Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

47 പന്തിൽ പുറത്താകാതെ 96 റൺസ്; ബാറ്റിങ് വെടിക്കെട്ടുമായി അലീസ ഹീലി; പിന്തുണച്ച് ദേവിക വൈദ്യ; പത്ത് വിക്കറ്റിന്റെ മിന്നും ജയവുമായി യുപി വാരിയേഴ്‌സ്; ആർസിബിക്ക് നാലാം തോൽവി

47 പന്തിൽ പുറത്താകാതെ 96 റൺസ്; ബാറ്റിങ് വെടിക്കെട്ടുമായി അലീസ ഹീലി; പിന്തുണച്ച് ദേവിക വൈദ്യ; പത്ത് വിക്കറ്റിന്റെ മിന്നും ജയവുമായി യുപി വാരിയേഴ്‌സ്; ആർസിബിക്ക് നാലാം തോൽവി

സ്പോർട്സ് ഡെസ്ക്

മുംബൈ: ബാറ്റിങ് വെടിക്കെട്ടുമായി അലീസ ഹീലി നിറഞ്ഞാടിയ വനിതാ പ്രീമിയർ ലീഗ് മത്സരത്തിൽ പത്ത് വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കി യുപി വാരിയേഴ്‌സ്. 139 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ 13 ഓവറിൽ നേടുകയായിരുന്നു യുപി. തുടർച്ചയായ നാലാം മത്സരത്തിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കനത്ത തോൽവി വഴങ്ങി.

ക്യാപ്റ്റൻ അലീസ ഹീലി വെടിക്കെട്ടുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ സഹഓപ്പണർ ദേവിക വൈദ്യ ഉറച്ച പിന്തുണയുമായി യുപിയെ ജയത്തിലെത്തിച്ചു. ഹീലി 47 പന്തിൽ പുറത്താകാതെ 96 റൺസ് നേടി. ദേവിക 31 പന്തിൽ 36 റൺസുമായി ഒപ്പം നിന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി 19.3 ഓവറിൽ 138 റൺസിൽ പുറത്തായി. 52 റൺസെടുത്ത എല്ലിസ് പെറിയാണ് ടോപ് സ്‌കോറർ. വനിതാ പ്രീമിയർ ലീഗിൽ പെറിയുടെ ആദ്യ ഫിഫ്റ്റിയാണിത്. 36 റണ്ണെടുത്ത സോഫീ ഡിവൈനും മാത്രമേ ആർസിബിക്കായി തിളങ്ങാനായുള്ളൂ. സോഫീ എക്കിൾസ്റ്റൺ നാലും ദീപ്തി ശർമ്മ മൂന്നും വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടക്കം തന്നെ തിരിച്ചടിയോടെയായിരുന്നു. സോഫീ ഡിവൈൻ ഒരറ്റത്ത് റൺസ് കണ്ടെത്തിയപ്പോഴും ക്യാപ്റ്റൻ സ്മൃതി മന്ദാന 6 പന്തിൽ നാല് റൺസുമായി പുറത്തായി. രാജേശ്വരി ഗെയ്ക്വാദിനായിരുന്നു വിക്കറ്റ്. കനിക അഹൂജയ്ക്കും തിളങ്ങാനായില്ല. കനിക 10 പന്തിൽ 8 റൺസുമായി ദീപ്തി ശർമ്മയുടെ പന്തിൽ മടങ്ങി.

24 പന്തിൽ 36 റൺസ് നേടിയ സോഫീ ഡിവൈന്റെ പോരാട്ടം ഇതിനിടെ ആർസിബിക്ക് ആശ്വാസമായി. സോഫിയുടെ കുറ്റി എക്കിൾസ്റ്റൺ പിഴുതെറിയുകയായിരുന്നു. വൈകാതെ തന്നെ ഹീത്തർ നൈറ്റും(2 പന്തിൽ 2) പുറത്തായി. റണ്ണൗട്ടിലൂടെയായിരുന്നു മടക്കം. എന്നാൽ ഒരറ്റത്ത് തകർപ്പൻ ഷോട്ടുകളുമായി എല്ലിസ് പെറി ആർസിബിയെ 13-ാം ഓവറിൽ 100 കടത്തി. 35 പന്തിൽ പെറി ഫിഫ്റ്റി പൂർത്തിയാക്കുകയും ചെയ്തു.

എല്ലിസ് പെറിക്കൊപ്പം ആക്രമിച്ച് കളിക്കാൻ ശ്രമിച്ച അഞ്ജലി സർവാനിയെ(10 പന്തിൽ 12) സോഫീ എക്കിൾസ്റ്റൺ മടക്കുമ്പോൾ ആർസിബി സ്‌കോർ 14.4 ഓവറിൽ 116/5. സിക്‌സർ ശ്രമത്തിനിടെ എലിസ് പെറി ദീപ്തിയുടെ 17-ാം ഓവറിൽ പുറത്തായി. പെറി 39 പന്തിൽ 6 ഫോറും ഒരു സിക്‌സും സഹിതം 52 റൺസെടുത്തു. രണ്ട് പന്തിന്റെ ഇടവേളയിൽ എറിൻ ബേൺസിന്റെ(9 പന്തിൽ 12) സ്റ്റംപ് തെറിച്ചു.

രാജേശ്വരിയുടെ അടുത്ത ഓവറിലെ പന്തിൽ ഇല്ലാത്ത റണ്ണിനായി ഓടിയ റിച്ച ഘോഷ്(1 പന്തിൽ) റണ്ണൗട്ടായി. എക്കിൾസ്റ്റണിന്റെ അവസാന ഓവറിലെ രണ്ടും മൂന്നും പന്തുകളിലായി രേണുക സിംഗും(8 പന്തിൽ 3), സഹാന പവാറും(0) പുറത്തായി. അഞ്ച് റണ്ണുമായി കൊമാൽ സൻസാദ് പുറത്താവാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP