Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്കു പരിശോധിക്കാമോ എന്നതിലും കേസ് നിലനിൽക്കുമോ എന്നതിലും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും അതെന്തൊക്കെയാണെന്നു വിധിയിൽ വിശദമാക്കിയിട്ടില്ല; മുഖ്യമന്ത്രിക്ക് ആശ്വാസമാകുന്ന നിലപാട് എടുത്ത ജഡ്ജി ആരെന്നും വ്യക്തമല്ല; ദുരിതാശ്വാസത്തിൽ ലോകായുക്തയുടെ വിധിയിൽ ചർച്ച തുടരുമ്പോൾ

മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്കു പരിശോധിക്കാമോ എന്നതിലും കേസ് നിലനിൽക്കുമോ എന്നതിലും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും അതെന്തൊക്കെയാണെന്നു വിധിയിൽ വിശദമാക്കിയിട്ടില്ല; മുഖ്യമന്ത്രിക്ക് ആശ്വാസമാകുന്ന നിലപാട് എടുത്ത ജഡ്ജി ആരെന്നും വ്യക്തമല്ല; ദുരിതാശ്വാസത്തിൽ ലോകായുക്തയുടെ വിധിയിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്‌തെന്നാരോപിച്ച് ലോകായുക്ത മുൻപാകെയുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമെത്തുമ്പോൾ നിയമ വിദഗ്ദ്ധർ പ്രകടിപ്പിക്കുന്നത് ആശങ്ക. രണ്ടംഗ ബെഞ്ചിനു ഭിന്നാഭിപ്രായമുള്ളതിനാൽ ഹർജി നിലനിൽക്കുന്നതാണോയെന്നു പരിശോധിക്കാൻ ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും അടങ്ങിയ ഫുൾ ബെഞ്ചിനു വിട്ടു. 2022 ഫെബ്രുവരി 5 മുതൽ മാർച്ച് 18 വരെ അന്തിമ വാദം നടന്നു. പരാതി നിലനിൽക്കുന്നതാണോയെന്നു വാദം പൂർത്തിയായശേഷം തർക്കമുണ്ടാകുന്നതു ലോകായുക്തയുടെ ചരിത്രത്തിലാദ്യമാണ്. ഭിന്നാഭിപ്രായ വിധി വരുന്നതാകട്ടെ, വാദം പൂർത്തിയായി ഒരു വർഷവും 12 ദിവസവും കഴിഞ്ഞശേഷവും. ഏതു ജഡ്ജിയാണ് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതെന്നും വ്യക്തമല്ല.

പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനത്തിനു വെല്ലുവിളി ഉയർത്തിയ കേസിലെ വിധി ഇന്നലെ രാവിലെ 10.40നാണ് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റെ സാന്നിധ്യത്തിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വായിച്ചത്. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്കു പരിശോധിക്കാമോ, കേസ് നിലനിൽക്കുമോ എന്നീ കാര്യങ്ങളിൽ ഇരുവർക്കും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും അതെന്തൊക്കെയാണെന്നു വിധിയിൽ വിശദമാക്കിയിട്ടില്ല. ഇതിനൊപ്പം ഏതെല്ലാം ജഡ്ജിമാർക്ക് ഏതെല്ലാം വിഷയത്തിൽ ഭിന്നാഭിപ്രായം വന്നുവെന്ന് വ്യക്തമാകാത്തതും. ഇത് ചെയ്യേണ്ടിയിരുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയിൽനിന്നു മന്ത്രിസഭയുടെ പ്രത്യേക തീരുമാനപ്രകാരം അനുവദിച്ച സഹായങ്ങൾക്കെതിരെയാണ് ഹർജി. മുഖ്യമന്ത്രിയും അന്നത്തെ 16 മന്ത്രിമാരും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമാണ് എതിർകക്ഷികൾ. ഇവരിൽ പിണറായി മാത്രമേ ഇപ്പോൾ അധികാരത്തിലുള്ളൂ. പൊതുപ്രവർത്തകർക്കെതിരെ അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ അവർ പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ 14ാം വകുപ്പു പ്രകാരമുള്ള കേസ് മുഖ്യമന്ത്രിക്കു നിർണായകമായിരുന്നു. ഈ സാഹചര്യത്തിൽ ഭിന്ന നിലപാടുകൾ മുഖ്യമന്ത്രിക്ക് തുണയായി.

ലോകായുക്തയിൽ ലഭിക്കുന്ന പരാതികൾ ലോകായുക്ത നിയമത്തിന്റെ പരിധിയിൽ വരുന്നതാണോയെന്ന പ്രാഥമിക വാദത്തിനു ശേഷമാണ് ഫയലിൽ സ്വീകരിക്കുന്നത്. 2019 ജനുവരി 14നു കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ പരാതി കൊടുത്തപ്പോൾ പ്രാഥമിക വാദം കേട്ടിരുന്നു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും വിശദ അന്വേഷണം വേണമെന്നുമാണ് അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ഈ കേസിലാണ് ഇപ്പോൾ സംശയം ഉയരുന്നത് എന്നതും ചർച്ചകളിലുണ്ട്.

ഇനി ഈ കേസ് ലോകായുക്ത നിയമപ്രകാരം ഹർജി നിലനിൽക്കുന്നതാണോയെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ഹാറൂൺ അൽ റഷീദ്, ബാബു മാത്യു പി.ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് പരിശോധിക്കും. ഹർജി സ്വീകരിക്കാമെന്നു കണ്ടെത്തിയാൽ വീണ്ടും വാദം തുടങ്ങും. വിധിക്കെിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. അവിടെനിന്നുണ്ടാകുന്ന വിധികളും ലോകായുക്തയുടെ നടപടികളെ ബാധിക്കും.

ഓഗസ്റ്റ് 30നു ലഭിച്ച ലോകായുക്ത ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവച്ചിട്ടില്ല. സാങ്കേതിക സർവകലാശാലാ വിഷയത്തിൽ സർക്കാരിനു മെരുങ്ങിയ ഗവർണർ ലോകായുക്ത ബില്ലിൽ ഒപ്പിട്ടാൽ കേസിൽ വഴിത്തിരിവാകും. അതിനുശേഷം മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധി ഉണ്ടായാലും നിയമസഭയ്ക്ക് അപ്പീൽ നൽകാം. സഭയിൽ അനുകൂല തീരുമാനവും ഉറപ്പ്. ഭേദഗതിക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ വെല്ലുവിളിയാകും. കേസ് വീണ്ടും വൈകും. അങ്ങനെ മുഖ്യമന്ത്രിക്ക് ഈ കാലാവധിയിൽ വിധിയുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പിക്കാനും കഴിയും.

മന്ത്രിസഭയുടെ അംഗീകാരം ഉണ്ടെന്ന കാരണത്താൽ ചട്ടങ്ങൾ പാലിക്കാതെ ദുരിതാശ്വാസ നിധിയിൽ നിന്നു തുക അനുവദിക്കാനാവില്ലെന്നാണു ലോകായുക്തയുടെ മുന്നിലെത്തിയ ഹർജിക്കാരന്റെ വാദം. നിധിയിൽ നിന്നു പരമാവധി 3 ലക്ഷം രൂപയാണ് അനുവദിക്കാവുന്നത്. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കൂടുതൽ ഉള്ളവർക്കു സഹായം അനുവദിക്കാൻ പാടില്ല. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു മന്ത്രിസഭായോഗം പണം അനുവദിച്ചത് ഇതെല്ലാം അട്ടിമറിച്ചാണ്. 2017 ജൂലൈ 7ന് ഇടതുമുന്നണി ഘടകകക്ഷിയായ എൻസിപിയുടെ നേതാവ് അന്തരിച്ച ഉഴവൂർ വിജയന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അദ്ദേഹത്തിന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപയും അനുവദിച്ചു.

2017 ഒക്ടോബർ 4ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരൻ കടയ്ക്കൽ കല്ലുതേരി പത്മ വിലാസത്തിൽ പി.പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകി. 2018 ജനുവരി 24ന് ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മകനും എൻജിനീയറിങ് ബിരുദധാരിയുമായ മകൻ ആർ.പ്രശാന്തിന് യോഗ്യതയ്ക്കനുസരിച്ചു ജോലി നൽകാൻ തീരുമാനിച്ചതിനു പുറമേ കുടുംബത്തിന് 8,66,000 രൂപയും അനുവദിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവരുടെ സുരക്ഷാ സേനയിൽ ഉള്ളവർക്കു മുൻപും അപകടം ഉണ്ടായിട്ടുണ്ടെങ്കിലും ധനസഹായം നൽകിയില്ലെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ജീവനക്കാർ മരിച്ചാൽ അവരുടെ കുടുംബത്തിനു സർക്കാർ വിവിധ ആനുകൂല്യങ്ങൾ നിയമപ്രകാരം ഉറപ്പാക്കിയിട്ടുണ്ട്. പ്രവീണിന്റെ കുടുംബാംഗങ്ങൾക്ക് അതു ലഭിച്ചിട്ടുമുണ്ട്. ചട്ടം ലംഘിച്ചാണു ദുരിതാശ്വാസ നിധിയിൽ നിന്നു തുക അനുവദിച്ചതെന്ന് ഹർജിയിൽ വിശദീകരിക്കുന്നു.

ചട്ടങ്ങൾ ലംഘിച്ചു ദുരിതാശ്വാസ നിധിയിൽ നിന്നു പണം അനുവദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ 16 മന്ത്രിമാരും ചീഫ് സെക്രട്ടറിയും കേസിൽ പ്രതികളാണ്. ഒന്നാം പിണറായി സർക്കാരാണു 3 പേർക്കും സഹായം നൽകാൻ തീരുമാനിച്ചത്. അന്നു മന്ത്രിസഭയിൽ ഉണ്ടായിരുന്നവരിൽ പിണറായി മാത്രമേ ഇപ്പോൾ അധികാര സ്ഥാനത്തുള്ളൂ. യോഗത്തിൽ പങ്കെടുക്കാത്തതിനാൽ ചിലർ കേസിൽനിന്ന് ഒഴിവായി.

പരാതി പ്രകാരം പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നവർ: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായിരുന്ന എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ, കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, മാത്യു ടി.തോമസ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി.മൊയ്തീൻ, കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണൻ, സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ, ജി.സുധാകരൻ, പി.തിലോത്തമൻ, ടി.എം.തോമസ് ഐസക്, ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP