Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി കാൻസർ റിസർച്ച് സെന്റർ നവംബറിലും മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒക്ടോബറിലും പൂർത്തിയാകും: മന്ത്രി പി.രാജീവ്

കൊച്ചി കാൻസർ റിസർച്ച് സെന്റർ നവംബറിലും മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒക്ടോബറിലും പൂർത്തിയാകും: മന്ത്രി പി.രാജീവ്

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി കാൻസർ റിസർച്ച് സെന്റർ നവംബറിലും എറണാകുളം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒക്ടോബറിലും പൂർത്തിയാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കാൻസർ സെന്ററിന്റെയും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിർമ്മാണ സൈറ്റുകൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി നിർമ്മാണ സൈറ്റുകൾ സന്ദർശിച്ചത്.

ഉപകരണങ്ങൾ ഉൾപ്പെടെ കാൻസർ റിസർച്ച് സെന്ററിനായി 449 കോടി രൂപയാണ് നിലവിൽ ചെലവ് വരുന്നത്. ആദ്യഘട്ടത്തിൽ 100 കിടക്കകളാകും ഉണ്ടാകുക. ഇറക്കുമതി ചെയ്യേണ്ടത് ഉൾപ്പെടെ 210 കോടി രൂപയുടെ ഉപകരണങ്ങൾ വേണ്ടി വരും. ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രത്യേക അനുമതികൾ ഉൾപ്പെടെ സർക്കാർതല തീരുമാനങ്ങൾക്കായി ആരോഗ്യ മന്ത്രിയും താനും ബന്ധപ്പെട്ട സെക്രട്ടറിമാരും കിഫ്ബിയുമായി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ എറണാകുളം ഗവ.മെഡിക്കൽ കോളജിലെ കെട്ടിടത്തിലാണ് കാൻസർ സെന്റർ പ്രവർത്തിക്കുന്നത്.

കളമശേരിയിലെ മെഡിക്കൽ കോളജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് 368 കോടി രൂപ ചെലവിൽ 8 നിലയിൽ 8.27 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് സജ്ജമാകുന്നത്. സിവിൽ ജോലികൾ 85 ശതമാനം പൂർത്തിയായി. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ 25 ശതമാനവും പൂർത്തിയായി. രണ്ടു പദ്ധതികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒന്നിടവിട്ട ശനിയാഴ്‌ച്ചകളിൽ ബന്ധപ്പെട്ട വകുപ്പുകൾ, കോൺട്രാക്ടർമാർ, ഇൻകൽ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗം ചേരും. എല്ലാ മാസവും സർക്കാർ തലത്തിലും യോഗം ചേരും.

രണ്ടു പദ്ധതികൾക്കുമായി കെ.എസ്.ഇ.ബിയുടെ ഒരു സബ് സ്റ്റേഷൻ സ്ഥാപിക്കും. പ്രത്യേക വാട്ടർ ലൈനും പദ്ധതികളുടെ ഭാഗമായി വരും. നുവാൽസ് മുതൽ കിൻഫ്ര വരെയുള്ള 250 മീറ്റർ റോഡ് നാലു വരിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇരു പദ്ധതികളുടെയും സ്റ്റാഫ് പാറ്റേൺ അംഗീകരിച്ച് നിയമനങ്ങൾ നടത്തേണ്ടതുണ്ട്. മെഡിക്കൽ കോളേജ് സ്റ്റാഫ് പാറ്റേൺ സാമ്പത്തിക വകുപ്പിന്റെ പരിഗണനയിലാണ്. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് മന്ത്രിതല പ്രത്യേക യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ഇൻകൽ എം.ഡി ഡോ. ഇളങ്കോവൻ, കൊച്ചി കാൻസർ റിസർച്ച് സെന്റർ സ്‌പെഷൽ ഓഫീസർ ഡോ. ബാലഗോപാൽ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജൻ, സുപ്രണ്ട് ഡോ. ഗണേശ് മോഹൻ, വകുപ്പ് പ്രതിനിധികൾ, കോൺട്രാക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP