Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നായനാർ ഫുട്‌ബോളിന് 60 ലക്ഷം നൽകി ഞെട്ടിച്ചു; സക്കാത്ത് നൽകാൻ വന്ന് ദീപിക പിടിച്ചു; ഒരു ഫോട്ടോ പോലുമില്ലാത്ത പ്രഹേളികയെന്ന് മാതൃഭൂമി; വിഎസിന്റെ വെറുക്കപ്പെട്ടൻ പിണറായിയുടെ ബിനാമിയെന്ന് ആരോപിച്ച പിസി ജോർജ്; ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ കേന്ദ്ര ഏജൻസി എത്തുമ്പോൾ

നായനാർ ഫുട്‌ബോളിന് 60 ലക്ഷം നൽകി ഞെട്ടിച്ചു; സക്കാത്ത് നൽകാൻ വന്ന് ദീപിക പിടിച്ചു; ഒരു ഫോട്ടോ പോലുമില്ലാത്ത പ്രഹേളികയെന്ന് മാതൃഭൂമി; വിഎസിന്റെ വെറുക്കപ്പെട്ടൻ പിണറായിയുടെ ബിനാമിയെന്ന് ആരോപിച്ച പിസി ജോർജ്; ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ കേന്ദ്ര ഏജൻസി എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വെറുക്കപ്പെട്ടവൻ, അമൂൽബേബി, ആറാട്ടുമുണ്ടൻ... വി എസ് അച്യുതാനന്ദൻ എന്ന കേരള രാഷ്ട്രീയത്തിലെ അതികായന്റെ പല തഗ്ഗ് ഡയലോഗുകളും കാലം എത്രകഴിഞ്ഞാലും മലയാളി മറക്കാൻ ഇടയില്ല. 2007ൽ ഒരു വാർത്താ സമ്മേളനത്തിലാണ്, അന്ന് മുഖ്യമന്ത്രിയായിരുന്നു വി എസ് , ഫാരീസ് അബൂബക്കർ എന്ന കോഴിക്കോട്ടുകാരനായ യുവ വ്യവസായിയെ വെറുക്കപ്പെട്ടവൻ എന്ന് വിശേഷിപ്പിച്ചത്. അതേതുടർന്ന് സിപിഎമ്മിലും, മാധ്യമലോകത്തും വിവാദപ്പെരുമഴയാണ് ഉണ്ടായത്. പക്ഷേ അടുത്തകാലത്തായി ഇദ്ദേഹത്തെക്കുറിച്ച് വാർത്തകൾ ഉണ്ടാവാറില്ലായിരുന്നു. ഇടക്ക് ഇന്ത്യൻ പൗരത്വം തന്നെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയന്നും ഫാരിസിനെക്കുറിച്ച് കേട്ടിരുന്നു. ഈ ഫാരീസിന്റെ അച്ഛൻ ഈയിടെ മരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. ഇതോടെ ഫാരീസും പിണറായിയും തമ്മിലെ വ്യക്തിബന്ധത്തിന് തെളിവും വന്നു. ഈ വ്യവസായിയുടെ വീട്ടിലാണ് ആദായാനികുതി റെയ്ഡ്.

ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്യപ്പെട്ട പി സി ജോർജ്, ജാമ്യം കിട്ടിയപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനെ നിർത്തിപ്പൊരിക്കാൻ ഉപേയോഗിച്ച പേര് എം എ ഫാരിസ് എന്ന ഫാരിസ് അബൂബക്കറിന്റെത് ആയിരുന്നു. ഫാരിസിന്റെ നിക്ഷേപങ്ങളിൽ പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപിച്ച പി സി ജോർജ്, മുഖ്യമന്ത്രിയുടെ അമേരിക്കൻ ബന്ധം വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ''പിണറായിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകും. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രകൾ കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷിക്കണം. പിണറായിയുടെ മകളുടെ സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കണം. വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്‌സാലോജിക്കിന്റെ ഇടപാടുകളും പരിശോധിക്കണം. പിണറായിയുടെ ബിനാമിയാണ് ഫാരീസ്''- ഇതായിരുന്നു പി സി ജോർജിന്റെ ആവശ്യം. ഇപ്പോഴിതാ കേന്ദ്ര ഏജൻസിയും ഫാരീസിന്റെ ഓഫീസിലും വീട്ടിലും എത്തുന്നു.

ഫാരീസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ഇൻകം ടാക്സ് പരിശോധനയിൽ എന്താകും പുറത്തു വരികയെന്നതാണ് നിർണ്ണായകം. ഫാരിസിന്റെ അമ്പതോളം കമ്പനിയുടെ ഇടപാടുകളാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നതെന്നാണ് റിപ്പോർട്ട്. ആദായനികുതി വകുപ്പ് പരിശോധന നടത്തുമ്പോൾ ഫാരീസ് സ്ഥലത്തില്ല. ലണ്ടനിലാണ് ഇപ്പോൾ ഫാരീസ് ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി വളരെ അടുപ്പമുള്ള വ്യവസായിയാണ് ഫാരീസ്. അടുത്തിടെ ഫാരിസിന്റെ പിതാവ് മരിച്ചപ്പോൾ മുഖ്യമന്ത്രി വീട്ടിലെത്തി മണിക്കൂറുകളോളം സമയം ചെലവിട്ടിരുന്നു.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത നന്തിയിലെ ഒരു ബിസിനസ് കുടുംബത്തിലാണ് ഫാരിസ് ജനിക്കുന്നത്. ബാപ്പ മുണ്ടയിൽ അബൂബക്കർ, ഉമ്മ മറയക്കാരത്ത് സോഫീയ്യാ. പൊയിൽക്കാവ് ഹൈസ്‌കൂളിൽ നിന്നും, കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നുമായിരുന്നു വിദ്യാഭ്യാസം. ബിരുദമെടുത്ത ശേഷം ചെന്നൈയിൽ ചെറിയ രീതിയിൽ തുകൽ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്ന പിതാവിനെ സഹായിച്ചാണ്, ഫാരിസ് ബിസിസസ് തുടങ്ങുന്നത്. പക്ഷേ എങ്ങനെ ആണെന്ന് അറിയില്ല, കണ്ണടച്ചു തുറക്കുന്നതിന് മുമ്പേ കയറ്റുമതി ബിസിനസിലൂടെ അദ്ദേഹം സമ്പന്നനായി. വെറും 27-28 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം കോടീശ്വരനായി.

പക്ഷേ ഇതൊന്നും ഒരു തട്ടിപ്പിലുടെയും വെട്ടിപ്പിലൂടെയും ഉണ്ടാക്കിതല്ലെന്നും നിയമനാനുസൃതമായി ബിസിനസ് ചെയ്്ത് സ്വരൂപിച്ചതാണെന്നുമാണ് ഫാരിസിന്റെ വാദം. പക്ഷേ അദ്ദേഹത്തിന്റെ കയറ്റുമതി എന്തായിരുന്നു, റിയൽ എസ്റ്റേറിലെ പങ്കാളികൾ ആരൊക്കെയാണ് എന്നൊന്നും ഇന്നും അധികപേർക്കും അറിയില്ല. അന്നും ഇന്നും ഫാരിസ് മാധ്യമങ്ങൾക്ക് പിടികൊടുക്കന്നതും, പൊതു ചടങ്ങിൽ പങ്കെടുക്കുന്നതും അത്യപുർവമാണ്.

ഒരു ഫുട്‌ബോൾ കളിയുടെ പേരിലാണ് ഈ വ്യവസായി കേരളം എമ്പാടും അറിയപ്പെടുന്നത്. അതായിരുന്നു 2007ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്‌ബോൾ മേള. ഇത് വിജയ് മല്യയുടെ കിങ് ഫിഷർ സ്‌പോൺസർ ചെയ്തതും വലിയ വാർത്തയായിരുന്നു. ഇതിന് 60 ലക്ഷം രൂപ സ്‌പോൺസർഷിപ്പ് വെളിപ്പെടുത്താതെ നൽകിയത് ഫാരിസ് ആണെന്നാണ് ആരോപണം ഉയർന്നത്. സിപിഎമ്മിൽ വി എസ്- പിണറായി വിഭാഗീയത കത്തി നിൽക്കുന്ന കാലം.

ഇപി ജയരാജനും പിണറായിക്കുമെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി ഈ സംഭവം വി എസ് പക്ഷവും മാധ്യമങ്ങളും കുത്തിപ്പൊക്കി. അന്ന് വിഎസിന്റെ സ്വന്തം പത്രം എന്ന് പേരുണ്ടായിരുന്ന മാതൃഭൂമി ആയിരുന്നു ആക്രമണത്തിൽ മുന്നിൽ നിന്നത്. പക്ഷേ ഇതിനുള്ള മറുപടികൾ ഒക്കെ വന്നുകൊണ്ടിരുന്നത് ദീപികയിൽ ആയിരുന്നു. അപ്പോഴാണ് നസ്രാണി ദീപിക ഫാരിസ് വാങ്ങിയതിന്റെ കഥകൾ പുറത്തുവരുന്നത്. അന്ന് ദീപകയിൽ ഫാരിസിന്റെ വലം കൈയായിരുന്നതും മറ്റൊരു വിവാദ വ്യക്തിത്വമായിരുന്നു. പീന്നീട് 16 കാരിയെ പീഡിപ്പിച്ചു ഗർഭിണായാക്കിയ ശേഷം പ്രസവം നടന്നപ്പോൾ അതു പെൺകുട്ടിയുടെ പിതാവിന്റെ പുറത്ത് ചാർത്തിയ വിവാദ വൈദികൻ റോബിൻ വടക്കുംചേരിയായിരുന്നു അത്. ഫാരിസ് ദീപികയുടെ ചെയർമാൻ ആയപ്പോൾ എംഡിയായി പ്രവർത്തിച്ചത് ഫാ റോബിൻ വടക്കുംചേരിയാണ്. ഒരു പ്രൊഡക്ഷൻ മാനേജരായി കയറിയ ഈ വൈദികൻ ഫാരിസിന്റെ സ്വന്തക്കാരനായി മാറി ദീപികയുടെ എംഡി വരെയായി.

തിരുവനന്തപുരം പ്രസ് ക്ലബ് 2007 ൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു, അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഫാരിസ് അബൂബക്കറെ വെറുക്കപ്പെട്ടവനെന്ന് ആദ്യമായി വിശേഷിപ്പിച്ചത്. ജീർണ്ണതയുടെ അഴുക്കുപുരണ്ട കറൻസി പാർട്ടിക്ക് വേണ്ടെന്ന് പറയുന്നതിനിടെയാണ് വി എസ് അച്യുതാനന്ദൻ ഫാരിസിന്റെ കാര്യം പരാമർശിച്ചത്. വെറുക്കപ്പെട്ടവന്റെ പണം പാർട്ടിക്ക് വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർട്ടിയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഏറെ കോളിളക്കമുണ്ടാക്കിയ പ്രസ്താവനയായിരുന്നു അത്. ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന് 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ നൽകിയ കേസിൽ അദ്ദേഹത്തിന് സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു, എന്ന വാർത്തയും കേരളത്തിൽ ചർച്ചയായി. അതും കുത്തിപ്പൊക്കിയത് വി എസ് പക്ഷം തന്നെയായിരുന്നു.

പക്ഷേ വി എസ് പോലും പ്രതീക്ഷിക്കാത്ത സംഭവമാണ് പിന്നീട് ഉണ്ടായത്. പാർട്ടിയും പാർട്ടി ചാനലായ കൈരളിയും പൂർണ്ണമായും ഫാരിസിന് ഒപ്പം നിന്നും. കൈരളി ടീവിയിൽ ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ അതിഗുരുതരമായ ആരോപണങ്ങളാണ് വിഎസിനെതിരെ ഫാരിസ് ഉന്നയിച്ചത്. ഫാരിസിനു പിന്നാലെ വിഎസിന്റെ അഭിമുഖം പ്രതീക്ഷിച്ചെങ്കിലും കൈരളി സംപ്രേഷണം ചെയ്തില്ല. ഇത് വിഎസിന് തന്റെ രാഷ്ട്രീയ ജീവത്തിലെ വലിയ വിഷമം ആയിരുന്നുവെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഇന്നും പറയുന്നു.

കോലാഹലങ്ങൾ ഒക്കെ നടക്കുമ്പോളും അപൂർവമായി മാത്രമേ, ഫാരിസ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളു. അങ്ങനെ ഒന്നായിരുന്നു, 2011ൽ ചെന്നൈ മലബാർ മുസ്ലിം അസോസിയേഷന്റെ, തറക്കല്ലിടൽ ചടങ്ങ് സാക്ഷ്യം വഹിച്ചത്. ആ ചടങ്ങിൽ അധ്യക്ഷൻ ഫാരിസ് അബൂബക്കർ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ പൊതുചടങ്ങായാണ് ഇത് വിലയിരുത്തപ്പെട്ടത്. എഴു കോടി മുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ കമ്മറ്റി ചെയർമാനും ഫാരിസ് ആയിരുന്നു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എംഎം ഹസൻ, പാണക്കാട് ഹൈദരലി തങ്ങൾ, ടി കെ ഹംസ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സിപിഎം കണ്ണൂർ ലോബിയുമായി അടുത്ത ബന്ധമാണ് ഫാരിസിന് ഇപ്പോഴുമുള്ളത് എന്നാണ് വിലയിരുത്തൽ. ഇപി ജയരാജൻ, പിണറായി വിജയൻ എന്നിവരുമായി മികച്ച ബന്ധമായിരുന്നു ഫാരിസിന് എക്കാലത്തും എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP