Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടര വയസ്സിൽ പോളിയോ ബാധയെ തുടർന്ന് കാലുകളുടെ ചലനശേഷി നഷ്ടമായി; തിരിച്ചറിവായപ്പോൾ ജീവിതം നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുമോ എന്നായിരുന്നു ആശങ്ക; മനോധൈര്യം കൈമുതലായപ്പോൾ മീൻപിടുത്തം തൊഴിലാക്കി; ആശിച്ച ജീവിതം കൈപ്പിടിയിൽ ഒതുക്കിയ തോമസ് മാത്യുവിന്റെ കഥ

രണ്ടര വയസ്സിൽ പോളിയോ ബാധയെ തുടർന്ന് കാലുകളുടെ ചലനശേഷി നഷ്ടമായി; തിരിച്ചറിവായപ്പോൾ ജീവിതം നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുമോ എന്നായിരുന്നു ആശങ്ക; മനോധൈര്യം കൈമുതലായപ്പോൾ മീൻപിടുത്തം തൊഴിലാക്കി; ആശിച്ച ജീവിതം കൈപ്പിടിയിൽ ഒതുക്കിയ തോമസ് മാത്യുവിന്റെ കഥ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ശാരീരിക പരിമിതിയായിരുന്നു പ്രധാന വെല്ലുവിളി. തിരിച്ചറിവായപ്പോൾ ജീവിതം 4 ചുമരുകൾക്കുള്ളിൽ ഒതുങ്ങുമോ എന്നായിരുന്നു ആശങ്ക. വിധിയെ പഴിച്ച് ആശിച്ച ജീവിതം വേണ്ടെന്ന് വയ്ക്കാൻ തയ്യാറായിരുന്നില്ല. ആരുടെയും മുമ്പിൽ കൈനീട്ടാൻ മനസ് അനുവദിച്ചില്ല. അദ്ധ്വാനിച്ച് ജീവിക്കുന്നതിനായിരുന്നു ആഗ്രഹം. ഇന്നും അത് അങ്ങിനെ തന്നെ. മീൻപിടുത്തവും വിൽപ്പനയും ഒക്കെയാണ് ഇപ്പോഴത്തെ വരുമാനമാർഗ്ഗം. നാളെ ഇതിലും മെച്ചപ്പെട്ട തൊഴിൽ ലഭിച്ചാൽ തീർച്ചയായും അത് സ്വീകരിക്കും. കോതമംഗലം വെളിയേൽച്ചാൽ തണ്ടിയേൽക്കുടി തോമസ് മാത്യു പറഞ്ഞു.

ഇതുവരെയുള്ള ജീവിതത്തിൽ അഭിമൂഖീകരിച്ച പ്രതിസന്ധികൾ ചെറുതല്ല. ഭക്ഷണം ഇല്ലാതെ ,വിശപ്പടക്കി നിരവധി ദിവസങ്ങളോളം കഴിയേണ്ടിവന്നിട്ടുണ്ട്.അവഗനകളും നേരിട്ടു. മനോധൈര്യം മാത്രമായിരുന്നു കൈമുതൽ. ദൈവനിശ്ചയം പോലെ അവസരങ്ങൾ തേടിയെത്തുകയായിരുന്നു. ഉദാരമതികളായ ചിലരുടെ മാർഗ്ഗനിർദ്ദേശങ്ങളും കരുത്തായി -തോമസ് വിശദമാക്കി.

രണ്ടര വയസ്സിൽ പോളിയോ ബാധയെത്തുടർന്ന് രണ്ട് കാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടിരുന്നു. വീട്ടിലെ 5 മക്കളിൽ ഇളയവനായിരുന്നു. ഒന്നര വയസുള്ളപ്പോൾ പിതാവ് മാത്യു മരണപ്പെട്ടു. പിന്നെ കഷ്ടപ്പെട്ടാണ് അമ്മ എൻസി ഞങ്ങളെ വളർത്തിയത്. മൂന്നര വയസിൽ വീട്ടുകാർ നെല്ലിമറ്റത്തെ പ്രതീക്ഷ റിഹാബിലിറ്റേഷൻ സെന്ററിലാക്കി. നാലാംക്ലാസ് വരെ ഇവിടെ നിന്നാണ് പഠിച്ചത്. ഇതിന് ശേഷം വെളിയേൽച്ചാലിലെ വീടും സ്ഥലവും വിറ്റ്, അമ്മയുടെ നാടായ തിരുവനന്തപുരത്തേയ്ക്ക് താമസം മാറി. ഇവിടെ പുവർഹോമിൽ താമസിച്ചായിരുന്നു സ്‌കൂളിൽ. എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു.

പിന്നെ വല്യമ്മ ചാല കമ്പോളത്തിൽ നടത്തിവന്നിരുന്ന പച്ചക്കറി വ്യാപാരത്തിൽ സഹായായി. രണ്ട് കിലോമീറ്ററിലേറെ കൈകുത്തി സഞ്ചരിച്ചുവേണം ചാല കമ്പോളത്തിൽ എത്താൻ.മഴക്കാലത്ത് ഇത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി. കുറച്ചുകാലം ഫർണ്ണിച്ചർ നിർമ്മാണ ശാലയിൽ സഹായിയായും ജോലി ചെയ്തു. ഇതിനിടയിൽ ബന്ധുക്കളുടെ ഇടപെടലിനെത്തിടർന്ന് നേരത്തെ താമസിച്ചിരുന്ന വെളിയേൽച്ചാലിലേയ്ക്ക് തന്നെ വീണ്ടും താമസം മാറി. ഒരു കുന്നിന്റെ മുകളിലായിരുന്നു വീട്. ഒരു കിലോമീറ്ററേളം കുത്തനെയുള്ള കയറ്റം കയറിവേണം വീട്ടിലെത്താൻ. ഒരു മുച്ചക്ര സൈക്കിൾ ഉണ്ടായിരുന്നെങ്കിലും അതിൽ വീട്ടിലേയ്ക്ക് എത്തുക വലിയ വിഷമമായിരുന്നു.

ഈ സ്ഥിതിയിലും കിട്ടുന്ന ജോലിക്കെല്ലാം പോയിരുന്നു. വർഷങ്ങളോളം കൃഷിപ്പണികളിൽ സഹായിയായി.ഇതിനിടയിൽ തടിപ്പണിയിലും പങ്കുചേർന്നു. കുറച്ചുകാലം വാച്ച് റിപ്പയർ ആയും പ്രവർത്തിച്ചു. ഇടക്കാലത്ത് ബൈബിളിനെക്കുറിച്ച് കൂടുതൽ പഠിക്കണമെന്ന് തോന്നി. രണ്ടുവർഷം ഇതിനായി പരിശ്രമിച്ചു. ചെറുപ്പം മുതൽ ചിത്രം വരയ്ക്കലിൽ താൽപര്യം ഉണ്ടായിരുന്നു. കൂട്ടുകാർക്ക് ചിത്രങ്ങൾ വരച്ചുനൽകുമ്പോൾ ചെറിയ തുകകൾ ലഭിക്കുമായിരുന്നു. ഒരു ഘട്ടത്തിൽ ഇതായിരുന്നു വരുമാന മാർഗ്ഗം.

കുറച്ചുകാലും ഭൂതത്താൻകെട്ടിൽ പെരിയാർവാലി പദ്ധതി പ്രദേശത്ത് ദിവസവേതനത്തിന് ജോലിചെയ്തിരുന്നു.അഭ്യുദയകാംക്ഷികളിൽ ഒരാളുടെ സഹായത്തോടെ കോതമംഗലം ടൗൺ യു പി സ്‌കൂളിൽ രണ്ട് വർഷത്തോളം ചിത്രകല അദ്ധ്യാപകനായി പ്രവർത്തിക്കാനും അവസരം ലഭിച്ചു.ഇതിനിടയിൽ മുചക്ര സ്‌കൂട്ടർ ലഭിച്ചത് ജീവിതത്തിൽ വഴിത്തിരിവായി.

15 വയസുമുതൽ പെരിയാറിൽ മീൻപിടിക്കാൻ പോയിരുന്നു.മൂന്നും നാലും കിലോ തൂക്കമുള്ള മത്സ്യങ്ങൾ ലഭിച്ചിരുന്നു.ഇത് ആവശ്യക്കാരെ കണ്ടെത്തി വിൽക്കുകയായിരുന്നു പതിവ്. ഒരിക്കൽ ഭൂതത്താൻകെട്ടിൽ എത്തിയപ്പോൾ മീൻ പിടിച്ച് വിറ്റിരുന്ന മധു ചേട്ടനെ പരിചയപ്പെട്ടു. വീടുകളിൽ എത്തിച്ച് മീൻ വിൽക്കാൻ താൽപര്യം ഉണ്ടെന്നും വിൽപ്പന വിലയിൽ അൽപ്പം താഴ്‌ത്തി,ചെറിയ ലാഭം കിട്ടാൻ പാകാത്തിൽ മീൻ നൽകാമോ എന്നും ചോദിച്ചപ്പോൾ ആ ചേട്ടൻ സമ്മതിച്ചു.അത് വലിയ അനുഗ്രഹമായി.

ഇപ്പോൾ ഭൂതത്താൻകെട്ടിലും പരിസരത്തുമായി 30 -ളം മീൻപിടുത്തക്കാരുണ്ട്.ഇരിൽ ആർക്ക് മീൻകിട്ടിയാലും അറിയിക്കും.ആവശ്യം പോലെ അവരിൽ നിന്നും മീൻ വാങ്ങും.ഇപ്പോൾ സ്ഥിരം ആവശ്യക്കാരുണ്ട്. 30 കിലോ മീൻവരെ വിറ്റ ദിവസങ്ങളുണ്ട്.ഇതാണ് ഇപ്പോഴത്തെ പ്രധാവരുമാന മാർഗ്ഗം.22 കിലോ തൂക്കമുള്ള വാളയാണ് ഇതുവരെ വിറ്റതിൽ ഏറ്റവും വലിയ മീൻ. സാമൂഹിക മാധ്യമം വഴി പരിയപ്പെട്ട നേഴ്സായ അങ്കമാലി സ്വദേശിനി സീമയെ വിവാഹം കഴിച്ചു.ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് ഭാര്യ വിദേശത്താണ്.ആത്യവശ്യം സൗകര്യങ്ങളുള്ള ഒരു വീട് നിർമ്മിക്കുക എന്നതാണ് ഇനി മുന്നിലുള്ള ലക്ഷ്യം.ഏറെ താമസിയാതെ തന്നെ ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷ.തോമസ് വാക്കുകൾ ചുരുക്കി.

ഒട്ടുമിക്കപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവത്തോടെയാണ് തോമസിനെ കാണാൻ കഴിയുക.കശാരീക പരിമിതികൾ ഉണ്ടെങ്കിലും ആർക്കും തന്നാൽ കഴിയുന്ന സഹായം എത്തിക്കാൻ തോമസ് ശ്രമിക്കാറുണ്ട്.അതുകൊണ്ട് തന്നെ നാട്ടുകാരുടെ പ്രയങ്കരനാണ് ഈ 39 കാരൻ.എന്തിനും കട്ട സപ്പോർട്ടായി ഒരു കൂട്ടം സുഹൃത്തുക്കളും ഒപ്പമുണ്ട്.ജീവിതവഴിയിൽ തോമസിന്റെ വിജയങ്ങൾക്ക് പിന്നിലെ പ്രധാന ചാലകശക്തിയും ഈ ചങ്ങാതികൂട്ടം തന്നെ.

തോമസ് മീൻപിടിയിക്കാൻ പുഴയിലേയ്ക്ക് ഇറങ്ങിയിരുന്നത് ഭൂതത്താൻകെട്ടിലെ ബോട്ടിങ് കേന്ദ്രത്തിന് സമീപമുള്ള നടപ്പാത വഴിയായിരുന്നു.ഇതുവഴി ബൈക്കുകൾ കടത്തിക്കൊണ്ട് പോകുന്നത് തടയാൻ പെരിയാർവാലി അധികൃതർ കൂറുകെ ഇരുമ്പ് ബാർ സ്ഥാപിച്ചു.ഇതുമൂലം ഈ ഭാഗത്ത് പുഴയിൽ ഇറങ്ങാൻ തോമസിന് പെടാപ്പാട് പെടണമെന്നതാണ് നിലവിലെ സ്ഥിതി. ബുദ്ധി മുട്ടാണ് ...എങ്കിലും കടക്കാതിരിക്കാൻ പറ്റില്ലല്ലോ..നമുക്കും ജീവിക്കണ്ടെ ചേട്ടാ... എന്നായിരുന്നു ഇതെക്കുറിച്ച് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടുള്ള തോമസിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP