Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭിന്ദ്രൻവാലയെ അനുകരിക്കുന്ന വേഷവിധാനങ്ങൾ; ദീപ് സിദ്ദുവിന്റെ മരണത്തിനു പിന്നാലെ വാരിസ് പഞ്ചാബ് ദേയുടെ നേതൃസ്ഥാനം ഏറ്റെടുത്തു; അമിത് ഷായ്‌ക്കെതിരെ വധഭീഷണി; അമൃത്പാൽ സിങിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ്; ഖാലിസ്ഥാൻ ശക്തികേന്ദ്രങ്ങളിൽ നിരോധനാജ്ഞ

ഭിന്ദ്രൻവാലയെ അനുകരിക്കുന്ന വേഷവിധാനങ്ങൾ; ദീപ് സിദ്ദുവിന്റെ മരണത്തിനു പിന്നാലെ വാരിസ് പഞ്ചാബ് ദേയുടെ നേതൃസ്ഥാനം ഏറ്റെടുത്തു; അമിത് ഷായ്‌ക്കെതിരെ വധഭീഷണി; അമൃത്പാൽ സിങിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ്; ഖാലിസ്ഥാൻ ശക്തികേന്ദ്രങ്ങളിൽ നിരോധനാജ്ഞ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പഞ്ചാബിലെ ഖലിസ്ഥാൻ അനുകൂലിയും വിവാദ പ്രഭാഷകനും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാൽ സിങിന് വേണ്ടി തെരച്ചിൽ ഊർജിമാക്കി പഞ്ചാബ് പൊലീസ്. അമൃത് പാലിനെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാളുടെ ശക്തികേന്ദ്രങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അമൃത്പാൽ സിങിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് വിഭാഗം പഞ്ചാബ് പൊലീസിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്ക് നീട്ടാൻ സാധ്യതയേറി.

ജലന്ധർ കമീഷണൽ കുൽദീപ് സിങ് ചഹലാണ് അമൃത്പാലിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വിവരം അറിയിച്ചത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അമൃത്പാലിന്റെ രണ്ട് കാറുകൾ പൊലീസ് പിടിച്ചെടുത്തുവെന്നും ഗൺമാനെ കസ്റ്റഡിയിലെടുത്തുവെന്നും കമീഷണർ അറിയിച്ചു. അമൃത്പാലിന്റെ സുരക്ഷാജീവനക്കാരുടെ കൈയിലുള്ള ആയുധങ്ങൾക്ക് ലൈസൻസുണ്ടോയെന്നും പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈകാതെ തന്നെ അമൃത്പാൽ അറസ്റ്റിലാവുമെന്നാണ് പ്രതീക്ഷയെന്നും ജലന്ധർ കമീഷണർ അറിയിച്ചു.

ജലന്ധറിനും അമൃത്സറിനും പുറമെ സംസ്ഥാനത്തെ മറ്റിടങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സിഖ് ആരാധനാലയങ്ങൾക്കും വാരിസ് പഞ്ചാബ് ദേ ശക്തി കേന്ദ്രങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും പൊലീസ് കാവൽ ഏർപ്പെടുത്തി. അക്രമ സംഭവങ്ങളിലേക്ക് ജനങ്ങൾ കടക്കരുതെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ അഭ്യർത്ഥിച്ചു. അമൃത്പാലിനെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ടുകൾ പൊലീസ് ഔദ്യോഗികമായി നിഷേധിക്കുന്നുണ്ടെങ്കിലും അമൃത്പാൽ അറസ്റ്റിൽ തന്നെയാണെന്നും സൂചന ഉണ്ട്.

ജി 20 ഉച്ചകോടി കഴിയുന്നത് വരെ നടപടി ഉണ്ടാകരുത് എന്ന കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് അമൃത്പാൽ സിങിന്റെ അറസ്റ്റ് പഞ്ചാബ് സർക്കാർ വൈകിപ്പിച്ചത്. മുഖ്യമന്ത്രി ഭഗവന്ത് മന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയിലാണ് അമൃത്പാൽ സിങിനെ പിടികൂടാൻ പദ്ധതി ഒരുക്കിയത്. ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ പ്രവർത്തകരെ പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമങ്ങളും തുടരുന്നുണ്ട്. ഇന്നലെ ആരംഭിച്ച പൊലീസ് നടപടിയുടെ ഭാഗമായി ഇരുന്നൂറോളം വാരിസ് പഞ്ചാബ് ദേ പ്രവർത്തകരെ പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്തിരുന്നു.

ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാൽ സിങ് (29) 'ഭിന്ദ്രൻവാല രണ്ടാമൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്. 2012ൽ ബന്ധുവിന്റെ ദുബായിലെ സ്ഥാപനത്തിൽ ജോലിക്കു കയറിയ ഇയാൾ, കഴിഞ്ഞ വർഷമാണു പഞ്ചാബിൽ മടങ്ങിയെത്തിയത്. 6 മാസം മുൻപാണ് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാകുന്നത്.

പഞ്ചാബി നടൻ ദീപ് സിദ്ദുവിന്റെ മരണത്തിനു പിന്നാലെ അദ്ദേഹം സ്ഥാപിച്ച വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതൃസ്ഥാനം അമൃത്പാൽ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ വധഭീഷണി മുഴക്കി. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിധി അമിത് ഷായ്ക്കും നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി.

വാരിസ് ദേ പഞ്ചാബിനെതിരെ ശക്തമായ നടപടികൾക്ക് പഞ്ചാബ് പൊലീസ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. അമൃത്പാലിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അമൃത്പാലിനെ അറസ്റ്റ് ചെയ്തുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ ഇന്നു 12 വരെ വിലക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. തീവ്ര നിലപാട് ഉയർത്തിപ്പിടിക്കുന്ന 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ നേതാവായ അമൃത്പാലിനെ പിടികൂടാൻ ഇന്നലെ രാവിലെയാണ് പഞ്ചാബ് പൊലീസ് രംഗത്തിറങ്ങിയത്. മേഹത്പുരിൽ വച്ചു വാഹനവ്യൂഹം തടഞ്ഞെങ്കിലും വാഹനങ്ങൾ മാറിക്കയറി അമൃത്പാൽ കടന്നുകളഞ്ഞു.

വാഹനങ്ങൾ പൊലീസ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ ഇയാളുടെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അമൃത്പാലിന്റെ ജന്മസസ്ഥലമായ അമൃത്സറിലെ ജല്ലുപുർ ഖേഡയിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം, തട്ടിക്കൊണ്ടു പോകൽ എന്നിവയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ മൂന്ന് കേസുകൾ നിലവിലുണ്ട്.

അനുയായിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം അമൃത്പാലിന്റെ നേതൃത്വത്തിലുള്ള സംഘം തോക്കുകളും വാളുകളുമേന്തി അമൃത്സറിലെ അജ്‌നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. എസ്‌പി ഉൾപ്പെടെ ആറ് പൊലീസുകാർക്ക് അന്നു പരുക്കേറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP