Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് രാഷ്ട്രപതിക്ക് മാത്രമേ എംപിയെ അയോഗ്യനാക്കാൻ കഴിയൂ; ധൃതിപിടിച്ച നടപടിയെ വിമർശിച്ച് കോൺഗ്രസ്; നിയമപരമായി ചോദ്യം ചെയ്യാനാകുമെന്ന്‌ ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ; രാജ്യത്തിന് വേണ്ടി എന്തുവില കൊടുക്കാനും തയ്യാറെന്ന് രാഹുൽ

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് രാഷ്ട്രപതിക്ക് മാത്രമേ എംപിയെ അയോഗ്യനാക്കാൻ കഴിയൂ; ധൃതിപിടിച്ച നടപടിയെ വിമർശിച്ച് കോൺഗ്രസ്;  നിയമപരമായി ചോദ്യം ചെയ്യാനാകുമെന്ന്‌ ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ; രാജ്യത്തിന് വേണ്ടി എന്തുവില കൊടുക്കാനും തയ്യാറെന്ന് രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:പൊടുന്നനെ ഉണ്ടായ അടിയിൽ നിന്ന് കരകയറാൻ കോൺഗ്രസ് കൂടിയാലോചനകളിലാണ്. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ, രാഹുൽ ഗാന്ധി തന്റെ പ്രതികരണം ട്വീറ്റ് ചെയ്തു. 'ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് എന്റെ പോരാട്ടം. അതിന് എന്തുവില കൊടുക്കാനും ഞാൻ തയ്യാറാണ്, ഹിന്ദിയിലാണ് രാഹുലിന്റെ ട്വീററ്, അതേസമയം, നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും, നെഹ്‌റു-ഗാന്ധി കുടുംബം ജന്മിത്വ മന:സ്ഥിതിയിൽ നിന്ന് മുക്തരായിട്ടില്ലെന്നും ബിജെപി നേതാവ് ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചു.

2019 ലെ മാനനഷ്ടക്കേസിൽ രണ്ടുവർഷത്തേക്ക് സൂററ്റ് കോടതി ശിക്ഷിച്ചതോടെയാണ് രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടമായത്. വയനാട് മണ്ഡലത്തിൽ ഒഴിവ് വന്നതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാൻ രാഹുലിന് ഒരു മാസം സാവകാശം കിട്ടും.

അതിനിടെ, സോണിയ ഗാന്ധി രാഹുലിന്റെ വസതിയിലെത്തി. കോൺഗ്രസിന്റെ ഉന്നതതലയോഗത്തിൽ ഭാവി നടപടികളിൽ തീരുമാനമാകും. രാഹുലിന്റെ വസതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.

സൂററ്റ് കോടതി രണ്ടുവർഷത്തേക്ക് ശിക്ഷിച്ചതോടെ, രാഹുൽ സ്വാഭാവികമായി അയോഗ്യനായി എന്ന് നിയമവിഗ്ധരിൽ ഒരുകൂട്ടർ പറയുന്നു. എന്നാൽ, മേൽക്കോടതിയിൽ, കീഴ്‌ക്കോടതി വിധി മറികടക്കാൻ കഴിഞ്ഞാൽ, വീണ്ടും എംപിയാകാമെന്ന് മറുകൂട്ടർ പറയുന്നു. രാഹുൽ ഗാന്ധിക്ക് ജാമ്യം കിട്ടുകയും, അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് വിധി നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്‌തെങ്കിലും, കോടതി വിധിയുടെ അടിസ്ഥാനത്തിൽ എംപിസ്ഥാനത്ത് നിന്ന് അയോഗ്യനായി എന്നാണ് ഒരുവിഭാഗം നിയമ വിദഗ്ധരുടെ വാദം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം പാർലമെന്റ് അംഗം കുറ്റക്കാരനെന്ന് കണ്ടെത്തുകയും, രണ്ടുവർഷത്തിൽ കുറയാതെ ശിക്ഷിക്കപ്പെടുകയും ചെയ്താൽ, അയോഗ്യത കൽപ്പിക്കപ്പെടും.

ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം രാഹുലിന് കോടതിയിൽ ചോദ്യം ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് രാഷ്ട്രപതിക്ക് മാത്രമേ എംപിയെ അയോഗ്യനാക്കാൻ കഴിയൂ എന്ന് വാദിച്ച് കോൺഗ്രസ് നേതാക്കൾ തീരുമാനത്തെ ചോദ്യം ചെയ്യുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 103 പ്രകാരം രാഷ്ട്രപതിക്കാണ് സിറ്റിങ് എംപിയെ അയോഗ്യനാക്കാനുള്ള അധികാരമെന്ന് ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഉപദേശ പ്രകാരമാണ് രാഷ്ട്രപതി അയോഗ്യത പ്രഖ്യാപിക്കേണ്ടത്. തുടർന്നാണ് അയോഗ്യനാക്കപ്പെട്ട എംപി പ്രതിനിധീകരിച്ച ലോക്‌സഭ മണ്ഡലത്തിൽ ഒഴിവ് വന്നതായി ലോക്‌സഭ സെക്രട്ടേറിയറ്റിന് പ്രഖ്യാപിക്കാൻ സാധിക്കൂ. ഭരണഘടനാപരമായ വലിയ പിഴവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ സെക്രട്ടറി ജനറലിന്റെ നടപടിയിൽ സംഭവിച്ചിട്ടുണ്ട്. ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യാൻ സാധിക്കുന്നതാണ്. രാഷ്ട്രപതിയുടെ അഭിപ്രായം വരാതെ സീറ്റിൽ ഒഴിവ് വന്നതായി പ്രഖ്യാപിക്കാൻ പാടില്ലെന്നാണ് 2009ലെ സുപ്രീംകോടതി വിധിയെന്നും പി.ഡി.ടി ആചാരി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, ബിജെപി ഇതിനോട് വിയോജിക്കുന്നു. നിയമപ്രകാരം, രാഹുൽ അയോഗ്യനാണ്. പക്ഷേ തീരുമാനം സ്പീക്കറെ അറിയിക്കണം. രാഹുൽ ഇന്നുമുതൽ അയോഗ്യനായി, പ്രമുഖ അഭിഭാഷകനും, ബിജെപി എംപിയുമായ മഹേഷ് ജത്മലാനി അഭിപ്രായപ്പെട്ടു. ഇക്കാര്യം മുൻ കോൺഗ്രസ് നേതാവും, അഭിഭാഷകനുമായ കപിൽ സിബലും ശരിവച്ചു. ' മേൽക്കോടതി, സൂററ്റ് കോടതി വിധി സസ്‌പെൻഡ് ചെയ്തതുകൊണ്ടുമാത്രമായില്ല. രാഹുലിനെ കുറ്റക്കാരനായി വിധിച്ചത് സ്റ്റേ ചെയ്താൽ മംത്രമേ എംപിയായി തുടരാൻ കഴിയുകയുള്ളു, സിബൽ പറഞ്ഞു.

മേൽക്കോടതി, സൂററ്റ് കോടതി വിധി റദ്ദാക്കിയില്ലെങ്കിൽ, അടുത്ത എട്ടുവർഷത്തേക്ക് രാഹുലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ആവില്ല. എന്തായാലും, കോൺഗ്രസ് വിധിക്കെതിരെ അപ്പീൽ പോകും. വിധി റദ്ദാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP