Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മഴവില്ലുപോലെ, ഒരു സ്മൃതിഭൂപടം

മഴവില്ലുപോലെ, ഒരു സ്മൃതിഭൂപടം

ഷാജി ജേക്കബ്‌

'The spectacle of a doctor in action among soldiers in equal danger with equal courage, saving lives where all others are taking them, allaying fear where all others are causing it, is one which must always seem glorious, whether to God or men'.

- Winston Churchill

നന്തസാധ്യതകളുള്ള രാഷ്ട്രീയ വൈവിധ്യങ്ങൾ ഊറിക്കൂടിയുരുവമാർന്ന ഒരു ഉപഭൂഖണ്ഡമാകുന്നു, ഭാരതം. വൈരുധ്യങ്ങളുടെ ദേശരാഷ്ട്രമായി വ്യാഖ്യാനിക്കാതെ, വളരെ കരുതലോടെ, നാനാത്വം എന്ന വാക്കുകൊണ്ടാണ് ദേശീയാധുനികത ആ ജൈവഭൂപടത്തെ വിശേഷിപ്പിച്ചത്. ഭൂമിശാസ്ത്രം മുതൽ നരവംശശാസ്ത്രം വരെയും കാലാവസ്ഥ മുതൽ ജന്തുജാലങ്ങൾ വരെയും ഭാഷാഗോത്രം മുതൽ കാർഷിക രീതിവരെയും ഭക്ഷണശൈലി മുതൽ ദായക്രമം വരെയും ചരിത്രം മുതൽ മിത്ത് വരെയും ജാതി മുതൽ മതം വരെയും അതിർത്തികൾ മുതൽ ആവാസവ്യവസ്ഥകൾ വരെയും സംസ്‌കാര വൈവിധ്യത്തിന്റെ മഴവിൽഭൂപടം എന്നുതന്നെ വിളിക്കാവുന്ന അവസ്ഥകളുടെയും അനുഭവങ്ങളുടെയും ഒരു വിശാലവിനിമയവ്യവസ്ഥയായാണ് ഈ രാഷ്ട്രം ഇന്നും നിലനിൽക്കുന്നത്. ആധുനികാനന്തര ഇന്ത്യയെക്കുറിച്ചുള്ള ഏറ്റവും വിസ്മയകരമായ രാഷ്ട്രീയചോദ്യം ഇത്രയധികം ഭാഷാവൈവിധ്യങ്ങളും സംസ്‌കാരവിപര്യയങ്ങളുമുണ്ടായിട്ടും എങ്ങനെ ഒരൊറ്റ ദേശരാഷ്ട്രമായി ഈ പ്രദേശം നിലനിൽക്കുന്നുവെന്നതാണ്. ഭാഷാദേശീയതയെന്ന വ്യവസ്ഥ മിക്കവാറും ലോകരാഷ്ട്രങ്ങളെല്ലാം പിന്തുടരുമ്പോഴും ഇന്ത്യ പുലർത്തുന്ന വിസ്മയകരമായ ഈ ഭിന്നരാഷ്ട്രീയസ്വത്വത്തെക്കുറിച്ച് റോബിൻ ജഫ്രി ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളവതരിപ്പിക്കുന്നുണ്ട്.

          'ഇന്ത്യൻ റെയ്ൻബോ' എന്ന അസാധാരണമായ അനുഭവചരിത്രകഥനത്തിൽ സോണിയാ ചെറിയാൻ അടിസ്ഥാനപരമായി ഉന്നയിക്കുന്ന ചോദ്യവും അന്വേഷിക്കുന്ന വിഷയവും ഇതുതന്നെയാണ്. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിനും തുല്യതക്കുമൊപ്പം ബലിഷ്ഠമായി പാകിയ ദേശരാഷ്ട്രഭാവനയുടെ അദൃശ്യമായ ഉരുക്കുനാടകൾകൊണ്ട് ഇന്ത്യയെ ഒരൊറ്റ പൊളിറ്റിക്കൽ യൂണിറ്റായി നിലനിർത്തുന്നതിൽ ഇന്ത്യൻ സൈന്യത്തിനുള്ള പങ്കാണ് അതിൽ ഏറ്റവും വലുതായി അവർ കണ്ടെത്തുന്നത്. ആ സൈന്യത്തിന്റെ മെഡിക്കൽകോറിൽ ഒന്നരപതിറ്റാണ്ടുകാലം അനുഷ്ഠിച്ച സേവനത്തിനിടയിൽ താൻ കണ്ടറിഞ്ഞ ഇന്ത്യയുടെ എണ്ണിയാലൊടുങ്ങാത്ത ജീവിതബഹുസ്വരതകളെ കാവ്യാത്മകവും ഭാവദീപ്തവുമായ അനുഭൂതിവിശേഷങ്ങളായി പുനഃസൃഷ്ടിക്കുന്ന മുപ്പത്തിമൂന്ന് ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.

          ഏതർഥത്തിലും സൈനികർതന്നെയാണ് സൈനിക ഡോക്ടർമാരും. അതിർത്തികളിലാകട്ടെ, ക്യാമ്പുകളിലാകട്ടെ, യുദ്ധഭൂമികളിലാകട്ടെ, രക്ഷാദൗത്യങ്ങളിലാകട്ടെ, സൈനികർക്കൊപ്പം അവരുടെ ജീവനു കാവലായി നിലകൊള്ളുന്ന ഇരട്ട ദൗത്യമാണ് സൈനിക ഡോക്ടർമാർക്കുള്ളത്. തന്റെ ഓഫീസർ-ഇൻ-ചാർജിന്റെ വാക്കുകൾ സോണിയ എടുത്തെഴുതുന്നു: 'Dont forget that we are Doctors trained twice to save lives'. വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞതുപോലെ, സൈനികവൃത്തിപോലെതന്നെ ധീരവും ഉദാത്തവും മഹത്തുമായ ഒന്ന്. യുദ്ധത്തിലും സമാധാനത്തിലും ഒരുപോലെ ഉജ്ജ്വലമായത്.

ലോകമെങ്ങുമുണ്ട് സൈനികജീവിതങ്ങളുടെ അതിധീരവും അതുല്യവുമായ അനുഭവങ്ങൾ പങ്കിടുന്ന സാഹിത്യരൂപങ്ങൾ. ആത്മകഥകളും ജീവചരിത്രങ്ങളും ഓർമ്മക്കുറിപ്പുകളും യുദ്ധചരിത്രങ്ങളും മറ്റും മറ്റുമായി എഴുതപ്പെട്ടിട്ടുള്ള ദേശാഭിമാനത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും വീരേതിഹാസങ്ങൾ. സൈനികജീവിതത്തിലുണ്ടാകുന്ന യഥാർഥ സംഭവങ്ങളെയും കല്പിതസംഭവങ്ങളെയും മുൻനിർത്തി സൃഷ്ടിക്കപ്പെട്ടിട്ടുള്ള കഥകളും നോവലുകളും സിനിമകളും ഡോക്യുമെന്ററികളും വേറെ. ഇവയിൽതന്നെ ഒരു സവിശേഷ വിഭാഗമാണ് മിലിറ്ററി ഡോക്ടർമാരുടെ അനുഭവാഖ്യാനങ്ങൾ. ജീവിതങ്ങൾക്കും മരണങ്ങൾക്കുമിടയിൽ, യുദ്ധങ്ങൾക്കും സമാധാനത്തിനുമിടയിൽ, ശത്രുക്കൾക്കും മിത്രങ്ങൾക്കുമിടയിൽ തങ്ങൾ തൊട്ടറിഞ്ഞ അനുഭവങ്ങളിലൂടെ വിശ്വപ്രസിദ്ധമായ സൈനികസ്മരണകളെഴുതിയ ഡോക്ടർമാർ നിരവധിയുണ്ട്. ഇന്ത്യയിലുമുണ്ട് മിലിറ്ററി ഡോക്ടർമാരുടെ ശ്രദ്ധേയമായ ധാരാളം ഓർമ്മക്കുറിപ്പുകൾ. പാറപ്പുറത്തും കോവിലനും മുതൽ ആനന്ദ് വരെയുള്ളവരെഴുതിയ സൈനികസാഹിത്യത്തിന്റെ ശ്രദ്ധേയമായ ഒരു ശാഖ മലയാളത്തിലുണ്ടെങ്കിലും ഇതാദ്യമാണെന്നു തോന്നുന്നു, ഇത്തരമൊരു രചന. വിശേഷിച്ചും ഒരു സ്ത്രീ എഴുതിയത്.

2001ലെ പാർലമെന്റ് ആക്രമണത്തിനു തൊട്ടുപിന്നാലെ ഇന്ത്യൻ കരസേനയുടെ പാക് അതിർത്തി ക്യാമ്പുകളിലൊന്നിൽ ഡോക്ടറായി നിയമിതയായി, സോണിയ. അന്നുതൊട്ടുള്ള പതിനാലുവർഷത്തെ സൈനികജീവിതത്തിലെ അവിസ്മരണീയമായ നിരവധി അനുഭവങ്ങൾക്കു നൽകിയ സംഗീതംപോലെ സമ്മോഹനമായ സാക്ഷാത്കാരമാണ് ഈ പുസ്തകം.

ചരാചരപ്രേമനിർഭരമായ ജീവിതനിയോഗങ്ങൾ. ഉള്ളുലയ്ക്കുന്ന സങ്കടസ്മൃതികൾ. ഹൃദയഭേദകമായ കദനകഥകൾ, തദ്ദേശവാസികളായ മനുഷ്യരുടെ ആസ്ഥ മുറ്റിയ സാന്നിധ്യങ്ങൾ. ചോരയിലും കണ്ണീരിലും കോറിയിട്ട വ്യക്തിചിത്രങ്ങൾ. മഞ്ഞും മലയും മഴയും പുഴയും കാറ്റും തണുപ്പും പൂവും കിളിയും മരവും മണലും വെയിലും നിലാവും ഇഴപാകുന്ന മോഹമുഗ്ദ്ധമായ സ്ഥലപടങ്ങൾ. ചരിത്രം നിശ്ചലമായ നിർമ്മിതികളും എടുപ്പുകളും. കാലം ഘനീഭവിച്ച കോട്ടകളും കൊത്തളങ്ങളും. സമുദ്രവിസ്തൃതിയുള്ള പീഠഭൂമികൾ. മണൽപ്പാമ്പുകളിഴയുന്ന മരുഭൂമികൾ. മാനം മുട്ടുന്ന പർവതങ്ങൾ. മഞ്ഞു മൂടിയ തടാകങ്ങൾ. അസ്ഥിമരവിപ്പിക്കുന്ന ഏകാന്തശൃംഗങ്ങൾ. വിരലുകൾ മുറിഞ്ഞുപോകുന്ന ശവശൈത്യങ്ങൾ. ശ്വാസം നിലപ്പിക്കുന്ന കുഴിബോംബുകൾ. നെഞ്ചിടിപ്പേറ്റുന്ന പടനീക്കങ്ങൾ. മരണം മണക്കുന്ന പ്രണയങ്ങൾ. ജന്മാന്തരങ്ങളിലേക്കു നീളുന്ന ഘോരദുഃഖങ്ങൾ. പ്രാണൻ പറിച്ചെടുക്കുന്ന വേർപാടുകൾ. ഏറ്റവും വിശ്വസനീയമായ ഭാവനയെക്കാളും ഏറ്റവും അവിശ്വസനീയമായ യാഥാർഥ്യങ്ങളെക്കാളും മൂർത്തമായി നമ്മുടെ പ്രജ്ഞയെ തലകീഴ് മറിക്കുന്ന  സൈനികജീവിതങ്ങളുടെ അകക്കാഴ്ചകളാണ് 'ഇന്ത്യൻ റെയ്ൻബോ'. അതീവ ഹൃദ്യതയോടെ, അനുപമചാരുതയോടെ സോണിയ എഴുതുന്ന ഈ സ്മൃതിചിത്രങ്ങൾ മലയാളത്തിൽ മുൻപാവിഷ്‌കൃതമാകാത്ത ഒരു അനുഭവകഥനത്തിന്റെ മഴവിൽ ലാവണ്യമാണ് നിങ്ങൾക്കു മുന്നിൽ വിരിയിച്ചുണർത്തുന്നത്. തികഞ്ഞ രാഷ്ട്രീയ പ്രതിബദ്ധതയും മാനുഷികാർദ്രതയും ഭാവദീപ്തിയുമുള്ള സൈനികസ്മരണകളുടെ അനുഭൂതിസഞ്ചയമാകുന്നു 'ഇന്ത്യൻ റെയ്ൻബോ'.

         

നിയമനം മുതൽ 2016ലെ വിരമിക്കൽ വരെയുള്ള കാലത്ത് എട്ടു സൈനികക്യാമ്പുകളിലും പിന്നീടുണ്ടായ ഒരു സിയാച്ചിൻ സന്ദർശനത്തിലും സോണിയ കണ്ടറിഞ്ഞ കഥകളിൽ ചിലതിന്റെ കാലാനുക്രമത്തിലുള്ള ആവിഷ്‌ക്കാരമാണ് ഈ പുസ്തകം. (സിയാച്ചിൻ അനുഭവങ്ങൾ മാത്രമാണ് കാലംതെറ്റിച്ച് സ്മരണയ്ക്കുള്ളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.) ഒരു ജീവിതഘട്ടം പരാമർശിക്കുന്ന ആത്മകഥപോലെയോ ഒരു കാലഭൂമിക മുൻനിർത്തിയെഴുതിയ അനുഭവകഥകളുടെ സമ്പുടംപോലെയോ ഇന്ത്യയുടെ നാലതിരുകളെയും സ്പർശിച്ചെഴുതിയ സൈനികചരിത്രഖണ്ഡം പോലെയോ  വേണമെങ്കിൽ ഒരു നോവലായിത്തന്നെയോ വായിച്ചുപോകാവുന്ന അസാധാരണമായ ആഖ്യാനകല 'ഇന്ത്യൻ റെയ്ൻബോ'ക്കുണ്ട്. ഒപ്പം, ഇന്ത്യൻ സൈന്യത്തിന്റെ രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആചാരനിഷ്ഠകളും അനുഷ്ഠാനമര്യാദകളും ശ്രേണീബദ്ധഘടനയിലൂന്നിയ സുസ്ഥിരതയും അതുല്യമായ ആസൂത്രണതന്ത്രങ്ങളും പരിശീലനരീതികളും പോരാട്ടവീര്യങ്ങളും സർവധർമ്മവ്യവസ്ഥയും ഒരൊറ്റ ഉരുക്കുകവചംപോലെ ഈ മഹാക്ഷേത്രഭൂമിയെ ഒന്നാകെ പൊതിഞ്ഞുനിൽക്കുന്ന സായുധസുരക്ഷയും മറ്റും മറ്റും സൂചിതമാകുന്ന സാന്ദർഭികാഖ്യാനങ്ങളും. ഏതർഥത്തിലും സാഹിത്യ-സാഹിത്യേതര രൂപങ്ങളെയും ഗണങ്ങളെയും ആഖ്യാനങ്ങളെയും സാകൂതം കൂട്ടിക്കലർത്തുന്ന ഭാവബന്ധമെന്ന നിലയിൽ മലയാളത്തിന്റെ സൗന്ദര്യ-രാഷ്ട്രീയകല കൈവരിച്ച പുതിയ പദവികളുടെ ഒന്നാന്തരം പാഠമാതൃകയാണ് ഈ പുസ്തകം.

മുപ്പത്തിമൂന്ന് ഒറ്റയൊറ്റക്കഥകളായോ ദീർഘമായ ഒരൊറ്റക്കഥയായോ ഈ കൃതി വായിക്കാം. ഏതു വായനയും കുറഞ്ഞത് പത്ത് ഭാവലോകങ്ങളുടെയെങ്കിലും സാന്ദ്രവും സചേതനവുമായ ഊടും പാവും നിറഞ്ഞ ഒരു ബഹുവർണക്കമ്പളം നിങ്ങൾക്കു മുന്നിൽ നിവർത്തിയിടും.

1. സൈനിക ക്യാമ്പുകൾ

          പാക്അതിർത്തിയിൽ, താർ മരുഭൂമിയിലുള്ള ആർമി ക്യാമ്പിൽ തുടങ്ങി ആൾവാറിലേക്കും പിന്നീട് ലക്‌നൗവിലെ ആർമി മെഡിക്കൽ കോർസെന്ററിലെ ഓഫീസേഴ്‌സ് ട്രെയിനിങ് കോളെജിലേക്കും തുടർന്ന് തവാംഗിലേക്കും അവിടെനിന്ന് ബറേലിയിലേക്കും പിന്നെ ചെന്നൈയിലേക്കും തുടർന്ന് ബംഗളൂരുവിലേക്കും ഒടുവിൽ നാഗാലാൻഡിലേക്കും നിയോഗിക്കപ്പെട്ട തന്റെ ഔദ്യോഗിക ഘട്ടങ്ങൾ ഒന്നൊന്നായി സൂചിപ്പിച്ചുകൊണ്ടാണ് ഇന്ത്യയുടെ നാലതിർത്തികളിലുമുള്ള സൈനികക്യാമ്പുകളിലെ ജീവിതങ്ങൾ സോണിയ വിവരിക്കുന്നത്. സൈനികർ തമ്മിലുടലെടുക്കുന്ന അസാധാരണമായ മനുഷ്യബന്ധങ്ങളും മരണം നിഴൽപോലെ കൂടെയുള്ള രാപകലുകളിൽ അവരനുഭവിക്കുന്ന ആന്തരവും ബാഹ്യവുമായ രക്തസമ്മർദ്ദങ്ങളും വീടും നാടും തമ്മിലുടലെടുക്കുന്ന അപരാമായ സ്വത്വസംഘർഷങ്ങളും ഒരു രാഷ്ട്രത്തിന്റെ ജീവനാഡികളിലേക്ക് തങ്ങളുടെ ജീവത്യാഗങ്ങളിൽ പോലും ഇവർ കടത്തിവിടുന്ന പ്രാണവായുവും.... സോണിയ തൊട്ടറിഞ്ഞവതരിപ്പിക്കുന്നു. ശ്വാസം മുട്ടിക്കുന്ന ഡി-മൈനിങ് ദൗത്യങ്ങളും രക്തം കട്ടപിടിപ്പിക്കുന്ന രക്ഷാപ്രവർത്തനങ്ങളും അടുത്തുനിന്നറിയുന്നു. ചെന്നൈയിലെയും ബംഗളൂരുവിലെയും സ്വതവേ സ്വച്ഛവും ശാന്തവുമായ സൈനികനാളുകൾ മുതൽ തവാംഗിലും നാഗാലാൻഡിലും സിയാച്ചിനിലും മറ്റുമുള്ള സംഘർഷഭരിതമായ സൈനികവിന്യാസങ്ങൾ വരെയുള്ളവ മിഴിവുറ്റ വാങ്മയങ്ങളായി പുനഃസൃഷ്ടിക്കുന്നു. ആദ്യസൈനിക ക്യാമ്പിലെ അതീവ ശ്രദ്ധേയമായ ഒരു രാത്രികാലാനുഭവത്തിന്റെ ഈ വിവരണം വായിക്കൂ. ഉടലിലൂടെ മണൽപ്പാമ്പുകൾ ഇഴയുമ്പോഴെന്ന പോലെ നിങ്ങൾ വിറങ്ങലിക്കും.

''മരുഭൂമിരാത്രികൾ തണുത്തിട്ടാണ്; കടുത്ത വേനൽക്കാലത്തുപോലും. മുകളിലേക്കൊന്നു നോക്കിയപ്പോഴാണ് അത്രയും മനോഹരമായ ആ കാഴ്ച കണ്ടത്. അലങ്കരിച്ച വിതാനംപോലെ മാനം. മെട്രോകളിലെ പൊടിപിടിച്ച ആകാശം മറച്ചുപിടിച്ചിരുന്ന സുന്ദരനക്ഷത്രങ്ങളെല്ലാം ചിരിച്ചുകൊണ്ട്  ഉറ്റുനോക്കുന്നു. താരകാർച്ചിത തങ്കരാവ്... അതിമോഹമെന്നുകരുതി എന്നോ ഉപേക്ഷിച്ച ഒരു കുഞ്ഞാഗ്രഹം ഓർമ്മവന്നു. രാത്രിയിലെ കടലു കണ്ട് ഒരു രാത്രിമുഴുവൻ തീരത്തു കിടക്കണമെന്ന്... മറന്നുപോയിരുന്ന ആശയൊക്കെ ഞങ്ങൾ ഓർത്തുവെച്ചിരുന്നല്ലോ എന്ന് നക്ഷത്രങ്ങൾ കണ്ണിറുക്കിക്കാണിച്ചു. നക്ഷത്രത്തിളക്കം പ്രതിഫലിപ്പിക്കുന്ന പൂഴിപ്പരപ്പിന്റെ കടൽ ചുറ്റിലും നിശ്ശബ്ദമായി തിരയടിച്ചു. തുറന്ന ആകാശത്തിനു കീഴിൽ ഉറങ്ങുകയെന്ന ഒരു പെണ്ണിനു കിട്ടാവുന്ന അപൂർവ്വസ്വാതന്ത്ര്യം. നിലാവും രാത്രിയും നക്ഷത്രങ്ങളും എനിക്കുംകൂടെയാണെന്ന് തിരിച്ചറിഞ്ഞ രാത്രി. മരുഭൂമിയുടെ അവകാശമായ ആഴമുള്ള നിശ്ശബ്ദത ഒരു പുതപ്പുപോലെ വന്നുപൊതിഞ്ഞു. പൂഴിപ്പരപ്പിലെ ഒരു മണൽത്തരിയെപ്പോലെ, പെട്ടെന്ന് അതിന്റെ ഭാഗമായി മാറിയതുപോലെ ആ അതിശാന്തിയിൽ അറിയാതെ കണ്ണടഞ്ഞുപോയി.

ഇടയ്‌ക്കൊന്നു ഞെട്ടിയുണർന്നപ്പോൾ ചുറ്റും തിളങ്ങുന്ന കുറെ പച്ചനീലക്കണ്ണുകൾ. ശരിക്കും വിരണ്ടു. ശ്വാസംപിടിച്ചു കിടന്നു. കുറെനേരം കഴിഞ്ഞപ്പോൾ നിഴലുകൾ അനങ്ങി. കിതയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ എന്തോ മൃഗങ്ങളാണെന്നു മനസ്സിലായി. ഡ്രാക്കുളയിൽ തുടങ്ങി കുഞ്ഞിലേതൊട്ട് വായിച്ച എല്ലാ പ്രേതകഥകളെയും മനസ്സിലൂടെ റീവൈൻഡ് ചെയ്യിച്ച അരമണിക്കൂർ വെറുതേയായി. മരുഭൂമിയിൽ എന്തൊക്കെ മൃഗങ്ങളുണ്ടാവാമെന്നായി പിന്നത്തെ ആലോചന. ഹയനകളാണോ എന്ന ആധി ഉള്ളിൽ കയറിക്കൂടി. കലഹാരിയിലും സഹാറയിലുമുള്ളപോലെ താർ മരുഭൂമിയിലും ഇനി കഴുതപ്പുലികളെങ്ങാനുമുണ്ടോ? രാജസ്ഥാനിലെ വരയൻ ഹയനകളെക്കുറിച്ച് എവിടെയോ വായിച്ചത് ഓർമ്മവന്നു. ഉച്ചത്തിൽ വിളിച്ചുകരഞ്ഞാലോ എന്ന ചിന്ത പുതപ്പ് കടിച്ചമർത്തി അടക്കി. രാത്രി ഒരു പെൺകരച്ചിൽ ഒരു ആർമി യൂണിറ്റിൽ എന്തെല്ലാം പുകിലുകൾ ഉണ്ടാക്കിയേക്കാമെന്നും ആരൊക്കെ തെറ്റിദ്ധരിക്കപ്പെടാമെന്നുമുള്ള വീണ്ടുവിചാരം ഭയത്തെ തോൽപ്പിച്ചു. എന്തായാലും എനിക്കും അവർക്കുമിടയിൽ ഒരു കൊതുകുവലയെങ്കിലുമുണ്ടല്ലോ എന്നൊരു ആശ്വാസം. ഏതായാലും അവ കുറെ മുരളുകയും അണയ്ക്കുകയും ചെയ്ത്, കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും എങ്ങോട്ടേക്കോ പോയി. ദൂരെനിന്ന് ഓരിയിടുന്ന ശബ്ദം കേട്ടപ്പോഴാണ് പട്ടികളാണെന്നു മനസ്സിലായത്. പുതിയ അതിഥിയെ നിരീക്ഷിക്കാൻ വന്നതായിരിക്കാം. പിറ്റേന്ന് എഴുന്നേറ്റപ്പോൾ മെസ്സിന്റെ പരിസരത്ത് അവരെ കണ്ടു. ഭക്ഷണത്തിന്റെ പൊട്ടും പൊടിയുമൊക്കെ കഴിച്ച്, തടിച്ചുരുണ്ട്, ആർമി യൂണിറ്റിൽ കൂടുന്നവരാണ്. ആറുപേരുണ്ട്.

കൊതുകുകളില്ലാതെ എന്തിനാണ് കൊതുകുവലകൾ എന്ന സംശയം തീർത്തുതന്നത് ഒപ്പമുള്ളവരാണ്. മരുഭൂമിയിലെ കൊടുംവിഷമുള്ള, പാമ്പുകളിൽനിന്നും മറ്റു ഇഴജന്തുക്കളിൽനിന്നും രക്ഷനേടാനാണത്രേ. കിക്കർ ചെടികളുടെ ശിഖരങ്ങളിൽനിന്നും മറ്റും രാത്രി ഊർന്നുവീഴുന്ന വിഷപ്പാമ്പുകൾ പലപ്പോഴും നേരം വെളുക്കുമ്പോൾ കൊതുകുവലയുടെ മുകളിൽ വീണുകിടക്കാറുണ്ടുപോലും.

താർ മരുഭൂമിക്കൊരു ചടുലവും ആർഭാടവുമായ നൈറ്റ് ലൈഫുണ്ട്. പകൽച്ചൂടിൽ പൊള്ളിക്കരിഞ്ഞ് അനക്കമില്ലാതെ കിടക്കുന്ന മരുഭൂമി രാത്രിയായാൽ ഉറക്കമെണീക്കും. മണലും കാറ്റും തണുക്കുമ്പോൾ പൂഴിയിൽ കുഴികളുണ്ടാക്കി ഒളിച്ചിരിക്കുന്ന അനേകം ജീവികൾ ഇരതേടാനിറങ്ങും. സ്വർണ്ണവർണ്ണമുള്ള പാമ്പുകൾ നിലാവെളിച്ചത്തിൽ പൂഴിത്തടങ്ങളിലൂടെ തിരയിളക്കംപോലെ അതിവേഗത്തിലിഴയും. വിഷമുള്ള തേളുകളും മരുഭൂമിപ്പല്ലികളും മുള്ളൻപന്നികളും കുറുനരികളും കുത്തുന്ന പ്രാണികളുമൊക്കെയായി അത്ര സൗഹൃദം പുലർത്താത്ത വേറൊരു ലോകമായി മാറും ഇവിടം. സാന്ദ്രമായ നിശ്ശബ്ദതയിൽ കുറുനരികളുടെ ഓരിയിടലുകൾ തുളഞ്ഞുകയറിക്കൊണ്ടിരിക്കും.

         

തനതായ അനേകം ജന്തുജാലങ്ങളാൽ നിറഞ്ഞതാണ് രാജസ്ഥാൻ മരുഭൂമി. ഇരുപത്തഞ്ചോളം തരം പാമ്പുകൾ തന്നെയുണ്ട്. അതിൽ കൊടുംവിഷവും വാൾമുനശൽക്കങ്ങളുമുള്ള സ്വോർഡ് സ്‌കേൽഡ് അണലികളും മണൽമൂർഖന്മാരും റാറ്റിൽ സ്‌നേക്കുകളുമൊക്കെപ്പെടും. തണുപ്പുമലകളിലെ പാമ്പുകളെപ്പോലെ ശാന്തശീലരല്ല ചൂടുനാടുകളിലെ പാമ്പുകൾ. വലിയ ആക്രമണകാരികളാണ്. തൊട്ടടുത്തെത്തിയാലും കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. അത്രയ്ക്കാണിവരുടെ കമോഫ്‌ളാഷിങ്. പൂഴിമണ്ണിന്റെ അതേ നിറവും ഡിസൈനും. കൂടാരത്തിനു ചുറ്റും ആഴത്തിൽ കുത്തനെയുള്ള സ്‌നേക്ക് ട്രഞ്ച് കുഴിച്ചിട്ടുണ്ട്. ക്രിസോളും മണ്ണെണ്ണയുമൊക്കെ ചേർത്ത് സ്‌പ്രേ ചെയ്യും. ഇടയ്ക്കിടെ ബൂട്ട്‌സിനു മുകളിൽ ആൻക് ലെറ്റ് (വീതിയുള്ള ടാർപോളിൻ സ്ട്രിപ്) വലിച്ചുകെട്ടും. കുഞ്ഞിപ്പാമ്പുകളും തേളുകളും കയറിയിരിക്കാതെ ബൂട്ട്‌സുകൾ ഉയരത്തിൽ തലകീഴായി തൂക്കിയിടും. ആന്റിവെനം ചെറിയ എസ്റ്റാബ്ലിഷ്‌മെന്റുകളിൽപ്പോലും എപ്പോഴും കരുതലുണ്ടാവും. എന്നാലും എല്ലാവർക്കുമുണ്ടാവും പാമ്പുകളുമായി ഒരു അഭിമുഖ അനുഭവമെങ്കിലും. അതിനാൽ നല്ല കരുതലാണ്; പ്രത്യേകിച്ചും രാത്രിയിൽ. പിന്നീട് ഒരുപാട് നാളുകൾ ആ ലൊക്കേഷനിൽത്തന്നെയായിരുന്നു. ഇടയ്‌ക്കൊക്കെ കുറെനാൾ മറ്റു ബ്രിഗേഡുകളിലെ സെക്ഷനുകളിലേക്ക് പോകേണ്ടിവന്നതൊഴിച്ചാൽ ഓപ് പരാക്രമം കഴിയുംവരെ നീണ്ടു ആ കൂടാരജീവിതം''.

2. രക്തസാക്ഷ്യങ്ങൾ

          യുദ്ധങ്ങളിലും ഇതര ദൗത്യങ്ങളിലും സംഭവിക്കുന്ന സൈനികരുടെ രക്തസാക്ഷ്യങ്ങളെക്കാൾ ദേശാഭിമാനവിജ്യംഭിതമായ മറ്റധികം സന്ദർഭങ്ങൾ രാഷ്ട്രചരിത്രങ്ങളിലുണ്ടാവില്ല. യുദ്ധവിജയങ്ങൾപോലും പിന്നീടേ വരുന്നുള്ളു. വെറും സാധാരണക്കാരായ മനുഷ്യർ, അമാനുഷികമായ ധീരത പ്രകടിപ്പിക്കുന്ന യുദ്ധമുഖങ്ങൾ. ജീവൻ തൃണവൽഗണിച്ച് തുനിഞ്ഞിറങ്ങുന്ന അവിശ്വസനീയമായ രക്ഷാദൗത്യങ്ങൽ. ശത്രുസൈന്യം മാത്രമല്ല, പ്രതികൂലമായ പ്രകൃതിയും കാലാവസ്ഥയും സൃഷ്ടിക്കുന്ന ചതിക്കുഴികൾ. സദാ പിന്തുടരുന്ന മൃത്യുദേവതയുടെ മുന്നിൽ ഞാനാദ്യം ഞാനാദ്യം എന്നു മുന്നോട്ടുവരുന്ന സൈനികന്റെ സമർപ്പിതചിത്തങ്ങൾ. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ രക്തസാക്ഷികൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധക്കളമായ സിയാച്ചിനിൽനിന്ന് ശത്രുസൈന്യത്തോടും നരകശൈത്യത്തോടും പോരാടിനിന്ന കേണൽ സുരേന്ദ്രന്റെ കഥ സോണിയ കുറിച്ചിടുന്നതു വായിക്കൂ:

         

ജീവിതം പറഞ്ഞ എല്ലാ നോ, നോകൾക്കും അദ്ദേഹം പുഞ്ചിരിയോടെ യെസ്, യെസ് എന്നു മറുതലിച്ചു. മരണത്തോട് സൗമ്യമായി യുദ്ധം ചെയ്ത് ജയിച്ച ആൾക്ക് സ്മരണികയായി മൂന്നു വിരലുകൾ മുറിച്ചുനീക്കിയ, ബലം തീരെ കുറഞ്ഞ് ശോഷിച്ച ഒരു വലതുകൈയുണ്ട്. 97 നവംബർ പത്തിനായിരുന്നു അത്. സിയാച്ചിനിലെ സതേൺ ഗ്ലേഷിയറിലെ പോസ്റ്റ്. 18,000 അടി ഉയരത്തിൽ വച്ചാണ് ശത്രുവിന്റെ സ്‌നൈപ്പർ ഷോട്ട് അദ്ദേഹത്തിന്റെ മുകൾ നെഞ്ചിൽ തറച്ചത്. ആഘാതം കാരണം ഓർമ്മകെട്ടുവീണുവെങ്കിലും വേഗംതന്നെ ബോധം തിരിച്ചുവന്നു. ഓഫീസർ വെടിയേറ്റുവീണതോടെ ഒരു നിമിഷത്തേക്ക് പകച്ചുപോയ സൈനികർക്ക് അദ്ദേഹം വീണ്ടും നിർദ്ദേശങ്ങൾ നൽകാൻ തുടങ്ങി. രക്തം നിൽക്കാതെ വാർന്നുകൊണ്ടിരുന്നപ്പോൾ, മൗണ്ടനീറിങ് ഉപകരണങ്ങൾ ഉപയോഗിച്ചുമാത്രം എത്താൻ പറ്റുന്ന കൊടുമുടി ഉച്ചിയിൽനിന്നെങ്ങനെ താഴെയിറക്കും എന്നതൊരു സമസ്യയായപ്പോൾ 'എന്നെ സ്ലീപ്പിങ് ബാഗിൽ പൊതിഞ്ഞ് കെട്ടിവലിക്കൂ' എന്ന ഓർഡർ കൊടുത്തത് സാർതന്നെയാണ്. നിലത്തൂടെ--ഐസിലൂടെ കാലിൽ കയറുകെട്ടി, വലിച്ച് രണ്ടായിരമടി താഴെയെത്തിക്കാൻ പത്ത് മണിക്കൂറെടുത്തു. മൈനസ് 40 ഡിഗ്രിയിൽ ഓക്‌സിജൻ ഇല്ലാത്ത അവസ്ഥയിൽ വളരെ പതിയെ മാത്രമേ നീങ്ങാനാവൂ. ഭാരം വലിക്കുമ്പോൾ വീണ്ടും പതുക്കെയാവും ചലനം. അതും ആറടി ഉയരവും ഒത്ത ശരീരവുമുള്ള ഒരു ചെറുപ്പക്കാരനെയാണ് കെട്ടിവലിക്കുന്നത്.

         

ഭാഗ്യത്തിന് വെതർ പാക്ക് അല്ലായിരുന്നു. ഹെലികോപ്റ്റർ വന്നു. രക്തം മുക്കാലും വാർന്നുപോയ ശരീരവുമായി ആശുപത്രിയിലെത്തിച്ചു. ജീവൻ രക്ഷപ്പെട്ടെങ്കിലും വെടിയുണ്ടയേറ്റുള്ള ബ്രാക്കിയൽ പ്ലക്‌സസ് ഇൻജുറി (തോളിലുള്ള നാഡീവ്യൂഹത്തിനേറ്റ പരിക്ക്) കാരണം കൈ തളർന്നു. വിരലുകളിൽ ഫ്രോസ്റ്റ് ബൈറ്റായി. നീരുവെച്ചു വീർത്തു. കറുത്ത് കൽക്കരിപോലെ നിർജ്ജീവമായ മൂന്നു വിരലുകളെ ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റലിൽവെച്ച് മുറിച്ചുകളയേണ്ടിവന്നു. കണ്ണൂരുകാരനാണ് സുരേന്ദ്രൻ സാർ. രണ്ടുവർഷം മുന്നേ റിട്ടയർ ആയി നാട്ടിലേക്ക് തിരിച്ചുവന്ന അദ്ദേഹത്തിന് ഇപ്പോൾ മറ്റൊരു എതിരാളിയെ നേരിടേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. ശ്വാസകോശ അർബ്ബുദമാണത്. സദാ പോരാളിയായ അദ്ദേഹം ഇതിനെയും തോൽപ്പിക്കും. അതിനുള്ള ഇച്ഛാശക്തിയുണ്ട് കേണൽ സുരേന്ദ്രൻ എന്ന പട്ടാളക്കാരന്.

          തന്റെ ബ്ലോഗിൽ അദ്ദേഹം പറയുന്നു:

          'A soldier likes to fight against a strong enemy. And I decided to fight, not to surrender'.''

          'ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്‌ത്താൻ?' എന്ന് കാലത്തോട് ചോദിച്ചുകൊണ്ടേയിരിക്കുന്ന എത്രയെങ്കിലും സൈനികരുടെ മൃത്യുഗാഥകൾ സോണിയ തന്റെ സ്മൃതിപഥത്തിൽ കൊത്തിവയ്ക്കുന്നു. പറഞ്ഞുകേട്ടവരുടെയും കണ്ടറിഞ്ഞവരുടെയും കഥകൾ. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ അവിശ്വസനീയമായ വേഗത്തിൽ ഡി-മൈനിങ് ചെയ്ത് ഇന്ത്യൻ സേനയുടെ നീക്കം നിർണായകമായി വഴിതിരിച്ചുവിട്ട കേണൽ എൻ.സി. പിള്ളയുടെ കഥ, നിരായുധനായി, മൽപ്പിടുത്തത്തിലൂടെ ഒരു അഫ്ഗാൻ ഭീകരനെ കീഴടക്കി അയാളോടൊപ്പം ജാക്കറ്റ് ബോംബിൽ പൊട്ടിത്തെറിച്ച് ഒരു മെഡിക്കൽ സംഘത്തെ ഒന്നാകെ രക്ഷിച്ച മിലിറ്ററി ഡോക്ടർ മേജർ ലായിത്രാം ജ്യോതിൻസിംഗിന്റെ കഥ, 62ലെ ഇന്ത്യാചൈനാ യുദ്ധകാലത്ത് ഷേലാപാസിനു കുറുകെയുണ്ടായ ചീനപ്പടയുടെ കടന്നുകയറ്റം എഴുപത്തിരണ്ടു മണിക്കൂർ ഒറ്റക്കു തടഞ്ഞുനിർത്തിയ ഇരുപത്തിരണ്ടു വയസ്സുകാരൻ ജസ്വന്ത്‌സിംഗിന്റെ കഥ, ചോപ്പർ ക്രാഷിൽ മരിച്ച ക്യാപ്ടൻ റാവത്തിന്റെ കഥ, നായിക് അഭിലാഷിന്റെ കഥ, 1947ൽ കശ്മീർ സംരക്ഷിക്കാൻ കുമയോൺ റജിമെന്റിന്റെ നായകനായിനിന്നു പോരാടി ജീവൻ കൊടുത്ത മേജർ സോമനാഥ് ശർമ്മയുടെ കഥ, ഓപ്പറേഷൻ മേഘദൂതിനെ നിർണായകമായി ദിശതിരിച്ചുവിട്ട മാപ്പുകൾ നിർമ്മിച്ച പർവതാരോഹകൻ കൂടിയായിരുന്ന കേണൽ ബുൾകുമാറിന്റെ കഥ, 2002ൽ ലഡാക്കിൽ കൊല്ലപ്പെട്ട ദീപക്‌സിംഗിന്റെ കഥ, കുപ്‌വാരയിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേണൽ ജോർജ് തോമസിന്റെ കഥ, സിയാച്ചിനിലെ ബങ്കറിൽ ഓപ് മേഘദൂതിന്റെ ഭാഗമായിരിക്കെ, 1984ൽ കാണാതായ ചന്ദ്രശേഖർ എന്ന സൈനികന്റെ മൃതദേഹം 2022ൽ കണ്ടെത്തിയ കഥ.... എന്നിങ്ങനെ. 'ഇന്ത്യൻ റെയ്ൻബോ'യിലെ ചോരച്ചുവപ്പിന്റെ ചരിത്രം നീളുന്നു.

3. കൊളോണിയൽ സൈനികചരിതങ്ങൾ

          ഇന്ത്യൻ സൈന്യത്തിന്റെ ഘടനയും സംസ്‌കാരവും രൂപംകൊണ്ട കൊളോണിയൽ കാലത്തിന്റെ ചരിത്രസ്മാരകങ്ങളെ തന്റെ യാത്രകളിലും കഥകളിലും ഉടനീളം പിന്തുടരുന്നുണ്ട് സോണിയ. ഉത്തരേന്ത്യയിലെ നാട്ടുരാജാക്കന്മാർ മുതൽ ദക്ഷിണേന്ത്യയിലെ ഈസ്റ്റിന്ത്യാക്കമ്പനി മേധാവികൾ വരെയും അത്ഭുതകരമായ വാസ്തുശില്പചാതുരി വെളിപ്പെടുന്ന നിർമ്മിതികൾ മുതൽ കൊളോണിയൽ ബംഗ്ലാവുകളിലെ  ലൈബ്രറികൾ വരെയും ഒരുവശത്ത്. ശിപായിലഹളയുടെ പ്രഭവകേന്ദ്രമായിരുന്ന ലക്‌നൗവിലെ 'ബഡാ ഇമാം ബഡ'യെന്ന ഭൂതത്താൻകോട്ടയുടെ കഥ, മലേറിയ രോഗിയുടെ രക്തം കുടിച്ച അനോഫിലസ് കൊതുകിന്റെ ദഹനേന്ദ്രിയത്തിൽനിന്ന് പ്ലാസ്‌മോദിയം പാരസൈറ്റിനെ കണ്ടുപിടിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഡോക്ടർ റൊണാൾഡ് റോസിന്റെ കഥ, ചരിത്രം തളംകെട്ടിക്കിടക്കുന്ന ബറേലി ക്യാമ്പിന്റെ കഥ, പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ കച്ചവടത്തിനുവേണ്ടി പണിതുയർത്തിയ, പിന്നീട് ഇന്ത്യയിലെ ബ്രിട്ടീഷ് രാജ്യത്തിന്റെ മൂലക്കല്ലായി മാറിയ മദിരാശിയിലെ സെന്റ് ജോർജ് ഫോർട്ടിന്റെ കഥ, കാലം കുഴിമാടങ്ങളിലുറങ്ങുന്ന കൊഹിമയിലെ യുദ്ധശ്മശാനത്തിന്റെ കഥ..... എന്നിങ്ങനെ. ചരിത്രം അതിന്റെ അപാരമായ ഭാവിവിപരീതങ്ങളിൽ ശിലീഭവിച്ചു ശയിക്കുന്ന ഒരാഖ്യാനം വായിക്കൂ:

         

''ക്ലിനിക്കിൽ തിരക്കൊഴിയുന്ന സമയം കോട്ടയ്ക്കുള്ളിൽ വെറുതേ ചുറ്റിനടക്കും. ഒരുപാടുണ്ട് കാണാൻ. കോട്ടയ്ക്കുള്ളിലെ പഴയ പള്ളി അതിലൊന്ന്. സീയൂസിന് കിഴക്ക് ഏറ്റവും പഴയ ബ്രിട്ടീഷ് ബിൽഡിങ് ആണിത്. കിഴക്കിന്റെ വെസ്റ്റ് മിനിസ്റ്റർ ആബെ എന്നറിയപ്പെടുന്ന സെന്റ് മേരീസ് ചർച്ച്. 1680-ൽ പണിതുയർത്തിയ പള്ളിക്ക് മുന്നൂറ്റി നാൽപ്പത് വർഷം പഴക്കമുണ്ട്. ചെന്നൈയുടെ പൊള്ളുംവേനലിലും പള്ളിക്കുള്ളിൽ കുളിരാണ്. കോറമാൻഡൽ കടൽത്തീരത്തുനിന്ന് പറന്നുപോവാൻ ചിറകടിക്കുന്ന കുഞ്ഞിക്കാറ്റിനെപ്പോലും കൈപിടിച്ചുള്ളിൽക്കയറ്റുന്ന നിർമ്മാണരീതിയാണ്. പല്ലാവാരം ഗ്രാനൈറ്റിന്റെയും ബർമീസ് തേക്കിന്റെയും സുന്ദരപണിത്തരങ്ങൾ, തഞ്ചാവൂർ രാജകുമാരൻ സമ്മാനിച്ച അൾത്താര കൈവരികൾ, ചിത്രച്ചില്ലുജാലകങ്ങളിലെ മഴവിൽ നൃത്തങ്ങൾ, ഇരുമ്പുഗേറ്റിനുമുകളിലെ പഴയ വിളക്ക്, ഭിത്തിയിൽ പടർന്നുകയറിയ പൂവള്ളികൾ, പള്ളിവളപ്പിലെ പഴയ മരങ്ങൾ...

റോബർട്ട് ക്ലൈവിന്റെ കല്യാണം നടന്ന പള്ളിയാണ്. ഇവിടെ ആശീർവ്വദിക്കപ്പെട്ട ആദ്യത്തെ വിവാഹം ഈസ്റ്റിന്ത്യാ റസിഡന്റ് ഗവർണർ കേണൽ യേലിന്റെതായിരുന്നു-അമേരിക്കയിലെ യേൽ യൂണിവേഴ്‌സിറ്റിയുടെ എലിഹുയേൽ തന്നെ. അദ്ദേഹത്തിന്റെ ട്രേഡർ എന്ന നിലയിലുള്ള വരുമാനത്തിൽനിന്നാണ് യേൽ യൂണിവേഴ്‌സിറ്റി തുടങ്ങിയത്.

അൾത്താരയിൽ തിരുവത്താഴത്തിന്റെ വലിയൊരു എണ്ണച്ചായ ചിത്രമുണ്ട്. പത്തടി നീളവും എട്ടടി ഉയരവും. റാഫേലിന്റെ വത്തിക്കാൻ മാസ്റ്റർപീസിന്റെ പകർപ്പാണ്. റാഫേൽതന്നെ വരച്ചതാണെന്നൊരു ഭാഷ്യം. റാഫേലിന്റെ ശിഷ്യൻ വരച്ചത്, പിന്നെ അദ്ദേഹം ഫൈനൽ ടച്ച് ചെയ്തതെന്നും പറച്ചിലുണ്ട്. ചിത്രത്തിലെ കാസാ മാത്രമാണ് അദ്ദേഹം വരച്ചുചേർത്തതെന്ന് മറ്റുചിലർ. എങ്ങനെയായാലും ഈ ചിത്രത്തിനുവേണ്ടി ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ രണ്ടോ മൂന്നോ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ഇതു പറഞ്ഞുതന്നത് സുഹൃത്തായ ഒരു ഇൻഫന്ററി ഓഫീസറാണ്. അദ്ദേഹം യുദ്ധങ്ങളുടെ ചരിത്രത്തിൽ പഠനങ്ങൾ നടത്തുന്നയാളാണ്. ആദ്യം പുതുച്ചേരിയിൽനിന്ന് ബ്രിട്ടീഷുകാർ വാർബൂട്ടിയായി ഈ ചിത്രം പിടിച്ചെടുത്തുകൊണ്ടുവന്നു. പിന്നെ ഫ്രഞ്ചുകാർ ഇതിനുവേണ്ടി മദ്രാസ് ആക്രമിച്ചു. പടംതിരിച്ച് പുതുച്ചേരിയിൽ കൊണ്ടുപോയി. അത് 1746-ൽ. അന്ന് പള്ളിക്ക് ബോംബിട്ടു. ബോംബിട്ടിട്ടും അഞ്ചടി കട്ടിയുള്ള ഭിത്തിയും മേൽക്കൂരയും തകർന്നില്ല. പള്ളിക്കല്ലറകളുടെ സ്മാരകശിലകൾ പറിച്ചെടുത്ത് ഫ്രഞ്ചുകാർ തറ പാകാനുപയോഗിച്ചു. 'റെസ്റ്റ് ഇൻ പീസ്' എന്നെഴുതിയ ഓർമ്മക്കല്ലുകളുടെ മീതെ ആയുധങ്ങൾ കൂമ്പാരം കൂട്ടി. നോക്കണേ, മദർ മേരിയുടെ പ്രിയഭക്തരായിരുന്ന ഫ്രഞ്ചുകാർ (പാരീസിൽ മാതാവിന്റെ പേരിൽ എത്രയാണ് പള്ളികൾ-നോത്രദാം കത്തീഡ്രൽ അടക്കം) യുദ്ധസമയത്ത് മാതാവിന്റെ പാള്ളിക്ക് ബോംബിട്ടു. അതവരുടെ ബാരക്കാക്കി മാറ്റി, ആയുധപ്പുരയാക്കി.

വിശ്വാസങ്ങളും മൂല്യങ്ങളും സന്മാർഗ്ഗനിയമങ്ങളും എല്ലാം നിലംപറ്റുന്ന യുദ്ധക്കളങ്ങൾ. അവിടെ നിലനിൽപ്പ് എന്ന ഒരൊറ്റ ജൈവികചോദനമാത്രം നിയമമാകും. മനുഷ്യരാശി അതുവരെ ആർജ്ജിച്ചണിഞ്ഞ സംസ്‌കാരങ്ങളുടെ മൃദുകഞ്ചുകങ്ങളെല്ലാമടർത്തിനീക്കി ആദിമഗോത്രവികാരങ്ങളുമായി ഒരാൾക്കുരങ്ങ് പുറത്തു ചാടും. ഏതൊരു കാട്ടുമൃഗത്തെപ്പോലെയും, അത് സ്വന്തം നിലനിൽപ്പിനും ജീവനും വേണ്ടി മരിക്കുംവരെ പൊരുതും.

         1798-ൽ കോളറിഡ്ജ് എഴുതിയ ഈരടികളുടെ (Fears in Solitude) പരാവർത്തനം ഏതാണ്ട് ഇങ്ങനെയാണ്:

          പടനിലങ്ങൾക്കകലെ

          ഭദ്രമായ ഇടങ്ങളിലിരുന്ന്,

          പോരുവിളിച്ച്, മുറവിളികൂട്ടി

          ഈ ഹിംസയെ കൊഴുപ്പിക്കാൻ

          യുദ്ധഭ്രാന്തന്മാർ നമ്മൾ എന്നുമിഷ്ടപ്പെട്ടു!

          ഹാ, ബുദ്ധിഹീനരേ, നിങ്ങൾ അറിയുന്നോ,

          യുദ്ധത്തെക്കാൾ പ്രാകൃതമായി എന്തുണ്ട്!

ചിത്രത്തിലേക്കു വരൂ. 1761-ൽ യുദ്ധം ചെയ്ത് ബ്രിട്ടീഷുകാർ ഈ പടം തിരിച്ചു മദ്രാസിൽ കൊണ്ടുവന്നു. പടത്തിനു വേണ്ടിപ്പോലും പട! അന്യനാട്ടിൽ വെച്ച് ഒരു പെയിന്റിങ്ങിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കേണ്ടിവന്ന പട്ടാളക്കാരെക്കുറിച്ചോർത്ത് സങ്കടപ്പെട്ടുപോയി. ഒരു ചിത്രത്തിനുവേണ്ടി അന്ന് എത്രപേരുടെ ജീവൻ പൊലിഞ്ഞുകാണും! ദൂരെ കിഴക്കൻ ദേശത്തുവെച്ച് രണ്ടു വെള്ളക്കാർ കണ്ടുമുട്ടുമ്പോൾ ആദ്യം തോന്നേണ്ടത് സാഹോദര്യമാണ്. പക്ഷേ, അന്യവൻകരകളിൽവെച്ച് കണ്ടുമുട്ടുമ്പോൾപ്പോലും കടിച്ചുകീറാന്മാത്രം പകയുണ്ടായിരുന്ന രണ്ടു രാജ്യങ്ങൾ. രണ്ടോ മൂന്നോ നൂറ്റാണ്ടുകളല്ല സഹസ്രാബ്ദത്തോളം തമ്മിൽത്തല്ലിയവർ, അധിനിവേശത്തിനായെത്തിയ വിദൂര ഭൂഖണ്ഡങ്ങളിലും പാമ്പിനെയും കീരിയെയുംപോലെ അവർ തമ്മിൽ കടിപിടികൂടി, ഫ്രാൻസും ബ്രിട്ടനും. ദ ഹിസ്റ്റോറിക്കൽ റൈവൽസ്. സ്‌കാർലറ്റ് പിംപേർണൽ, ടെയ്ൽ ഓഫ് ടു സിറ്റീസ് അങ്ങനെ എത്രയെത്ര സാഹിത്യകൃതികളുണ്ട്. അവരുടെ പകയും പോരും വിഷയമായി''.

4. തദ്ദേശജീവിതചിത്രങ്ങൾ

          സൈനികക്യാമ്പുകൾക്കു പുറത്ത്, ഗോത്രങ്ങളും കുലങ്ങളും ജാതികളും മതങ്ങളും വംശങ്ങളും വർഗങ്ങളും മറ്റുമായി ചിതറിക്കിടക്കുന്ന മനുഷ്യരുടെ സൂക്ഷ്മചിത്രങ്ങൾ ഈ കഥകളിൽ സവിശേഷമായ ഒരു ആഖ്യാനധാരതന്നെ രൂപപ്പെടുത്തുന്നുണ്ട്. പടിഞ്ഞാറൻ താർമരുഭൂമിയിലെ ബിഷ്‌ണോയികൾ മുതൽ സൈനികക്യാമ്പുകളിൽ ചികിത്സതേടിവരുന്ന വിദൂരഗ്രാമവാസികൾ വരെ. ലഖ്‌നവിയിലെ ലോകോത്തര കൈത്തുന്നൽ തൊഴിലാളികൾ മുതൽ ഹിമാലയൻ പ്രദേശങ്ങളിലെമ്പാടുമുള്ള പഹാഡികൾ വരെ. ഇസ്രയേലിൽ നിന്നെത്തി അരുണാചൽപ്രദേശിൽ വാസമുറപ്പിച്ച മനാസയെന്ന യഹൂദഗോത്രം മുതൽ തവാംഗ് മലനിരകളിലെ ബുദ്ധമതവിശ്വാസികളായ ഗൊംപഗോത്രക്കാർ വരെ. ആവർത്തിക്കുന്ന വർഗീയകലാപങ്ങളിൽ ഇരകളായി മാറുന്ന ബറേലിയിലെ ഗ്രാമീണർ മുതൽ ലാറിബേക്കറും ഭാര്യ എലിസബത്ത് ചാണ്ടിയും രണ്ടു ദശകങ്ങൾ ചെലവിട്ട കുമയോൺ മലകളിലെ ആദിവാസികൾ വരെ. സ്‌നേഹം എന്ന വാക്കിന്റെ അർഥം പഠിപ്പിച്ച ചെന്നൈയിലെ നിർധന ഗ്രാമീണർ മുതൽ ആത്മബോധത്തിന്റെയും താൻപോരിമയുടെയും ആൾരൂപങ്ങളായ നാഗാലാൻഡിലെ ഗോത്രസ്ത്രീകൾ വരെ...

5. യാത്രകൾ, യാത്രകൾ

ഒന്നരപതിറ്റാണ്ടു നീണ്ട, പിന്നെയും തുടരുന്ന ഒരു യാത്രയുടെ പുസ്തകവുമാണ് 'ഇന്ത്യൻ റെയ്ൻബോ'. താർമരുഭൂമിയിലെ 'രക്തത്തിന്റെ വഴിത്താരക'ളിലൂടെ, അൽവാരിലെയും ലഡാക്കിലെയും തവാംഗിലെയും ബറേലിയിലെയും അരുണാചലിലെയും നൈനിത്താളിലെയും മാനം മുട്ടുന്ന മലനിരകളിലൂടെ, കന്ദാലിപ്പൂക്കൾ പന്തീരാണ്ടുകാലം കാത്തിരുന്നു വിരിയുന്ന കുമയോൺ കുന്നുകളിലൂടെ, നാടുകളും ദേശങ്ങളും ഗ്രാമങ്ങളും കടന്നുപോകുന്ന നെടുമ്പാതകളിലൂടെ, കാലം തളംകെട്ടിക്കിടക്കുന്ന തടാകങ്ങളുടെ കരയിലൂടെ, പുഴകളും താഴ്‌വരകളും ഹിമശൈലങ്ങളും കുളിരിടുന്ന പർവതപ്രാന്തങ്ങളിലൂടെ, കാമനകൾ പത്തിതാഴ്‌ത്തിക്കിടക്കുന്ന ബുദ്ധവിഹാരങ്ങളിലൂടെ, മനുഷ്യനും പ്രകൃതിയും മുഖാമുഖം നിന്നു യുദ്ധം ചെയ്യുന്ന സിയാച്ചിനിലെ അതുല്യഗരിമയാർന്ന ഹിമപ്പിളർപ്പുകളിലൂടെ, വടക്കുകിഴക്കൻ ഇന്ത്യയുടെ സാഗരവിസ്തൃതിയാർന്ന മഹാനദീതടങ്ങളിലൂടെ, കൊഹിമയിലെ യുദ്ധശ്മശാനവും നാഗാലാൻഡിലെ ഗോത്രവർഗഗ്രാമങ്ങളും സൃഷ്ടിക്കുന്ന ഭൂതകാലസ്മൃതികളിലൂടെ, ഡെക്കാൻപീഠഭൂമിയുടെ ഹരിതവക്ഷസ്സിലൂടെ, സോണിയയുടെ യാത്രകൾ സ്ഥലകാലങ്ങളെയും ഭൂഭാഗങ്ങളെയും നെടുകെയും കുറുകെയും മുറിച്ചുനീന്തുന്ന പരൽമീനുകളെപ്പോലെ ജനപദങ്ങളെയും ഋതുഭേദങ്ങളെയും കണ്ടറിഞ്ഞു മുന്നേറുന്നു. ഹിമശൈലസൈകത ഭൂമിയിൽനിന്ന് പ്രണയപ്രവാഹമായി ഒഴുകിവരുന്ന ജിയാഭരാളിനദിയുടെ ഈ ദൃശ്യവാങ്മയം അതിലൊന്നു മാത്രമാണ്:

''തവാങ്ങിൽനിന്ന് ഹിമാലയപർവ്വതങ്ങളിറങ്ങി തുള്ളിച്ചാടി വന്ന നദിയിതാ ഇവിടെ സർവ്വ പ്രതാപത്തിൽ. ജിയാഭരാളിയാണിത്. സമതലത്തിലെത്തിയതോടെ സമ്മോഹന മന്ത്രം ജപിച്ച് ക്ഷണിക്കുന്ന ബ്രഹ്മപുത്രയിൽ ലയിക്കാനുള്ള കുതിച്ചോട്ടമാണ്. ഇനി മുകളിലേക്ക് രണ്ടുദിവസത്തെ റോഡ് യാത്ര ഇവളുടെ തോളുരുമ്മിയാണ്. പർവ്വതപാതകളെല്ലാം ചെയ്യുന്ന സൂത്രപ്പണിയാണത്. മലയിറങ്ങാൻ എളുപ്പം എപ്പോഴും പുഴയുടെ കൈപിടിച്ചാണ്, മലകൾ കയറാനും. ഒടിവുകളിലൂടെയും ചെരിവുകളിലൂടെയും ഇടുക്കുകളിലൂടെയും പുഴ കണ്ടുപിടിച്ച എളുപ്പവഴികളുണ്ട്. ജിയാഭരാളി. ജിയ എന്നാൽ ജീവനുള്ളത് എന്നാണ് അസമീസ് ഭാഷയിൽ അർത്ഥം. ജീവൻ തുടിക്കുന്ന സുന്ദരിപ്പുഴയായതുകൊണ്ടാണോ ഈ പേര്? അതോ വർഷക്കാലത്ത് ഉശിരുവെച്ച് കണ്ണും മൂക്കുമില്ലാതെ തന്നിഷ്ടത്തിന് വഴിമാറിയൊഴുകുന്നതുകൊണ്ടാണോ? ആർക്കറിയാം. ഓരങ്ങളിൽ മനുഷ്യവാസം കുറവായതിനാൽ ഒട്ടും മലിനമാവാത്ത, മലകളിൽനിന്ന് കൊണ്ടുവന്ന മഞ്ഞുപോലെ തണുത്ത വെള്ളം. പളുങ്കുവെള്ളത്തിൽ ഇന്ദ്രനീലംപോലത്തെ പ്രതിച്ഛായ പ്രതിഫലിപ്പിച്ച് വെള്ളപ്പരപ്പിൽ തെന്നിയും തെറിച്ചും മേളിച്ചാർക്കുന്ന നീലകാന്തക്കിളികൾ. രാവണനെ വധിക്കുന്നതിനുമുന്നേ ശ്രീരാമൻ കണികണ്ടത് നീലകാന്തപ്പക്ഷിയെയാണെന്ന് കഥയുണ്ട്. അതിനാൽത്തന്നെ ഉത്തരേന്ത്യക്കാർക്ക് ശുഭസൂചനയാണീ സുന്ദരപ്പക്ഷികൾ. ഇനിയീ പുഴയുടെ കൈയും പിടിച്ച് നമുക്ക് കാട്ടിലേക്ക് കയറാം. പിന്നെ അതിനും പിന്നിലെ മഞ്ഞുമലകളുടെ തണുത്ത ശിഖരങ്ങളിലേക്കും. ഉയരങ്ങളിലെത്തുന്തോറും പുഴ മെലിഞ്ഞ് ചെറുപ്പംവെച്ചുവരുന്നു. പാറക്കല്ലുകളിലെടുത്തുചാടി, കാട്ടുപൂവിതളുകളാൽ നിറയെ ചമയമണിഞ്ഞ്, ഓരത്തെ വയമ്പിൻ കാടുകളുടെ ദേവസുഗന്ധം പൂണ്ട് തനി കുറുമ്പുകാരി കാട്ടരുവിയാകുന്നു. മല കയറിക്കയറിപ്പോകുമ്പോൾ കാടുകളോ മെഴുത്തുകൊടുത്തു വരുന്നു. കല്ലുവാഴകളും കാട്ടുമുളങ്കൂട്ടങ്ങളുമായി കുത്തനെയുള്ള ചെരിവുകൾ. പേരറിയാത്ത കൂറ്റൻ മരങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇത്തിൾക്കണ്ണികളിൽ നിറയെ പൂവുകൾ. എപ്പോഴും മഴയിറ്റുവീഴുന്ന മലങ്കാടുകൾ. മലയിൽനിന്നു തുള്ളിച്ചാടിവരുന്ന എണ്ണമില്ലാത്തത്ര കുഞ്ഞൻ വെള്ളച്ചാട്ടങ്ങൾ കാറ്റിലാടി റോഡിലൂടെ പോകുന്ന വണ്ടികളുടെ മേൽ ചിതറിത്തെറിച്ച്, ആകെ കുളിപ്പിച്ച് കുസൃതികാട്ടുന്നുണ്ട്. ഉയരം കൂടുന്തോറും നനവിറ്റുന്ന തണുപ്പ് കിടുകിടുക്കുന്ന തണുപ്പിന് വഴി മാറുന്നു. മഞ്ഞുമലകളുടെ വിദൂരചിത്രം അടുത്തടുത്തുവരുന്നു. വന്മലയിറങ്ങി വരുന്നിടത്ത് താഴെ, പൊടുന്നനെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിൽ പുഴ നിറഞ്ഞുചിരിക്കുന്നു. ജിയാഭരാളി തന്നെയാണത്. പക്ഷേ, അരുണാചലിലിവളെ 'കെമങ് ചൂ' എന്നാണ് വിളിക്കുക. തീച്ചുവപ്പുപൂക്കൾ നിറഞ്ഞ ഒരു പൂമരമുണ്ട് പുഴയോരത്ത് ഒറ്റയ്ക്ക് നിൽക്കുന്നു. മുരിക്കിൻപൂപോലെ കണ്ണിൽക്കുത്തുന്ന ചുവപ്പ്. അരികിലിരുന്ന കൊൽക്കത്തക്കാരൻ ഉത്സാഹത്തോടെ പറഞ്ഞുതന്നു. 'പലാശ മരമാണിത്.' ബംഗാളികൾക്കിത്, വസന്താഗമനത്തിന്റെ അടയാളപ്പൂവുകൾ. ജയദേവൻ ഗീതഗോവിന്ദത്തിൽ 'യുവഹൃദയങ്ങളെ ഞെരടുന്ന കാമന്റെ പ്രണയനഖങ്ങൾ' എന്ന് വർണ്ണിച്ച ഇതളുകളിതാ പുഴയോരത്ത്, വെളുത്തുരുണ്ട പാറക്കല്ലുകളിൽ തീനാവുകൾ പോലെ ചിതറിത്തെറിച്ച്... രബീന്ദ്രനാഥ ടാഗോറിന്റെ കവിതകളിലെ പ്രിയ ബിംബമായ പലാശമരം. റുഡ്യാർഡ് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്കിൽ മൗഗ്ലി, ചെന്നായ് ബ്രോയോട് അടയാളം കാട്ടാൻ പറഞ്ഞത് ഈ തീമരത്തിന്റെ ചോട്ടിൽനിന്നാണ്. ദ ഫയർ ട്രീ''.

6. പുഴകൾ, മലകൾ, പൂവനങ്ങൾ

          എത്രയെങ്കിലും നദികൾ, മലകൾ, ഉദ്യാനങ്ങൾ... ജൈവലോകത്തിന്റെ മഴവിൽക്കാവടിയാണ് 'ഇന്ത്യൻ റെയ്ൻബോ'യിലെ ഏറ്റവും ഹൃദ്യവും ഊഷ്മളവുമായ ഭാവനകളിലൊന്ന്. മരുഭൂമിയുടെ ഭീതിദപ്രതീതികൾ മുതൽ ഹിമപർവതങ്ങളുടെ ഗംഭീരോദാരച്ഛായാപടങ്ങൾ വരെ പശ്ചാത്തലമാകുന്ന ഇന്ത്യൻ മഴവില്ല്. നഗരങ്ങളും ഗ്രാമങ്ങളും മാത്രമല്ല വിദൂരഗോത്രമേഖലകളും ബുദ്ധവിഹാരങ്ങളും വരെ-ഹരിതരാഷ്ട്രീയത്തിന്റെ നാല് ഋതുക്കളെയും മാറിമാറി പുൽകിപ്പുണർന്നു നിൽക്കുന്ന ചേതോഹരമായ കാഴ്ചകളിലേക്കാണ് സോണിയയുടെ കണ്ണുകൾ സദാ നീണ്ടുചെല്ലുന്നത്. ഉദ്യാനനഗരമായ ബംഗളൂരുവിന്റെ കഥപറയാൻ ഒരധ്യായം തന്നെയുണ്ട്. എണ്ണമറ്റ വൃക്ഷങ്ങളുടെയും ചെടികളുടെയും മൂർത്തസാന്നിധ്യമുള്ള വിവരണം. ഒപ്പം, അസാധ്യവിപരീതങ്ങൾ നിരനിരയായെത്തുന്ന സിയാച്ചനിലെ ചൂടുറവ മുതൽ മരണനദിയെന്നു വിളിപ്പേരുള്ള ശ്യോക്‌നദിയുടെ കുലംകുത്തിപ്പായുന്ന രൗദ്രതവരെയും. ചരിത്രവും അധിനിവേശങ്ങളും ഹിമപാതങ്ങളും പ്രളയങ്ങളും മാറിമാറിപ്പൂൽകിയ കാലപ്രവാഹിനി. വായിക്കൂ:

          ''ഈ പാത ഇനി ശ്യോക് നദിയുടെ വിളുമ്പിലൂടെയാണ്. കുത്തിമറിഞ്ഞ്, കലങ്ങിച്ചുവന്ന്, ആടുന്ന ഇരുമ്പുപാലങ്ങൾ മുട്ടിയുരുമ്മിയും ഓരത്തെ റോഡിനു മുകളിൽ പുളഞ്ഞ കയറാനോങ്ങിയും വേനലിലെ ഹിമനദി. 'സിൻഡസ് യാങ്‌പോ' എന്ന് ലഡാക്കികൾ വിളിക്കുന്ന സിന്ധുവിന്റെ പ്രധാന ജലദായിനിയാണ് ശ്ലോക്. കാരക്കോറം ഹിമാലയൻ റേഞ്ചുകളുടെ ഇടവിടവിലൂടെ അവൾ തെക്കോട്ടു കുതിക്കുന്നു. യാർക്കണ്ടി എന്ന മദ്ധ്യേഷ്യൻ ഭാഷയിൽ ശ്യോക് എന്നാൽ, മരണനദി എന്നർത്ഥം. കാരക്കോറം ചുരം കടന്ന് ഇന്ത്യയിലേക്കുള്ള പുരാതന പർവ്വതവഴിയിൽ (സിൽക്ക് റൂട്ട്) ഒന്നല്ല ഇരുപത്തിരണ്ടുവട്ടമാണ് ഈ നദി കുറുകേ കടക്കേണ്ടിയിരുന്നത്. കിഴുക്കാംതൂക്കായ മലകളുടെ ആഴമേറിയ മലയിടുക്കുകളിലൂടെ ഒടിഞ്ഞുമടങ്ങി, വളഞ്ഞുപുളഞ്ഞൊഴുകി ഇവൾ വടക്കുവടക്കേയതിരിന് കാവൽ നിൽക്കുന്നു. വിചിത്രമായ പ്രയാണഗതിയാലും അസാധാരണ ഗതിവേഗത്താലും ഇന്ത്യയെ കീഴടക്കാൻ വന്ന മംഗോളിയൻ ചൈന അധിനിവേശക്കാരുടെ പേടിസ്വപനമായിരുന്നു ശ്യോക്. അവരുടെ കാലാൾപ്പടയെയും കുതിരകളെയും ഒട്ടകങ്ങളെയുമെല്ലാം യഥേഷ്ടം ആഹരിച്ചവൾ. ശൈത്യകാലത്ത് ഉറഞ്ഞുറങ്ങുന്ന നദിക്കുമീതേ നടന്നവർ വന്നാലോ. അപ്പോൾ മഞ്ഞുറഞ്ഞ മൗണ്ടൻ പാസുകൾ വഴിമുടക്കി നിൽക്കും (കാർദുംഗ് ലാ, ചാങ് ലാ...). ഇതുപോലൊരു നദി ഞാൻ കണ്ടിട്ടില്ല. മഴക്കാലത്തെ ബ്രഹ്മപുത്രപോലും, അതിന്റെ സകല പ്രഭാവത്തിലും ഇത്ര ഭീകരമല്ല. വെയിൽ മുത്ത് മഞ്ഞുരുകി മലകളിൽനിന്നു കുത്തിയൊലിച്ചുവരുന്ന ഗ്ലേഷ്യർ ജലം കലർന്നുചേർന്ന് ശ്യോകിന്റെ ജലനിരപ്പ് കൺമുമ്പിൽ കുതിച്ചുകുതിച്ചുയരുന്നു. ഓരത്തെ ഇടുങ്ങിയ മലമ്പാത കടിച്ചുപറിക്കുന്നു. എന്തൊരൊഴുക്കാണിത്, ശ്വാസംമുട്ടിക്കുന്ന ഗതിവേഗം. ആയിരം ചെമ്പൻ കാട്ടുകുതിരകൾ ഒരുമിച്ച് മലയിടുക്കിലൂടെ പറയുംപോലെ മദോന്മത്തം. 'പതുക്കെ, ഒന്നു പതുക്കെ' എന്നൊന്ന് വിരൽ തൊട്ട് സമാധാനിപ്പിക്കാൻ ആശിച്ചുപോകും

ഇടയ്ക്കിടെ ഷൂട്ടിങ് സ്റ്റോൺ പ്രോൺ ഏരിയ എന്ന് എഴുതിവെച്ചിട്ടുണ്ട്. കുത്തനെയുള്ള പർവ്വതങ്ങ ളിൽനിന്ന് കല്ലെറിയുമ്പോലെ ഒരുപാട് പാറക്കല്ലുകൾ ഒരുമിച്ച് തെറിച്ചുവരുന്നതിനാണ് ഷൂട്ടിങ് സ്റ്റോൺസ് എന്നു പറയുന്നത്. ഒരു കല്ല് വീണുതുടങ്ങിയാൽപ്പിന്നെ തുരുതുരാ കൽമഴയായി. ഒന്നുപോയി അടുത്തവയിൽ മുട്ടി, ആ കല്ല് അടുത്ത കല്ലിൽ വന്ന് മുട്ടി അങ്ങനെ ഒരുമിച്ച് ടകടകടാ എന്ന് വാഹനങ്ങളിൽ ശക്തിയോടെ വന്ന് പതിക്കും. വണ്ടികളെ തകർക്കുകയോ പുഴയിലേക്കെറിയുകയോ ചെയ്യാം. ഞങ്ങളുടെ വണ്ടിയും ഒരു കൽമഴയിൽ പെട്ടുപോയി. മിടുക്കനായ ലഡാക്കി ഡ്രൈവർ ദാവ സെറിങ്, തെറിച്ചുവരുന്ന ആദ്യത്തെ ചെറിയ കല്ലുകൾക്കിടയിലൂടെ അതിവേഗത്തിൽ കുതിച്ചുപായിച്ച് പുറത്തു കടന്നു. എന്നിട്ടും വണ്ടിയിൽ നിറയെ പാടുകൾ, ചുളുക്കുകൾ. പിന്നാലെ വന്ന വൻകല്ലുകൾ തട്ടി പാതവിളുമ്പിലെ വലിയ മരത്തടി ശ്യോകിലേക്ക് തെറിച്ചുവീഴുന്നതും അതിവേഗം മുങ്ങിപ്പൊങ്ങി കുത്തൊഴുക്കിനൊപ്പം ദൂരെ അപ്രത്യക്ഷമാവുന്നതും തിരിഞ്ഞുനോക്കി ചങ്കിടിപ്പോടെ കണ്ടു. കല്ലെറിഞ്ഞ് ഇരപിടിക്കുന്ന പുഴയോ?

          കല്ലുമഴപ്പെയ്ത് കുറുകേ കടന്നെത്തിയപ്പോൾ അപ്പുറത്ത് ഗ്രഫുകാരുടെ (ജി.ആർ.ഇ.എഫ്.) ഒരു സംഘം തൊഴിലാളികൾ തലയിൽ കൈവെച്ച് നോക്കിനിൽക്കുന്നു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ; അതിർത്തി റോഡുകളുടെ സ്രഷ്ടാക്കളും രക്ഷിതാക്കളും ഇവർതന്നെ. 'ഷൂട്ടിങ് സ്റ്റോൺസ് വരുന്നതുകണ്ട് ഞങ്ങൾ വിസിലടിച്ചത് കേട്ടില്ലേ' എന്ന്. എവിടെ കേൾക്കാൻ! അരികിൽ ചിന്നംവിളിച്ച് അലറിക്കുതിക്കുകയാണ് ശ്യോക്.

          'കല്ലു തട്ടിത്തെറിപ്പിച്ച് വണ്ടിയെങ്ങാൻ പുഴക്കുതിപ്പിൽ വീണുപോയിരുന്നെങ്കിൽ പിന്നെ പാക്കിസ്ഥാന്റെ കരയിലടിഞ്ഞേനെ വാഹനവും ആളുകളും' എന്നവർ നെഞ്ചിൽ കൈവെച്ച് ഓർമ്മിപ്പിച്ചു. അതിരുകൾ പുല്ലെന്ന് ഇരമ്പുന്ന മരണത്തിന്റെ പുഴ മഞ്ഞുജലത്തെ കടഞ്ഞ് കറക്കി കടക്കണ്ണിട്ട് നോക്കുന്നു. നഖങ്ങൾ നീട്ടി നാവുനുണഞ്ഞ് മുറുമ്മുന്നു. നഷ്ടപ്പെട്ട ഇരയെ ഇടത്തേ കൺകോണിലൂടെ നോക്കുന്ന സിംഹിണിയെപ്പോലെ''.

7. മൃഗകഥകൾ

          മനുഷ്യരെപ്പോലെതന്നെ ഇന്ത്യൻ റെയ്ൻബോയിൽ പ്രാണസാന്നിധ്യമറിയിക്കുന്ന മൃഗങ്ങളുടെ ഒരു നീണ്ടനിരയുണ്ട്. ആനയും കുതിരയും നയിച്ച യുദ്ധങ്ങളുടെ ദീർഘകാലചരിത്രം വേറെ. 1775ലെ അമേരിക്കൻ സിവിൽവാറിൽ തുടങ്ങിയതാണ് മിലിറ്ററി മാസ്‌കോട്ട് എന്ന സൈനികപാരമ്പര്യം. നമ്പറും റാങ്കുമൊക്കെയുള്ള നിയമനംതന്നെ. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ് ആർമി ഒരു ആടിനാണ് പദവികളും മരണാനന്തര മെഡലുകളും നൽകിയത്. 2001ൽ ബ്രിട്ടീഷ് റോയൽ ആർമിക്ക് ഇരുന്നൂറ്റമ്പത് കശ്മീരി ആടുകളുടെ സംഘംതന്നെയുണ്ടായിരുന്നു. താർമരുഭൂമിയിലെ പട്ടാളക്യാമ്പിൽ ഉണ്ടായിരുന്ന ഷേരു എന്ന ആട്, അരുണാചൽപ്രദേശിലെ ക്യാമ്പുകളിൽ പലനിലകളിൽ പ്രത്യക്ഷരായിരുന്ന യാക്കുകളും മിത്തുനുകളും, തവാംഗ് കാടുകളിലെ കരടികൾ, കാസിരംഗപാർക്കിലെ ആനകളും റൈനോകളും, ഗൊംപഗോത്രക്കാരുടെ ബുദ്ധവിഹാരത്തിലെ കൂറ്റൻ നായയായ ടിബറ്റൻ മാസ്റ്റിഫ്, മനുഷ്യസാധ്യമല്ലാത്ത ദൗത്യങ്ങളേറ്റെടുത്ത് അതിവിദൂര സൈനികക്യാമ്പുകളിൽ ഭക്ഷണവും മരുന്നും വെടിക്കോപ്പുകളുമെത്തിക്കുന്ന കോവർകഴുതകൾ...... നോഹയുടെ പെട്ടകം എന്ന ഒരധ്യായംതന്നെയുണ്ട് മൃഗപ്രാണികളുടെ കഥ പറയാനായി ഈ ഗ്രന്ഥത്തിൽ. ഇന്ത്യൻ സൈന്യം വീരചക്ര നൽകി ആദരിച്ച പെഡോങ്കിയെന്ന കോവർകഴുതയുടെ കഥ കേൾക്കൂ:

''ഡൽഹിയിൽ പോളോ റോഡിലുള്ള ആർമി സർവീസ് കോറിന്റെ ഓഫീസർ മെസ്സിന്റെ പേര് 'പെഡോങ്കി' എന്നാണ്. പെഡോങ്കി ഒരു ജനറലോ പട്ടാളക്കാരനോ അല്ല. ഒരു മ്യൂളാണ്. വീരചക്ര അവാർഡ് ലഭിച്ച മ്യൂൾ. ഇന്ത്യയുടെ കുളമ്പുകളുള്ള വാർഹീറോ. ഏറ്റവുമധികം കാലം, അതായത് 32 വർഷം മിലിറ്ററി സർവീസ് ചെയ്ത കോവർക്കഴുത എന്ന ഗിന്നസ് റെക്കോഡും പെഡോങ്കിക്ക് സ്വന്തമാണ്.

          1971-ലെ യുദ്ധസമയത്ത് പാക്കിസ്ഥാൻ പട്ടാളക്കാർ നമ്മുടെ കുറച്ച് മ്യൂളുകളെ പിടിച്ചുകൊണ്ടുപോയി. ഇവയ്ക്ക് ഒരേതരം പരിശീലനം തന്നെയാണ് രണ്ടിടത്തും എന്നതിനാൽ അപ്പുറത്താണെങ്കിലും ഇപ്പുറത്താണെങ്കിലും പിടിച്ചുകൊണ്ടുവരുന്ന ഇവയെ ഉടനെത്തന്നെ ജോലിക്ക് ഉപയോഗിക്കുകയാണ് പതിവ്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അതാ മുതുകിൽ വലിയ ഭാരവുമായി കിതച്ചോടി നമ്മുടെ പെഡോങ്കി വരുന്നു. അവളുടെ ട്രെയിനറെ വെട്ടിച്ച് ഓടിപ്പോന്നതാണ്. 20 മൈൽ ആണ് അന്ന് അവൾ ഓടിയത്. പുറത്ത് വെച്ചു കെട്ടിയ പാക്കിസ്ഥാന്റെ എം.എം.ജി.(മീഡിയം മെഷീൻ ഗൺ)യും രണ്ടു പെട്ടി ആംനിഷ്യനും. രാജ്യത്തോട് കൂറുകാണിച്ച ഈ സംഭവമാണ് അവൾക്ക് വീരചക്ര ലഭിക്കാൻ കാരണമാക്കിയത്''.

8. സ്ത്രീജീവിതങ്ങൾ

          'ഇന്ത്യൻ റെയ്ൻബോ' മറ്റെന്തിലുമുപരി ഒരു സ്ത്രീരചനയാണ്. ആൺ-പെൺ ഭേദം തെല്ലുമില്ലാത്ത ഇന്ത്യൻ സൈന്യത്തിന്റെ ലോകോത്തരമായ സമഭാവനാസംസ്‌കാരത്തിനു കീഴിൽ ഒരു സ്ത്രീ ഓഫീസർ താൻ കടന്നുപോന്ന ഒന്നരപതിറ്റാണ്ടിന്റെ സൈനികജീവിതത്തെ നോക്കിക്കാണുന്ന ഉജ്ജ്വലമാതൃക. അസാധാരണമാംവിധം സ്‌ത്രൈണതയ്യാർന്ന ആഖ്യാനപാഠങ്ങളാണ് ഈ പുസ്തകത്തിലെ സ്മൃതികളും കഥകളും ചരിതങ്ങളും ഒന്നടങ്കം. ക്യാമ്പുകൾക്കു പുറത്ത്, ഡോക്ടർ കൂടിയായ എഴുത്തുകാരി കണ്ടെത്തുന്ന ജനപദങ്ങൾ മിക്കതും സ്ത്രീകളുടെ കർതൃപദവി കേന്ദ്രീകരിച്ചു രൂപംകൊള്ളുന്നവയുമാണ്. ഒറ്റയൊറ്റ സ്ത്രീകളുടെ കൊടിയ നോവുകളും യാതനകളും വേവുകളും പങ്കിട്ടെടുക്കുന്ന ആഖ്യാതാവിന്റെ അനുഭവങ്ങളാണ് ഈ രചനയിലെ ഏറ്റവും ആർദ്രവും തരളവുമായ കഥനങ്ങൾ. മരുഭൂമിയിലെ ഗ്രാമത്തിൽ കണ്ടുമുട്ടുന്ന, കൗമാരത്തിൽതന്നെ വിവാഹിതയും ഗർഭിണിയുമായ, നിരക്ഷരയായ ഗുഡിയയുടെ കഥ, ശൈശവവിവാഹത്തിന്റെ ഇരയെന്ന സ്ഥിതിയിൽനിന്ന് കഠിനാധ്വാനം കൊണ്ടുമാത്രം വളർന്ന് പട്ടാള ഓഫീസർ പദവിയിലെത്തിയ ഭൈരവിയുടെ കഥ, ആറ്റുനോറ്റു കാത്തിരുന്ന കുഞ്ഞ് പ്രസവത്തിനു തൊട്ടുമുൻപു മരിച്ചുപോയ ദുഃഖം സഹിക്കാനാവാതെ കേഴുന്ന ദേബ്ജാനിയുടെ കഥ, ചോപ്പർദുരന്തത്തിൽ മരിച്ച ക്യാപ്ടൻ റാവത്തിന്റെ വിധവ അദിതിയുടെ കഥ, തമിഴ്‌സിനിമാതാരം സൂര്യ, അനാഥാലയത്തിൽനിന്ന് കണ്ടെത്തി പഠിപ്പിച്ച് ആർമിയിൽ മേജർ സ്ഥാനത്തെത്തിച്ച അഗമേന്തിയുടെ കഥ, 1984ലെ സിക്ക് വിരുദ്ധകലാപകാലത്ത് ഡൽഹിയിൽ, ഒരു സിക്ക് ബാലനെ സ്വന്തം ജീവൻ പണയംവച്ച് അക്രമികളിൽനിന്നു രക്ഷിച്ച പട്ടാളക്കാരന്റെ ഭാര്യയുടെ കഥ, മദ്യത്തിനടിമയായ പുരുഷന്മാരെ വിട്ടുവീഴ്ച തെല്ലുമില്ലാതെ മര്യാദപഠിപ്പിക്കുന്ന നാഗസ്സ്ത്രീകളുടെ കഥ, എച്ച്‌ഐവി പോസിറ്റീവായി മരിച്ച ദമ്പതികൾക്കു ജനിച്ച് മുപ്പതുവർഷത്തോളം ജീവിച്ച് മരണാസന്നയായ ലെനോയുടെ കഥ.... എന്നിങ്ങനെ.

9. കൃതികൾ, മനുഷ്യകഥാനുഗായികൾ

          തന്റെ സൈനികസ്മരണകളുടെ ആഖ്യാനകലയെ മാനവികതയുടെ ലാവണ്യഭൂമികയിൽ പ്രതിഷ്ഠിക്കാൻ സോണിയ സ്വീകരിക്കുന്ന സങ്കേതങ്ങളിൽ ഏറ്റവും ശ്രദ്ധേയം നിരവധിയായ സാഹിത്യ-സാഹിത്യേതര രചനകളുടെ സാന്നിധ്യമാണ്. വിഖ്യാതങ്ങളായ കഥാസന്ദർഭങ്ങളാകാം, വിശേഷപ്പെട്ട കാവ്യശകലങ്ങളാകാം, ചരിത്രത്തെയോ രാഷ്ട്രീയത്തെയോ സ്വാംശീകരിച്ച ഗ്രന്ഥസംസ്‌കാരങ്ങളാകാം, ചില കാലങ്ങളെയോ സ്ഥലങ്ങളെയോ നേട്ടങ്ങളെയോ കോട്ടങ്ങളെയോ സ്ഥാനപ്പെടുത്തുന്ന അടയാളവാക്യങ്ങളാകാം, ഭാവനയുടെ ചിറകുമുളച്ച സൗന്ദര്യകല്പനകളാകാം, മഹാദുഃഖങ്ങളുടെ രക്തക്കറ പുരണ്ട രേഖീകരണങ്ങളാകാം, ഓർമ്മകളെ പൊള്ളിച്ചുണർത്തുന്ന വായനാനുഭവങ്ങളാകാം, മിത്തുകൾ പോലെ പൊന്തിവരുന്ന ഭൂതകാല സൂചകങ്ങളാകാം.... തിരുവള്ളുവർ മുതൽ കാളിദാസൻ വരെയും കസാൻദ്‌സാക്കീസ് മുതൽ ആനന്ദ് വരെയും ജയദേവർ മുതൽ ടാഗോർ വരെയും ബാഷോ മുതൽ നെരൂദവരെയും ജിംകോർബെ മുതൽ ഖാലിദ് ഹുസൈനിവരെയും കോളറിജ് മുതൽ മെൽഗിബ്‌സൺ (സിനിമ) വരെയും റുഡ്യാർഡ് കിപ്ലിങ് മുതൽ ബ്രാംസ്റ്റോക്കർ വരെയും വിക്ടർ ഹ്യൂഗോ മുതൽ സ്റ്റീൻ ബക്ക് വരെയും സുഗതകുമാരി മുതൽ ഒഎൻവി വരെയും ഹെമിങ്‌വേ മുതൽ വീരാൻകുട്ടി വരെയും ഡൊമിനിക് ലാപിയർ മുതൽ നിക്കി മിഡിൽടൺ വരെയും അമൃതം പ്രീതം മുതൽ ബഷീർ വരെയും ജൂലിയ ഷാർലെറ്റ് മുതൽ ബോബിജോസ് വരെയും....

10. ഭാഷയുടെ ശലഭച്ചിറകുകൾ

          മേല്പറഞ്ഞ ഓരോ ഭാവലോകവും ചേർന്ന് ഈ പുസ്തകത്തിന്റെ വായനയെ അസാമാന്യമായ ഒരു അനുഭൂതിയാക്കി മാറ്റുന്നതിൽ സോണിയയുടെ ഭാഷക്കുള്ള പങ്ക് ഒന്നു വേറെതന്നെയാണ്. അതിശയോക്തിയല്ല, 'ഇന്ത്യൻ റെയ്ൻബോ'യുടെ ആഖ്യാനകല, ഭാവസാന്ദ്രമായ അനുഭവങ്ങളെ പഞ്ചേന്ദ്രിയങ്ങളുടെയും അനുഭൂതികളിലേക്കു വിവർത്തനം ചെയ്യുന്നതിൽ ഒരേസമയം കൈവരിക്കുന്ന സൗന്ദര്യ-രാഷ്ട്രീയസാധ്യതകൾ എടുത്തുപറയേണ്ടവിധം വിശേഷപ്പെട്ടതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ അനന്തവൈവിധ്യംപോലെ തന്നെയാണ് അനുഭൂതിവൈവിധ്യങ്ങളുടെ അവതരണകലയിൽ സോണിയയുടെ ഭാഷ കൈവരിക്കുന്ന ലാവണ്യഭംഗിയും. അതീവ ഹൃദ്യമായ കൊച്ചുകൊച്ചു വാക്യങ്ങൾ. തൊട്ടെടുക്കാവുന്ന രസഭംഗികൾ. ദൃശ്യസൂക്ഷ്മതകൾ. നുള്ളിനോക്കാവുന്ന പേലവതകൾ. കുത്തിനോവിക്കുന്ന മുൾപ്രയോഗങ്ങൾ. ചിതറിത്തെറിക്കുന്ന അമ്ലരൂക്ഷതകൾ. ശിലീഭവിക്കുന്ന സങ്കടങ്ങൾ. ചോരയിറ്റുന്ന നോവുകൾ. തിളയ്ക്കുന്ന സാഹസങ്ങൾ. ഘനീഭൂതമാകുന്ന കാലപ്പകർച്ചകൾ. തുള്ളിത്തുളുമ്പുന്ന നിഷ്‌ക്കളങ്കതകൾ. കോർത്തുവലിക്കുന്ന ഗൃഹാതുരതകൾ. ശുദ്ധമായ ഉള്ളകങ്ങൾ. വായിച്ചുതന്നെയറിയണം 'ഇന്ത്യൻ റെയ്ൻബോ'യിലെ ഈ ഭാവകാവ്യഭാഷാചാരുത. രണ്ടുദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.

          ഒന്ന്, ഭാഷകൊണ്ടു സാധ്യമാകാവുന്ന ഭാവ-രൂപ സംപൃക്തമായ ഭാഷണകലയിലേക്ക് അൽവർനഗരത്തിന്റെയും അരാവലി മലനിരകളുടെയും ദൃശ്യാനുഭവങ്ങളെ സ്വാംശീകരിക്കുന്ന ഈ വാങ്മയം നോക്കൂ:

          ''കണ്ണുകൾക്കുമുന്നിൽ കോട്ടകെട്ടിയപോലെ അരാവലി മലനിരകൾ പൊള്ളിച്ചുവന്നുനിന്നു. വീശുമുറംകൊണ്ടെന്നതുപോലെ അവ തീപ്പാറുന്ന ഉഷ്ണക്കാറ്റിനെ അവർ നഗരത്തിലേക്ക് ഊതിപ്പറത്തി. ചൊടിച്ചുനിൽക്കുന്ന ചെമ്പിച്ചുപഴുത്ത പാറകൾ ഉഷ്ണം ചവച്ചുതുപ്പി. അരാവലിയുടെ ഒത്തമുകളിൽ ബാലാക്വിലാ എന്ന നെടുങ്കൻ കോട്ട നഗരത്തിലേക്ക് മുഖംനോക്കി നിന്നു. കോട്ടമുകളിലെ ചെത്തിമിനുക്കിയ കല്ലുകളിൽ കുഞ്ചലം പിടിപ്പിച്ചപോലുള്ള നീണ്ട വാലുകളുള്ള ലങ്കൂർ കുരങ്ങന്മാർ കണ്ണാടിനോക്കി. വീതിയേറിയ കോട്ടമതിൽ അശ്വരഥങ്ങളെപ്പോലും വഹിക്കാൻ കരുത്തുള്ളതായിരുന്നു. നഗരപാതകളെല്ലാം അവസാനിക്കുന്നതിവിടെ.

അൽവർ... താമരപ്പൂവിന്റെ നഗരമദ്ധ്യചത്വരവും പൂർവ്വിക ഹവേലികളും കടുംനിറങ്ങൾ കവിഞ്ഞൊഴുകുന്ന അങ്ങാടികളും അലങ്കരിക്കുന്ന പുരാതന രാജനഗരം. ജയ്‌സിങ് മഹാരാജാവിന്റെ അടിമുടി സ്വർണം പൊതിഞ്ഞ, ആനക്കൊമ്പിൽ കടഞ്ഞെടുത്ത സ്റ്റിയറിങ് പിടിപ്പിച്ച, ലാൻഡ് കാസ്റ്റർ റോയൽ കാർ ഓടിയ വിശാലമായ രാജപാതകൾ. അൽവർ രാജാക്കന്മാരുടെ പ്രൗഢിയുടെ കഥകൾ പറയുന്ന കൊത്തുകൽമണ്ഡപങ്ങളും കൊട്ടാരങ്ങളും. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ സ്വമേധയാ ലയിച്ച ആദ്യത്തെ രാജസ്ഥാൻ നാട്ടുരാജ്യമാണിത്. ഈ നഗരത്തിൽ കുപ്പയെടുക്കാൻ വേണ്ടിയാണ് 1920-ൽ മഹാരാജാവ് ആറ് റോൾസ് റോയ്‌സ് കാറുകൾ ഇറക്കിവിട്ടത്. ലണ്ടനിലെ ഷോറൂമിൽ സാധാരണ വേഷത്തിൽച്ചെന്ന് കാറിനു വിലചോദിച്ച അൽവർ മഹാരാജാവ് ജയ്‌സിങ്ങിനെ സെയിൽസ്മാൻ അപമാനിച്ചുവത്രേ. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന കാറുകൾ മൊത്തം വാങ്ങിച്ച് നാട്ടിലെത്തിച്ച രാജാവ് തന്റെ നഗരത്തിലെ ചപ്പുചവറുകൾ പെറുക്കാനായി അവ മുൻസിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു എന്നാണ് കഥ. പിന്നെ റോൾസ് റോയ്‌സ് കമ്പനി വലിയ ക്ഷമാപണമൊക്കെ നടത്തി പ്രശ്‌നം പരിഹരിക്കുകയാണുണ്ടായതുപോലും.

അതിധനികരായിരുന്ന രാജാക്കന്മാരുടെ അരക്കിറുക്കുകളുടെ കഥകൾ ഒരുപാട് പറയാനുണ്ട് ഈ നഗരത്തിന്. പോളോയിൽ നല്ല പ്രകടനം കാഴ്ചവെക്കാത്തതിന് പെട്രോളിൽ കുളിപ്പിച്ച്, സ്വന്തം കൈ കൊണ്ട് എല്ലാവരുടെയും മുന്നിൽവെച്ച് തീവെച്ചു കൊന്ന കുതിരയോടുള്ള ക്രൂരതയുടെ പേരിലാണ് രാജാവ് ബ്രിട്ടീഷുകാരാൽ നിഷ്‌കാസിതനാക്കപ്പെട്ടത്. പക്ഷേ, ശരിക്കുമുള്ള ക്രൂരതയുടെ കഥകൾ അതിലുമൊക്കെ ഭീകരങ്ങളായിരുന്നുപോലും. രാജാക്കന്മാരുടെ മൃഗയാവിനോദത്തിന് സംരക്ഷിച്ചിരുന്ന സരിസ്‌കവനങ്ങൾ ഇന്ന് ടൈഗർ റിസർവ് ആണ്. 'സരിസ്‌ക നാഷണൽ പാർക്ക്', ലോകത്തിലാദ്യമായി കടുവകളെ റീലൊക്കേറ്റ് ചെയ്തത് ഇവിടെയാണ്. അന്ന്, രാജവേട്ടകളുടെ കാലത്ത്, അതിരിലുള്ള ഗ്രാമങ്ങളിൽനിന്നുള്ള മനുഷ്യക്കുഞ്ഞുങ്ങളെയായിരുന്നുവത്രേ രാജാവ് കടുവയ്ക്ക് ഇരയായി കെട്ടിയിട്ടിരുന്നത്. അമ്മേയെന്ന് നിലവിളിക്കുന്ന കുഞ്ഞിനെ അഴിച്ചുവിടണേയെന്ന് കാലുപിടിക്കുന്ന പാവപ്പെട്ട അച്ഛനമ്മമാരോട്, 'നിങ്ങൾ പേടിക്കേണ്ട, എന്റെ ഉന്നം അതിഗംഭീരമാണ്. കടുവ കുഞ്ഞിനടുത്തെത്തുമ്പോഴേക്കും വെടികൊണ്ട് വീണിരിക്കും', എന്ന് രാജാവ് വീമ്പുപറഞ്ഞിരുന്നുവത്രേ''.

          രണ്ട്, ഇന്ത്യൻ സൈന്യത്തിന്റെ വീറുറ്റ ദേശാഭിമാനത്തിന്റെയും കൂറുറ്റ ആത്മസമർപ്പണത്തിന്റെയും പരമപദംപോലെ സിയാച്ചിൻ നിലകൊള്ളുന്നതെങ്ങനെയെന്ന് വിവരിക്കുന്ന സോണിയ, മനുഷ്യസാധ്യതയുടെ അമ്പരപ്പിക്കുന്ന അതിരുകളെക്കുറിച്ചുള്ള ആ നിരീക്ഷണം അവസാനിപ്പിക്കുന്നതിങ്ങനെയാണ്:

         

''ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും വലിയ ജലസംഭരണിയാണ് സിയാച്ചിൻ ഗ്ലേഷ്യർ. പാക് അധീന കശ്മീരിനും (പി.ഒ.കെ.) ചൈനയ്ക്കുമിടയിൽ നമുക്കുള്ള ഭൗമീകമതിൽ. ഒരു വീക്ഷാഗോപുരംപോലെ അതുയർന്നുനിൽക്കുന്നു. അത്ര വിശ്വാസത്തിലെടുക്കാൻ പറ്റാത്ത നമ്മുടെ രണ്ട് അയൽരാജ്യങ്ങളെ ഒരു ജ്യോഗ്രഫിക്കൽ മിലിറ്ററി ലിങ്കേജിൽനിന്ന് അത് തടയുന്നു, ഒരു വെഡ്ജ് എന്നപോലെ.

          ഇവിടെ ഓരോ പോസ്റ്റിനും ഓരോ ചലഞ്ചാണ്. ചിലത് ഹിമക്കാറ്റിന്റെ ഫണൽ വഴിയിലാവാം, ചിലത് കുത്തനെയുള്ള ഒരു മഞ്ഞുഭിത്തിയുടെ വിളുമ്പത്താവാം. ഓരോന്നിനും നഷ്ടപ്പെട്ടവരുടെ കഥകൾ പറയാനുണ്ട്. ആകാശം മൂടി ചോപ്പറുകൾക്ക് പറക്കാനാവാതെ സപ്ലൈ വരാൻ ദിവസങ്ങൾ വൈകിയാലും പക്കലുള്ള ഇത്തിരി അരിയും ദാലും പങ്കുവെച്ച് തുള്ളിത്തുള്ളിയായി കഴിച്ച് ജീവൻ നിലനിർത്തിയ മനുഷ്യരുടെ കഥയുണ്ട്. കുതിച്ചു പാഞ്ഞുവരുന്ന അവലാഞ്ചെടുത്തുകൊണ്ടുപോയ കൂട്ടുകാരെ നിസ്സഹായരായി നോക്കിനിന്ന ഓർമ്മകളുണ്ട്.

ഇവിടെ വന്നു തിരിച്ചുപോയവർക്ക്, ഓരോ ദിവസവും ഓരോ കഥയാണ്. കഥ പറയാനായി ജീവനോടെ തിരിച്ചെത്താനായല്ലോ എന്നതാണ് അവരുടെ പ്രിയപ്പെട്ടവർക്ക് ഇവയിലെ ഏറ്റവും നല്ല കഥ. അനുഭവിക്കാത്തവർക്ക് പക്ഷേ, ഇക്കഥകൾ എത്ര പറഞ്ഞാലും മനസ്സിലാക്കാൻ പ്രയാസമാണ്. ആരുടെയും കുഴപ്പമല്ല, നമുക്ക് പരിചയമുള്ള അളവുകോലുകൾ കൊണ്ടല്ലേ നമുക്ക് സങ്കൽപ്പിക്കാനാകൂ. സിയാച്ചിൻ വേറൊരു ഡയമെൻഷനാണ്, വേറൊരു ലോകമാണ്, വെളുപ്പിൽ വെളുപ്പുകൊണ്ടെഴുതിയ വേറൊരു ഭാഷയാണ്, മഞ്ഞിനൊപ്പം ഉറയുന്ന കാലവും സമയവുമാണ്.

         

ഇതെല്ലാം നന്നായറിഞ്ഞിട്ടും 'ഞാൻ പോകാം, ഞാൻ ആദ്യം പോകാം' എന്ന് സ്വമേധയാ മുന്നോട്ടുവരുന്ന ചെറുപ്പക്കാർ. അവരാണ് നമ്മുടെ ആർമിയുടെ അടിത്തറക്കല്ലുകൾ. ഇത്തരക്കാർ ഇപ്പോഴുമുള്ളതുകൊണ്ടാണ്. ഇന്ത്യയുടെ മഞ്ഞുയരങ്ങളും കാവൽമലകളും നിലനിൽക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യം അഭംഗുരം തുടരുന്നത്.

          പൂത്തുലയേണ്ട ഇളംപ്രായത്തിൽ മഞ്ഞടരുകൾക്കടിയിൽ മറഞ്ഞുപോയ നമ്മുടെ കുട്ടികൾ... മഹാഗർത്തങ്ങളുടെ കാണാആഴങ്ങളിൽ ഇപ്പോഴും ഉറഞ്ഞുറങ്ങുന്നവർ.. അവരുടെ നിശ്വാസങ്ങളെന്നപോലെ മഞ്ഞുരുകുംകാലത്ത് നറുമണം വീശി വിരിയുന്ന സിയാറോസുകൾ.. ഇവിടന്നിറങ്ങുമ്പോൾ എന്റെ കൈയിൽ കേണൽ ബെൻ അടർത്തിത്തന്ന രണ്ടു റോസക്കൊമ്പുകളുണ്ട്. തണ്ടൊടിഞ്ഞ പൂമൊട്ടുകളെപ്പോലെ മഞ്ഞിൽ ഉറങ്ങുന്ന കുഞ്ഞുങ്ങളെയോർത്ത് ഈ പനിനീർച്ചെടികൾ ഞാനെന്റെ മുറ്റത്ത് നട്ടുവളർത്തും''. 

          ഒന്നരപതിറ്റാണ്ട് നീണ്ട തന്റെ സൈനികജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകളായി സോണിയ എഴുതിയ ഈ പുസ്തകം അവസാനിക്കുന്നത് അതുല്യഭംഗിയുള്ള ഒരു ബഷീറിയൻ സൂചനയിലാണ്.

          '....കത്തിത്തീർന്നത് ഒരു കാലമാണ്. ജീവിതത്തിലെ സുന്ദരസുരഭിലമായ പതിനാലുവർഷങ്ങളാണ്. കേശവൻനായർ സാറാമ്മയോട് ചോദിച്ചതുപോലെ, സാറാമ്മേ, ജീവിതത്തിലെ ഏറ്റവും സുന്ദരവും സുരഭിലവുമായ പതിനാലുവർഷങ്ങൾ നീ എങ്ങനെ ചെലവഴിച്ചു?'

          'ഞാനോ? ഞാൻ പട്ടാളത്തിൽ ചേർന്നു'. 

പുസ്തകത്തിൽനിന്ന്

''17,500 അടി ഉയരത്തിലെ കാർദുംഗ് ലാ മൗണ്ടൻ പാസ് കുറുകേ കടന്ന്, ഇടുങ്ങിയ മലമ്പാതയിലേക്ക് സദാ കല്ലുകൾ ഉരുട്ടിയിടുന്ന മഹാപർവ്വതങ്ങൾ താണ്ടി (ഷൂട്ടിങ് സ്റ്റോൺസ്), ശ്യോക് നദിയും കടന്നുവേണം സിയാച്ചിനിൽ എത്താൻ. ശ്യോക് എന്നതിന് 'മരണത്തിന്റെ നദി' എന്നർത്ഥം. മഞ്ഞുരുകിയ ജലവും വഹിച്ചു മലയിടുക്കുകളിലൂടെ തെക്കോട്ട് കുതിച്ചുപായുന്ന ഗ്ലേഷ്യർ നദി. ഹിമാലയം കടന്ന് ഇന്ത്യ കീഴടക്കാനെത്തിയ മംഗോളിയൻ, ചൈനീസ് അധിനിവേശമോഹികളുടെ കുതിരപ്പടയെയും കാലാൾപ്പടയെയുമെല്ലാം വിഴുങ്ങിത്തീർത്തതുകൊണ്ടാണീ മരണനദിയെന്ന വിളിപ്പേര്. ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള, ഏറ്റവും തണുപ്പുള്ള ഈ യുദ്ധക്കളത്തിലെത്തണമെങ്കിൽ ആദ്യം മരണത്തിന്റെ- മരണഭീതിയുടെ നദി കുറുകേ കടക്കണം.

ബേസ് ക്യാമ്പിന്റെ ഗേറ്റ് ദൂരെ കാണാം. മഞ്ഞിൻപൊടി പറത്തി കൊമ്പുകുലുക്കി നിൽക്കുന്ന കൊലകൊമ്പനെപ്പോലെ സിയാച്ചിൻ തൊട്ടുമുൻപിൽ. പൊടിമഞ്ഞണിഞ്ഞ മസ്തകം, ഉയർന്നു നിൽക്കുന്ന വെളുത്ത കൊടുമുടിക്കൊമ്പുകൾ. അവന്റെ തുമ്പിക്കൈയറ്റം തൊട്ടരികിൽ (സിയാച്ചിൻ സ്‌നൗട്ട്). തുമ്പിയിൽനിന്ന് ചീറ്റിത്തെറിപ്പിക്കുന്ന വെള്ളംപോലെ ഇവിടന്നിതാ ഒരു പുഴ തുടങ്ങുന്നു. നുബ്രാ നദിയാണിത്. ജീവിതത്തിലാദ്യമായി ഒരു പുഴയെ അമ്മവീട്ടിൽ - അവളുടെ സൂതികാഗൃഹത്തിൽ പോയി കാണുകയാണല്ലോ എന്നോർത്തപ്പോൾ തണുപ്പുകൊണ്ടല്ലാത്തൊരു കുളിര് ഉള്ളിലൂടെ പായുന്നു.

          കേണൽ ബെൻ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ട്. ബേസ് ക്യാമ്പിലെ സിയാച്ചിൻ ബാറ്റിൽ സ്‌കൂളിന്റെ (എസ്.ബി.എസ്.) കമാൻഡന്റാണ് ബെൻ. മലയാളിയാണ്.

          'സിയാച്ചിൻ ഒരു മഞ്ഞുപുഴയാണ്', ബെൻ പറയുന്നു, 'ചുഴികളും കയങ്ങളും മഹാഗർത്തങ്ങളുമായി, തണുത്ത മഞ്ഞുമരുഭൂമിയിൽ ഉറഞ്ഞുപോയൊരു ഹിമനദി. മഞ്ഞൊഴുക്കുകളുടെയും ഹിമാനികളുടെയും മൂന്നാം ധ്രുവമാണിത്'.

അതെ... ഇതു ഞാൻ കണ്ടുപരിചയിച്ച ഹിമാലയമല്ല. മഞ്ഞുരുകുമ്പോൾ നിറച്ചും പൂക്കൾ വിരിയുന്ന, തേൻകിളികൾ പറന്നുവരുന്ന സ്വർഗ്ഗംപോലുള്ള പച്ചത്താഴ്‌വരകളല്ല. കാരക്കോറം- സാൾട്ടോറാ റേഞ്ചുകളുടെ കൈകോർത്ത് പിടിച്ചുള്ള ചുറ്റിക്കറക്കമാണ്, പ്രാണവായുവില്ലാത്ത ഉയരങ്ങളുടെ ഉയരമാണ്.

          യൂറേഷ്യൻ പ്ലേറ്റിനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുമിടയിലുള്ള മഹാ ഡ്രയിനേജിന് തൊട്ടുതെക്കാണ് സിയാച്ചിൻ ഗ്ലേഷ്യർ. തണുപ്പുകാലത്ത് കാറ്റുണ്ടെങ്കിൽ (വിൻഡ് ചിൽ) മൈനസ് 65 ഡിഗ്രിവരെ താഴുന്ന ഊഷ്മാവ്. ചീറിയടിക്കുന്ന ഹിമകാറ്റ്. പ്രാണവായുവിന്റെ ഓഹരി വെറും മുപ്പതു ശതമാനം മാത്രം. ഏറ്റവും തുഞ്ചത്തെ പോസ്റ്റുകളിലോ അതു വെറും പതിനഞ്ചു ശതമാനമൊക്കെ മാത്രം. 

          ഇവിടെ ഓരോ നിമിഷവും യുദ്ധമാണ്, ഓരോ ശ്വാസവും നിലനിൽപ്പാണ്. മഞ്ഞും മലകളും കാറ്റും ആഴങ്ങളും ഏകാന്തതയും, എന്തിന് അവനവന്റെ മനസ്സും ശരീരവും വരെ ഇവിടെ തിരിഞ്ഞുനിന്നു പൊരുതും. ഒരു മനുഷ്യജീവന് പൊരുതിനിൽക്കാൻ പറ്റുന്നതിലധികം വൈരികൾ. മഞ്ഞു ചവച്ചുതുപ്പി ചീറ്റിത്തെറിപ്പിച്ചും സർപ്പചലനങ്ങളോടെ ഞെരിഞ്ഞും പുളഞ്ഞും അലറിവിളിച്ചും, ഒരു ഭീമാകാര ഭീകരജീവിയെപ്പോലെ ഗ്ലേഷ്യർ ഈ പാവം മനുഷ്യരോട് മല്ലുപിടിക്കും.

          'മഞ്ഞ്, മഞ്ഞെന്നാൽ മഞ്ഞോടു മഞ്ഞ്', നീലാക്ഷ് പറയുന്നു. 'ഏണസ്റ്റ് ഹെമിങ്‌വേ എഴുതിയ മൃദുലമനോഹരമായ ആ പൗഡർ സ്‌നോയല്ല. ഡോക്ടർ ഷിവാഗോയിലെ തൂമഞ്ഞുമല്ല. വെറും ചതിമത്ത്! എൺപതും നൂറും കിലോമീറ്റർ വേഗത്തിൽ വഴിയിലുള്ളതെല്ലാം വിഴുങ്ങി പാഞ്ഞുവരുന്ന അവലാഞ്ചസ് എന്ന മഞ്ഞിന്റെ കുത്തൊഴുക്ക് ഒരിക്കൽ ദേഹത്ത് ഉരുമ്മി കുതിച്ചുപായുകയും ഭാഗ്യത്തിന്റെ നാരിൽ തൂങ്ങി നിങ്ങൾ ജീവനിലേക്ക് തിരിച്ചുവരികയും ചെയ്താൽ പിന്നെ മഞ്ഞ് എന്ന് മധുരമായി പറയാൻ നാവൊന്ന് അറയ്ക്കും'.

          വേനൽക്കാലമെങ്കിൽ ക്രിവേയ്‌സുകൾ എന്ന ഹിമപ്പിളർപ്പുകൾ ഒന്നൊന്നായി തുറന്നുവരും. 'പാതാളം തുറന്നുവരിക എന്നത് അക്ഷരാർത്ഥത്തിൽ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്'. മേജർ വിപിൻ പറയുന്നു, 'പച്ചമരം കീറിപ്പിളർക്കുന്നപോലൊരു ശബ്ദം. അഗാധങ്ങൾ വാ പിളർത്തുന്ന ശബ്ദമാണത്. രാത്രിയാണ്, ടെന്റിൽ ഉറങ്ങുകയായിരുന്നു. മൂന്നടി മുന്നിലാണ് ആ ക്രിവേയ്‌സ് തുറന്നുവന്നത്. ഗർത്തത്തിനാഴത്തിലെ മൈനസ് നൂറ്റമ്പത് ഡിഗ്രിയിൽ മുഴുവൻ ജീവനോടെ അടക്കപ്പെട്ട് ഇഞ്ചിഞ്ചായി ഉറഞ്ഞുള്ള മരണത്തിനും എനിക്കും തമ്മിലുള്ള അകലം വെറും മൂന്നടി ആയിരുന്നു.

സിയാല പോസ്റ്റിനടുത്തുള്ള മഞ്ഞുപിളർപ്പിന് 'ഡോക്ടർ ക്രിവേയ്‌സ്' എന്നാണ് പേര്. ഒരു സ്‌നോസ്‌കൂട്ടറുമായി 2003-ൽ അതിനുള്ളിൽ മറഞ്ഞ ചെറുപ്പം ഡോക്ടർ ഇപ്പോഴും അവിടെത്തന്നെയുണ്ട്. സാഡിൽ പോസ്റ്റ് എന്ന ഹിമക്കാറ്റിന്റെ ഫണൽവഴിയിലുള്ള പോസ്റ്റിന്റെ കഥ മേജർ അരുൺ പറയുന്നു: 'മൂന്നു ദിവസത്തെ കൊടുംഹിമക്കാറ്റിനുശേഷം ടെന്റിന്റെ പുറത്തിറങ്ങുന്ന നിങ്ങൾ മുന്നിൽ കാണുന്നത് പുതിയൊരു ടോപ്പോഗ്രാഫിയാവും. നിങ്ങളുടെ മാപ്പുകൾക്കും നടന്ന വഴികൾക്കും ഇനിയെന്തർത്ഥം! പുതുവഴികൾ തേടാൻ ഇനി സഹജവാസനയും ഭാഗവും മാത്രം ആശ്രയം'.

സാധാരണജീവിതത്തിന്റെ ലളിതസമവാക്യങ്ങളെല്ലാം ഇവിടെ തലകീഴായ് മറിയുന്നു. ഇവിടെ ഏറ്റവും മനോഹരമായ മാന്ത്രികവാക്ക് 'മണ്ണെണ്ണ' എന്നാകുന്നു. സിയാച്ചിന്റെ ലിക്വിഡ് ഗോൾഡ്. ഒരേയൊരു ഊർജവും ജീവന്റെ ആധാരവും ഈ 'മിട്ടി തേൽ'. നിങ്ങൾ നിസാരമായി കരുതിയിരുന്ന പലതും ആഡംബരങ്ങൾ എന്ന് വെളിവാകുന്നു. ഒഴിവാക്കുന്നു. മുഖം കഴുകൽ, കുളി എന്നിങ്ങനെ എത്രയോ വിലപ്പെട്ട ലക്ഷ്വറികൾ എന്ന്.

ചിലപ്പോൾ തണുപ്പുകാരണം ഉറക്കം കെട്ടുപോകും, വിശപ്പ് ചത്തുപോവും. ഒന്നും കഴിക്കാൻ തോന്നില്ല. ദഹിക്കില്ല. പക്ഷേ വയലിൽനിന്നു പറിച്ചെടുത്ത പുതുമണം പരത്തുന്ന പച്ചക്കറികളും മരത്തിൽനിന്നടർത്തിയെടുത്ത പഴങ്ങളും സ്വപ്നത്തിൽ നിങ്ങളെ വേട്ടയാടും-നിങ്ങളുടെ ബ്രയിൻ ഭക്ഷണത്തിനു വേണ്ടി കൊതിക്കുന്നതാണ്.

ഒരു മരത്തിന്റെ ഇലയനക്കത്തിനുവേണ്ടി, ഒരു പക്ഷിയുടെ തൂവൽ മിനുക്കത്തിനുവേണ്ടി, വേറൊരു സ്പീഷീസിലുള്ള ഒറ്റയൊരു ജീവിയെയെങ്കിലും കാണാൻ വേണ്ടി നിങ്ങൾ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യനെപ്പോലെ ദാഹിക്കും.

          ബേസ് ക്യാമ്പിനും പത്തു മൈൽ താഴെയാണ് അവസാനത്തെ കുടിയിരിപ്പ്. വാർഷി എന്ന മഞ്ഞുഗ്രാമം.

          അതിനു മുകളിലേക്ക് മനുഷ്യരും ജീവജാലങ്ങളും ഒന്നുമേയില്ല-നാട്ടുകാർക്ക് ഈയിടം പേടിയാണ്. മരണത്തിന്റെ മലകളെന്ന് ടാബൂ ആണ്. ചരമോ അചരമോ ആയ ജീവൻ ഇവിടെ നിലനിൽക്കില്ല. ഗ്ലേഷ്യറിലുള്ള ഒരേയൊരുതരം ജീവികൾ ഈ കോംബാറ്റ് അണിഞ്ഞവരാണ്. പട്ടാളക്കാർ മാത്രം പാർക്കുന്ന പർവ്വതങ്ങൾ ! ചുറ്റും ജൈവലോകത്തിന്റെ സൗഹൃദശബ്ദങ്ങളില്ല. അജൈവലോകത്തിന്റെ ഭയപ്പെടുത്തുന്ന മുഴക്കങ്ങൾ മാത്രം! മൂളിയിരമ്പുന്ന മഞ്ഞുകാറ്റ് മലയിൽ വന്നടിക്കുന്ന ചീറ്റൽ, മഞ്ഞുകട്ടകൾ അടർന്നു പൊടിഞ്ഞ് തകരുന്ന ശബ്ദം, അവലാഞ്ചുകളുടെ ഇരമ്പൽ മൂളിച്ച മഞ്ഞുപിളർപ്പുകൾ വായ തുറക്കുന്ന കറകറാശബ്ദം.

          പ്രാണവായുവിന്റെ കുറവ് ഏറ്റവും വേഗത്തിലും മാരകമായും ബാധിക്കുക ബ്രെയിൻ സെല്ലുകളെയാണ്. അതിനാൽ തലച്ചോറിനെ ഉണർത്തിവെക്കുക, മനസ് നിയന്ത്രണത്തിലാക്കി വെക്കുക എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ ചലഞ്ച്.

          'ബിയോണ്ട് പോസിബിൾ' ആണ്. അതെ, നശ്വരനായ മനുഷ്യന് ചെയ്യാൻ പറ്റുന്നതിന്റെ എത്രയോ അപ്പുറം. പക്ഷേ, ഇങ്ങനെ കുറെ മനുഷ്യർ നിത്യേന അപ്രാപ്യമായ ലക്ഷ്യങ്ങൾ കീഴടക്കാൻ ഇറങ്ങിത്തിരിക്കുന്നുണ്ട്.

          സിയാച്ചിനിൽ പറന്നിട്ടുള്ള ഒരു ഹെലികോപ്റ്റർ പൈലറ്റിനോട് ഒരിക്കൽ സംസാരിക്കൂ. പിന്നെ ഹോളിവുഡ് സിനിമകളിൽ നൂറു തവണ ട്രയൽ ചെയ്ത് എടുക്കുന്ന അഡ്വഞ്ചർ ഒന്നുമല്ല ശരിയായ ധീരത എന്ന് നിങ്ങൾക്ക് മനസ്സിലാവും. ഇത് പച്ചജീവിതമാണ്, ഒരു തവണപോലും കട്ടും സ്റ്റാർട്ടും പറയാനാവാത്ത യുദ്ധമുഖമാണ്. സ്‌ക്വാഡ്രൻ ലീഡർ മനു പറയുകയാണ്: 'ലൈൻ ഓഫ് കൺട്രോളിനോടു ചേർന്നുള്ള അമർ പോസ്റ്റ്-20,000 അടിയോളം ഉയരം-ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപാഡാണ്. കഷ്ടിച്ച് ചോപ്പറിന്റെ സ്‌കിഡ് വെക്കാനുള്ള ഇടം മാത്രം. അസാദ്ധ്യ സൂക്ഷ്മത, പ്രസിഷൻ വേണം ഇവിടെ ലാൻഡ് ചെയ്യിക്കാൻ. ഒരു ഉയരം കൂടിയ തൂണിനു മുകളിൽ ഇറങ്ങുംപോലെ-പില്ലർ ലാൻഡിങ്. അവിടെ ഒരു രോഗിയും അയാളുടെ ഡോക്ടറും കാത്തിരിക്കുകയാണ്. 'ഹൈ ആർട്ടിറ്റിയൂഡ് പൾമനറി എഡിമ'യാണ്. അതായത് അതിവേഗം ആൾട്ടിറ്റിയൂഡ് മാറ്റിയാലേ, അഥവാ താഴേയെത്തിച്ചാലേ രക്ഷപ്പെടുത്താനാവൂ.

          അമർ പോസ്റ്റിൽ ചോപ്പർ കഷ്ടിച്ചു ലാൻഡ് ചെയ്തു. അവിടന്ന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കില്ല. തൊട്ടപ്പുറത്ത് എ.ജി.പി.എൽ. (ആക്ച്വൽ ഗ്രൗണ്ട് പൊസിഷൻ ലൈൻ) ആണ്. അതായത് പാക് പോസ്റ്റാണ്. ഇപ്പുറത്തെ വാലിയിലേക്ക് ചോപ്പർ ഡൈവ് ചെയ്യിച്ചിറക്കി ആ ആയത്തിൽ ടേക്ക് ഓഫ് ചെയ്യണം. മനസ്സിലൊന്ന് സങ്കൽപിച്ചുനോക്കൂ, അത്യാസന്നനിലയിലുള്ള ഒരു രോഗിയേയും വഹിച്ച് മഞ്ഞുമലയിടുക്കിന്റെ ആഴത്തിലേക്ക് മുങ്ങാംകുഴിയിടുന്ന ചോപ്പർ, താഴെ നിലം തൊടാതെ ആയം കൂട്ടി വീണ്ടും ഉയർന്നുപൊങ്ങുകയാണ്. അസ്ഥി മരവിച്ചു പോകും, ചിന്തിച്ചുനോക്കിയാൽപ്പോലും. പക്ഷേ, അതേയുള്ളൂ, അതു മാത്രമേയുള്ളൂ ഒരേയൊരു വഴി'. 

ഇന്ത്യൻ റെയ്ൻബോ
സോണിയാ ചെറിയാൻ
മാതൃഭൂമി ബുക്‌സ്
2023
370 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP