Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

300 രൂപ കിട്ടിയാൽ റബർ കർഷകരുടെ പ്രശ്‌നം തീരുമോ? കർഷകരെന്നാൽ റബർ കർഷകർ മാത്രമല്ല;300 രൂപയ്ക്ക് മുഴുവൻ കർഷകരുടെയും ആത്മാഭിമാനം പണയം വച്ചു; കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശവും പരിശോധിക്കണം; മുഖ്യമന്ത്രിക്ക് പിന്നാലെ അങ്കമാലി അതിരൂപത മുഖപത്രവും ബിഷപ്പ് പാംപ്ലാനിയെ തള്ളുമ്പോൾ

300 രൂപ കിട്ടിയാൽ റബർ കർഷകരുടെ പ്രശ്‌നം തീരുമോ? കർഷകരെന്നാൽ റബർ കർഷകർ മാത്രമല്ല;300 രൂപയ്ക്ക് മുഴുവൻ കർഷകരുടെയും ആത്മാഭിമാനം പണയം വച്ചു; കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശവും പരിശോധിക്കണം; മുഖ്യമന്ത്രിക്ക് പിന്നാലെ അങ്കമാലി അതിരൂപത മുഖപത്രവും ബിഷപ്പ് പാംപ്ലാനിയെ തള്ളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി അനുകൂല പരാമർം നടത്തിയ തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ തള്ളി എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. ബിജെപിക്ക് മലയോര ജനത എംപിയെ നൽകിയാൽ എല്ലാത്തിനും പരിഹാരമുണ്ടാകും എന്ന് പറയുന്നത് ബാലിശമാണ്.ഇറക്കുമതി ഉദാര നയങ്ങൾക്കെതിരെ കഴിഞ്ഞ 9 വർഷമായി ഒന്നും ചെയ്യാത്തവരാണ് കേന്ദ്ര സർക്കാർ. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് ചർച്ചയായത്. എന്തുകൊണ്ട് ഇതുവരെ പ്രസ്താവന പിൻവലിച്ചില്ലെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. പരാജയപ്പെട്ട പ്രസ്താവന എന്ന തലക്കെട്ടിലാണ് പാംപ്ലാനിയെ തള്ളി രൂപത തന്നെ മുഖപ്രസംഗം തയ്യാറാക്കുന്നത്.

കർഷകരുടെ ആത്മാഭിമാനത്തെ 300 രൂപയ്ക്ക് ബിഷപ് പണയം വച്ചെന്നാണ് സത്യദീപത്തിലെ പ്രധാനവിമർശനം.കർഷകർ എന്നുപറഞ്ഞാൽ അത് റബ്ബർ കർഷകർ മാത്രമല്ലെന്നും വിലപറഞ്ഞ് വോട്ട് ഉറപ്പിക്കുന്നതിനെ ന്യായീകരിക്കരുതെന്നും സത്യദീപം ചൂണ്ടിക്കാട്ടി. കർഷകർക്കുവേണ്ടി എന്ന നിലയിൽ ബിഷപ് നടത്തിയ ഈ രാഷ്ട്രീയ പ്രസ്താവന, യഥാർഥത്തിൽ അവർക്ക് പ്രതികൂലമായി പരിണമിച്ചുവെന്നാണ് സത്യദീപത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നത്. കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശ്യവും പരിശോധിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.ബഫർ സോൺ, വന്യമൃഗശല്യം, താങ്ങാകാത്ത താങ്ങുവില തുടങ്ങിയ വിഷയങ്ങളിൽ എല്ലാം സർക്കാരിന്റെ അവഗണന കർഷകർ സഹിക്കുന്നുണ്ടെന്നും സത്യദീപം വിമർശിച്ചു.

റബ്ബറിന്റെ വില മുന്നൂറ് രൂപയാക്കിയാൽ പോലും ഇന്ധനവില ജീവിതം ദുരിതമാക്കുകയാണ്. റബ്ബർ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാമെന്ന ചിന്ത ആരുടെ ബുദ്ധിയാണ് ഉത്തരേന്ത്യയിലെ ക്രൈസ്തവർക്കെതിരെയുള്ള ആർഎസ്എസിന്റെ അതിക്രമങ്ങൾ എങ്ങനെയാണ് മറക്കാനാകുകയെന്നും സത്യദീപം ചോദിച്ചു.കർഷകരുടെ പ്രശ്നങ്ങൾ കേവലം റബർ കർഷകരുടെ പ്രശ്നങ്ങൾ മാത്രമായി ലളിതവത്കരിക്കാനാണ് ബിഷപ്പ് ശ്രമിച്ചതെന്ന് പറഞ്ഞാണ് 'പരാജയപ്പെട്ട പ്രസ്താവന' എന്ന തലക്കെട്ടിലെ മുഖപ്രസംഗം ആരംഭിക്കുന്നത്. കർഷകരുടെ പ്രശ്നങ്ങൾ പ്രദേശികമായി ഓരോ ഇടങ്ങളിലും വ്യത്യസ്തമാണ്.ഇടുക്കിയിലെ പ്രശ്നമല്ല മലബാറിലെ കർഷകരുടെ പ്രശ്നം.ബിഷപ്പിന്റെ പ്രസ്താവന വെറും രാഷ്ട്രീയ പ്രസ്താവന മാത്രമായിപോയെന്നും മുഖപ്രസംഗം പറയുന്നു.

'കാർഷിക അവഗണനയെന്ന ഗുരുതര പ്രശ്‌നത്തെ വല്ലാതെ ലളിതവൽക്കരിച്ച പ്രസ്താവനയായി അത് ചെറുതായിപ്പോയി. അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായി പ്രതികരിക്കണം എന്ന കാര്യത്തിൽ സംശയമില്ല. വോട്ടായി മാറുന്ന പ്രതിഷേധത്തിനും ജനാധിപത്യത്തിൽ മൂല്യമുണ്ട്. കർഷകർ എന്നാൽ റബർ കർഷകർ മാത്രമാണെന്ന രീതിയിലും, വില മുന്നൂറിലെത്തിയാൽ അവരുടെ സകല പ്രശ്‌നങ്ങളും തീരും എന്ന മട്ടിലും വ്യാഖ്യാനിക്കാനിട നൽകുന്ന വിധത്തിൽ പല മുനകളുള്ള, കാർഷിക പ്രശ്‌നങ്ങളെ അപകടകരമായി ലഘൂകരിച്ച ഈ പ്രസ്താവന, കേരളത്തിലെ കർഷകരെ ശരിയായ വിധത്തിൽ പ്രതിനിധീകരിക്കുന്നതിൽ അതിദയനീയമായി പരാജയപ്പെട്ടുവെന്നതാണ് വാസ്തവം.

കർഷകരുടെ വ്യത്യസ്തമായ പ്രശ്‌നങ്ങൾക്ക് പ്രാദേശിക ഭേദമുണ്ടെന്ന അടിസ്ഥാന വസ്തുതയെ ഈ പ്രസ്താവന നിർദയം നിരാകരിക്കുകയാണ്. മലബാറിലെ കാർഷിക വെല്ലുവിളികളല്ല, ഇടുക്കി മലയോര നിവാസികളുടേത്. കുട്ടനാട്ടിൽ കാര്യങ്ങൾ പിന്നെയും വ്യത്യസ്തമാണ്.' മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.''ആസിയാൻ കരാർ കുരുക്കൊരുക്കുന്ന ഇറക്കുമതിയുടെ ഉദാരനയങ്ങൾ കർഷകർക്ക് പൊതുവിലും റബർ കർഷകർക്ക് പ്രത്യേകിച്ചും ദുരിത പരമ്പരകൾ സമ്മാനിക്കുമ്പോൾ, കഴിഞ്ഞ ഒൻപതു വർഷമായി അതിനെതിരെ യാതൊന്നും ചെയ്യാത്ത കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിക്ക് മലയോര ജനത എംപിയെ നൽകിയാൽ എല്ലാം പരിഹൃതമാകും എന്ന ധാരണ എത്ര ബാലിശമാണ്. കൃഷിയുടെ കുത്തകവൽക്കരണം കാർഷിക നയമായി സ്വീകരിച്ച കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ ഒരു വർഷം നീണ്ട കർഷക സമരത്തെക്കുറിച്ച് ആ വേദിയിൽ പിതാവിനെ ആരും ഓർമപ്പെടുത്താഞ്ഞത് കഷ്ടമായിപ്പോയി.

ബഫർസോൺ, വന്യമൃഗശല്യം, താങ്ങാനാകാത്ത താങ്ങുവില തുടങ്ങി സർക്കാർ അവഗണനയുടെ അനവധി അനുഭവങ്ങൾ കർഷകലക്ഷങ്ങളുടെ ദുരിതപ്പെരുക്കത്തെ അനിവാര്യമാക്കുമ്പോൾ, റബർ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാം എന്ന ചിന്ത ആരുടെ ബുദ്ധിയാണ്'മുഖപ്രസംഗം ചോദിക്കുന്നു.''റബറിന്റെ വിലയിടിവല്ല, റബർ പോലെ വലിയുന്ന ഉത്തരവാദിത്തപ്പെട്ടവരുടെ ഇത്തരം നിലപാടുകളാണ് കർഷക ദുരിതങ്ങവുടെ അടിയന്തരപ്രശ്‌നമെന്ന് സമ്മതിക്കാമോ പ്രസ്താവനയുടെ രാഷ്ട്രീയം മാത്രം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുവെങ്കിൽ, അതിന് അവസരമൊരുക്കിയ രാഷ്ട്രീയ പ്രസ്താവന ഇനിയും പിൻവലിക്കാത്തതെന്ത് നാളിതുവരെയും കെസിബിസിയും മെത്രാൻ സിനഡും കർഷകരക്ഷയ്ക്കായി നടത്തിയ പോരാട്ടശ്രമങ്ങളെയൊക്കെയും ഒറ്റയടിക്ക് റദ്ദ് ചെയ്ത ഈ പ്രസ്താവനാ ദുരന്തം ഇനിയെങ്കിലും തിരുത്തുമോ'.

''വോട്ടവകാശം വ്യക്തിപരമാണെന്നും അതിന്മേലുള്ള ഏതൊരു ബാഹ്യ ഇടപെടലും അവകാശ പ്രഖ്യാപനവും ജനാധിപത്യ വിരുദ്ധമാണെന്നതും മറക്കാമോ രണ്ടു വർഷം മുൻപു നടന്ന ദുരന്തമാകയാൽ വെള്ളം കിട്ടാതെ തലോജ സെൻട്രൽ ജയിലിൽ തൊണ്ട പൊട്ടിത്തീർത്ത സ്റ്റാൻസ്വാമിയെ മറക്കാം. പക്ഷേ, ആയിരത്തോളം ക്രൈസ്തവർ ആർഎസ്എസ് ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടേണ്ടി വന്ന നാരായൺപുർ സംഭവത്തെ ഇത്രവേഗം മറന്നുപോകുന്നതെങ്ങനെയാണ് കർഷകര സമരം തീർപ്പാക്കിയ വേളയിൽ നൽകപ്പെട്ട സർക്കാർ വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ല.' മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

കർഷകരുടെ പ്രധാന പ്രശ്നങ്ങളെ മുഖവിലക്കെടുക്കാത്ത ഗവൺമെന്റാണ് ഇന്ത്യ ഭരിക്കുന്നതെന്നും സത്യദീപം പറയുന്നു.ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല നിലപാടിനെതിരെ കേരളത്തിലെ ഇടത്,വലത് മുന്നണികൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ബിഷപ്പിന്റെ പ്രസ്താവനയെ പരോക്ഷമായി വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP