Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുലിനെ അയോഗ്യനാക്കിയ വിധിക്ക് എതിരെ ആദ്യം സമീപിക്കുക സെഷൻസ് കോടതിയെ; കേസിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ; അപ്പീലിൽ തീരുമാനം വരും വരെ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാനും നിയമനടപടി; ഒപ്പം രാജ്യവ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ്; ലക്ഷ്യമിടുന്നത് ചിട്ടയോടെ ഉള്ള പ്രതിപക്ഷ ഐക്യം

രാഹുലിനെ അയോഗ്യനാക്കിയ വിധിക്ക് എതിരെ ആദ്യം സമീപിക്കുക സെഷൻസ് കോടതിയെ; കേസിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ; അപ്പീലിൽ തീരുമാനം വരും വരെ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാനും നിയമനടപടി; ഒപ്പം രാജ്യവ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ്; ലക്ഷ്യമിടുന്നത് ചിട്ടയോടെ ഉള്ള പ്രതിപക്ഷ ഐക്യം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് എതിരെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ന്യൂഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. വിഷയത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രം യോഗത്തിൽ ചെയ്്തുവെന്നും, വരുംദിവസങ്ങളിൽ പ്രതിഷേധ പരമ്പര തന്നെയുണ്ടാകുമെന്നും ജയ്‌റാം രമേശ് അറിയിച്ചു.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുർ ഖാർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, രാജ് ശുക്ല, താരിഖ് അൻവർ, പി ചിദംബരം, ആനന്ദ് ശർമ, അംബിക സോണി, മുകുൽ വാസ്‌നിക്, സൽമാൻ ഖുഷിദ്, പവൻകുമാർ ബൻസൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

'ഭാരത് ജോഡോ യാത്ര വലിയ ജനകീയ പ്രസ്ഥാനമാകുമെന്ന് ആശങ്കയിലാണ് ബിജെപി. പോരാത്തതിന് അദാനി വിഷയത്തിൽ കോൺഗ്രസ് നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്നു. എല്ലാ പ്രതിപക്ഷ നേതാക്കളുടെയും പിന്തുണയെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷ ഐക്യം ചിട്ടയോടു കൂടി മുന്നോട്ടുകൊണ്ടുപോകണം', ജയറാം രമേശ് പറഞ്ഞു.

അതേസമയം, സൂററ്റ് കോടതി വിധിക്ക് എതിരെ സെഷൻസ് കോടതിയെ സമീപിക്കാനാണ് തീരുനാനം. മുതിർന്ന അഭിഭാഷകരുടെ പാനൽ ഇതിനായി രൂപീകരിക്കും. വയനാട്ടിൽ ഉടൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമ നടപടിയും ആലോചനയിലുണ്ട്. ഗുജറാത്തിലെ കേസ് നടത്തിപ്പിൽ പാളിച്ചയുണ്ടായെന്നാണ് പാർട്ടിയുടെ വില.ിരുത്തൽ.

മനു അഭിഷേക് സിങ്വി, പി ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് തുടങ്ങിയവരടെ പാനലാകും നിയമനടപടികൾക്ക് നേതൃത്വം നൽകുക. സെഷൻസ് കോടതിയിൽ ആദ്യം അപ്പീൽ നല്കും. കുറ്റക്കാരനാക്കിയ വിധിയും ശിക്ഷയും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ. കുറ്റക്കാരൻ എന്ന വിധി ഉടൻ സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന്റെഅയോഗ്യത തുടരും. വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തടസ്സമുണ്ടാകില്ല. അപ്പീലിൽ തീരുമാനം വരുന്നത് വരെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പാടില്ലെന്ന് ആവശ്യപ്പെട്ട് കോടതിയിലേക്ക് പോകാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.

സൂററ്റ് കോടതി രണ്ടുവർഷത്തേക്ക് ശിക്ഷിച്ചതോടെ, രാഹുൽ സ്വാഭാവികമായി അയോഗ്യനായി എന്ന് നിയമവിഗ്ധരിൽ ഒരുകൂട്ടർ പറയുന്നു. എന്നാൽ, മേൽക്കോടതിയിൽ, കീഴ്‌ക്കോടതി വിധി മറികടക്കാൻ കഴിഞ്ഞാൽ, വീണ്ടും എംപിയാകാമെന്ന് മറുകൂട്ടർ പറയുന്നു. രാഹുൽ ഗാന്ധിക്ക് ജാമ്യം കിട്ടുകയും, അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് വിധി നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്‌തെങ്കിലും, കോടതി വിധിയുടെ അടിസ്ഥാനത്തിൽ എംപിസ്ഥാനത്ത് നിന്ന് അയോഗ്യനായി എന്നാണ് ഒരുവിഭാഗം നിയമ വിദഗ്ധരുടെ വാദം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം പാർലമെന്റ് അംഗം കുറ്റക്കാരനെന്ന് കണ്ടെത്തുകയും, രണ്ടുവർഷത്തിൽ കുറയാതെ ശിക്ഷിക്കപ്പെടുകയും ചെയ്താൽ, അയോഗ്യത കൽപ്പിക്കപ്പെടും.

ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം രാഹുലിന് കോടതിയിൽ ചോദ്യം ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് രാഷ്ട്രപതിക്ക് മാത്രമേ എംപിയെ അയോഗ്യനാക്കാൻ കഴിയൂ എന്ന് വാദിച്ച് കോൺഗ്രസ് നേതാക്കൾ തീരുമാനത്തെ ചോദ്യം ചെയ്യുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 103 പ്രകാരം രാഷ്ട്രപതിക്കാണ് സിറ്റിങ് എംപിയെ അയോഗ്യനാക്കാനുള്ള അധികാരമെന്ന് ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഉപദേശ പ്രകാരമാണ് രാഷ്ട്രപതി അയോഗ്യത പ്രഖ്യാപിക്കേണ്ടത്. തുടർന്നാണ് അയോഗ്യനാക്കപ്പെട്ട എംപി പ്രതിനിധീകരിച്ച ലോക്‌സഭ മണ്ഡലത്തിൽ ഒഴിവ് വന്നതായി ലോക്‌സഭ സെക്രട്ടേറിയറ്റിന് പ്രഖ്യാപിക്കാൻ സാധിക്കൂ. ഭരണഘടനാപരമായ വലിയ പിഴവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ സെക്രട്ടറി ജനറലിന്റെ നടപടിയിൽ സംഭവിച്ചിട്ടുണ്ട്. ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യാൻ സാധിക്കുന്നതാണ്. രാഷ്ട്രപതിയുടെ അഭിപ്രായം വരാതെ സീറ്റിൽ ഒഴിവ് വന്നതായി പ്രഖ്യാപിക്കാൻ പാടില്ലെന്നാണ് 2009ലെ സുപ്രീംകോടതി വിധിയെന്നും പി.ഡി.ടി ആചാരി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, ബിജെപി ഇതിനോട് വിയോജിക്കുന്നു. നിയമപ്രകാരം, രാഹുൽ അയോഗ്യനാണ്. പക്ഷേ തീരുമാനം സ്പീക്കറെ അറിയിക്കണം. രാഹുൽ ഇന്നുമുതൽ അയോഗ്യനായി, പ്രമുഖ അഭിഭാഷകനും, ബിജെപി എംപിയുമായ മഹേഷ് ജത്മലാനി അഭിപ്രായപ്പെട്ടു. ഇക്കാര്യം മുൻ കോൺഗ്രസ് നേതാവും, അഭിഭാഷകനുമായ കപിൽ സിബലും ശരിവച്ചു. ' മേൽക്കോടതി, സൂററ്റ് കോടതി വിധി സസ്‌പെൻഡ് ചെയ്തതുകൊണ്ടുമാത്രമായില്ല. രാഹുലിനെ കുറ്റക്കാരനായി വിധിച്ചത് സ്റ്റേ ചെയ്താൽ മംത്രമേ എംപിയായി തുടരാൻ കഴിയുകയുള്ളു, സിബൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP