉൾകൊള്ളുന്ന അരുണാചൽ പ്രദേശ് സംസ്ഥാനം. സാങ്‌നാൻ എന്നാണ് അരുണാചലിനെ ചൈന വിളിക്കുന്നത്. ചൈനയുടെ ഭൂപടത്തിലും സംസ്ഥാനം ഇടംപിടിച്ചിട്ടുണ്ട്. അരുണാചലിലെ 13 ഇടങ്ങൾക്ക് പേരുകൾ നൽകിയതു പോലെ നേരത്തെ 2017ൽ ആറിടങ്ങൾക്കും 2021ൽ 15 ഇടങ്ങൾക്കും ചൈന പേരിടൽ കർമം നടത്തിയിട്ടുണ്ട്. എല്ലാക്കാലത്തും ഇന്ത്യ ഈ പേരിടൽ കർമത്തെ തള്ളികളയാറുമുണ്ട്. 'അരുണാചൽ പ്രദേശ് എക്കാലവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. തങ്ങൾക്കിഷ്ടമുള്ള പേരുകൾ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് നൽകുന്നത് ഈ വസ്തുതയെ മാറ്റില്ല' എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൈനയ്ക്ക് മറുപടി നൽകും. വീണ്ടും ഒരിടവേളയെടുത്ത് ചൈന അരുണാചൽ പ്രദേശ് വിഷയവുമായി വരും. ഇത് ആറ് ദശകമായി ആവർത്തിക്കുന്നു.

നിലവിലെ പ്രകോപനം മുൻപത്തേക്കാൾ ഗൗരവമേറിയതാണ് എന്ന വസ്തുതകൂടി ഇവിടെ പങ്ക് വയക്കട്ടെ. ഇതിന് കാരണം ഒരു നിയമമാണ്. 2021ലെ അതിർത്തി സംരക്ഷണ നിയമം. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയ ശേഷം ആദ്യമായാണ് ചൈന ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നത്. ഉത്തരകൊറിയ, റഷ്യ, ഇന്ത്യ, നേപ്പാൾ ഉൾപ്പെടെ 14 രാജ്യങ്ങളുമായി 22,000 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമെന്ന നിലയ്ക്ക് ഈ നിയമം പ്രാധാന്യമർഹിക്കുന്നു.

മൂന്ന് മേഖലകളിലായി ചൈനയുമായി ഇന്ത്യ അതിർത്തി പങ്ക് വയ്ക്കുന്നുണ്ട്. ഇത് അറിയപ്പെടുന്നത് യഥാർഥ നിയന്ത്രണരേഖ അഥവാ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽ.എ.സി.) എന്നാണ്. ഒന്ന് പടിഞ്ഞാറൻ മേഖല-ലഡാക്ക് ഉൾപ്പെടുന്ന പ്രദേശം, രണ്ട് മധ്യ മേഖല-ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്നു, മൂന്നാമതായി കിഴക്കൻ മേഖല- അരുണാചൽ പ്രദേശവും.

യഥാർഥ നിയന്ത്രണരേഖ ഉൾപ്പെടുന്ന പ്രദേശങ്ങൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് 70 വർഷത്തോളം പഴക്കമുണ്ട്. യഥാർഥ നിയന്ത്രണരേഖയുടെ നീളം 3,488 കിലോമീറ്ററാണെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. ചൈനക്കാർ ഇത് ഏകദേശം 2,000 കിലോമീറ്റർ മാത്രമാണെന്ന് കണക്കാക്കുന്നു. ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിക്കുന്നത് 1959ലാണ്. പഞ്ചശീല ഉടമ്പടി നിലനിൽക്കുന്ന അക്കാലത്ത് ടിബറ്റിൽ നിന്ന് രക്ഷതേടിയെത്തിയ ദലൈലാമ ടെൻസിങ് ഗ്യാസ്റ്റോയ്ക്ക് അന്നത്തെ പ്രധാനമന്ത്രി നെഹ്റു അഭയം നൽകിയതാണ് അതിന് കാരണമായത്. ഇന്ത്യയുടെ നീക്കത്തിൽ ചൈന പ്രതിഷേധിച്ചത് അതിർത്തി തർക്കത്തിന് തുടക്കമിട്ടുകൊണ്ടാണ്.

1914ൽ ബ്രീട്ടന്റെ നേതൃത്വത്തിൽ നടത്തിയ സിംല കൺവൻഷനിൽ ചൈനയും ഇന്ത്യയും തിബത്തുമായുള്ള അതിർത്തികൾ ക്രമീകരിക്കാൻ ശ്രമം നടത്തി. എന്നാൽ ചൈനീസ് പ്രതിനിധികൾ വഴങ്ങിയില്ല. ഒടുവിൽ മക് മോഹൻ രേഖ ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും തമ്മിലുള്ള ധാരണയായി മാറി. ഇന്ത്യ അംഗീകരിച്ച മക് മോഹൻ രേഖയെ പിന്നീടും ചൈന അംഗീകരിച്ചില്ല. അതിന് കാരണമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ചൂണ്ടിക്കാട്ടുന്ന വസ്തുത ടിബറ്റിന് അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടാൻ സ്വതന്ത്രാധികാരമില്ലെന്നതാണ്.

1959 നവംബർ ഏഴിന് അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ചൗ എൻലാ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് അയച്ച കത്തിൽ സൂചിപ്പിക്കുന്ന 2,000 കിലോമീറ്റർ മാത്രമുള്ള നിയന്ത്രണരേഖയാണ് ചൈന യഥാർഥ നിയന്ത്രണ രേഖയായി അംഗീകരിക്കുന്നത്. ലഡാക്ക് ഭാഗത്ത് കാരക്കോണം മലനിരകളുടെ ജലപാതനിരയാണ് അതിർത്തിയായി അംഗീകരിക്കാനാണ് ഇതിലൂടെ ചൈന ആവശ്യപ്പെടുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ അന്ന് നെഹ്റു തയ്യാറായില്ല. ഇക്കാലത്താണ് അരുണാചലിനായും ചൈന മുറവിളി ആരംഭിച്ചത്. ഇതാണ് പിന്നീട് 1962ലെ യുദ്ധത്തിലേക്ക് എത്തിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം രാജീവ്ഗാന്ധി ചൈനയിലെത്തിയപ്പോഴാണ് പീസ് ആൻഡ് ട്രയാങ്കുലിറ്റി എഗ്രിമന്റിൽ ഒപ്പുവച്ചത്. ഇതുപ്രകാരം അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.

അരുണാചൽ അതിർത്തിയിലെ തവാങ് ആണ് ചൈന പ്രകോപനം സൃഷ്ടിക്കുന്ന പ്രധാനമേഖല. ആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലമാണ് തവാങ് എന്നതാണ് പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം. നിലവിൽ രാജ്യത്തെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും വലിയ ബുദ്ധമത കേന്ദ്രവും ഇതാണ്. 1959 മാർച്ച് 30-ന് 14-ാമത് ദലൈലാമ ടെൻസിൻ ഗ്യാറ്റ്‌സോ ഇന്ത്യയിലേക്ക് പലായനം ചെയ്ത് വന്നതും ഇതിലൂടെയാണ്. ദലൈലാമയെ വിഘടനവാദിയായാണ് അന്ന് മുതൽ ചൈന കരുതുന്നത്. അതിനാൽ ഇവിടുത്തെ ബുദ്ധകേന്ദ്രങ്ങൾ തകർക്കുകയെന്ന ലക്ഷ്യവും ചൈനയ്ക്കുണ്ട്.

കരസേന മുൻ ഉപമേധാവി ലഫ്. ജനറൽ ശരത് ചന്ദ് പറയുന്നത് തവാങ്ങിന്റെ പ്രധാന്യം അതൊരു ബുദ്ധിസ്റ്റ് സ്ഥലമാണെന്നതാണ്. തവാങ് ബുദ്ധ ആശ്രമം എന്നും ലാസയുടെ കീഴിലായിരുന്നു. അവിടുത്തെ ആളുകളും ആശ്രമവും നികുതി അടയ്ക്കുന്നത് ലാസയിലേക്കാണ്. അതുകൊണ്ടാണ് ചൈനീസ് സർക്കാർ തവാങ്ങും അരുണാചലും അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 1962ലെ യുദ്ധം ആരംഭിച്ചതും അവസാനിച്ചതും ഇവിടെ വച്ചായിരുന്നു.

1914-മക്മഹോൻ രേഖ പ്രകാരം തവാങ് ഇന്ത്യയുടെ ഭാഗമാണ്. മക്മഹോൻ രേഖ ചൈന അംഗീകരിക്കാത്തതിന്റെ പ്രധാന കാരണവും അതാണ്. തവാങ് ചൈനയുടെ അധികാരപരിധിയിലെത്തിയാൽ ഇന്ത്യയെ കീഴടക്കുകയെന്ന മോഹവും ഏളുപ്പത്തിൽ സാധിക്കുമെന്ന് ചൈന കരുതുന്നു. തവാങ്ങുകൂടി ലഭിച്ചാൽ ടിബറ്റ് പൂർണമായും ചൈനയുടെ കൈകളിലെത്തുകയും ചെയ്യും.

വർഷത്തിൽ രണ്ട് തവണയെങ്കിലും തവാങിൽ ചൈന പ്രകോപനം സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. നവംബറിൽ ചൈനീസ് സേന പ്രദേശത്തെ പട്രോളിങ്ങ് ശക്തമാക്കി. ഹാൻഡ് ഹെൽഡ് തെർമൽ ഇമേജറുകൾ ഉപയോഗിച്ചുള്ള പട്രോളിങ് അറിഞ്ഞതോടെ ഇന്ത്യയും പ്രതിരോധം ശക്തമാക്കി. 2022 ഡിസംബറിൽ കല്ലേറുണ്ടായത് സംഘർഷാവസ്ഥ വർധിപ്പിച്ചു. പിന്നാലെ പരസ്പരം ചെറിയ ഏറ്റുമുട്ടലുണ്ടായെങ്കിൽ ഇരുവശത്തെ സൈനികരും ശാന്തരായി. ഇതിനിടെ മേഖലയിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു.

അതേസമയം അരുണാചൽ വിഷയം ഇന്ത്യയിൽ രാഷ്ട്രീയമായും മാറുന്നുണ്ട്. അതിർത്തിയിൽ എല്ലാം ഭദ്രമാണെന്നു പറഞ്ഞ് ചൈനയെ ന്യായീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനയുടെ പുതിയ അവകാശവാദത്തിൽ മൗനം വെടിയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP