Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊലീസ് താക്കീത് ചെയ്തതിനു ശേഷം ഞാൻ പോയതാണ്; പിന്നീട് നാട്ടിൽ വന്ന് എന്നെ കുറിച്ച് മോശമായി പറഞ്ഞു; എനിക്ക് പെണ്ണ് കിട്ടുന്നില്ല; മറക്കാൻ കഴിയില്ല: ഈ വിചിത്ര കുറ്റസമ്മതം കോടതിയിൽ മാറ്റി പറഞ്ഞ് അരുൺ; കള്ളം പൊളിച്ച് പ്രോസിക്യൂഷനും; സൂര്യഗായത്രി കൊലയിൽ വിസ്താരം തീരുമ്പോൾ

പൊലീസ് താക്കീത് ചെയ്തതിനു ശേഷം ഞാൻ പോയതാണ്; പിന്നീട് നാട്ടിൽ വന്ന് എന്നെ കുറിച്ച് മോശമായി പറഞ്ഞു; എനിക്ക് പെണ്ണ് കിട്ടുന്നില്ല; മറക്കാൻ കഴിയില്ല: ഈ വിചിത്ര കുറ്റസമ്മതം കോടതിയിൽ മാറ്റി പറഞ്ഞ് അരുൺ; കള്ളം പൊളിച്ച് പ്രോസിക്യൂഷനും; സൂര്യഗായത്രി കൊലയിൽ വിസ്താരം തീരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൂര്യഗായത്രി കൊലപാതകക്കേസിന്റെ സാക്ഷിവിസ്താരം പൂർത്തിയായി. കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർഥം കത്തി പിടിച്ചുവാങ്ങി കുത്തിയതാണെന്ന് പ്രതി കോടതിയിൽ പറഞ്ഞു. കൊലക്കുറ്റത്തിൽനിന്ന് രക്ഷപ്പെടാൻ പ്രതിഭാഗം ഉയർത്തിയ ഈ പ്രതിരോധം അന്വേഷണ ഉദ്യോഗസ്ഥനെയും പ്രതിയെ പരിശോധിച്ച ഡോക്ടറെയും വിസ്തരിച്ച് പ്രോസിക്യൂഷൻ തകർത്തു.

നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രി കൊലക്കേസിന്റെ വിചാരണയിലെ അന്തിമഘട്ടം വീറും വാശിയും നിറഞ്ഞതായിരുന്നു. ആറാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ കൈക്ക് പറ്റിയ മുറിവ് സൂര്യഗായത്രിയെ കൊലപ്പെടുത്തിയശേഷം കത്തി മടക്കാൻ ശ്രമിച്ചപ്പോളുണ്ടായതാണെന്ന് പ്രതി മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയുമായ ബി.എസ്. സജിമോൻ കോടതിയിൽ മൊഴി നൽകി. മുറിവ് കത്തി മടക്കിയപ്പോൾ ഉണ്ടായതാകുമെന്ന് പ്രതിയെ പരിശോധിച്ച ഡോക്ടർ അബിൻ മുഹമ്മദും കോടതിയെ അറിയിച്ചു. ഇതോടെ ആത്മരക്ഷയ്ക്കുള്ള കൊലയെന്ന വാദം പൊളിഞ്ഞു.

സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിഭാഗം ചോദ്യത്തിന് മറുപടി നൽകി. ശാരീരിക വൈകല്യമുള്ള സൂര്യഗായത്രിയുടെ മാതാവ് വത്സല ഇഴഞ്ഞാണ് മൊഴി നൽകാൻ കോടതിയിലെത്തിയത്. പ്രതി മകളെ കുത്താൻ ഉപയോഗിച്ച കത്തി കോടതിയിൽ കണ്ട് തിരിച്ചറിഞ്ഞ വത്സല പൊട്ടിക്കരഞ്ഞു. സൂര്യഗായത്രിയുടെ വസ്ത്രങ്ങളിലും കത്തിയിലും സൂര്യഗായത്രിയുടെ രക്തം തന്നെയായിരുന്നെന്ന് ഫോറൻസിക് വിദഗ്ധരും മൊഴി നൽകി.

നിനക്ക് സുഖം തന്നേടീ...എന്ന് ചോദിച്ച ശേഷം സൂര്യഗായത്രിയുടെ തല പിടിച്ച് ഭിത്തിയിൽ ഇടിച്ച് തറയിൽ തള്ളിയിട്ട ശേഷമാണ് തലങ്ങും വിലങ്ങും കുത്തി പ്രതികാരം തീർത്ത് എന്നാണ് അരുൺ പൊലീസിന് നൽകിയ കുറ്റസമ്മതം. ഇതിന് വിരുദ്ധമായിട്ടാണ് കോടതിയിൽ കാര്യങ്ങൾ അറിയിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഭിന്നശേഷിക്കാരിയായ അമ്മ വത്സലയ്ക്കും പരിക്കേറ്റിരുന്നു. അടുക്കളയിലൂടെ അകത്ത് കയറിയ അരുൺ ആദ്യം വത്സലയുടെ വായ പൊത്തിപ്പിടിച്ചു. അകത്ത് കയറിയത് ആരാണെന്ന് ചോദിച്ച് സൂര്യഗായത്രി മുറിയിലേക്ക് എത്തിയത് അപ്പോഴാണ്. നിനക്ക് സുഖം തന്നേടീ...എന്ന് അരുൺ ചോദിച്ച് ആക്രമണം തുടങ്ങി.

തല പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും തറയിൽ തള്ളിയിടുകയും ആയിരുന്നു. തുടർന്നാണ് ആഞ്ഞ് കുത്തിയത്. മകളെ അരുണിന്റെ കുത്തിൽ നിന്ന് രക്ഷിക്കുന്നതിനിടെ അമ്മ വത്സലയുടെ കയ്യിലും കുത്തേറ്റു. നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ട അരുണിനെ സമീപത്തെ വീടിന്റെ ടെറസിൽ നിന്ന് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സൂര്യഗായത്രിയോട് കൊലയ്ക്ക് നാലു വർഷം മുൻപ് അരുൺ വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. മാതാപിതാക്കൾ പക്ഷേ എതിർത്തു. ലോട്ടറി വിറ്റ ശേഷം വത്സലയും മകളും കൂടി വീട്ടിലേക്ക് വരുന്ന വഴി അരുൺ വഴിയിൽ തടഞ്ഞു നിർത്തി മാലയും മൊബൈൽ ഫോണും എടുത്തതായും കേസുണ്ട്. അന്ന് ആര്യനാട് പൊലീസ് അരുണിനെ താക്കീത് ചെയ്ത് വിട്ടയച്ചു.

പിന്നീട് വർഷങ്ങൾക്ക് ശേഷം കൊലപാതകത്തിന് അരുൺ എത്തുകയായിരുന്നു. ഇതിന് കാരണമായി പൊലീസിനോട് അരുൺ പറയുന്നത് സൂര്യഗായത്രിയുടെ ഇടപെടലായിരുന്നു. ആര്യനാട് പൊലീസ് താക്കീത് ചെയ്തതിനു ശേഷം ഞാൻ പോയതാണ്. പിന്നീട് സൂര്യഗായത്രി എന്റെ നാട്ടിൽ വന്ന് എന്നെ കുറിച്ച് മോശമായി പറഞ്ഞു. ഇതിന് ശേഷം നാട്ടുകാർ എന്നെ മോശക്കാരനായി ആണ് കാണുന്നത്. എനിക്ക പെണ്ണ് കിട്ടുന്നില്ല. എന്റെ ഏരിയയിൽ വന്ന് എന്നെ നാണം കെടുത്തി. അത് മറക്കാൻ കഴിയില്ല-ഇതാണ് അരുണിന്റെ കുറ്റസമ്മത മൊഴി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP