Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ക്രിക്കറ്റ് കിറ്റ് വാങ്ങാനുള്ള പണം കണ്ടെത്താൻ അയാൾ പാൽ പായ്ക്കറ്റുകൾ വിതരണം ചെയ്യുമായിരുന്നു; ഇപ്പോൾ നോക്കുമ്പോൾ രോഹിത്തിന്റെ വളർച്ചയിൽ ഏറെ അഭിമാനമുണ്ട്'; ഹിറ്റ്മാനെക്കുറിച്ച് വൈകാരിക വെളിപ്പെടുത്തലുമായി ഓജ

'ക്രിക്കറ്റ് കിറ്റ് വാങ്ങാനുള്ള പണം കണ്ടെത്താൻ അയാൾ പാൽ പായ്ക്കറ്റുകൾ വിതരണം ചെയ്യുമായിരുന്നു; ഇപ്പോൾ നോക്കുമ്പോൾ രോഹിത്തിന്റെ വളർച്ചയിൽ ഏറെ അഭിമാനമുണ്ട്'; ഹിറ്റ്മാനെക്കുറിച്ച് വൈകാരിക വെളിപ്പെടുത്തലുമായി ഓജ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: എക്കാലത്തെയും മികച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ സ്ഥാനം. ക്രിക്കറ്റിന്റെ വെള്ളി വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന രോഹിത് ചില കഷ്ടതകളോട് പൊരുതിയാണ് ഇന്നത്തെ നിലയിലേക്ക് എത്തിച്ചേർന്നതെന്ന് ഏറെ ആർക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ രോഹിത്തിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് വൈകാരികമായ വെളിപ്പെടുത്തൽ നടത്തുകയാണ് ഐപിഎൽ ഗവേണിങ് കൗൺസിൽ അംഗവും ഇന്ത്യയുടെ മുൻ സ്പിന്നറുമായ പ്രഗ്യാൻ ഓജ.

ക്രിക്കറ്റിലെക്ക് കടന്നുവന്ന തുടക്കകാലത്തിൽ ക്രിക്കറ്റ് കിറ്റ് വാങ്ങാൻ രോഹിത് ശർമ്മയ്ക്ക് പാൽ പാക്കറ്റുകളുടെ വിൽപ്പന നടത്തേണ്ടിവന്നിരുന്നുവെന്നാണ് പ്രഗ്യാൻ ഓജ ഓർത്തെടുക്കുന്നത്. എയ്ജ് ഗ്രൂപ്പ് ക്രിക്കറ്റിൽ ഒന്നിച്ച് കളിച്ച് വളർന്നവരാണ് ഓജയും രോഹിത്തും. ഇക്കാലത്ത് രോഹിത്തുമായി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ചാണ് പ്രഗ്യാൻ ഓജയുടെ തുറന്നുപറച്ചിൽ.അണ്ടർ 15 ദേശീയ ക്യാമ്പിൽ വച്ചാണ് താൻ രോഹിത്തിനെ ആദ്യമായി കണ്ടുമുട്ടിയതെന്നും പതിയെയാണ് തങ്ങളുടെ സൗഹൃദം വളർന്നതെന്നും ഓജ പറഞ്ഞു.

'അണ്ടർ-15 ദേശീയ ക്യാമ്പിൽ വച്ചാണ് ഞാൻ രോഹിത്തിനെ ആദ്യമായി കാണുന്നത്. അവൻ വളരെ സ്‌പെഷ്യലായ താരമാണെന്നാണ് എല്ലാവരും പറഞ്ഞത്. അന്ന് രോഹിത്തിനെതിരെ കളിച്ച് അവന്റെ വിക്കറ്റ് നേടാനും എനിക്ക് കഴിഞ്ഞിരുന്നു. അധികം സംസാരിക്കാത്ത ഒരു ടിപ്പിക്കൽ ബോംബെ പയ്യനായിരുന്നു രോഹിത്. പക്ഷേ കളിക്കളത്തിലെത്തുമ്പോൾ അവൻ അഗ്രസീവായിരുന്നു. വാസ്തവത്തിൽ, ഞങ്ങൾക്ക് പരസ്പരം അറിയാതിരുന്ന സമയത്ത് എന്തുകൊണ്ടാണ് അവൻ എന്നോട് ഇത്ര അഗ്രസീവാകുന്നതെന്ന് ഞാൻ വളരെ ആശ്ചര്യപ്പെട്ടിരുന്നു. എന്നാൽ പതിയെ ഞങ്ങളുടെ സൗഹൃദം വളരാൻ തുടങ്ങി' - ഒരു അഭിമുഖത്തിൽ പ്രഗ്യാൻ ഓജ പറഞ്ഞു.

'അവൻ മുംബൈയിലെ ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു, ക്രിക്കറ്റ് കിറ്റുകൾക്കായുള്ള പണം തികയാതിരുന്നത് സംബന്ധിച്ച കാര്യങ്ങൾ പറയുന്ന സമയത്ത് ഒരിക്കൽ അവൻ ഏറെ വികാരാധീനനായതായി ഞാൻ ഓർക്കുന്നു. വാസ്തവത്തിൽ, അതിനായി അവൻ പാൽ പാക്കറ്റുകളും വിതരണം ചെയ്തിരുന്നു. ഇതൊക്കെ വളരെക്കാലം മുമ്പായിരുന്നു. ഇപ്പോൾ അവനെ കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ഞങ്ങളുടെ യാത്ര എങ്ങനെ തുടങ്ങി, എവിടെ എത്തി എന്നതിൽ ഏറെ അഭിമാനമാണ്' - ഓജ കൂട്ടിച്ചേർത്തു.

2007ൽ രോഹിത് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയപ്പോൾ 2008ലാണ് പ്രഗ്യാൻ ഓജയ്ക്ക് ഇന്ത്യൻ കുപ്പായം ലഭിച്ചത്. തുടർന്ന് ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റുകൾ ഉൾപ്പടെ 24 മത്സരങ്ങൾ ഓജയും രോഹിത്തും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ പ്രഥമ പതിപ്പ് നടന്ന 2008ൽ ഡെക്കാൻ ചാർജേഴ്സിലും ഓജയും രോഹിത്തും ഒരുമിച്ച് കളിച്ചിരുന്നു. പിന്നീട് മുംബൈ ഇന്ത്യൻസിലും ഇരുവരും ഒന്നിച്ചു.

2007ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കായി നിർണായക പ്രകടനം നടത്തി തിളങ്ങിയ രോഹിത് ഏറെ പ്രയാസപ്പെട്ടാണ് ഏകദിന ടീമിൽ സ്ഥാനമുറപ്പിച്ചത്. പിന്നീടാണ് താരം ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിലേക്ക് വളർന്നത്. ഡ്രസിങ് റൂമിൽ നല്ല അന്തരീക്ഷം നിലനിർത്താൻ കഴിവുള്ള ആളാണ് രോഹിത്തെന്നും ഓജ കൂട്ടിച്ചേർത്തു.

ട്വന്റി 20യ്ക്ക് പിന്നാലെ ഏകദിന ടീമിലും ചുവടുറപ്പിക്കുകയായിരുന്നു. 50 ഓവർ ഫോർമാറ്റിൽ 30 സെഞ്ചുറികളോടെ 9825 റൺസ് ഇതിനകം നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഓപ്പണറുടെ റോളിലെത്തിയ ശേഷം വമ്പൻ സ്‌കോറുകൾ രോഹിത്തിന്റെ ബാറ്റിൽ നിന്ന് പിറക്കാൻ തുടങ്ങി. ടെസ്റ്റിൽ 3379 ഉം രാജ്യാന്തര ട്വന്റി 20യിൽ 3853 റൺസും രോഹിത്തിനുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും വലിയ ഇംപാക്ടുള്ള ഓപ്പണറായി പേരെടുക്കാൻ ഹിറ്റ്മാന് കഴിഞ്ഞു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ കൂടിയാണ് രോഹിത് ശർമ്മ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP