Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും ഇ.ഡി അന്വേഷണം; സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫിസർ സന്തോഷ് കുറിപ്പിന്റെ മൊഴിയെടുത്തു; പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധികൾക്കും ഇ.ഡി നോട്ടീസ്; സ്വപ്‌ന മുൻപ് ആരോപിച്ചത് സ്‌പേസ് പാർക്കിൽ തന്നെ നിയമിച്ചത് കമ്മീഷൻ വിലപേശലിനെന്ന്; ഇ ഡി നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ടോ?

സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും ഇ.ഡി അന്വേഷണം; സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫിസർ സന്തോഷ് കുറിപ്പിന്റെ മൊഴിയെടുത്തു; പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധികൾക്കും ഇ.ഡി നോട്ടീസ്; സ്വപ്‌ന മുൻപ് ആരോപിച്ചത് സ്‌പേസ് പാർക്കിൽ തന്നെ നിയമിച്ചത് കമ്മീഷൻ വിലപേശലിനെന്ന്; ഇ ഡി നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ടോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും ഇ.ഡി അന്വേഷണം. സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫിസർ സന്തോഷ് കുറിപ്പിന്റെ മൊഴിയും ഇ.ഡി രേഖപ്പെടുത്തി. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധികൾക്കും ഇ.ഡി നോട്ടീസ് അയച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ അന്വേഷണം മുറുകുമ്പോൾ തന്നെയാണ് സ്വപ്‌നയുടെ നിയമനത്തെ കുറിച്ചും അന്വേഷണം നടക്കുന്നത്. സ്വപ്‌നക്ക് ജോലി തരപ്പെടുത്തി കൊടുത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എം ശിവശങ്കറാണ് സ്വപ്‌നക്കായി ജോലി തരപ്പെടുത്തി കൊടുത്തിരുന്നത്.

നേരത്തെസ്‌പേസ് പാർക്കിലെ തന്റെ നിയമനം കമ്മീഷൻ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണാ വിജയൻ ശിവശങ്കർ എന്നിവർ ചേർന്ന് ചർച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നൽകിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചിരുന്നു. ഇതിലേക്കാണ് അന്വേഷണം നീളുന്നത്. കോടതിയിൽ നൽകിയ 164 മൊഴിയിൽ മുഖ്യമന്ത്രിയെ ഏതെല്ലാം രീതിയിലാണ് താൻ സഹായിച്ചതെന്ന് സ്വപ്‌ന മുമ്പ് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും സഹായിച്ചതെന്നാണ് സ്വപ്‌ന പറഞ്ഞത്.

സ്വപ്‌ന മുമ്പ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്:

കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ അമേരിക്കൽ കമ്പനിയായ സ്പ്രിംങ്ക്‌ളറിന് വിൽപ്പന നടത്തിയെന്ന കാര്യം ശിവശങ്കറാണ് എന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളിൽ ഇടനില നിന്നത് ശിവശങ്കറാണ്. വീട്ടിൽ വരുമ്പോഴാണ് എന്നോട് ശിവശങ്കർ ഇക്കാര്യങ്ങൾ പറഞ്ഞത്. ഇഡിയുടെ കയ്യിൽ ഇക്കാര്യങ്ങളിൽ തെളിവുകളുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ചർച്ചകളുടെ തെളിവുകൾ , കെ റെയിൽ, സ്പ്രിംങ്ക്‌ളർ രേഖകൾ, വാട്‌സ് ആപ്പ് ചാറ്റുകൾ അടക്കം ഇഡിക്ക് തെളിവായി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും ഇടപെട്ടത്, മകൾക്ക് വേണ്ടി നടത്തിയ ഇടപെടൽ, അന്നത്തെ സ്പീക്കറുടെ ഇടപെടൽ അടക്കമുള്ള തെളിവുകൾ ഇഡിയുടേയും എൻഐഎയുടേയും കൈവശമുണ്ട്.

ശവശങ്കറിൽ നിന്നാണ് ഞാൻ പല വിവരങ്ങളും അറിഞ്ഞത്. കൺസൾട്ടൻസി സ്ഥാപനങ്ങളെയാണ് ഇവർ പല പ്രൊജക്ടുകൾക്കും കൊണ്ടുവരുന്നത്. അതിൽ സംസ്ഥാനത്തിന് പുറത്തുള്ളതും രാജ്യത്തിന് പുറത്തുള്ളതുമുണ്ട്. അതിൽ നിന്നും ലഭിക്കുന്ന കമ്മീഷനാണ് ഇവർക്കുള്ള ലാഭം. അത് പലതും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണ് ചെയ്തത്. സ്‌പേസ് പാർക്കിൽ എന്നെ നിയമിച്ചതും കമ്മീഷൻ ഇടപാടുകൾക്ക് വേണ്ടിയാണ്. കമ്മീഷൻ വിലപേശലുകൾ നടത്തിയിരുന്നത് ഞാനാണ്. എന്റെ വിദ്യാഭ്യാസ യോഗ്യത മതിയാവില്ലെന്ന് പറഞ്ഞതോടെ, മുഖ്യമന്ത്രിയും മകൾ വീണയും ശിവശങ്കറും ചേർന്ന് കെപിഎംജിക്ക് പ്രൊജക്ട് നൽകില്ലെന്ന് തീരുമാനിക്കുകയും പിന്നീട് സിഡ്ബ്ല്യൂസിക്ക് നൽകുകയുമായിരുന്നു. എനിക്ക് ഇവിടെ ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. മുഖ്യമന്ത്രിയുടെയും മകൾ വീണയുടേയും അറിവോടെയാണ് എന്നെ കമ്പനികളുമായുള്ള വിലപേശലിനായി നിയമിച്ചത്. ഇതിനെല്ലാം ശിവശങ്കറുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് തെളിവുണ്ട്. മുഖ്യമന്ത്രി പിഎയുടെ ഫോണിലാണ് ശിവശങ്കറുമായി ചർച്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ഇഡിക്ക് നൽകിയിട്ടുണ്ട്.

അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പദ്ധതിയുടെ മുൻ സിഇഒ യു.വി.ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നും ചോദ്യം ചെയ്യുന്നുണ്ട്. ജോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി മാപ്പു സാക്ഷിയാക്കുന്ന് ഇഡിയുടെ പരിഗണനയിലാണ്. ജോസിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനാണ് നീക്കം.

ലൈഫ് മിഷൻ കോഴക്കേസിൽ മുൻ സിഇഒ. യു.വി.ജോസിനെതിരെ കുരുക്ക് മുറുകുകയാണ്. അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോസിനെ പ്രതിയാക്കാനുള്ള ആലോചന. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ യൂണിടാക്കിന് നൽകിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പൻ പറയുന്നു. മാപ്പു സാക്ഷിയാകാൻ സന്തോഷ് ഈപ്പനും തയ്യാറാണെന്നാണ് സൂചന.

യുഎഇ സംഘടനയായ റെഡ് ക്രെസന്റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ കമ്പനിയായ യൂണിടാക് പദ്ധതിയുടെ നിർമ്മാണക്കരാർ നേടിയതെന്നാണ് ഇഡിയുടെ കേസ്. കസ്റ്റഡിയിലുള്ള ഈപ്പനെയും യു.വി.ജോസിനെയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്യും. ഇന്നലെ ഒൻപത് മണിക്കൂറിലധികം ചോദ്യംചെയ്താണ് യു.വി.ജോസിനെ വിട്ടയച്ചത്. ഈപ്പൻ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയിൽ തുടരും. നിലവിലെ സാഹചര്യത്തിൽ ജോസിനെ മാപ്പുസാക്ഷിയാക്കിയാൽ കേസ് അട്ടിമറിക്കപ്പെടുമോ എ്ന്നതും ഇഡി പരിശോധിക്കുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി ഒൻപതുകോടിയോളം രൂപ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ കൈക്കൂലി നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. നിലവിൽ നാലരക്കോടിയുടെ കോഴിയിടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിൽ ഒരു പങ്ക് മറ്റു ചിലർക്കും കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും സംശയ നിഴലിലാണ്. രവീന്ദ്രനെ തുടർന്നും ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായാണ് യുവി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. രവീന്ദ്രനിലൂടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റ് ചിലരിലേക്കും അന്വേഷണം എത്തിയേക്കും.

സന്തോഷ് ഈപ്പനെ യുവി ജോസിന് പരിചയപ്പെടുത്തിയത് എം ശിവശങ്കറാണെന്ന് കഴിഞ്ഞ ദിവസം യു വി ജോസ് മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ എത്തിച്ച് നൽകിയത്. ഈ കള്ളപ്പണ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്.

യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് അടക്കമുള്ളവർക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും വ്യക്തമായിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ കരാർ നൽകിയത് മുഖ്യമന്ത്രിയുടെ പൂർണ്ണ അറിവോടെ എന്നാണ് യുവി ജോസ് നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് കരാർ നൽകിയതെന്നും മുൻ എംഎൽഎ അനിൽ അക്കരെ ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP