Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ബ്രഹ്‌മപുരം ലജ്ജാവഹം! 'സ്വകാര്യ' കമ്പനിക്ക് കരാർ കൊടുത്ത പിണറായി സർക്കാരിന്റെ പങ്ക് വെളിപ്പെടുത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടക്കാല റിപ്പോർട്ട്! ഈ കമ്പനി ആരുടേത്? സർക്കാരിന്റെ ഉദാസീനത'; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

'ബ്രഹ്‌മപുരം ലജ്ജാവഹം! 'സ്വകാര്യ' കമ്പനിക്ക് കരാർ കൊടുത്ത പിണറായി സർക്കാരിന്റെ പങ്ക് വെളിപ്പെടുത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടക്കാല റിപ്പോർട്ട്! ഈ കമ്പനി ആരുടേത്? സർക്കാരിന്റെ ഉദാസീനത';  രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്ന് പുകയണയ്ക്കൽ നടപടി തുടരുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തീപിടിത്തം ഉണ്ടായി പത്താം ദിവസവും പുക ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് കനത്ത വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.

ബ്രഹ്‌മപുരം: ലജ്ജാവഹം - 'സ്വകാര്യ' കമ്പനിക്ക് കരാർ കൊടുത്തതിൽ പിണറായി വിജയൻ സർക്കാരിന്റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടക്കാല റിപ്പോർട്ട്! ഈ കമ്പനി ആരുടേത് എന്തായാലും സർക്കാരിന്റെ അക്ഷന്തവ്യമായ ഉദാസീനതയാണ് ജനജീവിതം ദുരിതത്തിലാഴ്‌ത്തിയത് എന്നാണ് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചത്.

മാലിന്യ സംസ്‌കരണത്തിന് കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയുടെ അനാസ്ഥയാണ് കൊച്ചിയിലെ ഗുരുതരമായ സാഹചര്യത്തിന് വഴിവച്ചതെന്ന ആരോപണം നിലനിൽക്കെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. ബ്രഹ്‌മപുരത്തെ ബയോ മൈനിങ് കരാർ സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക് നൽകിയതിനെ ചൊല്ലി ആക്ഷേപം ശക്തമായിരുന്നു.

എൽ.ഡി.എഫ് മുൻ കൺവീനറും സിപിഎം നേതാവുമായ വൈക്കം വിശ്വന്റെ മകൾ നിഷയും ഭർത്താവ് രാജ് കുമാർ ചെല്ലപ്പനും ബ്രഹ്‌മപുരത്തെ ബയോമൈനിങ് കരാറെടുത്ത സോൺട കമ്പനിയുടെ ഡയറക്ടർമാരാണ്. ഈ കമ്പനിക്കാണ് ബയോ മൈനംഗ് കരാർ ലഭിച്ചിരിക്കുന്നത്. സോൺട ഇൻഫ്രാടെക് കമ്പനിക്ക് 54.90 കോടിക്കാണ് ടെൻഡർ നൽകിയിരുന്നത്. ഇവർക്ക് കരാർ നൽകുമ്പോൾ തന്നെ മുൻപരിചയം അടക്കമുള്ള കാര്യങ്ങളില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇതെല്ലാം മറികടന്നാണ് കരാർ നൽകിയതും.

അതേ സമയം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നാണ് സോൻട ഇൻഫ്രാടെക് കമ്പനിയുടെ നിലപാട്. ബയോ മൈനിങ്, കാപ്പിങ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണം എന്നിവയിൽ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്തമുള്ളൂ. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും പ്ലാസ്റ്റിക് സംസ്‌കരണവും സോൺടയുടെ ഉത്തരവാദിത്തമല്ലെന്ന് സോൻട ഇൻഫ്രാടെക് കമ്പനി പറയുന്നു.

2021 സെപ്റ്റംബർ ആറിനാണ് കൊച്ചി കോർപ്പറേഷനുമായി സോൻട ഇൻഫ്രാടെക് കരാറിലെത്തിയത്. ജനുവരി 21, 2022ലാണ് ആദ്യമായി സൈറ്റിൽ പ്രവർത്തനം തുടങ്ങിയത്. ഫെബ്രുവരിയിലും മാർച്ചിലുമായി കോർപ്പറേഷൻ അയച്ചുവെന്ന് പറയുന്ന കത്തുകൾ കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നതെന്നും സോൻട ഇൻഫ്രാടെക് പ്രതികരിച്ചു. തീപിടിത്തത്തിന് കാരണം മീഥേൻ ബഹിർഗമനവും ചൂടുമാണ്. അന്വേഷണവുമായി നിലവിൽ സഹകരിക്കുന്നുണ്ടെന്നും സോൻട ഇൻഫ്രാടെക് അധികൃതർ കൂട്ടിച്ചേർത്തു.

കൊച്ചി നഗരത്തെ ഗ്യാസ് ചേംബറാക്കും വിധത്തിലാണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ നിന്നും പുക ഉയർന്നത്. കൊച്ചി നഗരവാസികളെ പുക തീറ്റിച്ചത് സിപിഎമ്മിന്റെ ലാഭക്കൊതിയാണെന്ന ആക്ഷേപം ശക്തമായിരുന്നു. കുറച്ചുകാലമായി തന്നെ ഈ മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൊച്ചി കോർപ്പറേഷൻ ഭരിക്കുന്ന ഭരണമുന്നണിയിലെ സിപിഐക്ക് അടക്കം ആക്ഷേപമുണ്ട്. സിപിഎം നേതാക്കൾ ആസൂത്രിതമായി അഴിമതിക്കു കൂട്ടു നിൽക്കുന്നുവെന്നാണ സിപഐ നേതാക്കൾക്ക് പോലും ഉള്ള അഭിപ്രായം.

കരാർ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു നീക്കം ചെയ്യേണ്ട ചുമതലയാണ് സോൺട കമ്പനിക്കുള്ളത്. എന്നാൽ കരാർ കമ്പനി ആർ.ഡി.എഫ്. ആക്കി വെച്ച മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും കത്തിത്തീരാൻ ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് ഉയരുന്ന ആരോപണം. കരാർ പ്രകാരം പ്ലാസ്റ്റിക് നീക്കേണ്ട കമ്പനി അത് ചെയ്തിരുന്നില്ല. ഏറ്റെടുത്ത ജോലിയുടെ 30 ശതമാനം പോലും ഈ കമ്പനിക്ക് പൂർത്തിയാക്കൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പ്ലാന്റിന് തീപിടിച്ചത്. ഇത് ആസൂത്രിതമാണെന്നാണ് ഉയരുന്ന ആരോപണം.

വൈക്കം വിശ്വന്റെ മകളുടെ കമ്പനിക്ക് കരാർ ലഭിക്കാൻ തുടക്കം മുതൽ വഴിവിട്ട നീക്കങ്ങളാണ് നടന്നത്. ഇതേക്കുറിച്ച് മുൻ കൊച്ചി മേയർ ടോണി ചമ്മണിയും ആരോപണം ഉന്നയിച്ചിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ച ക്യൂബിക് മീറ്ററിന് 700 രൂപയെന്ന ഉയർന്ന നിരക്കിൽ കൂട്ടിയാലും 38.57 കോടി മാത്രമേ ബ്രഹ്‌മപുരത്തെ ബയോ മൈനിംഗിന് വേണ്ടിവരൂ. എന്നാൽ 4.5 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം കണക്കാക്കിയാണ് കരാർ നൽകിയത്. രണ്ടാമതെത്തിയ ഇതരസംസ്ഥാനക്കാരന്റെ ടെൻഡർ തുക 33 കോടിയായിരുന്നു.

കമ്പനിക്ക് 50 കോടിയുടെ ആസ്തിമൂല്യം ഇല്ലെന്ന വ്യവസ്ഥ ഉന്നയിച്ച് 2022ലെ ടെൻഡറിൽ നിന്ന് ഇവരെ ഒഴിവാക്കി. മിനിമം 10കോടിയുടെ ബയോമൈനിങ് പരിചയം വേണമെന്ന വ്യവസ്ഥ പാലിക്കാതിരുന്ന സോൺട റീടെണ്ടറിൽ തിരുനൽവേലി മുനിസിപ്പൽ എൻജിനിയറിൽ നിന്ന് 10.03 കോടിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി കരാർ സ്വന്തമാക്കുകയായിരുന്നെന്നും ടോണി ചമ്മിണി ആരോപിച്ചു.ഒമ്പതു മാസത്തെ കരാർ കാലാവധിയിൽ 4.75 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം നീക്കേണ്ടതിൽ 20 ശതമാനം പോലും സോൺട പൂർത്തിയാക്കിയിട്ടില്ല. ഇതുവരെ കമ്പനിക്ക് 11 കോടി കൈമാറിക്കഴിഞ്ഞെന്നും ടോണി ചമ്മിണി ആരോപിച്ചിരുന്നു.

സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്ക് 54.90 കോടിക്കാണ് ടെൻഡർ ലഭിച്ചത്. യു.ഡി.എഫ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രവൃത്തി അനുമതി നൽകിയത്. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ബയോ മൈനിങ്ങിന് അനുമതി നൽകാൻ നഗരസഭക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ടെൻഡർ യോഗ്യതകൾ പൂർത്തീകരിക്കാത്തതാണ് കമ്പനി. 21 കോടി, 30 കോടി എന്നിങ്ങനെ ടെൻഡർ ചെയ്ത കമ്പനികളെ മാറ്റി 54.90 കോടിയുടെ ടെൻഡറാണ് ഉറപ്പിച്ചത്.

നിലവിൽ രാത്രിയിലാണ് നഗരത്തിലെ വിവിധ മേഖലകളിൽ പുക രൂക്ഷമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തീയണച്ച ഭാഗങ്ങളിൽ വീണ്ടും തീയും പുകയും ഉയരുന്ന സംഭവങ്ങളും ഉണ്ടായതാണ് തീയണയ്ക്കൽ നടപടി വൈകിക്കുന്നത്. പുകയണയ്ക്കാൻ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി വിലയിരുത്തൽ. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിലാണ് വിദഗ്ധ സമിതി വീഡിയോ കോൺഫറൻസായി യോഗം ചേർന്നത്. പുക അണയ്ക്കുന്നതിന് മറ്റു മാർഗങ്ങൾ യോഗം ചർച്ച ചെയ്‌തെങ്കിലും ബ്രഹ്‌മപുരത്തെ സാഹചര്യത്തിൽ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് യോഗത്തിന്റെ നിഗമനം.

തീപിടിത്തത്തെ തുടർന്ന് നിലവിൽ അവശേഷിക്കുന്ന പുക പൂർണമായും അണയ്ക്കുന്നതിനും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. പുക ഉയരുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് വിദഗ്ധ സമിതി വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. തീയും പുകയും പൂർണമായി അണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണന.

തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാൻ തീരുമാനിച്ചു. പുക ഉയരുന്ന സാഹചര്യത്തിൽ റിസ്‌ക് അനാലിസിസ് നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി. തീപിടിത്തത്തെ തുടർന്ന് പ്ലാന്റിൽ അവ ശേഷിക്കുന്ന ചാരം ഉടൻ നീക്കാനും യോഗം നിർദ്ദേശിച്ചു.

എം ജി സർവകലാശാലയിലെയും കുസാറ്റിലെയും പരിസ്ഥിതി ശാസ്ത്രജ്ഞർ, കുസാറ്റിലെ അഗ്‌നി സുരക്ഷാ വിഭാഗം, എൻ ഐ ഐ എസ് ടി, പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ വിദഗ്ധരും ദുരന്ത നിവാരണ അഥോറിറ്റി, ഫയർ ആൻഡ് റെസ്‌ക്യൂ, കേന്ദ്ര - സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് കളക്ടർ അറിയിച്ചു. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.

മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്‌കവേറ്റർ/ മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോൾ അവസാന ഘട്ടത്തിലാണെന്നും കളക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP