Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യത്തെ പ്ലാസ്റ്റർ നീക്കിയപ്പോൾ നീര് കുറഞ്ഞില്ല, വേദനയുമുണ്ട്; കെ കെ രമയുടെ കൈയിൽ വീണ്ടും പ്ലാസ്റ്ററിട്ടു; തന്റേതെന്ന പേരിൽ പ്രചരിച്ച എക്‌സറേ വ്യാജമെന്ന് എംഎൽഎ

ആദ്യത്തെ പ്ലാസ്റ്റർ നീക്കിയപ്പോൾ നീര് കുറഞ്ഞില്ല, വേദനയുമുണ്ട്; കെ കെ രമയുടെ കൈയിൽ വീണ്ടും പ്ലാസ്റ്ററിട്ടു; തന്റേതെന്ന പേരിൽ പ്രചരിച്ച എക്‌സറേ വ്യാജമെന്ന് എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കൈക്ക് പരിക്കേറ്റ കെ കെ രമ എംഎൽഎ വീണ്ടും പ്ലാസ്റ്ററിട്ടു. ഒരാഴ്ച കൂടി കൈയിൽ പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് പഴയത് മാറ്റി പുതിയ പ്ലാസ്റ്ററിട്ടെന്ന് കെ.കെ രമ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മൂന്നുദിവസത്തിന് ശേഷം വരാൻ ഡോക്ടർ പറഞ്ഞിരുന്നു. ആദ്യത്തെ പ്ലാസ്റ്റർ നീക്കിയപ്പോൾ നീര് കുറഞ്ഞില്ല. വേദനയുമുണ്ട്. കൈ ഇളകാതെ സൂക്ഷിക്കണമെന്നും തുടർചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്തദിവസം തന്നെ എം.ആർ.ഐ സ്‌കാൻ ചെയ്ത് ഡോക്ടറെ കാണാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

അതേസമയം, കെ കെ രമയുടെ കൈക്ക് പരിക്കേറ്റതിന്റെ പേരിലെ പോര് അവസാനിക്കുന്നില്ല. തന്റേതെന്ന പേരിൽ പ്രചരിച്ച എക്‌സറേ വ്യാജമെന്ന് കെ കെ രമ എംഎൽഎ. പറഞ്ഞു. ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. കൈയുടെ എക്‌സറേ വ്യാജമാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതായി എംഎൽഎ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് രമയുടെ എക്‌സറേയല്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. പേര് അടക്കമുള്ള വിവരങ്ങൾ കൂട്ടിച്ചേർത്തത് ആണെന്നും ഡോക്ടർ അറിയിച്ചു. കയ്യിന്റെ ലിഗ്മെന്റിന് പരുക്കുണ്ട്. എത്രത്തോളം പരുക്ക് ഉണ്ടെന്നറിയാൻ എംആർഐ സ്‌കാൻ എടുക്കണം. അതുവരെ പ്ലാസ്റ്റർ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്. സ്‌കാനിങിന് ശേഷം തുടർ ചികിത്സ തീരുമാനിക്കാമെന്നാണ് ഡോക്ടർ അറിയിച്ചതെന്നും രമ വ്യക്തമാക്കി.

കെ കെ രമയുടെ കയ്യിന്റെ പരുക്ക് വ്യാജമാണെന്ന് പറഞ്ഞ് സച്ചിൻദേവ് എംഎൽഎ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. വ്യാജ പ്രചാരണം നടത്തിയതിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ സ്പീക്കർക്കും സൈബർ പൊലീസിനും പരാതി നൽകിയിരുന്നു. സച്ചിൻ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരായ സൈബർ ആക്രമണിത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി. പല സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചേർത്ത് വ്യാജവാർത്ത നിർമ്മിച്ച് അപമാനിക്കാൻ സച്ചിൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. രമയുടെ കൈക്ക് പൊട്ടലില്ലെന്ന വിവരം പുറത്തുവന്നെന്ന് പറഞ്ഞ് സച്ചിനെയും സൈബർ പ്രചാരണത്തെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പിന്തുണച്ചിരുന്നു. പരിക്കില്ലാതെയാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ ആരോഗ്യവകുപ്പാണ് മറുപടി പറയേണ്ടതെന്ന് രമ തിരിച്ചടിച്ചിരുന്നു. ഡോക്ടർ എക്‌സറേ പരിശോധിച്ചാണ് പ്ലാസ്റ്ററിട്ടത്. ഇത് ചെയ്തത് പരസ്യമായിട്ടാണെന്നും കെ കെ രമ വിശദീകരിച്ചു. ഏത് ആധികാരികതയുടെ വെളിച്ചത്തിലാണ് പൊട്ടലില്ലെന്ന് പറഞ്ഞതെന്നും കെ കെ രമ ചോദിച്ചിരുന്നു.

നിയമസഭയിൽ നടന്ന സംഘർഷത്തിൽ കെ.കെ.രമയുടെ കയ്യിൽ പൊട്ടൽ സംഭവിച്ചിട്ടില്ലെന്ന കാര്യം പുറത്തുവന്നു കഴിഞ്ഞെന്നും കളവു പറയുന്നതു ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP