Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകപ്രശസ്തമായ ലെഫ്റ്റ് വിങ് പത്രമായ ഗാർഡിയന്റെ സ്ഥാപകൻ അടിമക്കച്ചവടം നടത്തിയെന്ന് കണ്ടെത്തി ഗവേഷകർ; കറുത്തവരെ ജോലിക്കെടുത്തും 100 കോടി നഷ്ടപരിഹാരം നൽകിയും പാപക്കറ മായ്ക്കാൻ ഗാർഡിയൻ ഉടമകൾ

ലോകപ്രശസ്തമായ ലെഫ്റ്റ് വിങ് പത്രമായ ഗാർഡിയന്റെ സ്ഥാപകൻ അടിമക്കച്ചവടം നടത്തിയെന്ന് കണ്ടെത്തി ഗവേഷകർ; കറുത്തവരെ ജോലിക്കെടുത്തും 100 കോടി നഷ്ടപരിഹാരം നൽകിയും പാപക്കറ മായ്ക്കാൻ ഗാർഡിയൻ ഉടമകൾ

മറുനാടൻ മലയാളി ബ്യൂറോ

ലോകപ്രശസ്ത വാർത്താ മാധ്യമമായ ഗാർഡിയൻ ഉടമകൾ സ്വീകരിച്ച നിർണായകമായ ഒരു നടപടിയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് പത്രത്തിന്റെ തുടക്കക്കാലത്ത് സ്ഥാപന ഉടമകൾ അടിമക്കച്ചവടം നടത്തിയെന്ന് ഗവേഷകർ കണ്ടെത്തിയതോടെ അതിനു മാപ്പു പറഞ്ഞു രംഗത്തു വന്നിരിക്കുകയാണ് പത്ര ഉടമകൾ. മാത്രമല്ല, അന്ന് അടിമകളാക്കിയവർക്ക് നൽകാൻ കഴിയാതിരുന്ന നീതിയും അവകാശവും ഇന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി 10 മില്യൺ പൗണ്ട് നഷ്ടപരിഹാരമായി നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.

ദ ഗാർഡിയന്റെ 19-ാം നൂറ്റാണ്ടിലെ സ്ഥാപകരുമായി ബന്ധമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പിൻഗാമികൾക്കാണ് ഈ തുക സമർപ്പിക്കുന്നതെന്ന് പത്രത്തിന്റെ ഉടമ ദി സ്‌കോട്ട് ട്രസ്റ്റ് പറഞ്ഞു. കോട്ടൺ വ്യവസായിയായിരുന്ന ജോൺ എഡ്വേഡ് ടെയ്ലർ 1821ലാണ് ഗാർഡിയൻ പത്രം സ്ഥാപിച്ചത്. മാഞ്ചസ്റ്റർ ഗാർഡിയൻ എന്നായിരുന്നു പത്രത്തിന്റെ ആദ്യ പേര്.

14ാം വയസ്സിൽ ഒരു കോട്ടൺ നിർമ്മാതാവിന്റെ അടുത്ത് പരിശീലനത്തിന് എത്തിയ ടെയ്ലർ ഏഴ് വർഷത്തിന് ശേഷം ആ ബിസിനസിൽ പങ്കാളിയായി ഉയരുകയായിരുന്നു. മാഞ്ചസ്റ്റർ ഗസറ്റ് ഉൾപ്പെടെയുള്ള പത്രങ്ങൾക്കും ജേണലുകൾക്കും രാഷ്ട്രീയ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയ അദ്ദേഹം 1819-ൽ നഗരത്തിൽ നടന്ന പീറ്റർലൂ കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിച്ച ശേഷം സ്വന്തമായി ഒരു പത്രം സ്ഥാപിക്കാൻ തീരുമാനിച്ചു.

60,000 പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സൈനികർ നടത്തിയ ശ്രമത്തിന്റെ ഭാഗമായി 15 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് ടെയ്ലറെ സമൂലമായി ബാധിച്ചു. മാത്രമല്ല, ഒരു ദേശീയ പത്രത്തിൽ നിന്നുള്ള ഏക റിപ്പോർട്ടറായിരുന്ന ടൈംസിലെ ജോൺ ത്യാസിന്റെ അറസ്റ്റും ജയിൽ വാസവും കൂട്ടക്കൊലയെ കുറിച്ചുള്ള വാർത്തകൾ അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണെന്ന് ടെയ്ലർ കണ്ടെത്തുകയും ചെയ്തു.

തുടർന്നാണ് സ്വന്തമായി ഒരു പത്രം തുടങ്ങുവാൻ അദ്ദേഹം തീരുമാനിച്ചത്. അതിനായി 1050 പൗണ്ട് ചെലവുള്ള പത്രമിറക്കുന്നതിനായി മാഞ്ചസ്റ്ററിലെ ലിബറൽ ചിന്താഗതിക്കാരായ 11 കോട്ടൺ വ്യാപാരികളെ ബന്ധപ്പെടുകയും പത്രത്തിന്റെ ആദ്യ പതിപ്പ് 1821 മെയ് അഞ്ചിന് പുറത്തിറക്കുകയും ചെയ്തു. നാല് പേജുള്ള ഈ പ്രതിവാര പത്രത്തിന് ഏഴ് പഴയ പെൻസ് ആയിരുന്നു വില. അടിമത്തവും ടെയ്‌ലറും പുതിയ പത്രത്തിന് ധനസഹായം നൽകിയ മാഞ്ചസ്റ്ററിലെ മറ്റ് ബിസിനസുകാരും തമ്മിലുള്ള ബന്ധത്തെകുറിച്ച് സ്വതന്ത്രമായി അന്വേഷണം നടത്തി ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് സ്‌കോട്ട് ട്രസ്റ്റ് പുതിയ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്‌കോട്ട് ട്രസ്റ്റ് ലെഗസീസ് ഓഫ് എൻസ്ലേവ്മെന്റ് റിപ്പോർട്ടിൽ ടെയ്‌ലറിനും അദ്ദേഹത്തിന്റെ 11 പിന്തുണക്കാരിൽ കുറഞ്ഞത് ഒമ്പത് പേർക്കും അടിമത്തവുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്നാണ് 'മനുഷ്യത്വത്തിനെതിരായ ഈ കുറ്റകൃത്യത്തിൽ ഗാർഡിയനും അതിന്റെ സ്ഥാപകരും ഭാഗഭാക്കായതിന്റെ പേരിൽ പത്രത്തിന്റെ ഉടമ ക്ഷമാപണം നടത്തിയത്. ഭീമമായ തുക നഷ്ടപരിഹാരമായി നൽകുമെന്ന് പ്രഖ്യാപിച്ചതിനൊപ്പം യുകെയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി കറുത്ത വർഗക്കാരെ ജോലിക്കെടുക്കുവാനും ഗ്ലോബൽ ഫെല്ലോഷിപ്പുകൾ നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP