Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റഷ്യൻ യുവതിയുടെ ശരീരത്തിൽ പലയിടത്തും മുറിവേറ്റ പാടുകൾ; ആഖിലിൽ നിന്നേറ്റ ക്രൂരപീഡനത്തിന് ശേഷം യുവതി കടുത്ത മാനസിക സമ്മർദ്ദത്തിൽ; കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തി; മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുന്ന യുവതിക്ക് ജില്ലാ ഭരണകൂടം താമസം ഒരുക്കും

റഷ്യൻ യുവതിയുടെ ശരീരത്തിൽ പലയിടത്തും മുറിവേറ്റ പാടുകൾ; ആഖിലിൽ നിന്നേറ്റ ക്രൂരപീഡനത്തിന് ശേഷം യുവതി കടുത്ത മാനസിക സമ്മർദ്ദത്തിൽ; കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തി; മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുന്ന യുവതിക്ക് ജില്ലാ ഭരണകൂടം താമസം ഒരുക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂരാച്ചുണ്ടിൽ സൈക്കോ സ്വാഭവമുള്ള ലഹരിക്കടിമയായ യുവാവിൽ നിന്നും ക്രൂരമായി ആക്രമണം നേരിടേണ്ടി വന്ന റഷ്യൻ യുവതി നാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ്ജ് ആകും. ആശുപത്രിയിൽ നിന്നും യുവതി പുറത്തിറങ്ങുമ്പോൾ ജില്ലാ ഭരണകൂടം താമസം ഒരുക്കാനാണ് സാധ്യത. പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് കത്തു നൽകിയിട്ടുണ്ട്.

യുവതി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളായിരുന്നു. കൂരാച്ചുണ്ടിൽ അക്രമത്തിന് ഇരയായ റഷ്യൻ യുവതിയുടെ ശരീരത്തിൽ പലയിടത്തും മുറിവേറ്റ പാടുകളുണ്ടെന്ന് വൈദ്യപരിശോധന റിപ്പോർട്ട്. അക്രമത്തിന് ശേഷം മാനസിക സമ്മർദ്ദം നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പേരാമ്പ്ര മജിസ്‌ട്ട്രേട്ട് കോടതിയാണ് രഹസ്യമൊഴി രേഖപ്പടുത്തിയത്.

നാളെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യും. അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ പൊലീസ് വനിതാ കമ്മീഷന് കൈമാറും. പ്രതിയായ ആഖിൽ ഇരുമ്പ് കമ്പികൊണ്ട് ക്രൂരമായി മർദിച്ചെന്നും ജീവൻ രക്ഷിക്കാനാണ് കെട്ടിടത്തിൽനിന്ന് ചാടിയതെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.

ഇരുമ്പ് കമ്പികൊണ്ട് കയ്യിലും കാൽമുട്ടിന് താഴെയും ക്രൂരമായി മർദിച്ചു. സഹിക്കാനാവാതെ ആഖിലിന്റെ വീടിന്റെ മുകൾനിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇത് കണ്ട നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തന്റെ പാസ്പോർട്ടും ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ആഖിൽ നശിപ്പിച്ചു' എന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. ആഖിലിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. റഷ്യൻ കോൺസലും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. ആഖിൽ ലഹരിക്കടിമയാണെന്നും തന്നെയും ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്

ആത്മഹത്യാശ്രമം നടത്തിയെന്നും വീടിന് മുകളിൽ നിന്ന് ചാടിയതാണെന്നും യുവതി സമ്മതിക്കുകയും ചെയ്തു.യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായതോടെയാണ് പൊലീസ് അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന വനിത കമ്മീഷൻ കൂരാച്ചുണ്ട് പൊലീസിനോട് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരുന്നു.

അതിനിടെ സംഭവത്തിൽ കൂരാച്ചുണ്ട് പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. റഷ്യൻ യുവതിയും കൂരാച്ചുണ്ട് സ്വദേശിയായ ആഖിലും കാളങ്ങാലിയിലുള്ള വീട്ടിൽ എത്തുന്നത് മാർച്ച് 19നാണ്. അന്നുതന്നെ വീട്ടിൽ പരാക്രമം നടത്തിയ യുവാവിനെതിരെ വീട്ടുകാരും നാട്ടുകാരും രാത്രി 11ന് കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് സ്ഥലത്ത് പോവുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു.

മാർച്ച് 20ന് പൊലീസ് ആവശ്യപ്പെട്ടപ്രകാരം ആഖിലും യുവതിയും കൂരാച്ചുണ്ട് സ്റ്റേഷനിൽ ഹാജരായി. റഷ്യൻഭാഷ മാത്രം സംസാരിക്കാൻ അറിയാവുന്ന യുവതി പറയുന്നത് പൊലീസിന് വിവർത്തനം ചെയ്തത് ആഖിലാണ്. യുവതി പറയുന്നത് തന്നെയാണോ വിവർത്തനം ചെയ്തതെന്ന് അറിയാൻ റഷ്യൻ ഭാഷ അറിയുന്നവരുടെ സേവനം തേടാൻ പൊലീസ് തയാറായില്ല. ഒടുവിൽ വീട്ടുകാരോട് കാളങ്ങാലി വീട്ടിലേക്ക് പോവരുതെന്നും പുറത്ത് വീടെടുക്കാനും ആവശ്യപ്പെട്ട് യുവാവിന്റെ കൂടെ യുവതിയെ വീട്ടിലേക്ക് പറഞ്ഞുവിടുകയാണ് പൊലീസ് ചെയ്തതെന്നും ആരോപണമുണ്ട്.

യുവാവിന്റെ പീഡനം സഹിക്കാൻ കഴിയാതെയാണ് 22ന് യുവതി വീടിന്റെ മുകളിൽനിന്ന് ചാടിയത്. ഇതറിഞ്ഞ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച യുവതിയുടെ പരിക്കുകൾ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെതിരെ കേസെടുക്കാൻ തയാറായില്ലെന്നും പറയുന്നു. കേരള വനിത കമീഷന്റെ ഇടപെടലിലൂടെയാണ് 24ന് കൂരാച്ചുണ്ട് പൊലീസ് യുവാവിനെതിരെ കേസെടുത്തതത്രെ. എന്നാൽ, ആരോപണങ്ങൾ ശരിയല്ലെന്നും ശക്തമായ അന്വേഷണം നടത്തി പ്രതിയെ വളരെ പെട്ടെന്ന് അറസ്റ്റ് ചെയ്തതായും കൂരാച്ചുണ്ട് പൊലീസ് പറഞ്ഞു.

കേസിൽ അറസ്റ്റിലായ ആഖിലിനെ (28) പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. ലഹരിക്കടിമയായ യുവാവ് യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. യുവതി ആത്മഹത്യാശ്രമം നടത്തിയതിനുശേഷം യുവാവ് വീടിനകത്ത് ഒളിച്ചു താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച കൂരാച്ചുണ്ട് സിഐ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ വീടിന്റെ വാതിൽ പൂട്ട് പൊളിച്ചാണ് ആഖിലിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് കഞ്ചാവും കണ്ടെത്തിയിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പൊലീസ് യുവതിയുടെ മൊഴിയെടുത്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP