Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുലിനെതിരായ നടപടിയുടെ വേഗം ഞെട്ടിക്കുന്നതെന്ന് ശശി തരൂർ; ജനാധിപത്യത്തിന്റെ അധഃപതനമെന്ന് മമത; നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഒരുങ്ങി കോൺഗ്രസ്; മേൽക്കോടതി കനിഞ്ഞില്ലെങ്കിൽ കർണാടകയ്ക്ക് ഒപ്പം വയനാടും ബൂത്തിലെത്തും; പ്രതിഷേധവുമായി നിരവധി നേതാക്കൾ

രാഹുലിനെതിരായ നടപടിയുടെ വേഗം ഞെട്ടിക്കുന്നതെന്ന് ശശി തരൂർ; ജനാധിപത്യത്തിന്റെ അധഃപതനമെന്ന് മമത;  നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഒരുങ്ങി കോൺഗ്രസ്;  മേൽക്കോടതി കനിഞ്ഞില്ലെങ്കിൽ കർണാടകയ്ക്ക് ഒപ്പം വയനാടും ബൂത്തിലെത്തും;  പ്രതിഷേധവുമായി നിരവധി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അപകീർത്തിക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഒരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി പാർട്ടിയെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

രാഹുലിനെ അയോഗ്യനാക്കിയ നടപടിയും അതിന്റെ വേഗതയും ഞെട്ടിച്ചതായി കോൺഗ്രസ് എംപി ശശി തരൂർ പ്രതികരിച്ചു. രാഹുലിനെ അയോഗ്യനാക്കിയുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു പിന്നാലെ കോൺഗ്രസ് ഉന്നതതല യോഗം ചേരും. ഇന്നു വൈകിട്ട് അഞ്ചിനാണ് യോഗം. നേതാക്കളോട് എഐസിസി ആസ്ഥാനത്തേക്ക് എത്താൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. നിയമപരമായി മുന്നോട്ട് പോകുന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകും.

വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. ബിജെപി അഴിമതിക്കാരെ രക്ഷിക്കുന്നുവെന്നും ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്നുവെന്നും സഹോദരിയും എഎഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാനുള്ള തീരുമാനത്തിന്റെ വേഗം ഞെട്ടിക്കുന്നതെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. ഇത്തരം നടപടികൾ ജനാധിപത്യത്തെ തകർക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യവിരുദ്ധ തീരുമാനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ജനാധിപത്യത്തിന്റെ അധഃപതനമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചു.

മോദിയുടെ ഇന്ത്യയിൽ പ്രതിപക്ഷം വേട്ടയാടപ്പെടുന്നുവെന്ന് മമത കുറ്റപ്പെടുത്തി. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കൾ മന്ത്രിസഭയിൽ ഇടംകണ്ടെത്തുമ്പോൾ പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ പ്രസംഗത്തിന്റെ പേരിൽ അയോഗ്യരാക്കപ്പെടുന്നുവെന്നും മമത ചൂണ്ടിക്കാട്ടി. സത്യം പറയുന്നവരെ കേന്ദ്രം അധികാരം ഉപയാഗിച്ച് തകർക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്ന് ജയറാം രമേശും പ്രതികരിച്ചു.

'മോദി' പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചത്. വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവും പുറത്തിറക്കി. കോടതി വിധി വന്ന വ്യാഴാഴ്ച മുതൽ പ്രാബല്യമെന്നാണ് ഉത്തരവ്. രണ്ട് വർഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി രാഹുലിന് വിധിച്ചത്.

സൂറത്ത് കോടതി വിധിക്ക് മേൽക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിൽ, രാഹുൽ പ്രതിനിധീകരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. സ്റ്റേ അനുവദിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. സ്റ്റേ അനുവദിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് ആറ് വർഷ കാലയളവിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല. എംപി എന്ന നിലയിൽ അനുവദിച്ച ഓദ്യോഗിക വസതിയും രാഹുലിന് നഷ്ടമാകും. ഒരു മണ്ഡലത്തിൽ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി ഇറക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനത്തിൽ, വയനാട് മണ്ഡലം ഒഴിഞ്ഞ് കിടക്കുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. രാജ്യസഭ, ലോക്‌സഭ, പ്രസിഡന്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രിയുടെ ഓഫീസ്, ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുവനന്തപുരം കേരള എന്നിവർക്കും വിജ്ഞാപനത്തിന്റെ കോപ്പി ലോക്‌സഭാ സെക്രട്ടറിയേറ്റ് അയച്ച് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അപ്രതീക്ഷിത സ്ഥാനാർത്ഥിയായി വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തോടെയാണ് ജയിച്ചുകയറിയത്. ഒരു എംപിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വന്നാൽ, ആ എംപി പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തിൽ സ്വാഭാവികമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

നിലവിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിനൊപ്പം വയനാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

സൂറത്ത് കോടതിവിധിയുടെ സാഹചര്യത്തിലാണ് രാഹുലിനെ അയോഗ്യനാക്കിയത്. തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്നുമുണ്ടാകുന്നത്. 'മോദി' പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് അപകീർത്തി കേസ് നൽകിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് നീക്കിയുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.

2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വർഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചിരിക്കുന്നത്. അപകീർത്തി കേസിൽ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി രാഹുലിന് നൽകിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാൽ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയിരിക്കുന്നത്. സൂറത്ത് കോടതി വിധിക്കെതിരെ രാഹുലിന് ഹൈക്കോടതിയേയോ സുപ്രീംകോടതിയോ സമീപിക്കാം. മേൽക്കോടതി സൂറത്ത് കോടതി വിധിയെ സ്റ്റേ ചെയ്യുകയോ ഇളവ് നൽകുയോ ചെയ്യാത്ത സാഹചര്യമുണ്ടായാൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

ഒരാഴ്ചയ്ക്കിടെ കേരളത്തിൽ ഒരു എംപിക്കും എംഎൽഎയ്ക്കുമാണ് അയോഗ്യത വന്നിരിക്കുന്നത്. ജാതി സംവരണത്തിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ ദേവികുളം എംഎൽഎ എ.രാജയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് ലോക്സഭാ അംഗത്തിനും അയോഗ്യത വന്നിരിക്കുന്നത്. രാജയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഉത്തരവ് ഹൈക്കോടതി പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. രാഹുലിനെതിരായ വിധിയിൽ മേൽക്കോടതികളുടെ ഇടപെടലുകൾ ഇല്ലാതിരുന്നാൽ ഈ വർഷം നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം വയനാട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.

എന്നാൽ നേരത്തെ ലക്ഷദ്വീപ് എംപി സ്ഥാനത്ത് നിന്ന് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇത് മരവിപ്പിച്ചിരുന്നു. വധശ്രമക്കേതിൽ ശിക്ഷക്കപ്പെട്ടതിനെ തുടർന്നാണ് ഫൈസലിനെ അയോഗ്യനാക്കിയത്. എന്നാൽ ശിക്ഷവിധിച്ച സെഷൻസ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു. രാഹുലിന് അപ്പീൽ നൽകുന്നതിന് 30 ദിവസത്തെ സമയം സൂറത്ത് കോടതി നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP