Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടനിൽ അനന്തവരാഹൻ ലേലത്തിൽവച്ചത് മദ്രാസ് പ്രസിഡൻസിയുടെ നാണയമെന്ന ധാരണയിൽ; പൊന്നുംവില നൽകി തിരുവിതാംകൂറിന്റെ നാണയം തിരികെയെത്തിച്ച് ഗവേഷകൻ

ലണ്ടനിൽ അനന്തവരാഹൻ ലേലത്തിൽവച്ചത് മദ്രാസ് പ്രസിഡൻസിയുടെ നാണയമെന്ന ധാരണയിൽ; പൊന്നുംവില നൽകി തിരുവിതാംകൂറിന്റെ നാണയം തിരികെയെത്തിച്ച് ഗവേഷകൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവിതാംകൂർ രാജാക്കന്മാരുടെ സ്വർണ്ണ നാണയങ്ങളിൽ ഒന്നായ അനന്തവരാഹൻ പൊന്നുംവില നൽകി വീണ്ടെടുത്ത് നാണയഗവേഷകൻ. ലണ്ടനിലെ നൂനാൻസ് എന്ന ലേലകേന്ദ്രത്തിൽനിന്നുമാണ് ഏകദേശം രണ്ടു ലക്ഷത്തിലേറെ രൂപ മുടക്കി നാണയം തിരികെയെത്തിച്ചതെന്നു നാണയഗവേഷകനായ ജീ ഫ്രാൻസിസ് തേറാട്ടിൽ പറയുന്നു.

36 വർഷമായി നാണയശാസ്ത്ര പഠനമേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ജീ ഫ്രാൻസിസ്. തന്റെ ഗവേഷണത്തിന്റെ ഭാഗമായി കായംകുളം കാശ്, തൃപ്പാപ്പൂർ നാണയങ്ങൾ എന്നിവ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. നാണയ ശാസ്ത്രത്തോടനുബന്ധിച്ച് പുരാലിഖിത ശാസ്ത്രത്തിലും അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്.

1758-1798 കാലഘട്ടത്തിൽ കാർത്തിക തിരുനാൾ രാമവർമയുടെ കാലത്ത് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന നാണയമാണ് അനന്തവരാഹൻ എന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. കൊല്ലവർഷം 968-ലെ മതിലകം രേഖകളിൽ ഇതിനെക്കുറിച്ച് പരാമർശമുള്ളതായാണ് വിവരം. 3.44 ഗ്രാം തൂക്കമുള്ള സ്വർണനാണയത്തിന്റെ ഒരുവശത്ത് കൈകളിൽ ശംഖും ചക്രവുമേന്തിയ വിഷ്ണുവും മറുവശത്ത് ചെറിയ തരികളുമാണ്.

മദ്രാസ് പ്രസിഡൻസിയുടെ നാണയമെന്ന ധാരണയിൽ പുഡസ്റ്റർ എന്ന വ്യക്തിയാണ് നാണയശേഖരം ലേലത്തിൽ വച്ചത്. 1883ലെ ജേണൽ ഓഫ് ഏഷ്യാട്ടിക് സൊസൈറ്റി ഓഫ് ബംഗാൾ എന്ന പുസ്തകത്തിലെ രേഖാചിത്രം ശ്രദ്ധയിൽപ്പെട്ട, നാണയഗവേഷകയായ ബാർബറ മിയേഴ്സിന്റെ പഠനം അനന്തവരാഹൻ നാണയത്തെ തിരിച്ചറിയാൻ സഹായിച്ചുവെന്നും ഓൺലൈനായി ലേലത്തിൽ പങ്കെടുക്കുമ്പോഴാണ് അനന്തവരാഹൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നതും വീണ്ടെടുക്കുന്നതുമെന്നും ജീ ഫ്രാൻസിസ് തേറാട്ടിൽ പറഞ്ഞു.

ഹൈദരാബാദ് സാലാർ ജങ് മ്യൂസിയത്തിൽ നടന്ന ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനം, വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ നടന്ന എപ്പിഗ്രഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനം എന്നിവിടങ്ങളിൽ പുരാതന ലിഖിതങ്ങളെക്കുറിച്ചും പുരാതന നാണയങ്ങളെക്കുറിച്ചും അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു.

തിരുവിതാംകൂർ നാണയങ്ങൾ, തൃപ്പാപ്പൂർ നാണയം, ഇന്ത്യയിലെ വിവിധ നാണയങ്ങൾ എന്നിവയുടെ ഒരു വലിയശേഖരംതന്നെ ജീ ഫ്രാൻസിസിന്റെ കൈവശമുണ്ട്. കേരള സർവകലാശാല, കനകക്കുന്ന്, കവടിയാർ കൊട്ടാരം എന്നിവിടങ്ങളിൽ നാണയങ്ങളുടെ പ്രദർശനവും മുൻപ് നടത്തിയിരുന്നു. കോവിഡിനു മുൻപ് വിദേശത്തെ ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയതിനു ശേഷം ശാസ്തമംഗലത്തെ പണിക്കേഴ്സ്‌ െലയ്നിലെ വസതിയിൽ നാണയഗവേഷണ പ്രവർത്തനങ്ങളിലാണ് അദ്ദേഹം.

ഇന്ത്യ സ്വതന്ത്രയാകുമ്പോൾ തിരുവിതാംകൂറിന് മാത്രമേ സ്വന്തമായി നാണയമടിക്കാൻ അവകാശമുണ്ടായിരുന്നുള്ളൂ.അരരൂപയിൽ താഴെയുള്ള നാണയങ്ങൾ നിർമ്മിക്കാൻ മാത്രമേ ബ്രിട്ടീഷുകാരുടെ അനുവാദമുണ്ടായിരുന്നുള്ളൂ. കാശിന്റെ വിനിമയം എന്നേ പൊയ്പോയെങ്കിലും മലയാള ഭാഷയിൽ പണത്തിനു കാശ് എന്ന പ്രയോഗമാണ് മുന്നിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP