Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ക്രൈസ്തവ സഭയുടെ ധൈഷണിക തേജസും ഇന്റർചർച്ച് കൗൺസിലിന്റ് ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയും; ബനഡിക്ട് മാർപാപ്പ വിശേഷിപ്പിച്ചത് 'സഭയുടെ കിരീടം' എന്നും; സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാൻ മുന്നിൽ നിന്ന മെത്രാൻ; ചങ്ങനാശ്ശേരി ആർച്ച് മുൻ ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അന്തരിച്ചു

കേരള ക്രൈസ്തവ സഭയുടെ ധൈഷണിക തേജസും ഇന്റർചർച്ച് കൗൺസിലിന്റ് ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയും; ബനഡിക്ട് മാർപാപ്പ വിശേഷിപ്പിച്ചത് 'സഭയുടെ കിരീടം' എന്നും; സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാൻ മുന്നിൽ നിന്ന മെത്രാൻ; ചങ്ങനാശ്ശേരി ആർച്ച് മുൻ ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ആർച്ച് മുൻ ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടർന്ന് മാർ ജോസഫ് പവ്വത്തിൽ ചെത്തിപ്പുഴ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനത്ത് വിശ്രമത്തിലായിരുന്നു മാർ ജോസഫ് പവ്വത്തിൽ. 93 കാരനായ പിതാവ് വിശ്രമത്തിലായിരുന്നെങ്കിലും ആത്മീയ കാര്യങ്ങളിലും എഴുത്തിലും വായനയിലും സജീവമായിരുന്നു. ഇതിനിടെയാണ് അസുഖം കലശലായത്.

കേരള ക്രൈസ്തവ സഭയുടെ ധൈഷണിക തേജസും ഇന്റർചർച്ച് കൗൺസിലിന്റ് ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്നു മാർ ജോസഫ് പവ്വത്തിൽ 1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. ചങ്ങനാശേരി അതിരൂപതയുടെ മെത്രാപൊലീത്തയായി 1985 നവംബർ അഞ്ചിനു നിയമിക്കപ്പെട്ടു. 2007 മാർച്ച് 19നു വിരമിച്ചു. മാർ ജോസഫ് പവ്വത്തിലിന്റെ നവതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. നവതി സ്മാരകമായി ചങ്ങനാശേരി അതിരൂപത ഭവനനിർമ്മാണ പദ്ധതി നടപ്പാക്കുകയും പോസ്റ്റൽവകുപ്പ് സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു.

സീറോ മലബാർ സഭയുടെ പ്രഥമ പൗരസ്ത്യരത്നം അവാർഡും കിട്ടിയിരുന്നു. സഭയുടെ തനതായ പാരമ്പര്യങ്ങൾ വീണ്ടെടുടുക്കുന്നതിലും കാത്ത് സൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയിൽ അവബോധം വളർത്തുന്നതിലും അമൂല്യമായ സംഭാവനകൾ നൽകിയ പുരോഹിതനാണ് മാർ ജോസഫ് പവ്വത്തിൽ. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം. സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ മൂർച്ചയാലും ശ്രദ്ധേയനായിരുന്നു.

ബനഡിക്ട് മാർപാപ്പ 'സഭയുടെ കിരീടം' എന്നു വിശേഷിപ്പിച്ച പൗവത്തിലിന്റെ കാലത്താണ് സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നത്. 1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962 ഒക്ടോബർ 3 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1972 ജനുവരി 29 ൽ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു.

1972 ഫെബ്രുവരി 13നു വത്തിക്കാനിലായിരുന്നു സ്ഥാനാഭിഷേകം. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പായി സേവനം ചെയ്തു. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

1962 മുതൽ ഒരു ദശാബ്ദക്കാലം ചങ്ങനാശേരി എസ്ബി കോളജിൽ അദ്ധ്യാപകനായും പ്രവർത്തിച്ചു. എൻ എസ് എസ് മുൻ പ്രസിഡന്റ് അന്തരിച്ച പി.കെ. നാരായണപ്പണിക്കരുടെ സതീർത്ഥ്യനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഗുരുവുമായിരുന്നു. 1986 ജനുവരി 17ന് അതിരൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റു. ആർച്ച് ബിഷപ് സ്ഥാനത്തുനിന്ന് 2007ൽ വിരമിച്ചു.

ജീവിത രേഖ

* 1930 ഓഗസ്റ്റ് 14 ന് ചങ്ങനാശേരിയിലെ കുറുമ്പനാടത്തു പവ്വത്തിൽ ജോസഫ് മറിയക്കുട്ടി ദമ്പതികളുടെ ആൺമക്കളിൽ മൂത്തയാളായി ജനനം.
* ലോവർ പ്രൈമറി സ്‌കൂൾ: പുളിയാംകുന്ന് ഹോളി ഫാമിലി
* അപ്പർ പ്രൈമറി സ്‌കൂൾ: കുറുമ്പനാടം സെന്റ് പീറ്റേഴ്സ്
* ഹൈസ്‌കൂൾ: എസ്.ബി. എച്ച്.എസ്. ചങ്ങനാശേരി
* ഡിഗ്രി കോഴ്‌സ്: എസ്.ബി. കോളജ്, ചങ്ങനാശേരി
* സാമ്പത്തിക ശാസ്ത്രത്തിൽ എം.എ: ലയോള കോളജ്, മദ്രാസ്
* മൈനർ സെമിനാരി: സെന്റ് തോമസ് മൈനർ സെമിനാരി, പാറേൽ, ചങ്ങനാശേരി
* ഫിലോസഫി & തിയോളജി: പേപ്പൽ സെമിനാരി, പൂണെ
* പൗരോഹിത്യ സ്വീകരണം: ഒക്ടോബർ 03, 1962
* സാമ്പത്തിക ശാസ്ത്ര ലക്ചറർ : എസ്.ബി. കോളജ് ചങ്ങനാശേരി, 1963-1972
* സ്റ്റഡീസ് ഇൻ ഇക്കണോമിക്സ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ഇംഗ്ലണ്ട്: 1969-1970
* നിയമനം: ചങ്ങനാശേരി സഹായ മെത്രാനായും കേസറിയാ ഫിലിപ്പിയുടെ സ്ഥാനിക മെത്രാനായും ജനുവരി 7, 1972
* പോൾ ആറാമൻ മാർപ്പാപ്പായിൽനിന്ന് റോമിൽവച്ചു മെത്രാൻ പട്ട സ്വീകരണം: 1972 ഫെബ്രുവരി 13 (പരിശുദ്ധപിതാവിൽ നിന്നു മെത്രാൻ പട്ടം സ്വീകരിക്കുന്ന സീറോ മലബാർ
സഭയിൽനിന്നുള്ള ആദ്യത്തെ മെത്രാൻ)
* ചങ്ങനാശേരി സഹായ മെത്രാൻ : 1972-1977
* കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി നിയമിതനായി : ഫെബ്രുവരി 26, 1977
* ഫസ്റ്റ് ചെയർമാൻ: കെ.സി.ബി.സി. കമ്മീഷൻ ഫോർ യൂത്ത് : 1973-1977
* ചെയർമാൻ: എസ്.എം.ബി.സി. കമ്മീഷൻ ഫോർ ലിറ്റർജി: 1984
* കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ: മെയ് 12, 1977-നവംബർ 16, 1985
* റോമിലെ ബിഷപ്പുമാരുടെ പ്രത്യേക സിനഡ് (പരിശുദ്ധ പിതാവിന്റെ പ്രത്യേക ക്ഷണിതാവ്): 1985,87,90, 94, 98, 2001, 2005, 2007 എന്നീ വർഷങ്ങൾ
* ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്തായായി നിയമിതനായി: നവംബർ 16, 1985
* ആർച്ചുബിഷപ്പായി സ്ഥാനാരോഹണം: ജനുവരി 17, 1986
* ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത: 1985-2007
* ചെയർമാൻ: വിദ്യാഭ്യാസ, സാംസ്‌കാരിക കമ്മീഷൻ 1985-1994
* ഫസ്റ്റ് ചെയർമാൻ: സിബിസിഐ കമ്മീഷൻ ഫോർ യൂത്ത് 1973-1977
* പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമന്റെ സന്ദർശനവും സീറോ മലബാർ റാസ കുർബാനയുടെ ഉദ്ഘാടനവും : ഫെബ്രുവരി 8, 1986
* ചെയർമാൻ: സിബിസിഐ വിദ്യാഭ്യാസ കമ്മീഷൻ : 1985-1994
* ചെയർമാൻ: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ : 1986-2007
* പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി: 1987
* സ്ഥാപക ചെയർമാൻ ഇന്റർ ചർച്ച് കൗൺസിൽ ഫോർ എഡ്യൂക്കേഷൻ: 1990-2013
* പ്രോ ഓറിയന്തേ ഫൗണ്ടേഷൻ ഓണററി അംഗം: 1993-
* സിറോ മലബാർ ചർച്ച് സ്ഥിരം സിനഡ് അംഗം: 1992-2007
* മെത്രാഭിഷേകത്തിന്റെ രജത ജൂബിലി: 1997
* കത്തോലിക്കാസഭയും മലങ്കര ഓർത്തഡോക്സ്സഭകളും തമ്മിലുള്ള ഡയലോഗിനുള്ള അന്താരാഷ്ട്ര കമ്മീഷൻ അംഗം: 1989-
* കത്തോലിക്കാസഭയും മലങ്കരയാക്കോബയ സുറിയാനി സഭയും തമ്മിലുള്ള ഡയലോഗിനുള്ള അന്താരാഷ്ട്ര കമ്മീഷൻ അംഗം: 1990-
* ചെയർമാൻ: സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ: 1993-2007
* ചെയർമാൻ: കേരള കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (കെസിബിസി): 1993-1996
* പ്രസിഡന്റ്: കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ): 1994-1998
* ഇന്റർ റിലിജിയസ് ഫെലോഷിപ്പ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാൻ: 1994
* അംഗം: പ്രീ-സിനഡൽ കൗൺസിൽ ഫോർ ഏഷ്യ: 1997
* ഏഷ്യൻ സിനഡിൽ പങ്കെടുത്തു: 1998
* അംഗം: പോസ്റ്റ്-സിനഡൽ കൗൺസിൽ ഫോർ ഏഷ്യ : 1998-2007
* ചെയർമാൻ: കെസിബിസി കമ്മീഷൻ ഫോർ വിജിലൻസ് & ഹാർമണി: 1998-2007
* മെത്രാപ്പൊലീത്തൻ ആർച്ചുബിഷപ്പ് എമെരിറ്റസ്: 2007
* ചെയർമാൻ: സീറോ മലബാർ കമ്മീഷൻ ഫോർ പബ്ളിക് അഫേഴ്സ് : 2007-2013
* പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി, മെത്രാഭിഷേകത്തിന്റെ റൂബി ജൂബിലി : 2012
* നവതി ആഘോഷം: 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP