Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിക്കു പുറമേ കൂത്തുപറമ്പിലും മാലിന്യമലയ്ക്കു മുകളിൽ തീക്കളി; പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയിൽ അന്വേഷണമാരംഭിച്ച് പൊലിസ്; കത്തിച്ചാമ്പലായത് ഹരിതകർമ്മസേന ശേഖരിച്ച മാലിന്യ കൂമ്പാരം

കൊച്ചിക്കു പുറമേ കൂത്തുപറമ്പിലും മാലിന്യമലയ്ക്കു മുകളിൽ തീക്കളി; പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയിൽ അന്വേഷണമാരംഭിച്ച് പൊലിസ്; കത്തിച്ചാമ്പലായത് ഹരിതകർമ്മസേന ശേഖരിച്ച മാലിന്യ കൂമ്പാരം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൊച്ചിക്കു പുറമേ കണ്ണൂരിലും മാലിന്യമലയ്ക്കു മുകളിൽ തീക്കളി. കൂത്തുപറമ്പ് നഗരസഭയ്ക്കടുത്തുള്ള മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലാണ് കൂട്ടിയിട്ട മാലിന്യം ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ കത്തിച്ചത്. ഹരിതകർമ്മസേന ശേഖരിച്ചു സൂക്ഷിച്ച മാലിന്യകൂമ്പാരത്തിനാണ് തീയിട്ടത്.

കൊച്ചി കോർപറേഷനിലെ ബ്രഹ്‌മപുരത്തിന് സമാനമായി മാലിന്യ കൂമ്പാരത്തിന് തീയിട്ടതുകാരണം വിഷപുക പടർന്നിരുന്നു. കൊച്ചി കോർപറേഷനിലെ ജനങ്ങളെ ആഴ്ചകളോളം ശ്വാസം മുട്ടിച്ച സംഭവമായിരുന്നു അത്. ഇതിനുസമാനമായ എൽ.ഡി. എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമാണ് നടന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ആയിത്തറ പാറയിൽ ഹരിതകർമ്മസേന ശേഖരിച്ച പ്ളാസ്റ്റിക്കിന് സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ച സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആയിത്തറ ആറാംവാർഡു പരിധിയിലെ വീടുകളിൽ നിന്നും ശേഖരിച്ചു അടുത്ത ദിവസം കയറ്റി അയക്കാൻ വേണ്ടി ആയിത്തറ പാറയിലെ റവന്യൂ ഭൂമിക്ക് സമീപം സൂക്ഷിച്ച പ്ളാസ്റ്റിക്ക് കൂമ്പാരത്തിന് വ്യാഴാഴ്‌ച്ച രാത്രി പത്തേകാലിന് സാമൂഹ്യവിരുദ്ധർ തീയിട്ടത്.

കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നും സ്ഥലത്തെത്തിയ ഓരോ യൂണിറ്റ് വീതം അഗ്നിശമന സേനയാണ് തീ അണിച്ചത്.
കത്തിക്കൊണ്ടിരിക്കുന്ന മാലിന്യ കൂമ്പാരത്തിന് മുകളിലേക്ക് ജെ.സി.ബി ഉപയോഗിച്ചു മണ്ണിട്ടു മൂടി അതിനു മുകളിൽ വെള്ളം ചീറ്റിയാണ് തീ അണച്ചത്. ഇതോടെയാണ് തീയും പുകയും സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. കൂത്തുപറമ്പ് ഫയർസ്റ്റേഷൻ ഓഫീസർ പി.ഷാനിത്ത്,സീനിയർ ഫയർസ്റ്റേഷൻ ഓഫിസർ സിബി ഫിലിപ്പ്, ഫയർ ഓഫീസർ ടി.സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

പഞ്ചായത്തിന്റെ മറ്റുവാർഡുകളിൽ ഇതേരീതിയിൽ ശേഖരിച്ച മാലിന്യങ്ങൾ കയറ്റി അയച്ചു തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വിജേഷ് മാറോളി, കെ.ഷിവ്യ എന്നിവർ സ്ഥലം സന്ദർശിച്ചു. കുടംുബശ്രീയും ഹരിതകർമ്മസേനയും സംയുക്തമായി ശേഖരിച്ച പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ളിങ് യൂനിറ്റുകളിലേക്ക് കേരളത്തിന് പുറത്തേക്ക് കയറ്റിവിടുകയാണ് പതിവ്. മാസത്തിൽ ഒരുതവണയാണ് ലോഡിങിനായി എത്തുന്നത്. ഇങ്ങനെ ശേഖരിച്ച പ്ളാസ്റ്റിക്ക് മാലിന്യങ്ങൾക്ക് തീയിട്ടത് പ്രദേശത്ത് വിഷപുക പരത്തിയിട്ടുണ്ട്. എന്നാൽ ജനസാന്ദ്രതകുറഞ്ഞ വിജനമായ പ്രദേശമായതിനാലാണ് കൂടുതൽ പ്രശ്നങ്ങളുണ്ടാകാത്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കണ്ണൂരിൽ മാലിന്യനിയന്ത്രണവും നീക്കവും കൃത്യമായി നടക്കുന്ന ഗ്രാമപഞ്ചായത്തുകളിലൊന്നാണ് സി.പി. എം ഭരിക്കുന്ന മാങ്ങാട്ടിടം. ഇവിടെ തീപിടിത്തമുണ്ടായത് ജനങ്ങളിലും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP