Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനാണ് രാഹുലിന്റെയും കോൺഗ്രസിന്റെയും ശ്രമം; ലോക്‌സഭാംഗത്വം റദ്ദാക്കിയതിന് എതിരെ കോടതിയെ സമീപിക്കാൻ വൈകിക്കുന്നത് ഇതിന് വേണ്ടി; ഒരുസമുദായത്തെ അവഹേളിച്ച രാഹുലിന് എതിരെ രാജ്യവ്യാപക പ്രചാരണം നടത്തും; അദാനിക്ക് വേണ്ടി സംസാരിക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നും ബിജെപി

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനാണ് രാഹുലിന്റെയും കോൺഗ്രസിന്റെയും ശ്രമം; ലോക്‌സഭാംഗത്വം റദ്ദാക്കിയതിന് എതിരെ കോടതിയെ സമീപിക്കാൻ വൈകിക്കുന്നത് ഇതിന് വേണ്ടി; ഒരുസമുദായത്തെ അവഹേളിച്ച രാഹുലിന് എതിരെ രാജ്യവ്യാപക പ്രചാരണം നടത്തും; അദാനിക്ക് വേണ്ടി സംസാരിക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നും ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച വിമർശനങ്ങൾക്ക് ബിജെപി മറുപടി നൽകി. ബിജെപി നേതാവും എംപിയുമായ രവി ശങ്കർ പ്രസാദാണ് മറുപടി നൽകിയത്. 'വ്യാജ പ്രസ്താവനകൾ നടത്താനാണ് രാഹുൽ ശ്രമിച്ചത്. 2019 ലെ പ്രസംഗത്തിന്റെ പേരിൽ ശിക്ഷിപ്പെട്ടതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചതേയില്ല. ഞാൻ വിവേകത്തോടെയാണ് സംസാരിക്കാറുള്ളത് എന്നാണ് രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അതായത് രാഹുൽ, 2019 ൽ പറഞ്ഞതെല്ലാം ആലോചിച്ചായിരുന്നു എന്നാണ്, രവി ശങ്കർ പ്രസാദ് പറഞ്ഞു. രാഹുൽ തെറ്റിദ്ധരിപ്പിക്കാനാണ് വീണ്ടും ശ്രമിച്ചത്.

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രാജ്യവ്യാപക പ്രചാരണം നടത്തും. രാഹുൽ ഗാന്ധി ഒരു സമുദായത്തെ അവഹേളിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും മാപ്പു പറയാൻ തയാറായില്ല. യുപിഎ കാലത്തും അദാനി ഗ്രൂപ്പ് നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. അദാനിയെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നുണപറയുന്നതും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതും രാഹുലിന്റെ ശീലമാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ വിഷയത്തിൽ സ്റ്റേക്കുള്ള ശ്രമം കോൺഗ്രസ് വൈകിപ്പിക്കുന്നത് വിഷയം വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ്. അതു വഴി പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ അനുകൂലമാക്കാമെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും രവി ശങ്കർ പ്രസാദ് ആരോപിച്ചു.

അതേസമയം, അദാനി വിഷയത്തിലാണ് കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രാഹുൽ കടന്നാക്രമിച്ചത്.അദാനിക്കു വേണ്ടി നിയമങ്ങൾ മാറ്റിയെഴുതുകയാണെന്ന് രാഹുൽ വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താൻ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങൾ നാം ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താൻ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചുവെന്നും രാഹുൽ പറഞ്ഞു.

'പാർലമെന്റിൽ നടത്തിയ എന്റെ പസംഗം ഒഴിവാക്കി, പിന്നീട് ലോക്സഭാ സ്പീക്കർക്ക് താൻ വിശദമായ മറുപടി എഴുതി. ചില മന്ത്രിമാർ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാൻ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവർ പറയുന്നത്. അങ്ങനെയൊന്നും ഞാൻ ചെയ്തില്ല. അതുകൊണ്ടൊന്നും ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തില്ല, പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ഞാൻ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും' രാഹുൽ പറഞ്ഞു.

'അദാനിയെക്കുറിച്ച് ഒറ്റ ചോദ്യം മാത്രമാണ് ഞാൻ ഉന്നയിച്ചത്. അദാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണ്? മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണ്? തെളിവു സഹിതമാണ് ഈ ചോദ്യം പാർലമെന്റിൽ ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമുള്ളതും പഴയതുമാണ്. ഈ ബന്ധം സഭയിൽ ഉന്നയിച്ചതിനാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും എന്നെ നിശബ്ദനാക്കാമെന്നു കരുതേണ്ട.' രാഹുൽ വ്യക്തമാക്കി.

'അദാനിമോദി ബന്ധം തെളിയിക്കാൻ ഇരുവരും ഒന്നിച്ചുള്ള ചിത്രം തെളിവായി കാണിച്ചു. എന്നാൽ പ്രസംഗം സഭാരേഖകളിൽനിന്ന് നീക്കുകയാണ് ചെയ്തത്. ഇതിനെതിരെ സ്പീക്കർക്ക് പലതവണ കത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഞാൻ വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് മന്ത്രിമാർ പാർലമെന്റിൽ കള്ളം പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഇന്ത്യയിൽ ജനാധിപത്യത്തിനു നേരെ ആക്രമണം നടക്കുന്നു എന്നത് വാസ്തവമല്ലേ. അതിന്റെ തെളിവുകൾ ദൈനംദിനം നമുക്കു ലഭിക്കുന്നുമുണ്ട്' രാഹുൽ ചൂണ്ടിക്കാട്ടി.

'ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ഞാൻ പിന്മാറില്ല. അയോഗ്യനാക്കിയും ജയിലിലടച്ചും എന്നെ നിശബ്ദനാക്കാമെന്ന് കരുതിയാൽ അവർക്കു തെറ്റി. ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ജനാധിപത്യത്തിനായി പോരാട്ടം തുടരുകയും ചെയ്യും. ഇക്കാര്യത്തിൽ ഒരടി പോലും പിന്നോട്ടില്ല' രാഹുൽ പറഞ്ഞു.

'ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയാലും ഞാൻ എന്റെ ജോലി തുടരും. അദാനിയെക്കുറിച്ച് ഞാൻ അടുത്തത് എന്തായിരിക്കും പറയാൻ പോകുന്നതെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ നേരിട്ടു കണ്ടതാണ്. അതുകൊണ്ടാണ് ആദ്യം ആക്രമിച്ചും പിന്നീട് അയോഗ്യനാക്കിയും ഭയപ്പെടുത്താനുള്ള ശ്രമം. സർക്കാരിന്റെ ഈ പ്രതികരണം കൊണ്ട് ഏറ്റവും ഗുണം ലഭിക്കാൻ പോകുന്നത് പ്രതിപക്ഷത്തിനാണ്' രാഹുൽ ഗാന്ധി പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ച് രാജ്യമെന്നാൽ അദാനിയാണ്, അദാനിയെന്നാൽ രാജ്യവും. ഈ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം നിലനിർത്താനാണ് എന്റെ പോരാട്ടം. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് അതിന്റെ ഭാഗമാണ്. ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദത്തിനായി നിലകൊള്ളുന്നതും അതിന്റെ ഭാഗം തന്നെ. അദാനിയേപ്പോലുള്ള ആളുകൾക്ക് പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് അവരോടു പറയുന്നതും അതിന്റെ ഭാഗം തന്നെ' രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP