Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊടും ചൂടിൽ നട്ടുച്ച നേരത്ത് വാർഷിക പരീക്ഷ; വെന്തുരുകി എൽപി-യുപി സ്‌കൂൾ വിദ്യാർത്ഥികൾ; ഉച്ചയ്ക്ക് നടത്തേണ്ട പരീക്ഷകൾ രാവിലെ നടത്തി ആശ്വാസവുമായി കണ്ണപുരത്തെ സ്‌കൂൾ അധികൃതർ; സമയക്രമം അട്ടിമറിച്ചതിനെതിരെ പ്രതിഷേധവുമായി കെപിഎസ് ടിഎ; കണ്ണൂരിലെ സ്‌കൂൾ പരീക്ഷാ വിവാദം ഇങ്ങനെ

കൊടും ചൂടിൽ  നട്ടുച്ച നേരത്ത് വാർഷിക പരീക്ഷ; വെന്തുരുകി  എൽപി-യുപി സ്‌കൂൾ വിദ്യാർത്ഥികൾ; ഉച്ചയ്ക്ക് നടത്തേണ്ട പരീക്ഷകൾ രാവിലെ നടത്തി ആശ്വാസവുമായി കണ്ണപുരത്തെ സ്‌കൂൾ അധികൃതർ; സമയക്രമം അട്ടിമറിച്ചതിനെതിരെ പ്രതിഷേധവുമായി കെപിഎസ് ടിഎ; കണ്ണൂരിലെ സ്‌കൂൾ പരീക്ഷാ വിവാദം ഇങ്ങനെ

അനീഷ് കുമാർ

കണ്ണൂർ: കൊടും ചൂടിൽ എൽ.പി, യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. ആരോഗ്യവകുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്‌കൂളിൽ വാർഷികപരീക്ഷയുടെ സമയം അത്യൂഷണം കത്തിനിൽക്കുമ്പോൾ ഉച്ചയ്ക്ക് ഒന്നരമുതൽ നാലുവരെ നടത്തുന്നത്. ഇതു അദ്ധ്യാപക സംഘടനകളിൽ അമർഷം പരത്തിയിട്ടുണ്ട്.

മിക്ക സ്‌കൂളിലെയും പരീക്ഷാഹാളുകളിൽ ഫാൻ പോലുമില്ലാത്ത അവസ്ഥയാണുള്ളത്. ഇതുകാരണം വെന്തുരുകുകയാണ് വിദ്യാർത്ഥികൾ. ഇതുമാത്രമല്ല പൊരിവെയിലിൽ സ്‌കൂൾ ബസ് കാത്തുനിന്നാണ് പിഞ്ചുവിദ്യാർത്ഥികൾ പരീക്ഷാഹാളിൽ എത്തിച്ചേരുന്നത്. നേരത്തെ കെ.പി. എസ്.ടി. എ ഈ പരീക്ഷാ നടത്തിപ്പിലെ അശാസ്ത്രീയതയ്ക്കെതിരെ രംഗത്തുവന്നിരുന്നുവെങ്കിലും സർക്കാർ അവഗണിക്കുകയായിരുന്നു. ഇതിനിടെയിൽ രക്ഷിതാക്കളുടെ എതിർപ്പുകാരണം പല സ്‌കൂളുകളിലും പരീക്ഷാ സമയം റീ അറേഞ്ച് ചെയ്തത് വിവാദമായിട്ടുണ്ട്.

ഉച്ചയ്ക്ക് 1.30 ന് തുടങ്ങേണ്ട പരീക്ഷ നേരത്തെ നടത്തിയാണ് സ്‌കൂൾ അധികൃതർ പരീക്ഷയെ പരീക്ഷണ വസ്തുവാക്കിയത്. കല്യാശ്ശേരി കണ്ണപുരം എൽ .പി സ്‌കൂളിലാണ് വിദ്യാർത്ഥികളെ പരീക്ഷിച്ച് കൊണ്ട് കഴിഞ്ഞ ദിവസം രാവിലെ 10.30 നd പരീക്ഷ നടത്തിയത് കേരളത്തിലെ പൊതു പരീക്ഷ സമ്പ്രദായത്തെപ്പോലും വെല്ലുവിളിച്ചാണ് ഇത്തരം ഒരു നടപടി സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

വിദ്യാഭ്യാസവകുപ്പിന്റെ പരീക്ഷാ ടൈംടേബിൾ അനുസരിച്ച് മറ്റു വിദ്യാലയങ്ങളിൽ ഉച്ചക്ക് തന്നെപരീക്ഷ നടത്തിയപ്പോൾ കണ്ണപുരം സ്‌കളിലെ എൽ പി വിഭാഗം പരീക്ഷ നേരത്തെ നടത്തി സ്‌കൂൾ അധികൃതർ പൊതു പരീക്ഷയെ അവഹേളിക്കുകയും ചോദ്യങ്ങൾ പുറത്താവുകയും ചെയ്തുവെന്നാണ് കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനാ നേതാക്കൾ ആരോപിക്കുന്നത്. പരീക്ഷ ചോദ്യപേപ്പർ ചോർന്ന അവസ്ഥയാണ് കണ്ണപുരത്തെ സ്‌കൂളിലുണ്ടായിരിക്കുന്നതെന്നു ഇവർ ചൂണ്ടിക്കാട്ടുന്നു.

ചോദ്യപേപ്പർ ചുകപ്പാക്കി അതിലെന്താണ് തെറ്റെന്ന് ചോദിക്കുന്ന വകുപ്പ് മന്ത്രിയുടെ കാലത്ത് ഇതും ഇതിലപ്പുറവും നടക്കുമെന്ന ആരോപണമാണ് കെ.പി. എസ്. ടി. എ ഉന്നയിക്കുന്നത്. കെ.എസ്.ടി.എ. നേതാവിന്റെ സ്‌ക്കൂളിലാണ് പരീക്ഷാ ക്രമം അട്ടിമറിച്ചതെന്നാണ് വിവരം.പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും ഒരേ സമയം നിശ്ചിത ടൈം ടേബിൽ പ്രകാരം പരീക്ഷ നടത്തണമെന്നിരിക്കെ പരീക്ഷാ ടൈം ടേബിൾ അട്ടിമറിച്ചു കൊണ്ട് പരീക്ഷ നടത്തുന്നതിനെതിരെ കെ പി എസ് ടി എ പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

പാപ്പിനിശ്ശേരി ഉപജില്ലയിലെ കല്യാശേരി കണ്ണപുരം എൽ പി സ്‌ക്കൂളിലാണ് വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് നടക്കേണ്ടുന്ന ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ പരീക്ഷ രാവിലെ തന്നെ നടത്തിയത്. ഭരണകക്ഷി അനുകൂല സംഘടനാ നേതാവ് പ്രധാനധ്യാപകനായ ഈ സ്‌കൂളിൽ ടൈംടേബിൾ അട്ടിമറിച്ചു കൊണ്ട് ക്രമവിരുദ്ധമായി പരീക്ഷ നടത്തിയത് വഴി ഇത്തവണത്തെ പരീക്ഷ ടൈംടേബിളിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ നടത്തിയ സമരങ്ങൾ ഉചിതമായിരുന്നുവെന്ന് കെ എസ് ടി എ നേതാക്കൾ പോലും വൈകിയെങ്കിലും സമ്മതിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.

ഒന്നു മുതൽ നാല് വരെയുള്ള മുഴുവൻ കുട്ടികളും ഈ ചൂടേറിയ സമയത്ത് ഒരേ സമയം പരീക്ഷ ഹാളിൽ ഇരിക്കുന്നതിലെ പ്രയാസം കെ പി എസ് ടി എ മുൻപെ ചൂണ്ടിക്കാട്ടിയിരുന്നു. ടൈംടേബിളും മറ്റു വിദ്യാലയങ്ങളിൽ മറ്റൊരു ടൈം ടേബിളും അനുസരിച്ച് പരീക്ഷ നടത്തുമ്പോൾ , രാവിലെയും ഉച്ചയുമായി വിവിധ ക്ലാസുകളിലെ പരീക്ഷ സുഗമമായി നടത്താറുണ്ടായിരുന്നു. ഈ സമ്പ്രദായമാണ് ഈ വർഷം അട്ടിമറിക്കപ്പെട്ടത്. മാറിയ സമ്പ്രദായം ഭരണകക്ഷി സംഘടനക്ക് പോലും ദഹിച്ചില്ലെന്ന് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നുവെന്നാണ് കെപിഎസ്ടിഎ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP