Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫയലുകളിൽ കെട്ടിക്കിടക്കുന്ന 'ജീവിതങ്ങൾക്ക്' യാതൊരു കുറവുമില്ല; ഫയൽ തീർപ്പാക്കൽ യജ്ഞമെല്ലാം വെറും പ്രഹസനമയി; സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് എട്ടു ലക്ഷത്തിലേറെ ഫയലുകൾ; രാപ്പകൽ പണിയെടുത്തെന്ന് ജീവനക്കാരുടെ യൂണിയനുകൾ തള്ളിമറിച്ചത് മാത്രം ബാക്കി

ഫയലുകളിൽ കെട്ടിക്കിടക്കുന്ന 'ജീവിതങ്ങൾക്ക്' യാതൊരു കുറവുമില്ല; ഫയൽ തീർപ്പാക്കൽ യജ്ഞമെല്ലാം വെറും പ്രഹസനമയി; സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് എട്ടു ലക്ഷത്തിലേറെ ഫയലുകൾ; രാപ്പകൽ പണിയെടുത്തെന്ന് ജീവനക്കാരുടെ യൂണിയനുകൾ തള്ളിമറിച്ചത് മാത്രം ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് പറഞ്ഞ് വീണ്ടും ഏഴ് വർഷത്തോളം ആയിട്ടും ഫയൽ നീക്കത്തിന് മാത്രം കാര്യമായ പുരോഗതിയില്ല. സംസ്ഥാന വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പു കൽപ്പിക്കുന്നതിന് സർക്കാർ യജ്ഞം നടത്തിയിട്ടും 45 ശതമാനം ഫയലുകൾ ഇപ്പോഴും ബാക്കിയാണെന്നാണ് കണക്കുകൾ.

മുഖ്യമന്ത്രി തന്നെ സഭയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ടി വി ഇബ്രാഹിം എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഫയൽ നീക്കത്തെ കുറിച്ചു മറുപടി നൽകിയത്. വിവിധ വകുപ്പുകളിലായി ആകെ17,45,294 ഫയലുകളാണ് തീർപ്പുകൽപ്പിക്കാൻ ഉണ്ടായിരുന്നത്. അതിൽ 9,55,671 ഫയലുകൾ തീർപ്പു കൽപ്പിച്ചു. ഏതാണ്ട് 54.76 ശതമാനം ഫയലുകൾ തീർപ്പുകൽപ്പിക്കനായി. 7,89,623 ഫയലുകൾ തീർപ്പു കൽപ്പിക്കാനുണ്ട്.

പിന്നോക്കവിഭാഗ വികസ വകുപ്പ് 30.90 ശതമാനം, പട്ടികജാതി -വർഗം വകുപ്പ് - 32.43, വിവരസാങ്കേതികം- 32.18, പരിസ്ഥിതി- 39, റവന്യൂ-33 ശതമാനം എന്നിങ്ങനെയാണ് ഫയലുകൾ തീർപ്പാക്കിയത്. ഏറ്റവുമധികം ഫയലുകൾ തീർപ്പുകൽപ്പിക്കാനുള്ളത് തദേശ വകുപ്പിലാണ്. 2,51, 769 ഫയലുകൾ നിലവിൽ തീർപ്പുകൽപ്പിക്കാനുണ്ട്. വനം-വന്യജീവി വകുപ്പാണ് രണ്ടാം സ്ഥാനത്ത്. അവിടെ 1,73,478 ഫയലുകൾ തീർപ്പുകൽപ്പിക്കാനുണ്ട്.

ചട്ടങ്ങളുടെ സങ്കീർണത കാരണം ഫയലുകൾ തീർപ്പാക്കുന്നതിന് കാലതാമസമോ തടസമോ ഉണ്ടെങ്കിൽ അവ കണ്ടെത്തി ലഘൂകരിക്കുന്നതിനുള്ള പൊതു നിർദ്ദേശങ്ങൾ നൽകിയിരുന്നു. അവ വകുപ്പുതലത്തിൽ സമാഹരിച്ച് ബന്ധപ്പെട്ട സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയുടെ പരിഗണനക്ക് സമർപ്പിക്കേണ്ടതാണെന്നും, ചീഫ് സെക്രട്ടറി ഇത് മന്ത്രി സഭയുടെ പരിഗണനക്ക് സമർപ്പിക്കേണ്ടതാണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

'ഓരോ ഫയലും ഓരോ ജീവിതമാണ്' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ കേട്ട് കോരിത്തരിക്കാത്ത മലയാളിയില്ല. പിന്നാലെ എത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ വലിയ പ്രതീക്ഷകൾക്ക് വക നൽകി. ചില ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കിയെന്നതും യഥാർത്ഥ്യം. പക്ഷേ അങനെയൊന്നും സർക്കാർ തലത്തിലെ ചുവപ്പ് നാടകൾ വേഗത്തിൽ അഴിയില്ലെന്ന് ഫയലുകളും ജീവിതവും തമ്മിലുള്ള ഇടമുറിയാത്ത ബന്ധം മലയാളിയെ ഓർമ്മപ്പെടുത്തിയ മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് മൂന്നാം സ്ഥാനത്ത്. 44, 437 ഫയലുകളാണ് ആഭ്യന്തര വകുപ്പിൽ കെട്ടി കിടക്കുന്നത്. 41,007 ഫയലുകളാണ് വിദ്യാഭ്യാസ വകുപ്പിലും തീർപ്പ് കൽപ്പിക്കാനായി കാത്ത് കിടക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനം കെട്ടികിടന്ന ഫയലുകളിൽ 55 ശതമാനത്തിൽ മാത്രമാണ് ഇപ്പോഴും തീരുമാനം എടുത്തതെന്ന് എൻ.എ നെല്ലിക്കുന്നിന് നൽകിയ മുഖ്യമന്ത്രിയുടെ മറുപടിയിൽ നിന്ന് വ്യക്തമാണ്.

അതേസമയം കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സർക്കാർ പല പരിപാടികളും ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടും സെക്രട്ടേറിയറ്റിലും ഫയൽ കൂമ്പാരമാണ്. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ, തീർപ്പാക്കാത്ത ഫയലുകളുടെ എണ്ണം വൻതോതിൽ വർധിച്ചിരുന്നു. 2022 ജൂൺ 15 മുതൽ മൂന്നു മാസത്തേക്ക് വീണ്ടും ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തി. സെപ്റ്റംബർ 30 നകം പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം. വകുപ്പു മന്ത്രിമാർക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കുമായിരുന്നു ചുമതല. ചീഫ് സെക്രട്ടറിക്കായിരുന്നു മേൽനോട്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP