Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂററ്റ് കോടതി വിധി മേൽക്കോടതി സ്‌റ്റേ ചെയ്തതുകൊണ്ടുമാത്രമായില്ല; എംപി സ്ഥാനം തിരിച്ചുപിടിക്കാൻ, മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന വിധി റദ്ദാക്കപ്പെടണം; ഡൽഹിയിലെ ബംഗ്ലാവ് അടക്കം രാഹുൽ ഉടൻ ഒഴിയണം; രാഹുലും കോൺഗ്രസും എന്തുചെയ്യും?

സൂററ്റ് കോടതി വിധി മേൽക്കോടതി സ്‌റ്റേ ചെയ്തതുകൊണ്ടുമാത്രമായില്ല; എംപി സ്ഥാനം തിരിച്ചുപിടിക്കാൻ, മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന വിധി റദ്ദാക്കപ്പെടണം;  ഡൽഹിയിലെ ബംഗ്ലാവ് അടക്കം രാഹുൽ ഉടൻ ഒഴിയണം; രാഹുലും കോൺഗ്രസും എന്തുചെയ്യും?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി സർ നെയിം കേസിൽ, രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതോടെ നിയമപരമായി എന്തു ചെയ്യാനാകാകുമെന്ന കൂടിയാലോചനകളിലാണ് കോൺഗ്രസ്. രാഹുലിന് ഇനി എംപി സ്ഥാനത്തേക്ക് മടങ്ങി വരാൻ വഴിയുണ്ടോ? ഇക്കാര്യത്തിൽ, നിയമ വിദഗ്ദ്ധർക്ക് രണ്ടഭിപ്രായമാണ്.

സൂററ്റ് കോടതി രണ്ടുവർഷത്തേക്ക് ശിക്ഷച്ചതോടെ, രാഹുൽ സ്വാഭാവികമായി അയോഗ്യനായി എന്ന് ഒരുകൂട്ടർ പറയുന്നു. എന്നാൽ, മേൽക്കോടതിയിൽ, കീഴ്‌ക്കോടതി വിധി മറികടക്കാൻ കഴിഞ്ഞാൽ, വീണ്ടും എംപിയാകാമെന്ന് മറുകൂട്ടർ പറയുന്നു.

രാഹുൽ ഗാന്ധിക്ക് ജാമ്യം കിട്ടുകയും, അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് വിധി നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്‌തെങ്കിലും, കോടതി വിധിയുടെ അടിസ്ഥാനത്തിൽ എംപിസ്ഥാനത്ത് നിന്ന് അയോഗ്യനായി എന്നാണ് ഒരുവിഭാഗം നിയമ വിദഗ്ധരുടെ വാദം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം പാർലമെന്റ് അംഗം കുറ്റക്കാരനെന്ന് കണ്ടെത്തുകയും, രണ്ടുവർഷത്തിൽ കുറയാതെ ശിക്ഷിക്കപ്പെടുകയും ചെയ്താൽ, അയോഗ്യത കൽപ്പിക്കപ്പെടും.

സൂററ്റ് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. ഇതോടെ, വയനാട് മണ്ഡലത്തിൽ ഒഴിവ് വന്നതായും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് ഈ സീറ്റിലേക്ക് പ്രത്യേക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. ഡൽഹിയിലെ ബംഗ്ലാവിൽ നിന്നൊഴിയാൻ രാഹുലിനോട് ആവശ്യപ്പെടും.

ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം രാഹുലിന് കോടതിയിൽ ചോദ്യം ചെയ്യാം. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് പ്രസിഡന്റിന് മാത്രമേ എംപിയെ അയോഗ്യനാക്കാൻ കഴിയൂ എന്ന് വാദിച്ച് കോൺഗ്രസ് നേതാക്കൾ തീരുമാനത്തെ ചോദ്യം ചെയ്യുന്നു. എന്നാൽ, ബിജെപി ഇതിനോട് വിയോജിക്കുന്നു.

നിയമപ്രകാരം, രാഹുൽ അയോഗ്യനാണ്. പക്ഷേ തീരുമാനം സ്പീക്കറെ അറിയിക്കണം. രാഹുൽ ഇന്നുമുതൽ അയോഗ്യനായി, പ്രമുഖ അഭിഭാഷകനും, ബിജെപി എംപിയുമായ മഹേഷ് ജത്മലാനി അഭിപ്രായപ്പെട്ടു. ഇക്കാര്യം മുൻ കോൺഗ്രസ് നേതാവും, അഭിഭാഷകനുമായ കപിൽ സിബലും ശരിവച്ചു. ' മേൽക്കോടതി, സൂററ്റ് കോടതി വിധി സസ്‌പെൻഡ് ചെയ്തതുകൊണ്ടുമാത്രമായില്ല. രാഹുലിനെ കുറ്റക്കാരനായി വിധിച്ചത് സ്റ്റേ ചെയ്താൽ മംത്രമേ എംപിയായി തുടരാൻ കഴിയുകയുള്ളു, സിബൽ പറഞ്ഞു.

മേൽക്കോടതി, സൂററ്റ് കോടതി വിധി റദ്ദാക്കിയില്ലെങ്കിൽ, അടുത്ത എട്ടുവർഷത്തേക്ക് രാഹുലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ആവില്ല. എന്തായാലും, കോൺഗ്രസ് വിധിക്കെതിരെ അപ്പീൽ പോകും. വിധി റദ്ദാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും.

തീരുമാനം വന്നത് ഇങ്ങനെ

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത് പരിഗണിച്ചാണ് തീരുമാനം. രാഹുലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി ലഭിച്ചതോടെയാണ് നടപടി. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.

രണ്ട് വർഷമോ അതിലധികമോ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അംഗത്തെ പാർലമെന്റിൽ നിന്ന് അയോഗ്യത കൽപ്പിക്കാൻ സ്പീക്കർക്കാകും. സൂറത്ത് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ രാഹുലിന് അയോഗ്യനാക്കണമെന്ന് വിനീത് ജിൻഡാൽ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്സഭ സ്പീക്കർ നിയമോപദേശവും തേടിയിരുന്നു. കഴിഞ്ഞ ദിവസം സ്പീക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കണ്ടിരുന്നു. തീരുമാനത്തോടെ വയനാട് ലോക്‌സഭാ സീറ്റിന് എംപിയില്ലാതെയായി. അപ്പീലിൽ രാഹുലിന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ വയനാട്ടിൽ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് അനിവാര്യതയാകും.

ഇതോടെ തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് ആറ് വർഷത്തെ വിലക്കുണ്ടാകും. അപ്പീൽ നൽകാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാൽ മേൽക്കോടതിയുടെ ഇടപെടലിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്. ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പാൽ കുമാർ സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. എല്ലാ കള്ളന്മാർക്കും മോദിയെന്ന കുടുംബപ്പേര് എന്ന പ്രസ്താവനയിൽ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്. എന്നാൽ വിധി പരിഗണിച്ച് അതിവേഗം അയോഗ്യനാക്കുകയായിരുന്നു സ്പീക്കർ.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യരാകും. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ടു വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്നാണ് വ്യവസ്ഥ.

ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ടു വർഷം തടവാണ് ഇപ്പോൾ കോടതി രാഹുൽ ഗാന്ധിക്ക് നല്കിയിരിക്കുന്നത്. ശിക്ഷ മാത്രമാണ് ഇപ്പോൾ വിചാരണ കോടതി സ്റ്റേ ചെയ്തിരിക്കുന്നത് എന്നാണ് പാർട്ടി നേതാവ് കൂടിയായ അഭിഭാഷകൻ മനു അഭിഷേക് സിങ്വി അറിയിച്ചത്. കുറ്റം പൂർണ്ണമായും സ്റ്റേ ചെയ്താലേ അയോഗ്യത നടപടികൾ ഒഴിവാക്കാനാകൂ. ഈ അപേക്ഷ കോടതി അംഗീകരിക്കും എന്നാണ് കോൺഗ്രസ് പ്രതീക്ഷ.

കുറ്റക്കാരനാക്കിയ വിധി പൂർണ്ണമായും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ആദ്യം വിചാരണ കോടതിയെ സമീപിക്കും എന്നാണ് സിങ്വി അറിയിച്ചത്. അപ്പീൽ പരിഗണിക്കുമ്പോൾ ഹൈക്കോടതിയും ഈ വിധി പൂർണ്ണമായും സ്റ്റേ ചെയ്യണം. ഹൈക്കോടതി ശിക്ഷ മാത്രമാണ് സ്റ്റേ ചെയ്യുന്നതെങ്കിൽ രാഹുൽ ഗാന്ധിക്ക് ലോക്സഭ അംഗത്വം നഷ്ടമാകും.

ലക്ഷദ്വീപ് എംപി മൂഹമ്മദ് ഫൈസലിനെ കുറ്റക്കാരനാക്കിയ വിധി നേരത്തെ ഹൈക്കോടതി പൂർണ്ണായും സ്റ്റേ ചെയ്തിരുന്നു. അതിനാൽ മേൽക്കോടതികൾ എടുക്കുന്ന നിലപാട് രാഹുലിന് നിർണ്ണായകമാകും. മജിസ്ട്രേറ്റിന്റെ നടപടി നിയമവിരുദ്ധമാണെങ്കിലും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഇനി ഈ വിധി വലിയ സമ്മർദ്ദമായി തുടരും.

കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിലെത്തിയിരുന്നു. കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അയോഗ്യത സംബന്ധിച്ച് സ്പീക്കറുടെ നിർദ്ദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വരാത്തിടത്തോളം കാലം എംപി എന്ന പദവിയിൽ അദ്ദേഹം സാങ്കേതികമായി തുടരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറങ്ങിയത്.

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഇത്തരത്തിൽ വിവാദ പ്രസ്താവന നടത്തിയത്. ഇത് മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് കേസ് തീർക്കാൻ രാഹുലും തയ്യാറായില്ല. നാല് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ്മ ശിക്ഷ വിധിച്ചത്.

'നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്...? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും...' എന്നായിരുന്നു 2019 ഏപ്രിൽ 13-ന്റെ പ്രസംഗത്തിലെ വിവാദപരാമർശം. ബിജെപി.യുടെ സൂറത്ത് വെസ്റ്റ് എംഎൽഎ. പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് സി.ജെ.എം. കോടതി കേസെടുത്തത്. റാലിയിലെ പ്രസംഗം തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി റെക്കോഡ് ചെയ്തിരുന്നു. ഇതിന്റെ സി.ഡി.യും പെൻഡ്രൈവും പരിശോധിച്ച കോടതി രാഹുൽഗാന്ധിക്കെതിരായ ആരോപണം നിലനിൽക്കുന്നതാണെന്ന് കണ്ടെത്തി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച്. വർമയാണ് വിധി പ്രസ്താവിച്ചത്.

വാക്കാലോ രേഖാമൂലമോ ഉള്ള അപകീർത്തിപ്പെടുത്തൽ ക്രിമിനൽക്കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ശിക്ഷ മരവിപ്പിക്കുകയും 10,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.

മോദി എന്നപേരിൽ സമുദായമില്ലെന്നും പ്രസംഗത്തിൽ വിമർശിച്ചത് നരേന്ദ്ര മോദിയെ ആയതിനാൽ അദ്ദേഹത്തിനേ പരാതിനൽകാൻ കഴുയൂവെന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ മുഖ്യവാദം. പൂർണേഷ് മോദിയുടെ ആദ്യ ജാതിപ്പേര് 'ഭൂട്ട്വാല' എന്നാണെന്നും ചൂണ്ടിക്കാട്ടി. മോദിസർക്കാരിന്റെ അഴിമതികളെയാണ് പരാമർശിച്ചതെന്നും പ്രസംഗം മൊത്തത്തിൽ വിലയിരുത്തുകയാണ് വേണ്ടതെന്നും ഇവർ പറഞ്ഞു.

എന്നാൽ, 'മോധ്വാനിക് ഘഞ്ചി' എന്ന സമുദായത്തിന്റെ വിളിപ്പേരാണ് 'മോദി'യെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. കോലാർ ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വീഡിയോഗ്രാഫറും ഉൾപ്പെടെയുള്ളവർ പരാതിക്കാരന് അനുകൂലമായി മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്ന പൂർണേഷ് മോദി ഇക്കുറിയും അതേ മണ്ഡലത്തിൽ വിജയിച്ചു.

പൂർണേഷിന്റെ അഭ്യർത്ഥനയെത്തുടർന്ന് 2022 മാർച്ചിൽ ഹൈക്കോടതി ഈ കേസിന്റെ വിചാരണ സ്റ്റേ ചെയ്തതാണ്. സി.ഡി.യുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുമ്പോൾ പ്രതി ഹാജരുണ്ടാകണമെന്ന പരാതിക്കാരന്റെ ആവശ്യം വിചാരണക്കോടതി നിരാകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹം ഹൈക്കോടതിയിലെത്തിയത്. എന്നാൽ, ലഭ്യമായ തെളിവുകളിൽ സംതൃപ്തനാണെന്ന് ഹൈക്കോടതിയെ ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് സ്റ്റേ നീക്കി. കഴിഞ്ഞമാസം വിചാരണ പുനരാരംഭിച്ചു. മാർച്ച് 18-നാണ് വാദം പൂർത്തീകരിച്ചത്. കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോഴും 2021 ഒക്ടോബറിൽ മൊഴിനൽകാനും രാഹുൽഗാന്ധി നേരിട്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP