Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ മലബാർ ഗോൾഡിന്റെ സ്വർണാഭരണ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി; ഒരു മാസം തികയും മുമ്പ് സ്വർണാഭരണ നിർമ്മാണ കേന്ദ്രത്തിന്റെ പ്രവർത്തനം തടഞ്ഞ് ഹൈക്കോടതി ഉത്തരവും; രാഷ്ട്രീയക്കാർ കൈവിട്ട കാക്കഞ്ചേരിയിലെ ജനകീയ സമരത്തിന് ആശ്വാസ വിജയം

നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ മലബാർ ഗോൾഡിന്റെ സ്വർണാഭരണ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി; ഒരു മാസം തികയും മുമ്പ് സ്വർണാഭരണ നിർമ്മാണ കേന്ദ്രത്തിന്റെ പ്രവർത്തനം തടഞ്ഞ് ഹൈക്കോടതി ഉത്തരവും; രാഷ്ട്രീയക്കാർ കൈവിട്ട കാക്കഞ്ചേരിയിലെ ജനകീയ സമരത്തിന് ആശ്വാസ വിജയം

ജംഷാദ് മലപ്പുറം

കോഴിക്കോട്: ഏറെ വിവാദങ്ങൾക്കും, കോലാഹലങ്ങൾക്കുമിടയിൽ പ്രദേശിക വികാരം മാനിക്കാതെ കഴിഞ്ഞ മാസം നാലാംതിയ്യതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്ത കാക്കഞ്ചേരി കിൻഫ്ര പാർക്കിലെ മലബാർഗോൾഡ് നടത്തിവരുന്ന സ്വർണാഭരണ നിർമ്മാണ കേന്ദ്രം കേരള ഹൈക്കോടതി തടഞ്ഞു. കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി ഫയൽ ചെയ്ത കേസിൽ ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് ഇടക്കാല ഉത്തരവ്. സ്വർണാഭരണ നിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള ചുമതല മലപ്പുറം ജില്ലാ കലക്ടർക്കും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ മലപ്പുറം ഓഫീസിനും ഹൈക്കോടതി നൽകിയിട്ടുണ്ട്.

ഒളിച്ചുള്ള ആഭരണ നിർമ്മാണം പുറത്തുകൊണ്ടുവന്ന സമരസമിതിയുടെ ആശങ്കകൾ ഗൗരവത്തോടെ കാണാൻ കോടതി തയ്യാറായെന്നത് അനുകൂല നിലപാടാണെന്ന് സമരത്തെ അനുകൂലിക്കുന്നവർ പറയുന്നു. ദിവസേന 120 കിലോഗ്രാം സ്വർണാഭരണമുണ്ടാക്കുമ്പോൾ 39 ലിറ്ററോളം ഹൈഡ്രോക്ലോറിക്, നൈട്രിക്, സൾഫ്യൂരിക് ആസിഡ് മാലിന്യങ്ങളും 15 ഗ്രാം പൊട്ടാസ്യം സയനൈഡ് മാലിന്യങ്ങളും റുഥീനിയും, ഇറിഡിയം, കാഡ്മിയം, സിങ്ക്, ലെഡ്, മെർക്കുറി തുടങ്ങിയ രാസലോഹ മാലിന്യങ്ങളും മൂന്ന് ലക്ഷം ലിറ്റർ മലിനജലത്തോടൊപ്പം പുറംതള്ളുമെന്ന് 2013ലെ അപേക്ഷയിൽ വ്യക്തമായി കാണിച്ച മലബാർ ഗോൾഡിനെതിരേ പ്രദേശത്തെ ജനങ്ങൾ 2014 ഡിസംബർ 20 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരത്തിലായിരുന്നു.

സമരം ആറ് വർഷം പിന്നിട്ടപ്പോൾ അന്നത്തെ വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജൻ പ്രദേശത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും റവന്യൂ, പൊലീസ്, കിൻഫ്ര, പൊല്യൂഷൻ കൺട്രോൾബോർഡ് ഉദ്യോഗസ്ഥരേയും ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ബോർഡ്, സമരസമിതി എന്നിവരേയും മലബാർഗോൾഡ് ചെയർമാൻ എംപി അഹമ്മദിനേയും വിളിച്ചുചേർത്ത് മലബാർഗോൾഡിന്റെ കിൻഫ്ര പാർക്കിലെ സ്വർണാഭരണ നിർമ്മാണശാല എന്ന പദ്ധതി പൂർണമായി ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ചു. പകരം ഫുഡ്‌കോർട്ട്, പ്രൊഡക്ട് ഡിസ്‌പ്ലേ റൂം, ടെക്‌നോമാൾ സെയിൽ ഔട്ട്‌ലെറ്റ് ആൻഡ് ഷോപ്പ്, പാക്കേജിങ് യൂണിറ്റ്, ഐ.ടി സ്ഥാപനങ്ങൾ ഉൾപ്പെടെ മലനീകരണമുണ്ടാക്കാത്ത സ്ഥാപനങ്ങൾ മാത്രമാണ് തുടങ്ങുകയെന്നും ഉറപ്പുനൽകിയിരുന്നുവെന്നും സമര സമിതിക്കാർ പറയുന്നു.

കൂടാതെ ഡെപ്യൂട്ടി കലക്ടർ, ഡിവൈ.എസ്‌പി, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മലബാർഗോൾഡ് പ്രതിനിധി, സമരസമിതി പ്രസിഡന്റ് എന്നിവരടങ്ങുന്ന ഒരഞ്ചംഗ കമ്മിറ്റിയും വ്യവസായമന്ത്രി പ്രഖ്യാപിക്കുകയും പുതുതായി മുന്നോട്ടുവച്ച വ്യവസായങ്ങൾ മാത്രമാണ് അവിടെ നടത്തുന്നതെന്ന് ഉറപ്പുവരുത്താൻ കമ്മിറ്റിയെ അധികാരപ്പെടുത്തുകയും ചെയ്തു. സമരരംഗത്തുള്ളവർക്കെതിരേ കെട്ടിച്ചമച്ച അഞ്ച് കേസുകൾ നാല് മാസത്തിനകം പിൻവലിക്കണമെന്നും മലബാർഗോൾ ചെയർമാനോട് അന്നത്തെ മന്ത്രി ഇ.പി ജയരാജൻ നിർദേശിച്ചു. വ്യവസായവകുപ്പ് മന്ത്രിയുടേയും അഞ്ചംഗ കമ്മിറ്റിയുടേയും അഭ്യർത്ഥന മാനിച്ച് ആറ് വർഷമായി കമ്പനി കോമ്പൗണ്ടിനകത്തേക്ക് കയറാൻ കഴിയാതിരുന്ന മലബാർഗോൾഡിന് കെട്ടിടനിർമ്മാണം പൂർത്തീകരിക്കാനും പുതിയ വ്യവസായങ്ങൾ തുടങ്ങുവാനും അവസരം ലഭിച്ചു. എന്നാൽ ഈ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാടെ ലംഘിച്ചുക്കൊണ്ട് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ സ്വർണം ഉരുക്കൽ, ആഭരണ നിർമ്മാണം മുതൽ മാർക്കറ്റിങ് വരെയുള്ള എല്ലാ പ്രക്രിയകളും തുടങ്ങി.

മല്ലപ്പുറം ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ചേലേമ്പ്ര പഞ്ചായത്ത് സെക്രട്ടറിയും തുടർന്ന് അഞ്ചംഗകമ്മിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയപ്പോഴാണ് കരാർ ലംഘനത്തിന്റെ വ്യാപ്തി മനസ്സിലായത്. ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് അസംബ്ലിംഗിന് കിൻഫ്ര അനുമതി നൽകിയിട്ടുണ്ടെന്നും 40 കിലോഗ്രാം സ്വർണാഭരണമുണ്ടാക്കാൻ പൊല്യൂഷൻ കൺൺട്രോൾ ബോർഡ് അനുമതി നൽകിയിട്ടുണ്ടെന്നും മനസ്സിലായതെന്നും സമര സമിതി ആരോപിക്കുന്നു. പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുമതി നൽകിയത് 13.09.2022നാണെങ്കിൽ അവർക്ക് അതിനുള്ള അപേക്ഷ ലഭിച്ചത് 2022 ഒക്ടോബർ 20നാണ്, അതിൽ ഒപ്പും ഇല്ലതാനും. അതായത് അപേക്ഷ ലഭിക്കുന്നതിന് ഒരുമാസം മുമ്പ് തന്നെ അനുമതി നൽകിയെന്ന് സാരം.

ഇപ്പോഴത്തെ വ്യവസായവകുപ്പ് മന്ത്രി രാജീവിന്റേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി കഴിഞ്ഞ മാർച്ച് നാലിന് ഉദ്ഘാടനം ചെയ്തു. ഈ സാഹചര്യത്തിലാണ് കരാർ ലംഘനത്തിനും വഞ്ചനക്കുമെതിരേ ഹൈക്കോടതിയെ സമീപിച്ചത്. അസംബ്ലിങ് മാത്രമേ കമ്പനിയിൽ നടത്താവൂവെന്നും അത് മാത്രമേ നടക്കുന്നുള്ളൂവെന്നും മലപ്പുറം ജില്ലാ കലക്ടറും പൊല്യൂഷൻ കൺട്രോൾബോർഡും ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടുണ്ടെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എ.ബാലകൃഷ്ണൻ, സെക്രട്ടറി ഷെരീഫ്.എൻ, രക്ഷാധികാരി ഡോ.മുഹമ്മദ് ഷാഫി, വൈസ്പ്രസിഡന്റ് ടി.വി ശ്രീധരൻ എന്നിവർ സംബന്ധിച്ചു. ചേലേമ്പ്രയിലെ ഭരണപക്ഷ പ്രതിപക്ഷ കക്ഷികളും, ഒരു പോലെ ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്നിരുന്നു. ചേലേമ്പ്ര പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന ആഭരണ നിർമ്മാണ ശാലക്കെതിരെ പ്രമേയം തന്നെ പാസാക്കുകയും ചെയ്തിരുന്നു.

പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും ഉദ്ഘാടനം സ്ഥലത്തിലേക്ക് പ്രതിഷേധ മാർച്ച് അറിയിച്ചെങ്കിലും സിപിഐഎം, ബിജെപി കക്ഷികൾ വിട്ടുനിൽക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് അടക്കം മുസ്ലിംലീഗിലെ എല്ലാ മെമ്പർമാരെയും കോൺഗ്രസിലെ ഉഷ ടീച്ചറെയും അറസ്റ്റ് ചെയ്യുകയും കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആഭരണ നിർമ്മാണശാലയുടെ ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമര സമിതി അംഗങ്ങളും, പൗര പ്രമുഖരും, രാഷ്ട്രീയ പ്രവർത്തകരും, നാട്ടുകാരും രംഗത്ത് വന്നിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരുംവരെ മുസ്ലിംലീഗ് സംസ്ഥാന ദേശീയ നേതാക്കളും ചടങ്ങിനെത്തുകയും മലബാർ ഗോൾഡിനെ പുകൈഴ്‌ത്തി സംസാരിക്കുകയും ചെയ്തത്.

ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കു വഴിവെച്ചിരുന്നു. ചടങ്ങിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു കേരളത്തിലെ മുഖ്യധാരാ പത്രങ്ങൾക്കും ചാനലുകൾക്കും ലക്ഷങ്ങളുടെ പരസ്യങ്ങളാണു വാരിക്കോരി നൽകിയിരുന്നത്. ഇതിനാൽ തന്നെ ആഭരണ ശാലക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ വാർത്ത ഒരു പത്രത്തിലും ചാനലിലും വന്നതുമില്ല. പണത്തിനുമീതെ പരുന്തും പറക്കില്ലെന്ന രീതിയിൽ എല്ലാമാധ്യമങ്ങളും കണ്ണടച്ചു. സമാനമായാണു മുഖ്യമന്ത്രിയും പരിവാരങ്ങളും ചടങ്ങിനെത്തിയതെന്ന ആരോപണവും പ്രതിഷേധക്കാർക്കുണ്ട്.

മലബാർ ഗ്രൂപ്പിന്റെ 30ാം വാർഷികവും കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ഒരുക്കിയ ആഭരണ നിർമ്മാണ യൂനിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയും ഇന്നലെയാണു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. സ്വർണ വ്യാപാരമേഖലയിൽ നികുതി നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിൽനിന്ന് വേറിട്ട് പൂർണമായും നികുതി നൽകിയാണ് മലബാർ ഗോൾഡിന്റെ പ്രവർത്തനമെന്നത് ഏറെ ശ്രദ്ധേയമാണെന്നായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്.

കോടതി വിധിയുമായി ബന്ധപ്പെട്ട് ഡോ. ആസാദിന്റെ പോസ്റ്റ്:

കാക്കഞ്ചേരിയിൽ സ്വർണാഭരണ നിർമ്മാണം വേണ്ടെന്ന് ഹൈക്കോടതി

കാക്കഞ്ചേരിയിലെ കിൻഫ്ര ടെക്‌നോ ഇൻഡസ്ട്രിയൽ പാർക്കിൽ മലബാർ ഗോൾഡിന്റെ സ്വർണാഭരണ നിർമ്മാണം തടഞ്ഞുകൊണ്ടു കേരള ഹൈക്കോടതി മാർച്ച് 28ന് പുറപ്പെടുവിച്ച ഉത്തരവ് ആശ്വാസകരമാണ്. എട്ടു വർഷത്തിലേറെയായി സമരരംഗത്തുള്ള കാക്കഞ്ചേരി പരിസര സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷൻ എ ബാലകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാർച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ മലബാർ ഗോൾഡിന്റെ സ്ഥാപനം കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ഉദ്ഘാടനം ചെയ്തു. സ്വർണാഭരണ നിർമ്മാണശാല തുടങ്ങുകയില്ലെന്നു സമര സമിതിക്കു സർക്കാർ നൽകിയ ഉറപ്പ് അതോടെ ലംഘിക്കപ്പെട്ടു. ജനകീയ സമരം എല്ലാ രാഷ്ട്രീയ പാർട്ടികളും അണിനിരന്ന ജനകീയ മുന്നേറ്റമായിരുന്നു. എന്നാൽ, ഭരണ പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ പ്രാദേശിക ഘടകത്തെയും ജനവികാരത്തെയും അവഗണിച്ചു മലബാർ ഗോൾഡിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു. കാക്കഞ്ചേരിയിലെ പൊതു സമൂഹത്തിൽ ഈ കൊടുംവഞ്ചന വലിയ പ്രതിഷേധത്തിനിടയാക്കി.

രാഷ്ട്രീയ പാർട്ടികളും സർക്കാറും കൈവിട്ട സന്ദർഭത്തിൽ കോടതി നിയമത്തിന്റെ തണലു വിരിച്ചിരിക്കുന്നു. സ്വർണാഭരണ നിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള ചുമതല മലപ്പുറം ജില്ലാ കലക്ടർക്കും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ മലപ്പുറം ഓഫീസിനും ഹൈക്കോടതി നൽകിയിട്ടുണ്ട്. ഒളിച്ചുള്ള ആഭരണ നിർമ്മാണം പുറത്തുകൊണ്ടുവന്ന സമരസമിതിയുടെ ആശങ്കകൾ ഗൗരവത്തോടെ കാണാൻ കോടതി തയ്യാറായി. മലബാർ ഗോൾഡ് അധികാരികൾ, ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിക്കുന്നതുപോലെ കൊടതിവിധി ലംഘിക്കുമോ എന്നറിയില്ല. മേൽക്കോടതികളിൽ പോയി അനുകൂല വിധി സമ്പാദിക്കാനും വൻകിടക്കാർക്ക് എളുപ്പം സാധിച്ചേക്കും. അവർക്കൊപ്പമാണല്ലോ വികസന തീവ്രവാദത്തിന്റെ സകല സംവിധാനങ്ങളും!

അതിനിടയിലും ക്ഷീണിക്കാതെ സമരവും നിയമപോരാട്ടവും കൊണ്ടുപോകുന്ന കാക്കഞ്ചേരി പരിസര സംരക്ഷണ സമിതിക്കും അതിന്റെ നൂറുകണക്കിനു സമര പോരാളികൾക്കും ഒട്ടും വിശ്രമിക്കാത്ത നേതൃത്വത്തിനും അഭിവാദ്യം. ഇപ്പോൾ നേടിയെടുത്ത കോടതിവിധി സർക്കാർ - മലബാർ ഗോൾഡ് ഒത്തു കളിക്കെതിരായ ശക്തമായ താക്കീതാണ്. ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന വിധിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP