Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടുലക്ഷം രൂപവരെ വിലയുള്ള ഇരുചക്ര വാഹനങ്ങൾക്ക് രണ്ട് ശതമാനം നികുതി ഉയരും; അഞ്ചുലക്ഷം വരെ വിലയുള്ള കാറുകൾക്ക് ഒരു ശതമാനം നികുതി വർധന; ഏപിൽ ഒന്നു മുതൽ വാഹനങ്ങൾക്കെല്ലാം വില കൂടും

രണ്ടുലക്ഷം രൂപവരെ വിലയുള്ള ഇരുചക്ര വാഹനങ്ങൾക്ക് രണ്ട് ശതമാനം നികുതി ഉയരും; അഞ്ചുലക്ഷം വരെ വിലയുള്ള കാറുകൾക്ക് ഒരു ശതമാനം നികുതി വർധന; ഏപിൽ ഒന്നു മുതൽ വാഹനങ്ങൾക്കെല്ലാം വില കൂടും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്നുമുതൽ മോട്ടോർ വാഹന വില ഉയരും. ധനകാര്യ ബിൽ അംഗീകരിച്ച് ബജറ്റ് പാസായതോടെയാണ് വാഹന വില വർധിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കുമെല്ലാം വർധന ബാധകമാവും. രണ്ടു ലക്ഷം രൂപവരെ വിലയുള്ള ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ ഒറ്റത്തവണ നികുതി രണ്ടു ശതമാനം കൂടും. 2000 മുതൽ നാലായിരം രൂപ വരെ വില കൂടും. അഞ്ചു ലക്ഷം വരെ വിലയുള്ള കാറുകൾക്ക് ഒരു ശതമാനമാണ് നികുതി വർധന.

അഞ്ചുമുതൽ 15 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾക്ക് രണ്ടുശതമാനവും നികുതി കൂട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതാണ് ഈ വിഭാഗത്തിലുള്ളവ. കൂടാതെ, 15-20 ലക്ഷം രൂപ വിലയുള്ളവ, 20-30 ലക്ഷം രൂപ വിലയുള്ളവ, 30 ലക്ഷത്തിനു മുകളിൽ വിലയുള്ളവ എന്നിങ്ങനെ തിരിച്ച് ഒരു ശതമാനം വീതം നികുതി കൂട്ടി. ഈ നികുതി വർധനയിലൂടെ 432 കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

മറ്റു നിരക്കുകളുടെ വർധന:

രജിസ്ട്രേഷൻ സമയത്ത് ഈടാക്കാറുള്ള റോഡ് സേഫ്റ്റി സെസ്സ് കൂടും. ഇരുചക്ര വാഹനങ്ങൾക്ക് 50 രൂപയുള്ളത് നൂറായി. കാറുകൾക്ക് നൂറുള്ളത് 200 രൂപയായി. ഇടത്തരം മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയുള്ളത് 300 ആക്കി. ഭാരവാഹനങ്ങൾക്ക് 250 രൂപയുള്ളത് 500 ആയും വർധിച്ചു. വാണിജ്യ, വ്യവസായ യൂണിറ്റുകൾക്കുള്ള വൈദ്യുതിത്തീരുവ അഞ്ചുശതമാനം വർധിച്ചു.

തദ്ദേശ സ്ഥാപനങ്ങൾക്ക് ഈടാക്കാവുന്ന കെട്ടിടനികുതി, അപേക്ഷാഫീസ്, പരിശോധനാഫീസ്, ഗാർഹിക-ഗാർഹികേതര കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പെർമിറ്റ് ഫീസ് എന്നിവ കൂട്ടും. കെട്ടിടനികുതി വർഷത്തിൽ അഞ്ചുശതമാനം കൂട്ടാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും പെർമിറ്റ് ഫീസ് ഉൾപ്പെടെയുള്ള നിരക്കുകൾ വ്യക്തമാക്കി തദ്ദേശ വകുപ്പ് പ്രത്യേക ഉത്തരവിറക്കും.

കെട്ടിടനികുതി അടയ്ക്കാതിരുന്നാലുള്ള പിഴ ഒരു ശതമാനമുള്ളത് രണ്ടു ശതമാനമായി. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിടനമ്പർ ലഭിച്ച് ആറു മാസത്തിനുള്ളിൽ കൈമാറ്റം ചെയ്യുന്ന ഫ്‌ളാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കുമുള്ള മുദ്രവില അഞ്ചു ശതമാനമുള്ളത് ഏഴായി. അൺ എയ്ഡഡ് സ്ഥാപനങ്ങൾ, അവയ്ക്കുകീഴിലെ ഹോസ്റ്റൽ കെട്ടിടങ്ങൾ എന്നിവയെ ഇളവിൽനിന്നൊഴിവാക്കിയതിനാൽ ഇനി കെട്ടിടനികുതി നൽകണം. പണയാധാരം രജിസ്റ്റർ ചെയ്യാനും (ഗഹാൻ) ഒഴിവുകുറികൾക്കും 100 രൂപ രജിസ്ട്രേഷൻ ഫീസ്.

ഇളവുകൾ

*പുതുതായി വാങ്ങുന്ന ഇ-വാഹനങ്ങൾക്കുള്ള നികുതി 20 ശതമാനമുള്ളത് അഞ്ചാവും. സ്വകാര്യ ഇ-വാഹനങ്ങളെപ്പോലെ ഇ-ടാക്‌സികൾക്കും വിലയുടെ അഞ്ചു ശതമാനം നികുതിയടച്ചാൽ മതി.

* ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്വകാര്യ സ്‌കൂൾ വാഹനങ്ങളുടെ നികുതി മൂന്നു മാസത്തേക്ക് 5500 രൂപയുള്ളത് ആയിരമാക്കി.

* ജീവകാരുണ്യ സംഘടനകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുടെ വാഹനങ്ങൾക്കുള്ള നികുതി സർക്കാർ സ്‌കൂളിന്റേതിനു സമാനമാക്കി.

* കോവിഡ് പ്രതിസന്ധിയിലായ സ്വകാര്യബസ്, കോൺട്രാക്റ്റ് കാര്യേജ് വാഹനങ്ങൾക്ക് ത്രൈമാസ നികുതിയിൽ 10 ശതമാനം ഇളവ്. ഇതോടെ, 2500- 3500 രൂപയുടെ കുറവുണ്ടാകും.

* 60 ചതുരശ്രമീറ്ററിൽ താഴെയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് കെട്ടിടനികുതിയില്ല.

* വാങ്ങിയ ഭൂമി മൂന്നും ആറും മാസത്തിനുള്ളിൽ വീണ്ടും വിൽക്കുമ്പോഴുള്ള അധിക സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP