Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുല്ലപ്പെരിയാർ അണക്കെട്ടിന് കാര്യമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന മേൽനോട്ട സമിതിയുടെ നിഗമനത്തെ ശക്തമായി എതിർക്കാൻ കേരളം; പേരിന് ഉപകരണങ്ങൾ ഘടിപ്പിച്ച് സുരക്ഷ ഉറപ്പാക്കിയാൽ പോരെന്നും സ്വതന്ത്ര സമിതിയുടെ പരിശോധന വേണമെന്നും വാദിക്കും; മേൽനോട്ട സമിതിയുടെ നിർണായക യോഗങ്ങൾ ഇന്നും നാളെയും

മുല്ലപ്പെരിയാർ അണക്കെട്ടിന് കാര്യമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന മേൽനോട്ട സമിതിയുടെ നിഗമനത്തെ ശക്തമായി എതിർക്കാൻ കേരളം; പേരിന് ഉപകരണങ്ങൾ ഘടിപ്പിച്ച് സുരക്ഷ ഉറപ്പാക്കിയാൽ പോരെന്നും സ്വതന്ത്ര സമിതിയുടെ പരിശോധന വേണമെന്നും വാദിക്കും; മേൽനോട്ട സമിതിയുടെ നിർണായക യോഗങ്ങൾ ഇന്നും നാളെയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന കേന്ദ്ര ജല കമ്മീഷന്റെയും, സുപ്രീം കോടതി രൂപവത്കരിച്ച മേൽനോട്ട സമിതിയുടെയും നിഗമനങ്ങൾ കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. അതേസമയം, അണക്കെട്ടിൽ സ്വതന്ത്ര സമിതിയെ വെച്ച് അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, മേൽനോട്ട സമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. കേന്ദ്ര ജല കമ്മിഷൻ ചീഫ് എൻജിനീയർ വിജയ് സരണാണു സമിതി ചെയർമാൻ. കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഇറിഗേഷൻ ചീഫ് എൻജിനീയർ അലക്സ് വർഗീസ് എന്നിവരും തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. സന്ദീപ് സക്സേന, കാവേരി സെൽ ചെയർമാൻ ആർ.സുബ്രഹ്‌മണ്യം എന്നിവരുമാണു സമിതിയിലുള്ളത്.

അതേസമയം, ഇന്നും നാളെയുമായി മേൽനോട്ട സമിതി യോഗവും ചേരുന്നുണ്ട്. അണക്കെട്ടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകൾ നടത്തണമെന്ന ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രിൽ 18ലേക്ക് മാറ്റിയിരുന്നു. മേൽനോട്ട സമിതിയുടെ യോഗം നടക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കുന്നത് നീട്ടിയത്. അണക്കെട്ടിൽ സ്വതന്ത്ര സമിതിയെ വെച്ച് അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം മേൽനോട്ട സമിതി അംഗീകരിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇനി വിദഗ്ധ പരിശോധനയുടെ ആവശ്യമില്ലെന്ന നിലപാടാണ് സമിതി സ്വീകരിച്ചിരിക്കുന്നത്.

ഒരു വർഷത്തിനുള്ളിൽ സ്വതന്ത്ര വിദഗ്ധ സമിതി പരിശോധന പൂർത്തിയാക്കാൻ നിർദ്ദേശിക്കണം എന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. കേരളത്തിന്റെയും തമിഴ്‌നടിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വേണം പരിശോധന നടത്താൻ, പരിശോധന പൂർണമായും വീഡിയോയിൽ പകർത്തണം എന്നീ ആവശ്യങ്ങളാണ് കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നത്. പരിശേധനയ്ക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറിൽ കോതമംഗലം സ്വദേശി ജോ ജോസഫ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അംഗങ്ങളെ പങ്കെടുപ്പിച്ച് 2022 മെയ് ഒമ്പതിന് മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ അണക്കെട്ടിന് കാര്യമായ പ്രശ്‌നങ്ങൾ ഉള്ളതായി അംഗങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നില്ലെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്രതലത്തിൽ മികവുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ പൊതുആവശ്യം. കോതമംഗലം സ്വദേശി ജോ ജോസഫിന്റെ ഹർജിയിലും ഇക്കാര്യം ആവശ്യപ്പെടുന്നു.

സുപ്രീം കോടതി 2021ൽ നിർദ്ദേശിച്ചതു പോലെ രാജ്യാന്തരതലത്തിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള വിശദപരിശോധന ഉണ്ടായിട്ടില്ലെന്നും അതു വേണമെന്നുമാണ് പ്രധാന ഹർജിക്കാരനായ കോതമംഗലം സ്വദേശി ജോ ജോസഫ് കോടതിയിൽ നൽകിയ അപേക്ഷയിലുള്ളത്. പേരിന് സാങ്കേതിക ഉപകരണങ്ങൾ സ്ഥാപിച്ചതുകൊണ്ടായില്ലെന്നും കോടതി നിർദ്ദേശിച്ച ഇൻസ്ട്രമെന്റേഷൻ അടക്കം വിദഗ്ധ പരിശോധന വേണമെന്നും കേരളം ആവശ്യപ്പെടുന്നു. അതുകൊണ്ട് തന്നെ മേൽനോട്ട സമിതിയുടെ യോഗങ്ങൾ നിർണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP