Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാക്ഷികളുടെ കൂറുമാറ്റം വിചാരണക്കാലത്ത് വെല്ലുവിളിയായി; സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കി പ്രോസിക്യൂഷന്റെ പ്രതിരോധം; അഞ്ച് വർഷത്തോളം നീണ്ട വാദം; ഒടുവിൽ അട്ടപ്പാടി മധു വധക്കേസിൽ വിധി പ്രഖ്യാപിക്കാൻ കോടതി; വിധി ഏപ്രിൽ 4ന്; പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിൽ മധുവിന്റെ കുടുംബം

സാക്ഷികളുടെ കൂറുമാറ്റം വിചാരണക്കാലത്ത് വെല്ലുവിളിയായി; സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കി പ്രോസിക്യൂഷന്റെ പ്രതിരോധം;  അഞ്ച് വർഷത്തോളം നീണ്ട വാദം; ഒടുവിൽ അട്ടപ്പാടി മധു വധക്കേസിൽ വിധി പ്രഖ്യാപിക്കാൻ കോടതി;  വിധി ഏപ്രിൽ 4ന്; പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിൽ മധുവിന്റെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

മണ്ണാർക്കാട്: പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിധി പ്രഖ്യാപനം ഏപ്രിൽ നാലിന്. പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം. മണ്ണാർക്കാട് പട്ടികജാതി, പട്ടിക വർഗ കോടതിയാണ് വിധി പറയുക. അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച് 2018 ഫെബ്രുവരി 22ന് മുക്കാലിയിൽ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് അവശനാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

മധു കൊല്ലപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കേസിന്റെ വാദം പൂർത്തിയായത്. വിചാരണ തുടങ്ങിയതു മുതൽ പ്രോസിക്യൂഷൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു സാക്ഷികളുടെ കൂറുമാറ്റം. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാൻ പ്രോസിക്യൂഷന് കഴിഞ്ഞു.

മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള പതിനാറ് പേരാണ് കേസിലെ പ്രതികൾ. 129 പേരിൽ 100 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ 24പേർ കൂറുമാറി. അനുകൂലമായി 77 പേർ മൊഴി നൽകി. 10 മുതൽ 17 വരെ സാക്ഷികൾ മജിസ്‌ട്രേട്ടിനു മുൻപിൽ രഹസ്യമൊഴി നൽകിയവരാണ്. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതി ജഡ്ജി കെ.എം.രതീഷ് കുമാറാണ് ഹൈക്കോടതി മേൽനോട്ടത്തിൽ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കിയത്.

2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇൻക്വസ്റ്റ് സാക്ഷി വെള്ളങ്കരിയെ വിസ്തരിച്ചാണ് തുടക്കം. അഡ്വ. രാജേഷ് എം. മേനോനെ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു. ആസൂത്രിതമായി കൂറുമാറ്റം നടന്നെന്ന് കണ്ടെത്തിയതോടെ വിചാരണക്കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒരാളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. 2022 ഒക്ടോബർ 20ന് പ്രതികൾക്ക് ജാമ്യം നൽകി.

അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികൾ കാട്ടിൽ കയറി മധുവിനെ പിടിച്ചു കെട്ടി കൊണ്ടു വന്ന് മർദ്ദിക്കുകയായിരുന്നു .ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ ശരീരത്തിലുണ്ടായിരുന്നത് 45ലേറെ മുറിവുകളാണ്. തലയ്‌ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു .

മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോൾ ഒന്നാം പ്രതിയായ ഹുസൈൻ മധുവിന്റെ നെഞ്ചിലേക്ക് ചവിട്ടി. മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീണുവെന്ന് പൊലീസ് പറയുന്നു.

മധു അജുമുടി കാട്ടിൽ ഉണ്ടെന്ന വിവരം 19-ാം സാക്ഷി കക്കി മൂപ്പനിൽ നിന്ന് അറിഞ്ഞ് മറ്റ് പ്രതികൾക്കൊപ്പം രണ്ടാം പ്രതി മരയ്ക്കാർ വണ്ടിക്കടവിലെത്തി. അവിടെ നിന്ന് റിസവർ വനത്തിൽ അതിക്രമിച്ചു കയറി. മധുവിനെ പിടികൂടി.

മധുവിനെ പിടിക്കാൻ കാട്ടിൽ കയറിയ പ്രതികളിൽ ഒരാളാണ് മൂന്നാം പ്രതി ഷംസുദ്ദീൻ. ബാഗിന്റെ സിബ് കീറി മധുവിന്റെ കൈകെട്ടി. വടികൊണ്ട് പുറത്ത് അടിക്കുകയും മധുവിന്റെ രണ്ടാമത്തെ വാരിയെല്ല് പൊട്ടുകയും ചെയ്തു. മധു രക്ഷപ്പെടാതിനരികാകൻ കയ്യിൽ കെട്ടിയ സിബിൽ പിടിച്ച് നടത്തിച്ചതും ഷംസുദീനാണ്

മുക്കാലിയിൽ ആൾക്കൂട്ടം തടഞ്ഞ് വച്ച മധുവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചത് നാലാം പ്രതി അനീഷായിരുന്നു. അഞ്ചാം പ്രതി രാധാകൃഷ്ണനാണ് കാട്ടിൽ കയറി പിടികൂടിയ മധുവിന്റെ ഉടുമുണ്ട് അഴിച്ച് ദേഹമടക്കം കൈകൾ കൂട്ടിക്കെട്ടുകയും പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങൾ പകർത്തുകയത്

ആറാം പ്രതി അബൂബക്കറും ഏഴാം പ്രതി സിദ്ദീഖും കാട്ടിൽ കയറി പിടിച്ചു കൊണ്ടുവരുന്ന വഴി മധുവിന്റെ പുറത്ത് ഇടിക്കുകയും കയ്യിൽ പിടിച്ച് നടത്തിക്കുകയും ചെയ്തു.

എട്ടാം പ്രതി ഉബൈദ് മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി. മധുവിനെ പിടികൂടി. മുക്കാലിയിലെയും കാട്ടിൽ നിന്ന് കൊണ്ടു വരുന്ന ദൃശ്യങ്ങളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

മധുവിനെ കാട്ടിൽ കയറി പിടിക്കാൻ ഒമ്പതാം പ്രതി നജീബിന്റെ ജീപ്പിലാണ് പ്രതികൾ പോയത്. മധുവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മധുവിനെ കാട്ടിൽ കയറിയ പിടിച്ച ശേഷം അരി ഉൾപ്പെടെയുള്ള സാധനങ്ങൾ അടങ്ങുന്ന ചാക്ക് കെട്ട് മധുവിന്റെ തോളിൽ വച്ചു കൊടുത്തു. നടത്തികൊണ്ടു വരുന്ന വഴി പത്താം പ്രതി ജൈജുമോൻ ദേഹോപദ്രവമേൽപ്പിച്ചു.

പതിനൊന്നാം പ്രതി അബ്ദുൾ കരീം മുക്കാലിയിലെത്തിച്ച മധുവിനെ കള്ളാ എന്ന് വിളിച്ച് അവഹേളിച്ചു പന്ത്രണ്ടാം പ്രതി സജീവും , പതിമൂന്നാം പ്രതി സതീഷും മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി. മധുവിന്റെ ഉടുമുണ്ട് അഴിച്ച് കൈകൾ കെട്ടാൻ സഹായിച്ചു. ദേഹോപദ്രവം ഏൽപ്പിച്ചു.

പതിനാലാം പ്രതി ഹരീഷ് മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിനെ കൈകൊണ്ട് പുറത്ത് ഇടിക്കുകയും ദൃശ്യങ്ങൾ പകർത്തതുകയും ചെയ്തു.

പതിനഞ്ചാം പ്രതി ബിജു മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിന്റെ കൈകൾ കെട്ടിയ സിബ്ബിൽ പിടിച്ച് നടത്തിച്ചു. മുക്കാലിയിലെത്തിച്ചപ്പോൾ മധുവിന്റെ കയ്യിൽ പിടിച്ച് മുതുകിൽ ഇടിച്ചു. പതിനാറാം പ്രതി മുനീർ മുക്കാലിയിൽ എത്തിച്ച മധുവിനെ കാൽമുട്ട് കൊണ്ട് ഇടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP