Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; രാജ്ഘട്ടിന് മുന്നിൽ ഞായറാഴ്ച കൂട്ടസത്യാഗ്രഹം; പ്രതിപക്ഷ കക്ഷികളുടെ ഐക്യവും ലക്ഷ്യം; സംസ്ഥാനത്തും പ്രതിഷേധം കത്തുന്നു

രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; രാജ്ഘട്ടിന് മുന്നിൽ ഞായറാഴ്ച കൂട്ടസത്യാഗ്രഹം; പ്രതിപക്ഷ കക്ഷികളുടെ ഐക്യവും ലക്ഷ്യം; സംസ്ഥാനത്തും പ്രതിഷേധം കത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. ഞായർ രാവിലെ 10ന് രാജ്ഘട്ടിൽ കോൺഗ്രസ് കൂട്ടസത്യഗ്രഹം നടത്തും. പാർട്ടി അധ്യക്ഷൻ മല്ലിഗാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

വിഷയത്തിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യം തുടരുമെന്നാണ് പ്രതീക്ഷയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ജനാധിപത്യത്തെ തകർക്കുന്ന ഫാസിസ്റ്റ് നടപടി ബിജെപിയെ തിരിഞ്ഞുകൊത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേണുഗോപാൽ.

ആടിനെ പട്ടിയാക്കുന്ന നയമാണ് ബിജെപിയുടേതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. നീരവ് മോദിയും ലളിത് മോദിയും നടത്തിയ അഴിമതി ചൂണ്ടിക്കാണിച്ചാൽ അത് സമുദായത്തിന്റെ പേരിൽ ചാരാനുള്ള ശ്രമം ഇപ്രാവശ്യം വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യം തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് രാജ്യത്ത്. സംസ്ഥാനങ്ങളിലെ അഭിപ്രായവ്യത്യാസം മറന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രപതിയെ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ അനുവാദം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം മാർച്ച് 26ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെപിസിസിയുടെ നേതൃത്വത്തിൽ 27ന് തിരുവനന്തപുരത്ത് ഗാന്ധിപാർക്കിലും കോൺഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ, പ്രത്യേകം തയ്യാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിന് മുന്നിലോ 26ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സത്യാഗ്രഹം സംഘടിപ്പിക്കും. അതാത് ജില്ലകളിലെ കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎ‍ൽഎമാർ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങി ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.

പ്രതിഷേധ സമരത്തിന്റെ അടുത്ത ഘട്ടമായി 27ന് കെപിസിസിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗാന്ധി പാർക്കിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സംഘടിപ്പിച്ചിരിക്കുന്ന സത്യാഗ്രഹത്തിന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ എംപി നേതൃത്വം നൽകും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎ‍ൽഎമാർ, ഡി.സി.സി പ്രസിഡന്റുമാർ, ഡി.സി.സി ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരും പങ്കെടുക്കും.

മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ സൂറത്ത് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനം ഇറക്കിയത്. ഇതിനു പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ചും രാഹുലിനെ പിന്തുണച്ചും 18 പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.

അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളിൽ ഭയം കണ്ടതായി രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദാനി - മോദി ബന്ധം പാർലമെന്റിൽ ഉന്നയിച്ചതിന്റെ പേരിലാണ് തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. അക്രമിച്ചും അയോഗ്യനാക്കിയും നിശബ്ദനാക്കാമെന്ന് കരുതിയാൽ സർക്കാരിനു തെറ്റിപ്പോയി. മാപ്പ് ചോദിക്കാൻ താൻ സവർക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് രാഹുൽ വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താൻ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങൾ നാം ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താൻ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചുവെന്നും രാഹുൽ പറഞ്ഞു.

'പാർലമെന്റിൽ നടത്തിയ എന്റെ പ്രസംഗം ഒഴിവാക്കി, പിന്നീട് ലോക്‌സഭാ സ്പീക്കർക്ക് താൻ വിശദമായ മറുപടി എഴുതി. ചില മന്ത്രിമാർ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാൻ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവർ പറയുന്നത്. അങ്ങനെയൊന്നും ഞാൻ ചെയ്തില്ല. അതുകൊണ്ടൊന്നും ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തില്ല, പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ഞാൻ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും' രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP