Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാലരപതിറ്റാണ്ടിനു ശേഷം ചിറക്കൽ ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് ഒരുങ്ങി, കോലത്തിരിയുടെ മണ്ണിൽ മഹോത്സവത്തിനെത്തുന്നത് നാലുലക്ഷത്തിലേറെപ്പേർ

നാലരപതിറ്റാണ്ടിനു ശേഷം ചിറക്കൽ ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് ഒരുങ്ങി, കോലത്തിരിയുടെ മണ്ണിൽ മഹോത്സവത്തിനെത്തുന്നത് നാലുലക്ഷത്തിലേറെപ്പേർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിന്റെ ചരിത്രത്തിനൊപ്പം നടക്കുകയും ദേശപെരുമ അടയാളപ്പെടുത്തുകയും ചെയ്ത ചിറക്കൽ കോവിലകത്തിലെ അനന്തരാവകാശികളുടെ നേതൃത്വത്തിൽ നടത്തുന്ന പെരുങ്കളിയാട്ടത്തിനായി നാടൊരുങ്ങി. കോലത്തിരിയുടെ മണ്ണിൽ മൂപ്പതൈവർ കളിയാടി അനുഗ്രഹിക്കുന്ന പെരുങ്കളിയാട്ടത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കവേ ഭക്ത്യാദരങ്ങളോടെ വരവേൽക്കാനൊരുങ്ങുകയാണ് വടക്കെ മലബാറിലെ ജനങ്ങൾ.

വളപട്ടണം പുഴയ്ക്ക് തെക്ക് പെരുങ്കളിയാട്ടങ്ങൾ അപൂർവ്വമാണ്. 1977-ൽ മുൻപ് ചിറക്കൽ ചാമുണ്ഡി കോട്ടത്ത് നടന്ന പെരുങ്കളിയാട്ടമാണ് പഴമക്കാരുടെ ഓർമയിലുള്ളത്. നാലരപതിറ്റാണ്ടിനു ശേഷം വീണ്ടും ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. ഏപ്രിൽ അഞ്ചു മുതൽ ഒൻപതുവരെയാണ് കളിയാട്ടചടങ്ങുകൾ.

ദിവസവും തോറ്റം പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പുലർച്ചെ മുതൽ ഇടവേളകളില്ലാതെ തെയ്യക്കോലങ്ങൾ നാടിനെ അനുഗ്രഹിക്കാനെത്തും. കളരിവാതുക്കൽ ഭഗവതി, മാടായിക്കാവിൽ ഭഗവതി, പുലിച്ചാമുണ്ഡി, തീചാമുണ്ഡി, തായ്പരദേവത, തുടങ്ങി തെയ്യമൂർത്തികളാണ് ചിറക്കൽ ചിറയ്ക്കു സമീപത്തെ ചാമുണ്ഡി കോട്ടത്തിന്റെ അങ്കണത്തിൽ കളിയാടി തിമിർക്കുക. നാൽപതോളം തെയ്യങ്ങളാണ് നിറഞ്ഞോടുക. പെരുങ്കളിയാട്ടത്തിനോടനുബന്ധിച്ചു പള്ളിയറ സങ്കൽപ്പത്തിൽ തെയ്യങ്ങൾക്കായുള്ള പത്തുപതികളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ശ്രീകോവിലിലേക്കുള്ള സോപാനപടിയിൽ പിച്ചള സ്ഥാപിക്കുന്ന പ്രവൃത്തികളും പൂർത്തിയായി. ഓരോപതിയിലേക്കും പെരുന്തച്ഛൻ പ്ളാവിൽ പീഠങ്ങൾ എത്തിച്ചുകഴിഞ്ഞു. പ്രതിദിനം അരലക്ഷം പേർ പേർക്ക് അന്നമൂട്ടാനുള്ള ഭക്ഷണ ശാല ചാമുണ്ഡികോട്ടത്തിന്സമീപമുള്ള വയലിലാണ് ഒരുക്കിയിട്ടുള്ളത്.

പെരുംകൊല്ലൻ തിരുവായുധങ്ങളും നിർമ്മിച്ചു കോട്ടത്ത് എത്തിച്ചുകഴിഞ്ഞു. പത്തുകുഴിയടുപ്പുകളിലാണ് പ്രസാദസദ്യയുടെ പാചകം, സാംസ്‌കാരിക പരിപാടികൾക്കായി കോട്ടത്തിനു മുൻവശത്തെ നെയൽവയൽ നിരപ്പാക്കിയാണ് വേദികെട്ടിയത്. ഹരിതപെരുമാറ്റചട്ടം പാലിച്ചാണ് പെരുങ്കളിയാട്ടം നടത്തുകയെന്നും നാലരലക്ഷം പേരെങ്കിലും മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി എത്തുമെന്നു പ്രതീക്ഷിക്കുന്നതായും ആഘോഷകമ്മിറ്റി കൺവീനർ സുരേഷ് വർമ്മ പറഞ്ഞു.

പെരുങ്കളിയാട്ടത്തിൽ പങ്കെടുക്കുന്നതിനായി വിദേശികൾ ഉൾപ്പെടെയുള്ളവർ എത്തിക്കഴിഞ്ഞിട്ടുണ്ട്. കളരിവാതുക്കൽ ഭഗവതിയും മാടായിക്കാവിലമ്മയും തായ്പരദേവതയും ഉൾപ്പെടെയുള്ള അമ്മദൈവങ്ങളും പുലിച്ചാമുണ്ഡിയും തീച്ചാമുണ്ഡിയും അനുഗ്രഹം ചൊരിയും. രണ്ടുദിവസങ്ങളിലായി രണ്ട് തീച്ചാമുണ്ഡി (ഒറ്റക്കോലം) കെട്ടിയാടുന്നുണ്ട്.

തായ്പരദേവതആ തിരുവർകാട്ട് ഭഗവതി, ചുഴലി ഭഗവതി, സോമേശ്വരി, പാടിക്കുറ്റിയമ്മ, പുതിയ ഭഗവതി, ക്ഷേത്രപാലകൻ, വൈരജാതൻ, വേട്ടക്കൊരുമകൻ, ഊർപ്പഴശി, ഇളം കരുമകനും പുതുവാടിയും തെക്കൻ കരിയാത്തൻ, തോട്ടുങ്കര ഭഗവതി, കരിങ്കുട്ടി ചാത്തൻ, ഭൈരവൻ, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, പാടാർകുളങ്ങരവീരൻ, കരുവാൾ, ഉച്ചിട്ട, വീരകാളി, യക്ഷി, വയനാട്ടുകുലവൻ, കണ്ഠാകർണൻ, എടലാപുരത്ത് ഭഗവതി, പൂക്കുട്ടിച്ചാത്തൻ, പൊന്നിത്തറ വീരൻ, പുലിചാമുണ്ഡി, വീരചാമുണ്ഡി എന്നീ മൂർത്തികൾക്കാണ് മൂപ്പത്തൈവരിൽ തെയ്യക്കോലമുള്ളത്.ബന്ത്രുക്കോലപ്പൻ, വയത്തൂർ കാലിയാശ്വീരൻ, കീഴൂർ ശാസ്താവ്, ബമ്മുരിക്കാനും കരിമൂക്കനും ശ്രീകുരുംബ മഹാഗണപതി എന്നീ മൂർത്തികൾക്ക് കെട്ടിക്കോലമില്ലാത്തതിനാൽ പത്മമിട്ട് പൂജയാണുണ്ടാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP