Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോരിനൊടുവിൽ പോരാട്ട വേദികളിൽ തീരുമാനം; ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ തന്നെ; ഇന്ത്യയുടെ കളികൾ വിദേശ വേദിയിൽ; സമവായം കണ്ടെത്തി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

പോരിനൊടുവിൽ പോരാട്ട വേദികളിൽ തീരുമാനം; ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ തന്നെ; ഇന്ത്യയുടെ കളികൾ വിദേശ വേദിയിൽ; സമവായം കണ്ടെത്തി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

സ്പോർട്സ് ഡെസ്ക്

ലാഹോർ: സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരം പാക്കിസ്ഥാനിൽ തന്നെ നടത്താൻ തീരുമാനം. എന്നാൽ ഇന്ത്യയുടെ മത്സരങ്ങൾ പാക്കിസ്ഥാന് പുറത്ത് നിഷ്പക്ഷ വേദിയിൽ നടത്തും. ഇന്ത്യ-പാക് ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള തകർക്കത്തിനാണ് ഒടുവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പരിഹാരം കണ്ടെത്തിയത്.

ഏഷ്യാ കപ്പിന്റെ കാര്യം ചർച്ച ചെയ്യാൻ ബിസിസിഐ ഉദ്യോഗസ്ഥരും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വേദിയുടെ കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും. ഏഷ്യാ കപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരവും വിദേശ വേദിയിലായിരിക്കും കളിക്കുക.

ഇന്ത്യ ഫൈനലിലെത്തിയാൽ ഫൈനൽ പോരാട്ടവും പാക്കിസ്ഥാനു പുറത്തു നടത്തേണ്ടിവരുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു. ആറു ടീമുകൾ മത്സരിക്കുന്ന ഏഷ്യാ കപ്പ് ഈ വർഷം സെപ്റ്റംബറിലാണു നടക്കേണ്ടത്. ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഫൈനൽ ഉൾപ്പെടെ ആകെ 13 മത്സരങ്ങളാണ് ഏഷ്യ കപ്പിലുള്ളത്. രണ്ടു ഗ്രൂപ്പുകളിൽനിന്ന് മികച്ച രണ്ടു ടീമുകൾ വീതം സൂപ്പർ ഫോർ റൗണ്ടിൽ കളിക്കും. സൂപ്പർ ഫോറിൽ മുന്നിലെത്തുന്ന ടീമുകൾ ഫൈനൽ യോഗ്യത നേടും.

ഇന്ത്യ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾക്കിടയിലെ വടംവലിക്കൊടുവിൽ സമവായത്തിന്റെ വഴി കണ്ടെത്തിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന ബിസിസിഐ നിലപാട് കാരണം അനിശ്ചിതത്വത്തിലായ ഏഷ്യ കപ്പ് സെപ്റ്റംബറിൽ തന്നെ നടത്താൻ തീരുമാനമായി.

ആകെ 13 മത്സരങ്ങൾ ഉള്ള ടൂർണമെന്റിന്റെ വേദിയായി പാക്കിസ്ഥാനെ നിലനിർത്തി. എന്നാൽ ഇന്ത്യൻ ടീമിന് പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരില്ല. പാക്കിസ്ഥാനെതിരായ 2 ഗ്രൂപ്പ് മത്സരങ്ങൾ അടക്കം ഇന്ത്യയുടെ എല്ലാ കളികളും മറ്റൊരു രാജ്യത്തേക്ക് മാറ്റും. യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവയെയാണ് ഇന്ത്യയുടെ മത്സരങ്ങൾക്കുള്ള വേദിയായി പരിഗണിക്കുന്നത്. അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും.

ഏകദിന ലോകകപ്പിന് തൊട്ടുമുൻപുള്ള ടൂർണമെന്റായതിനാൽ ഇക്കുറി ഏഷ്യ കപ്പും 50 ഓവർ ഫോർമാറ്റിലാകും നടക്കുക. യുഎഇ വേദിയായ അവസാന ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ശ്രീലങ്കയാണ് ചാമ്പ്യന്മാരായത്. അന്ന് ട്വന്റി 20 ലോകകപ്പ് മുൻനിർത്തി ടി20 ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ.

സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാനിൽ ഏഷ്യ കപ്പ് കളിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ വേദിയാവുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിച്ചില്ലെങ്കിൽ ഈ വർഷം അവസാനം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് മറുപടി പറഞ്ഞതോടെയാണ് ടൂർണമെന്റ് നേരത്തെ അനിശ്ചിതത്വത്തിലായത്. മറ്റൊരു ടീമിനും ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്നമാണ് ഇന്ത്യൻ ടീമിന് പാക്കിസ്ഥാനിലുള്ളതെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി മുമ്പ് ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP