Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോളേജിലേക്ക് പോകുമ്പോൾ പാൽ വിറ്റുകിട്ടിയ നാണയത്തുട്ടുകളും കുറച്ച് മുഷിഞ്ഞ നോട്ടുകളും കൈയിൽ വെച്ചുതരും; ആ നാണയങ്ങൾ പോക്കറ്റിൽ കിലുങ്ങുമ്പോൾ അമ്മയെ ഓർക്കും; മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയുടെ ഓർമകളിൽ ബ്രിട്ടാസ്

കോളേജിലേക്ക് പോകുമ്പോൾ പാൽ വിറ്റുകിട്ടിയ നാണയത്തുട്ടുകളും കുറച്ച് മുഷിഞ്ഞ നോട്ടുകളും കൈയിൽ വെച്ചുതരും; ആ നാണയങ്ങൾ പോക്കറ്റിൽ കിലുങ്ങുമ്പോൾ അമ്മയെ ഓർക്കും; മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയുടെ ഓർമകളിൽ ബ്രിട്ടാസ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ജീവിതത്തിൽ അമ്മയുടെ കൂട്ടില്ലാതെ പോകുന്നത് ഓർക്കാനാവാത്ത സങ്കടമാണ്. എങ്കിലും ആ കൂട്ടില്ലാതെ പോകുമോ എന്ന ഭയം പലരെയും വേട്ടയാടും. രാജ്യസഭാ എംപിയും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന്റെ മാതാവ് അന്നമ്മ പുലിക്കുരുമ്പ (95) അന്തരിച്ചത് ഇന്ന് പുലർച്ചെയാണ്. അമ്മയെ അനുസ്മരിച്ച് ബ്രിട്ടാസ് കുറിച്ചത്, കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി എന്നാണ്.

2013 ൽ എഴുതിയ 'ദൈവം എന്നെ തൊടുന്ന പോലെ' എന്ന ലേഖനത്തിൽ ബ്രിട്ടാസ് ഇത് മറ്റൊരു രീതിയിൽ കുറിച്ചിട്ടുണ്ട്. അമ്മയുടെ മരണമായിരിക്കും അമ്മയുടെ കൂട്ടില്ലാതെ നമ്മൾ അനുഭവിക്കുന്ന ആദ്യത്തെ ദുരന്തവും. അത്തരമൊരു ദുരന്തം ഉണ്ടാകരുതേ എന്നായിരിക്കും ആരുടെയും പ്രാർത്ഥന.

'ജീവിച്ചിരിക്കുമ്പോൾ അമ്മയെ സ്മരിക്കണമെന്നത് എന്റെ അടങ്ങാത്ത ആഗ്രഹമാണ്. മരിക്കുമ്പോൾ മഹത്തരമായ കാര്യങ്ങൾ പറയുന്നതിനെക്കാൾ എത്രയോ ദേദമാണ് ജീവിച്ചിരിക്കുമ്പോൾ ഓർമ്മകൾക്ക് അലകും പിടിയും സമ്മാനിക്കുന്നത്. അമ്മയെക്കുറിച്ച് ചിന്തിക്കുമ്പോൾതന്നെ എന്റെ ഇടനെഞ്ചിലൊരു വിങ്ങലാണ്. കത്തിത്തീരുന്ന മെഴുകുതിരിയുടെ രൂപം മനസ്സിലേക്ക് വരും. ജീവിതത്തിൽ കാര്യമായ സുഖസൗകര്യങ്ങൾ അവർ അനുഭവിച്ചിട്ടുണ്ടാവില്ല. അനിവാര്യതയിലേക്ക് പ്രയാണം ചെയ്യുമ്പോൾ മക്കൾക്കുവേണ്ടി ഇനിയും എന്തെങ്കിലും ചെയ്യാൻ കഴിയണമേ എന്ന ചിന്ത മാത്രമാണ് എന്റെ അമ്മയ്ക്കുള്ളത്.'

അമ്മയ്ക്ക് നാൽപത് കഴിഞ്ഞപ്പോൾ അച്ഛൻ ഈ ലോകം വിട്ടുപോയി. അതോടെ ഒറ്റയ്ക്കായി ജീവിത തുഴച്ചിൽ. 'പേര് അന്നമ്മ. വളരെ സാധാരണക്കാരിയായ ഒരു സ്ത്രീ. പത്രം വായിക്കാൻ മാത്രമുള്ള അക്ഷരവിദ്യാഭ്യാസം. 40-ാം വയസ്സിൽ വിധവയായി. പറക്കമുറ്റാത്ത ഏഴു മക്കളെ മറുകരയിലെത്തിക്കാൻ അക്ഷീണം അധ്വാനിച്ചു.'

'പ്രത്യേകിച്ച് ആരുടെയും സഹായമൊന്നുമില്ലാതെ ഒറ്റയ്ക്കാണ് അമ്മ തുഴച്ചിലാരംഭിച്ചത്. ഏറെ വൈകി കിടന്നുറങ്ങുകയും ഏറ്റവും ആദ്യം എഴുന്നേൽക്കുകയും ചെയ്യുന്നത് അമ്മയായിരുന്നു. ഒരിക്കലും സൂര്യന് അമ്മയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഗൃഹോപകരണങ്ങളോ യന്ത്രസാമഗ്രികളോ ഇല്ലാത്ത ഒരു കാലഘട്ടത്തിൽ ഏഴ് കുട്ടികളെ വളർത്തി അവരോടൊപ്പം പശുവിനെയും ആടിനെയും കോഴിയെയും പരിപാലിച്ച് കൃഷിയിടങ്ങളിലെ നീരൊഴുക്ക് നിലനിർത്തുക എന്നത് ചെറിയ കാര്യമല്ല. അന്നൊന്നും ഈ കഷ്ടപ്പാടിന്റെ ഏതെങ്കിലുമൊരു ഏട് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.'

'അച്ഛന്റെ വിയോഗം സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെയും നഷ്ടബോധത്തിന്റെയും വിങ്ങലുകൾക്ക് വിരാമം സൃഷ്ടിച്ചത് അമ്മയുടെ ദീപ്തമായ ഇടപെടലുകളായിരുന്നു. തിങ്കളാഴ്ചകളിൽ കോളേജിലേക്ക് പോകുമ്പോൾ പാൽ വിറ്റുകിട്ടിയ നാണയത്തുട്ടുകളും കുറച്ച് മുഷിഞ്ഞ നോട്ടുകളും കൈയിൽ വെച്ചുതരുന്നത് ഇന്നും എനിക്ക് ഓർമയുണ്ട്. ആ നാണയങ്ങളുടെ മൂല്യം വിലമതിക്കാൻ കഴിയാത്തതായിരുന്നു. പോക്കറ്റിൽ കിലുങ്ങുമ്പോൾ അവ സൃഷ്ടിക്കുന്ന സുരക്ഷിതബോധവും മനസ്സിലേക്കു പ്രസരിക്കുന്ന സ്നേഹത്തിന്റെ ഊഷ്മളതയും ഇന്നും പലകുറി മനസ്സിലേക്ക് തികട്ടിയെത്താറുണ്ട്.'

അമ്മയുടെ പഴഞ്ചൊല്ലുകൾ

'എന്റെ അമ്മ പറഞ്ഞിട്ടുള്ള പഴഞ്ചൊല്ലുകളൊക്കെ ഞാൻ ഓർത്തുവെക്കാറുണ്ട്. 'ആകാശം മുട്ടെ പറന്നാലും നിലത്തു വന്നേ സമ്മാനമുള്ളൂ' എന്ന അമ്മയുടെ സ്ഥിരം മൊഴിയിൽ ഞാൻ എന്നെ എത്രയോ തവണ നിയന്ത്രിച്ചു നിർത്തിയിരിക്കുന്നു. ജീവിത പ്രയാണത്തിൽ ഉണ്ടാവുന്ന ചില്ലറ നേട്ടങ്ങളിൽപോലും ചിലപ്പോൾ അഹങ്കരിക്കാൻ മുതിരുമ്പോൾ അമ്മയുടെ വാചകം ജാഗ്രതയുടെ കൊളുത്തിടും. അമ്മ നൽകുന്നത് മൂല്യബോധത്തിന്റെ അനന്തമായ തലമാണെന്ന് മാർക്ക് ട്വെയ്ൻ പറഞ്ഞത് വെറുതെയല്ല. സത്യം പറയുന്നവർക്ക് ഒന്നും ഓർമ വെക്കേണ്ട കാര്യമില്ല.'

'കുട്ടികളൊക്കെ ഒരു നിലയ്ക്കെത്തുന്നതുവരെ അമ്മ ഒരു ദിവസംപോലും അസുഖമായി കിടക്കുന്നത് ഞാൻ കണ്ടിട്ടില്ല. കിടന്നാൽ അതോടെ കാര്യങ്ങൾ താളംതെറ്റുമെന്ന് അവർക്കറിയാമായിരിക്കണം. 'താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുള്ളൂ' അമ്മ എടുത്തു പ്രയോഗിക്കുന്ന മറ്റൊരു പഴമൊഴിയാണ്. ഉന്തി മരംകയറ്റിയാൽ കൈവിടുമ്പോൾ താഴെ എന്ന പഴമൊഴിയും ഞങ്ങളെ തുടർച്ചയായി വേട്ടയാടിയിരുന്നു.'

അമ്മയുടെ സമാന്തര ബാങ്ക്

'എനിക്ക് ഓർമവെച്ച നാൾ മുതൽ വീട്ടിൽ പശുവുണ്ടായിരുന്നു. അതിനെ കറക്കുന്നതാകട്ടെ അമ്മയും. കൊടുംമഴയിൽപോലും ചെളി ചവിട്ടി തൊഴുത്തിൽപോയി പശുവിനെ കറന്നുകൊണ്ടുവരും. അതിലൊരു പാതി പുറത്തുകൊടുത്താണ് തന്റെ സമാന്തര ബാങ്ക് അമ്മ പ്രവർത്തിപ്പിച്ചിരുന്നത്. ഏതു പ്രതിസന്ധിഘട്ടത്തിലും അമ്മയ്ക്ക് രക്ഷയായത് ഈ ബാങ്കാണ്. നിർധനരായ പലരും അടുക്കളപ്പുറത്തു വന്നാൽ എന്തെങ്കിലും കൊടുത്ത് അവരുടെ വിശപ്പടക്കും. ചേട്ടത്തിയുടെ കഞ്ഞിവെള്ളം കുടിച്ചാണ് വളർന്നത് എന്ന് അവരിൽ പലരും പറയുമ്പോൾ അഭിമാനം തോന്നും. പണ്ടൊക്കെ അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട കറി ചക്കക്കുരുവും മാങ്ങയുമായിരുന്നു. ഇതിലൊന്നും പ്രത്യേക നൈപുണ്യം ഉണ്ടായിരുന്നതുകൊണ്ടല്ല ഇത് ദിവസേനയെന്നോണം ഉണ്ടാക്കിയിരുന്നത്. അന്ന് യാതൊരു ചെലവുമില്ലാത്ത ചേരുവയായിരുന്നു എന്ന ഒറ്റക്കാരണമായിരുന്നു അതിനുപിന്നിൽ. ഇമിഷ്ടിച്ചു നീങ്ങുന്ന ഒരു കാലഘട്ടത്തിൽ എന്റെ അമ്മയ്ക്ക് തുണയായത് ചക്കക്കുരുവും മാങ്ങയുമായിരുന്നു. ഇതൊക്കെയാണെങ്കിലും അത്താഴം കഴിക്കാതെ ഞങ്ങളെയാരെങ്കിലും അമ്മ ഉറക്കിയിരുന്നില്ല. വൈകീട്ട് എന്തു കഴിച്ചാലും രാത്രി അല്പം ചോറ് കഴിക്കണമെന്ന് അമ്മയ്ക്ക് നിർബന്ധമാണ്. 'അത്താഴപ്പഷ്ണിക്കാരുണ്ടോ എന്ന് ചോദിച്ച് കണ്ണട സഞ്ചി വരും' എന്നു പറഞ്ഞു പേടിപ്പിച്ചാണ് ഞങ്ങളെ രാത്രിഭക്ഷണം കഴിപ്പിച്ചിരുന്നത്. 'കണ്ണട സഞ്ചി' എന്താണെന്ന് അമ്മയ്ക്ക് ഇന്നും പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ വീട്ടിൽ പോയപ്പോഴും ഞാൻ ഈ കാര്യം എടുത്തു ചോദിച്ചു. പിള്ളാരെ പിടിക്കാൻ വരുന്ന ഒരാളിനെയായിരിക്കണം അമ്മ ഉദ്ദേശിച്ചിട്ടുണ്ടാവുക.'

മക്കൾ പറക്കമുറ്റിയാൽ

എന്റെ നിർബന്ധത്തിന് വഴങ്ങി ഏതാനും ദിവസം തിരുവനന്തപുരത്ത് എന്നോടൊപ്പം അമ്മ താമസിച്ചു. പച്ചമണ്ണിൽ ചവുട്ടിയില്ലെങ്കിൽ അമ്മയ്ക്ക് ശ്വാസമെടുക്കാൻ കഴിയില്ലെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ഒരു വിധത്തിൽ നാട്ടിൽ തിരിച്ചെത്തിയ അമ്മയോട് അയൽപക്കത്തുള്ളവർ മകന്റെ കാര്യം ചോദിച്ചു. 'അവനെന്തായാലും പട്ടിണികിടക്കില്ല' അത്യാവശ്യം അടുക്കളയിൽ കയറി പെരുമാറാനുള്ള എന്റെ കഴിവാണ് അമ്മയ്ക്ക് സന്തോഷം പകർന്നത്. എന്റെ ജോലിയുടെ പ്രത്യേകതകളൊന്നു അമ്മയെ സ്വാധീനിച്ചതേയില്ല. എന്റെ അനുജൻ സി.എ. പാസ്സായപ്പോൾ അത് വിശദീകരിച്ചുകൊടുക്കാൻ ശ്രമിച്ചു. 'ഇതിലൊക്കെ എന്തിരിക്കുന്നു, അവൻ സ്വന്തം കാലിൽ നിൽക്കാറായി എന്നു പറഞ്ഞാൽ പോരേ,' ഇത്രയും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പിൻവാങ്ങിയപ്പോൾ ഞാൻ വലിയൊരു തത്ത്വം ഉൾക്കൊള്ളുകയായിരുന്നു. മകൻ പറക്കാറായി എന്നു മാത്രം അറിയുന്നതിലാണ് അമ്മയുടെ താൽപര്യം. അതിനപ്പുറത്തായി അമ്മയുടെ മനസ്സിൽ മറ്റൊന്നുമില്ല.

അമ്മയുടെ സ്പർശമാണ് ദൈവം

'ദൈവത്തിന്റെ ഭൂമിയിലെ സ്പർശമാണ് അമ്മയെന്ന് ഭാവാത്മകമായി പറയുന്നവരുണ്ട്. അമ്മയുടെ സ്പർശമാണ് ദൈവമെന്ന് കരുതുന്നതാണ് ശരി. കെട്ടിവന്ന പെണ്ണുങ്ങൾക്കൊക്കെ പലപ്പോഴും അമ്മയെക്കുറിച്ച് ചില്ലറ പരാതികളും പരിഭവങ്ങളും ഉണ്ടാവുക സ്വാഭാവീകം. ഓരോരുത്തരുടെയും രീതികൾ വെവ്വേറെയാണല്ലോ. എത്ര നല്ല അലമാരിയുണ്ടെങ്കിലും എന്റെ അമ്മ കല്യാണത്തിനു കിട്ടിയ ചെറിയ ഒരു പെട്ടിയിലേ തുണികൾ വെക്കൂ. ഇന്നേവരെ തന്റെ ഒരു തുണിയും ഇസ്തിരിയിടുന്നത് കണ്ടിട്ടില്ല. അലക്കിയുണക്കുന്ന തുണി മടക്കി തലയണക്കീഴിൽ വെചച് പിന്നീട് തന്റെ ഏക സമ്പാദ്യമെന്ന് വിശ്വസിക്കുന്ന പഴയ പെട്ടിയിൽ തിരുകും. ഒരു ചുളിവുമില്ലാതെ അത് അവിടെ എങ്ങനെയിരിക്കുന്നുവെന്ന് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ''ഈ അമ്മച്ചിയുടെ കാര്യം..'' എന്നു പറഞ്ഞ് എന്റെ ഭാര്യ തുടങ്ങുമ്പോൾ ഞാൻ ഇടപെടും. ''അമ്മയെക്കുറിച്ച് മാത്രം നീ ഒന്നും പറയണ്ട. എനിക്കറിയാവുന്ന അമ്മയെ നിങ്ങൾക്കാർക്കുമറിയില്ല.'' ഇനിയെന്തെങ്കിലും പറഞ്ഞാൽ എനിക്ക് സമനില തെറ്റുമെന്നറിഞ്ഞുകൊണ്ട് ഭാര്യ മറ്റൊരു വിഷയത്തിലേക്ക് കടക്കും.

കുഞ്ഞ് ജനിക്കുമ്പോഴാണ് ഒരമ്മയും ജനിക്കുന്നത്. ഒരുപക്ഷേ, കുഞ്ഞിനേക്കാൾ വലിയൊരു സൃഷ്ടിപരത അമ്മയുടെ ജന്മത്തിനുണ്ട്. നമ്മുടെ സുഖദുഃഖങ്ങളിൽ മനസ്സുചാലിക്കുന്ന മറ്റൊരാളുണ്ടാവില്ല'

അമ്മയുടെ വിയോഗത്തെ കുറിച്ച് ബ്രിട്ടാസ് ഫേസ് ബുക്കിൽ ഇന്ന് കുറിച്ചത് ഇങ്ങനെ

കുറിപ്പിന്റെ പൂർണ രൂപം:

ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ അമ്മച്ചി പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.

അന്നമ്മയുടെ സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പുലിക്കുരുമ്പയിൽ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിലാണ്. നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ ) കുടുംബാംഗമാണ്. പരേതനായ പൈലിയുടെ (പാപ്പച്ചൻ) ഭാര്യയാണ്.

മക്കൾ: സണ്ണി, റീത്ത, എ.പി.സെബാസ്റ്റ്യൻ (മുൻ മെമ്പർ നടുവിൽ ഗ്രാമപഞ്ചായത്ത്) റെജി, മാത്യു, ജോൺ ബ്രിട്ടാസ് (രാജ്യസഭാ എംപി) ജിമ്മി. മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ), ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻതൊട്ടി), മിനി ചൂരക്കുന്നേൽ (പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്).

കടപ്പാട്: ഗൃഹലക്ഷ്മി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP