Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി സഹായിച്ചാൽ തിരിച്ചും സഹായിക്കും; ഇപ്പോൾ കർഷകരെ സഹായിക്കാൻ നയം രൂപീകരിക്കാൻ സാധിക്കുന്നത് ബിജെപിക്കാണ്; ആലോചിപ്പ് ഉറപ്പിച്ചാണ് പറഞ്ഞത്, അണുവിട പിന്നോട്ടില്ല; കർഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് പറയുമ്പോൾ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ല; വിമർശനങ്ങളെ സാരമാക്കാതെ നിലപാടിൽ ഉറച്ച് തലശ്ശേരി ആർച്ച് ബിഷപ്പ്

ബിജെപി സഹായിച്ചാൽ തിരിച്ചും സഹായിക്കും; ഇപ്പോൾ കർഷകരെ സഹായിക്കാൻ നയം രൂപീകരിക്കാൻ സാധിക്കുന്നത് ബിജെപിക്കാണ്; ആലോചിപ്പ് ഉറപ്പിച്ചാണ് പറഞ്ഞത്, അണുവിട പിന്നോട്ടില്ല; കർഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് പറയുമ്പോൾ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ല; വിമർശനങ്ങളെ സാരമാക്കാതെ നിലപാടിൽ ഉറച്ച് തലശ്ശേരി ആർച്ച് ബിഷപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കർഷകരുടെ പ്രശ്‌നം ഉയർത്തി താൻ കഴിഞ്ഞ ദിവസം ഉന്നയിച്ച വിഷയത്തിൽ പിന്നോട്ടില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു ബിജെപി അനുകൂല പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ആലോചിപ്പ് ഉറപ്പിച്ചാണ് പറഞ്ഞത്, അണുവിട പിന്നോട്ടില്ല. കർഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് പറയുമ്പോൾ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കിയത്. കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന ജനങ്ങൾ മനസിലാക്കണം. കുടിയേറ്റ ജനതക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

റബറിന്റെ ഇറക്കുമതി തീരുവയിൽ തീരുമാനമുണ്ടാക്കുകയും വില 300 രൂപയാക്കുകയും ചെയ്താൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കാൻ മലയോര ജനത തയാറാവുമെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി ഇന്ന് ആവർത്തിച്ചു. മലയോര കർഷകരുടെ വികാരമാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പ്രകടിപ്പിച്ചത്. ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ നയം രൂപീകരിക്കാൻ സാധിക്കുന്നത് ബിജെപിക്കാണ്. ബിജെപി സഹായിച്ചാൽ തിരിച്ചു സഹായിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.

അതേസമയം, തലശേരി അതിരൂപത ആർച്ചബിഷപ്പിനെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ് രംഗത്തെത്തി. കർഷകരെ അനുഭാവപൂർവം പിന്തുണയ്ക്കുകയും കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാർട്ടിക്ക് പൂർണപിന്തുണ നൽകുമെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. ബിജെപി. ആയാലും കർഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം അർഹിക്കുന്നത്. മാറി മാറി വന്ന കോൺഗ്രസ്, സിപിഎം. ഭരണകൂടങ്ങളിൽനിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

ന്യൂനപക്ഷ വകുപ്പ്, മുഖ്യമന്ത്രി ഏറ്റെടുത്തത് പലതവണയായി ആവശ്യപ്പെട്ടതിനൊടുവിലായിരുന്നു. എന്നാൽ മറ്റെന്തോ സമ്മർദ്ദം കാരണം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരാൾക്ക് കൈമാറി. ഇതിൽ എതിർപ്പുണ്ട്. ഞങ്ങൾക്ക് അത് വലിയൊരു പ്രശ്നമാണ്. കർഷകർ ഒരു വലിയ സംഘടിതശക്തി അല്ലാത്തതുകൊണ്ട് കർഷകരെ ഒരു സർക്കാരിനും വേണ്ട, എല്ലാം നഷ്ടപ്പെട്ട കർഷകനെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് തീരുമാനം എന്നും ബിഷപ്പ് പറഞ്ഞു.

റബ്ബർ ഇറക്കുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും അത് പരിഗണിച്ചില്ല, റബ്ബർ കർഷകന് ആശ്വാസമായിരുന്ന സബ്സിഡി എടുത്ത് മാറ്റി. റബർ ബോർഡിന് എല്ലാ അധികാരങ്ങളും ഇല്ലാതാക്കുന്ന രീതിയിലാണ് സർക്കാർ പ്രവർത്തിച്ചത്. നെല്ലും നാളികേരവും സംഭരിക്കലല്ലാതെ കൃത്യസമയത്ത് അതിന്റെ വില കർഷകന് നൽകാനുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ബിഷപ്പ് പറഞ്ഞു.

പ്രസംഗങ്ങളിലും പുസ്തകങ്ങളിലും കർഷകനെ വാഴ്‌ത്തുന്നവരാണ് ഇരുവിഭാഗം രാഷ്ട്രീയക്കാരും. എന്നാൽ ഇതൊന്നും പ്രാവർത്തികമാവുന്നില്ല. എത്രയോ നെൽക്കർഷകർ സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാട് കൊണ്ട് കൃഷി അവസാനിപ്പിച്ചു. മലയോര മേഖലയുടെ പേടിസ്വപ്നമായ വന്യമൃഗ ആക്രമങ്ങളിൽ പോലും നാളിതുവരെയായി സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. ആനയും കടുവയും എപ്പോൾ കൊല്ലുമെന്ന് കർഷകർ പേടിച്ചിരിക്കുമ്പോൾ ബഫർ സോൺ കൊണ്ടുവന്ന് കർഷകരെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുകയാണ് സർക്കാർ ചെയ്തത്. എത്രയോ സമരങ്ങൾ പാവപ്പെട്ട കർഷകർ ഈ കാലയളവിൽ നടത്തി പക്ഷെ ഒരു പ്രശ്നം പോലും പരിഗണിക്കപ്പെടുകയോ പരിഹരിക്കപ്പെടുകയോ ഉണ്ടായില്ലെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കൂടെ നിൽക്കുന്നവരെ പാർട്ടി നോക്കാതെ പിന്തുണക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ ചെയ്യാനുദ്ദേശിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.

അതിനിടെ കെസിബിസിയുടെ വക്താവ് ഫാദർ ജേക്കബ് ജി പാലക്കാപ്പിള്ളി തലശേരി ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തി. കേരളത്തിലെ റബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ആർച്ച് ബിഷപ്പ് ശ്രമിച്ചത് എന്നാണ് കെസിബിസി വക്താവിന്റെ വിശദീകരണം. 'കേരളത്തിലെ റബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളോട് കേരളാ കോൺഗ്രസും ഇടതു-വലത് മുന്നണികളും ഒരുപോലെ മുഖം തിരിച്ച് നിൽക്കുകയാണ്' ഫാദർ പാലക്കാപ്പിള്ളി പറഞ്ഞു. ഈസ്റ്ററിന് ശേഷം റബർ വില ഉയർത്താൻ പല സമരങ്ങളും സഭ ആലോചിക്കുന്നതായും വക്താവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP