Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമരത്തിലെ അച്ചൂട്ടിയും കിരീടത്തിലെ സേതുമാധവനും മുതൽ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ വരെ; സ്ത്രീ സാന്നിദ്ധ്യമായി മണിച്ചിത്രത്താഴിലെ ഗംഗയും കന്മദത്തിലെ ഭാനുമതിയും; മലയാളി മറക്കാത്ത പത്ത് കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് മറക്കില്ലൊരിക്കലും; ഓർമകളുടെ തനിയാവർത്തനമായി പ്രഖ്യാപനച്ചടങ്ങ്- വീഡിയോ കാണാം

അമരത്തിലെ അച്ചൂട്ടിയും കിരീടത്തിലെ സേതുമാധവനും മുതൽ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ വരെ; സ്ത്രീ സാന്നിദ്ധ്യമായി മണിച്ചിത്രത്താഴിലെ ഗംഗയും കന്മദത്തിലെ ഭാനുമതിയും; മലയാളി മറക്കാത്ത പത്ത് കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് മറക്കില്ലൊരിക്കലും; ഓർമകളുടെ തനിയാവർത്തനമായി പ്രഖ്യാപനച്ചടങ്ങ്- വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു നൂറ്റാണ്ടിലേക്കെത്തുന്ന മലയാള സിനിമയുടെ കാലഘട്ടങ്ങളെ ഒരോ കഥാപാത്രത്തിലൂടെ അടയാളപ്പെടുത്തിയാൽ എങ്ങിനെയുണ്ടാകും.ഈ നൂറ്റാണ്ടിനിടയിലെ പകരം വെക്കാനില്ലാത്ത പത്ത് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാൻ ആണെങ്കിലോ.അത് ഒരുപക്ഷെ ശ്രമകരമായ ഒരു ദൗത്യമായിരിക്കും.എന്നാൽ മലയാളികളുടെ ഒാർമ്മകളുടെ തനിയാവർത്തനമായി മലയാള സിനിമയിലെ പത്ത് പ്രധാന കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് മാധ്യമം മറക്കിലൊരിക്കലും ക്യാംപയിനിലൂടെ..' മറക്കില്ലൊരിക്കലും' എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവന്റിന് കൊച്ചിയിൽ ആവേശോജ്ജ്വല സമാപനം.

കലൂർ ഐ.എം.എ ഹാളിൽ മലയാള സിനിമയുടെ അഭിമാനമായ സംവിധായകർ ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ നടന്ന പരിപാടിയിൽ മലയാളിയുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന 10 കഥാപാത്രങ്ങളെ പ്രഖ്യാപിച്ചാണ് ഇവന്റിന് കൊടിയിറങ്ങിയത്. മലയാളിയും മലയാള സിനിമയും ഇതുവരെ കാണാത്ത ഡിജിറ്റൽ വോട്ടിങ് പോരാട്ടത്തിലാണ ഏറ്റവും കൂടുതൽ വോട്ട നേടിയ 10 അനശ്വര കഥാപാത്രങ്ങളുടെ പിറവി. പ്രായഭേദമന്യേ ലക്ഷക്കണക്കിന പ്രേക്ഷകർ വോട്ടെടുപ്പിൽ പങ്കെടുത്തു.

അഞ്ഞൂറിലേറെ കഥാപാത്രങ്ങളിൽനിന്ന് കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു.അടുത്ത ഘട്ടത്തിൽ പട്ടിക 25ലേക്ക് ചുരുങ്ങി. വീറും വാശിയും നിറഞ്ഞ തീപാറും പോരാട്ടമായിരുന്നു ഫൈനലിൽ. അവസാനം ഏറ്റവും കൂടുതൽ വോട്ട് നേടിയ 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു.കഥാപാത്രങ്ങളെ പ്രഖ്യാപിക്കുമ്പോൾ ആവേശത്തോടെയാണ് സദസ്സ സ്വീകരിച്ചത്. ചിരിപ്പിച്ചവരും കരയിപ്പിച്ചവരും ഹൃദയത്തിൽ നോവ സമ്മാനിച്ചവരുമായ കഥാപാത്രങ്ങൾ അത്രമേൽ ആഴത്തിൽ ഓരോ മലയാളിയുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുവെന്ന 'മറക്കില്ലൊരിക്കലും' തെളിയിച്ചു.

അച്ചൂട്ടി (അമരം) മമ്മൂട്ടി - 1991:മമ്മൂട്ടിയെന്ന അഭിനയ വിസ്മയം മലയാളിയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച കഥാപാത്രമായിരുന്നു അമരത്തിലെ അച്ചൂട്ടി. മകളെയും കാമുകിയെയും കടലിനെയും ഹൃദയത്തോട് ചേർത്തുവെച്ച അച്ചൂട്ടിയെ ആവാഹിച്ച് നിറഞ്ഞാടുകയായിരുന്നു മമ്മൂട്ടി എന്ന അനശ്വര നടൻ.സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ പൊള്ളിച്ച വേഷം. എ.കെ. ലോഹിതദാസിന്റെ കഥയിൽ സംവിധായകൻ ഭരതനൊരുക്കിയ 'അമരം' മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമ കൂടിയാണ്. 1991ലാണ് സിനിമ പുറത്തിറങ്ങിയത്.

സേതുമാധവൻ (കിരീടം) മോഹൻലാൽ - 1989: മലയാളിക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവൻ. സാഹചര്യങ്ങൾ ജീവിതത്തിന്റെ ഗതിമാറ്റുന്നത് ഹൃദയത്തിൽ ചോര കിനിയുംവിധം ആവിഷ്‌കരിച്ച ചലച്ചിത്രം.കഥയും തിരക്കഥയും ലോഹിതദാസ്. സംവിധാനം സിബി മലയിൽ. മോഹൻലാൽ, തിലകൻ, പാർവതി, കവിയൂർ പൊന്നമ്മ, മോഹൻ രാജ് (കീരിക്കാടൻ ജോസ്), മുരളി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ തുടങ്ങി വലിയ താരനിരയുള്ള സിനിമ കൂടിയായിരുന്നു.

ഗംഗ (മണിച്ചിത്രത്താഴ്) ശോഭന- 1993: നാഗവല്ലിയായി പരകായപ്രവേശം നടത്തുന്ന ഗംഗ എന്ന ശോഭനയുടെ കഥാപാത്രം മലയാള സിനിമയിൽ എന്നും വേറിട്ട് നിൽക്കുന്നു. മധു മുട്ടത്തിന്റെ കഥയിൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെന്റ്, വിനയപ്രസാദ്, കെ.പി.എ.സി ലളിത, കെ.ബി. ഗണേശ് കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ബാലൻ മാഷ് (തനിയാവർത്തനം) മമ്മൂട്ടി - 1987: മനസ്സിലെന്നും നോവ് അവസാനിപ്പിച്ച മമ്മൂട്ടിയുടെ വേഷം. മനുഷ്യന്റെ നിസ്സഹായാവസ്ഥയുടെ തീവ്രമായ കഥാഖ്യാനം. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ച ചിത്രം. സിബി മലയിൽ സംവിധാനം. സരിത, ആഷാ ജയറാം, കവിയൂർ പൊന്നമ്മ, മുകേഷ്, തിലകൻ, ഫിലോമിന, ഇന്നസെന്റ്, ബാബു നമ്പൂതിരി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.

നിശ്ചൽ (കിലുക്കം) ജഗതി - 1991: ജഗതി ശ്രീകുമാർ നിശ്ചൽ എന്ന ഫോട്ടോഗ്രാഫറായി ചിരിയുടെ മാലപ്പടക്കം തീർത്ത അനശ്വര കഥാപാത്രം. പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കിലുക്കം മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. വേണു നാഗവള്ളിയായിരുന്നു തിരക്കഥ.മോഹൻലാൽ അവതരിപ്പിച്ച ജോജിയും നിശ്ചലും തമ്മിലെ 'കോമ്പിനേഷൻ' രംഗങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്. മോഹൻലാൽ, രേവതി, തിലകൻ, ഇന്നസെന്റ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സത്യനാഥൻ (സദയം) മോഹൻലാൽ - 1992:സ്‌നേഹവും കരുതലും എത്രത്തോളം വിലപിടിപ്പുള്ളതാണെന്ന് മലയാളിയെ ഓർമിപ്പിച്ച ചിത്രത്തിലെ മികവുറ്റ കഥാപാത്രമായിരുന്നു മോഹൻലാലിന്റെ സത്യനാഥൻ. പ്രേക്ഷകരുടെ ഉള്ള് നീറ്റിച്ച കഥയും കഥാപാത്രാവതരണവും.എം ടി. വാസുദേവൻ നായരുടെ രചന. സിബി മലയിലിന്റെ സംവിധാനം. തിലകൻ, നെടുമുടി വേണു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.

തമ്പി (മൂന്നാംപക്കം) തിലകൻ -1988:മലയാള സിനിമക്ക് തിലകന്റെ ഈടുറ്റ സംഭാവന. സ്‌നേഹനിധിയായ മുത്തച്ഛന്റെ വേഷം അനശ്വരമാക്കിയ കഥാപാത്രം. അപ്പൂപ്പനും പേരക്കുട്ടിയും തമ്മിലെ തീവ്രമായ ആത്മബന്ധത്തിന്റെ കഥ. പി. പത്മരാജന്റെ സംവിധാനത്തിലെത്തിയ സിനിമ ഇന്നും മലയാളികൾക്ക് ഏറെ പ്രിയം. ജയറാം, കീർത്തി സിങ്ങ്, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രസാദ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) ഫഹദ് ഫാസിൽ -2017:അഭിനയത്തെ തന്നെ അപ്രസക്തമാക്കി പ്രസാദ് എന്ന മോഷ്ടാവായി ഫഹദ് ഫാസിൽ ജീവിച്ച് കാണിച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തി. അലൻസിയർ ലോപ്പസ്, നിമിഷ സജയൻ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കൾ. ദിലീഷ് പോത്തന്റെ സംവിധാനം.

ഭാനുമതി (കന്മദം) മഞ്ജു വാര്യർ -1998:മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത അത്യപൂർവ കഥാപാത്ര സൃഷ്ടിയായിരുന്നു കന്മദത്തിലെ ഭാനുമതി. മഞ്ജുവാര്യർ വിസ്മയാഭിനയം കാഴ്ചവെച്ച ചിത്രം. ലോഹിതദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ലാൽ, കെ.പി.എ.സി. ലളിത എന്നിവരും വേഷമിട്ടു.

കുട്ടൻ തമ്പുരാൻ (സർഗം) മനോജ്. കെ. ജയൻ -1992:മലയാള സിനിമക്ക് എക്കാലത്തും ഓർത്തുവെക്കാൻ മനോജ്. കെ. ജയന്റെ ഗംഭീര സംഭാവന. സർഗം എന്ന സിനിമയിലെ കുട്ടൻ തമ്പുരാനെ മലയാളി പ്രേക്ഷകർ അത്രക്കിഷ്ടപ്പെട്ടു. വിനീതും അമൃതയെന്ന രംഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹരിഹരൻ അണിയിച്ചൊരുക്കിയ ചിത്രം. നെടുമുടി വേണു, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, തിലകൻ, ഊർമിള ഉണ്ണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

സംവിധായകരായ സിബി മലയിൽ, സിദ്ദീഖ്, ജിയോ ബേബി, തരുൺ മൂർത്തി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും ഡബിങ ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ലോഹിതദാസിന്റെ മകൻ വിജയ് ശങ്കർ ലോഹിതദാസ്, സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മുഖ്യാതിഥികളെ ചടങ്ങിൽ ആദരിച്ചു.രാജ കലേഷും മാത്തുക്കുട്ടിയുമായിരുന്നു അവതാരകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP