Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണാടകയ്‌ക്കൊപ്പം വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് അന്തിമതീരുമാനം; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, പ്രിയങ്ക വയനാട്ടിൽ മത്സരിക്കുമോ? സൂററ്റ് കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള നീക്കത്തിനിടയിലും ആലോചനകൾ തകൃതി

കർണാടകയ്‌ക്കൊപ്പം വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് അന്തിമതീരുമാനം; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, പ്രിയങ്ക വയനാട്ടിൽ മത്സരിക്കുമോ? സൂററ്റ് കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള നീക്കത്തിനിടയിലും ആലോചനകൾ തകൃതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതോടെ, വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുമ്പ് നടക്കുമെന്ന് സൂചന. സീറ്റ് ഒഴിവ് വന്നാൽ, ആറുമാസത്തിനകമാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇന്നലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനായി പ്രഖ്യാപിച്ചതോടെ, തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.

രണ്ടു സീറ്റുകളാണ് ലോക്‌സഭയിൽ ഒഴിഞ്ഞുകിടക്കുന്നത്. ജലന്ധറും, വയനാടും. 17 ാമത് ലോക്‌സഭയുടെ കാലാവധി തീരാൻ ഒരുവർഷത്തിലേറെ സമയം ഉള്ളതുകൊണ്ട് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാവില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും മുമ്പ് സൂററ്റ് കോടതി വിധി മേൽക്കോടതി സ്‌റ്റേ ചെയ്താൽ ഉപതിരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടിയും വരാം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. ജനുവരി 11 നാണ് കൊലപാതകശ്രമത്തിന്റെ പേരിൽ അദ്ദേഹത്തെ കുറ്റക്കാരനായി കോടതി വിധിച്ചതും, രണ്ടുദിവസത്തിന് ശേഷം മുൻകാല പ്രാബല്യത്തോടെ അദ്ദേഹത്തെ അയോഗ്യനാക്കിയതും. മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ഒപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും, കേരള ഹൈക്കോടതി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്തതോടെ, കമ്മീഷന് തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കേണ്ടി വന്നു.

അതേസമയം,കർണ്ണാടകയ്‌ക്കൊപ്പം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കുകയാണ് കമ്മീഷൻ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്‌സഭ സെക്രട്ടറിയേറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വിഷയം നിയമവിദഗ്ധരുമായി ആലോചിക്കുകയാണ് കമ്മീഷൻ.

വയനാട്ടിൽ പ്രിയങ്ക വരുമോ?

സഹോദരൻ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതോടെ, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നു. രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ പുരോഗതി നോക്കിയ ശേഷമായിരിക്കും തീരുമാനമെടുക്കുക. കഴിഞ്ഞ ദിവസത്തെ കൂടിയാലോചനകളിൽ ഈ വിഷയം ചർച്ചയായില്ലെങ്കിലും, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, ശക്തനായ സ്ഥാനാർത്ഥിയെ തന്നെ നിർത്തുന്ന കാര്യം ആലോചിക്കേണ്ടി വരും.

വയനാട് കോൺഗ്രസിന്റെ മണ്ഡലമായാണ് അറിയപ്പെടുന്നത്.സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് രാഹുൽ അവിടെ മത്സരിച്ചതും. അതിനിടെ, രാഹുൽ കന്യാകുമാരിയിൽ മത്സരിക്കുമെന്നും കെ സി വേണുഗോപാൽ വയനാട്ടിൽ മത്സരിക്കും എന്നുമൊക്കെ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. രാഹുൽ അയോഗ്യനായതോടെ, കന്യാകുമാരിയിൽ മത്സരിക്കുന്ന കാര്യം അപ്രസക്തമായി.

രാഹുലിന് തുണയായി പ്രിയങ്ക

ഇന്ന് രാഹുൽ വാർത്താ സമ്മേളനം നടത്തിയപ്പോൾ പിന്തുണയുമായി പ്രിയങ്കയും എത്തിയിരുന്നു. ബിജെപി അഴിമതിക്കാരെ രക്ഷിക്കുന്നുവെന്നും ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി സത്യം പറയുന്നത് തുടരും. രാഹുലിന്റെ ശബ്ദം അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. രാജ്യത്തെ ജനങ്ങൾക്കായി ശബ്ദമുയർത്തുന്നത് തുടരും. രാഹുൽ ഭയപ്പെടില്ലെന്നും സത്യമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

നിയമവഴി തേടി കോൺഗ്രസ്

അതേസമയം, സൂററ്റ് കോടതി വിധിക്ക് എതിരെ സെഷൻസ് കോടതിയെ സമീപിക്കാനാണ് തീരുനാനം. മുതിർന്ന അഭിഭാഷകരുടെ പാനൽ ഇതിനായി രൂപീകരിക്കും. വയനാട്ടിൽ ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമ നടപടിയും ആലോചനയിലുണ്ട്. ഗുജറാത്തിലെ കേസ് നടത്തിപ്പിൽ പാളിച്ചയുണ്ടായെന്നാണ് പാർട്ടിയുടെ വില.ിരുത്തൽ.

മനു അഭിഷേക് സിങ്വി, പി ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് തുടങ്ങിയവരടെ പാനലാകും നിയമനടപടികൾക്ക് നേതൃത്വം നൽകുക. സെഷൻസ് കോടതിയിൽ ആദ്യം അപ്പീൽ നല്കും. കുറ്റക്കാരനാക്കിയ വിധിയും ശിക്ഷയും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ. കുറ്റക്കാരൻ എന്ന വിധി ഉടൻ സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന്റെഅയോഗ്യത തുടരും. വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തടസ്സമുണ്ടാകില്ല. അപ്പീലിൽ തീരുമാനം വരുന്നത് വരെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പാടില്ലെന്ന് ആവശ്യപ്പെട്ട് കോടതിയിലേക്ക് പോകാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP