Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൽ കെ ജി വിദ്യാർത്ഥിനിയുടെ കാലിൽ തിളച്ച വെള്ളം വീണിട്ടും ഒരു വാക്കുപറഞ്ഞില്ല; സ്‌കൂൾ ആയയുടെ അശ്രദ്ധ മൂലം പൊള്ളലേറ്റിട്ടും കുട്ടി വീണ് പരിക്കേറ്റിട്ടും ഒന്നും മിണ്ടിയില്ല; ന്യായം, രാജ്യാന്തര നിലവാരമുള്ള സ്‌കൂളിന് നാണക്കേട് ഉണ്ടാകുമെന്ന്; ഓച്ചിറ ഗവ.എൽ.പി സ്‌കൂൾ അധികൃതരുടേത് തോന്ന്യാസം

എൽ കെ ജി വിദ്യാർത്ഥിനിയുടെ കാലിൽ തിളച്ച വെള്ളം വീണിട്ടും ഒരു വാക്കുപറഞ്ഞില്ല; സ്‌കൂൾ ആയയുടെ അശ്രദ്ധ മൂലം പൊള്ളലേറ്റിട്ടും കുട്ടി വീണ് പരിക്കേറ്റിട്ടും ഒന്നും മിണ്ടിയില്ല; ന്യായം, രാജ്യാന്തര നിലവാരമുള്ള സ്‌കൂളിന് നാണക്കേട് ഉണ്ടാകുമെന്ന്; ഓച്ചിറ  ഗവ.എൽ.പി സ്‌കൂൾ അധികൃതരുടേത് തോന്ന്യാസം

ആർ പീയൂഷ്

കൊല്ലം: രാജ്യാന്തര നിലവാരമുള്ള സർക്കാർ പ്രീപ്രൈമറി സ്‌കൂളിൽ അധികൃതരുടെ അശ്രദ്ധമൂലം വിദ്യാർത്ഥിനിയുടെ കാലിൽ തിളച്ച വെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ സംഭവം രാഷ്ട്രീയ ഇടപെടലിൽ ഒതുക്കി തീർക്കാൻ ശ്രമം. ഓച്ചിറ വലിയകുളങ്ങര ഗവ. ഹൈടെക് എൽ.പി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയും എം.ജയകാന്തിന്റെ മകളുമായ ജയത്രയ്ക്കാണ് തിളച്ച വെള്ളം കാലിൽ വീണ് പൊള്ളലേറ്റത്.

സ്‌കൂൾ അധികൃതർ സംഭവം ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. സിപിഎം നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണ് വിഷയം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

കഴിഞ്ഞ 16 നാണ് ജയത്രയുടെ കാലിൽ തിളച്ച വെള്ളം വീഴുന്നത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകാതെ സ്‌കൂൾ അധികൃതർ പിതാവിനെ വിളിച്ചു വരുത്തി. കാലിൽ ചൂടു വെള്ളം വീണതാണെന്നും കുഴപ്പമില്ലാ എന്നുമാണ് അവർ പറഞ്ഞത്. എന്നാൽ കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ മൂലം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. പരിശോധനയിൽ കാലിന് ഗുരുതരമായി പരിക്കേറ്റു എന്ന് മനസ്സിലായി.

തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. പിന്നീട് ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിക്ക് കലശലായ വയറുവേദന അനുഭവപ്പെടുന്നത്. ഇതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ സ്‌കാനിങിന് വിധേയമാക്കി. സ്‌കാനിങ്ങിൽ കുട്ടിയുടെ വയറ്റിൽ ക്ഷതമേറ്റിട്ടുണ്ടെന്നും കരളിന്റെ ഭാഗത്ത് നീരു കെട്ടി ഇൻഫെക്ഷൻ ആയിട്ടുണ്ടെന്നും കണ്ടെത്തി. ഇതോടെ വീണ്ടും ചികിത്സ തുടർന്നു. ചൂടുവെള്ളം കാലിൽ വീണപ്പോൾ കുട്ടിക്ക് വീണ് പരിക്കേറ്റതായിരുന്നു. എന്നാൽ സ്‌കൂൾ അധികൃതർ ഇക്കാര്യം അറിയിച്ചിരുന്നില്ല.

കുട്ടിയുടെ കാലിൽ എങ്ങനെയാണ് ചൂടുവെള്ളം വീണതെന്ന ചോദ്യത്തിന് സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ ഉത്തരം ലഭിച്ചില്ല. പിതാവിന്റെ അന്വേഷണത്തിൽ സ്‌കൂൾ ആയയുടെ ഭാഗത്ത് നിന്നുമുള്ള അശ്രദ്ധമൂലമാണ് പൊള്ളലേറ്റതും വീണ് ക്ഷതമേറ്റതെന്നും മനസ്സിലായി. ഇക്കാര്യം ചോദിച്ചപ്പോഴും സ്‌കൂൾ അധികൃതർ പ്രതികരിച്ചില്ല.

ഇതോടെ ജയകാന്ത് വിദ്യാഭ്യാസ മന്ത്രിക്കും ചൈൽഡ് ലൈനും പരാതി നൽകുകയായിരുന്നു. എന്നാൽ ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും പരാതിയിൽ യാതൊരു നടപടിയും ഉണ്ടായില്ല. പകരം പരാതി പിൻവലിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ സ്‌കൂളിന് നാണക്കേടുണ്ടാകും എന്നാണ് ഇവർ പറയുന്ന ന്യായം. ജനുവരിയിലാണ് സമഗ്രശിക്ഷ കേരള സ്റ്റാർസ് ഫണ്ട് ഉപയോഗിച്ചു നവീകരിച്ച ഇന്റർനാഷണൽ മോഡൽ പ്രീ സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP