Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക് കേരളത്തിലെങ്ങും മാലിന്യ സംസ്‌കരണ കരാറുകൾ; വീഴ്‌ച്ചകൾ വരുത്തിയതിന് കണ്ണൂർ, കൊല്ലം കോർപ്പറേഷനുകൾ ഒഴിവാക്കിയ കമ്പനിക്ക് കോഴിക്കോട്ട് ലഭിച്ചത് 250 കോടിയുടെ കരാർ; കരാർ നൽകി നാല് വർഷമായിട്ടും ആദ്യഘട്ടം പോലും പൂർത്തിയായില്ല; സോണ്ടയെ കൈവിടാതെ സിപിഎം

വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക് കേരളത്തിലെങ്ങും മാലിന്യ സംസ്‌കരണ കരാറുകൾ; വീഴ്‌ച്ചകൾ വരുത്തിയതിന് കണ്ണൂർ, കൊല്ലം കോർപ്പറേഷനുകൾ ഒഴിവാക്കിയ കമ്പനിക്ക് കോഴിക്കോട്ട് ലഭിച്ചത് 250 കോടിയുടെ കരാർ; കരാർ നൽകി നാല് വർഷമായിട്ടും ആദ്യഘട്ടം പോലും പൂർത്തിയായില്ല; സോണ്ടയെ കൈവിടാതെ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിന് കേരളത്തിൽ അങ്ങോളമിങ്ങോളം കരാറുകൾ ലഭിച്ചതിൽ ദുരൂഹത തുടരുന്നു. കോഴിക്കോട് കോർപ്പറേഷനിലും സോണ്ടയ്ക്ക് മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട കരാറുകൾ ലഭിച്ചു. എന്നാൽ, മറ്റിടങ്ങളിലെ പോലെ കോഴിക്കോടും സോണ്ട വീഴ്‌ച്ചകൾ പതിവാക്കുകയായിരുന്നു.

നഗരമാലിന്യം തള്ളുന്ന ഞെളിയൻപറമ്പിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടു രണ്ട് കരാറുകളാണു സോണ്ടയ്ക്ക് ഉള്ളത്. മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാൻ 7.75 കോടി രൂപയുടെ കരാറും മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാന്റ് നിർമ്മിക്കാൻ 250 കോടി രൂപയുടെ കരാറുമാണു നൽകിയത്. 4 വർഷം കഴിഞ്ഞിട്ടും 7.75 കോടി രൂപയുടെ കരാർ പ്രകാരമുള്ള ജോലികൾ പകുതി പോലും പൂർത്തിയാക്കിയില്ല. പ്ലാന്റ് നിർമ്മാണം ആരംഭിച്ചതുമില്ല.

ബ്രഹ്മപുരത്തെ കരാർ വിവാദമായതിനു പിന്നാലെയാണ്, അതിനേക്കാൾ മുൻപ് ആരംഭിച്ച ഞെളിയൻപറമ്പ് കരാറിന്റെ വിവരങ്ങൾ പുറത്തു വരുന്നത്. എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഇതോടെ സോണ്ട ഇൻഫ്രാടെക്കിന് കരാർ നൽകിയതു മുതലുള്ള ഇടപാടുകളിൽ ദുരൂഹതയുണ്ട്. ഇവരെ സർക്കാർ തലത്തിൽ തിരഞ്ഞെടുത്ത ശേഷം കോർപറേഷനിൽ അടിച്ചേൽപ്പിക്കുകയായിരുന്നെന്നാണു വിവരം.

കരാർ നൽകി 4 വർഷമായിട്ടും ആദ്യ ഘട്ടമായ ബയോ മൈനിങ് പോലും പൂർത്തിയാക്കിയിട്ടില്ല. മഴ, കോവിഡ് എന്നീ കാരണങ്ങളാൽ 4 തവണ കരാർ നീട്ടി. ഇതുവരെ 1.23 കോടി രൂപ കോർപറേഷൻ നൽകി. എൻജിനീയറിങ് വിഭാഗത്തിന്റെ കടുത്ത എതിർപ്പ് മറികടന്നാണു തുക നൽകിയത്. അവസാനം നൽകിയ കാലാവധി 2022 നവംബറിൽ പൂർത്തിയായി. ഇതുവരെ നീട്ടിയിട്ടില്ല. എങ്കിലും, 75 % പണി പൂർത്തിയാക്കിയതിനാൽ ബാക്കി തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് കമ്പനി കോർപറേഷനു വീണ്ടും കത്തു നൽകിയിട്ടുണ്ട്. പണം അനുവദിക്കരുതെന്നാണ് എൻജിനീയറിങ് വിഭാഗത്തിന്റെ ശുപാർശ. ഇതുവരെയുള്ള പണി പരിശോധിച്ച് ഉറപ്പു വരുത്തി മാത്രം പണം അനുവദിച്ചാൽ മതിയെന്നും ശുപാർശ ചെയ്തിട്ടുണ്ട്. കൗൺസിൽ അതൃപ്തി രേഖപ്പെടുത്തിയതിനാൽ കരാർ റദ്ദാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.

2019 മെയ്‌ മാസത്തിൽ ടെൻഡർ വിളിച്ചെങ്കിലും ആരും പങ്കെടുത്തില്ല. രണ്ടാമത് വീണ്ടും ടെൻഡർ വിളിച്ചപ്പോൾ ഈ കമ്പനി മാത്രം പങ്കെടുത്തു. അവർക്കു കരാർ നൽകുകയും ചെയ്തു. ഞെളിയൻ പറമ്പിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 12.67 ഏക്കർ ഭൂമി 28 വർഷത്തിനു പാട്ടത്തിനു നൽകും. അവിടെ 250 കോടി രൂപ ചെലവു വരുന്ന പ്ലാന്റ് സ്ഥാപിക്കുമെന്നായിരുന്നു കരാർ. പ്ലാന്റിനുള്ള തുക കമ്പനി കണ്ടെത്തണം. അതിനു ഭൂമി ബാങ്കിൽ പണയം വയ്ക്കാനും അനുവദിച്ചിരുന്നു. എന്നാൽ പ്ലാന്റ് നിർമ്മാണത്തിനു മുൻപ് കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനായി 7.75 കോടി രൂപയുടെ കരാർ കൂടി വേണമെന്ന് പിന്നീട് കമ്പനി ആവശ്യപ്പെട്ടു.

നേരത്തെ കണ്ണൂർ, കൊല്ലം കോർപ്പറേഷനുകളും ഈ ബയോ മൈനിങ് സ്ഥാപനവുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. യഥാർഥ കരാറുകളും ടെണ്ടറുകളും ലംഘിച്ചതു കൊണ്ടായിരുന്ന സോണ്ട ഇൻഫ്രാടെക്കിനെതിരെ നടപടി കൈക്കൊണ്ടത്. രണ്ടിടങ്ങളിലും കോർപ്പറേഷനുകൾക്ക് ഈ കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നുള്ള സമ്മർദ്ദം മൂലമായിരുന്നു കരാർ സോണ്ടയ്ക്ക് നൽകിയത്. എന്നാൽ, കരാർ പ്രകാരമുള്ള ജോലി എടുക്കുന്നതിൽ കമ്പനി രണ്ടിടത്തും വീഴ്‌ച്ച വരുത്തി. ഇതോടെ ഈ സ്ഥാപനത്തെ ഒഴിവാക്കുകയാണ് കൊല്ലം, കണ്ണൂർ കോർപ്പറേഷനുകൾ ചെയ്തത്.

യഥാർത്ഥ കരാറും ടെൻഡർ വ്യവസ്ഥകളും ലംഘിച്ചിട്ടും ബ്രഹ്മപുരത്ത് ജൈവ ഖനനം തുടരാനും ഇഇവർക്ക് സാധിച്ചു എന്നത് പരിശോധിക്കുമ്പോഴാണ് ഈ കമ്പനിയും സർക്കാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ പുരത്തുവരുന്നത്. സോണ്ട ഇൻഫ്രാടെക് നിശ്ചിത സമയപരിധിയിൽ ഒമ്പത് മാസത്തോളം വീഴ്ച വരുത്തിയെങ്കിലും കരാർ അവസാനിപ്പിക്കുക എന്നതല്ലാതെ അവലോകനം ചെയ്യാൻ കൊച്ചി കോർപ്പറേഷൻ ഇതുവരെ ചിന്തിച്ചിരുന്നില്ല.

ഖനനം ചെയ്യേണ്ട മാലിന്യത്തിന്റെ അളവും നൽകാനുള്ള പണവും സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കണ്ണൂർ കോർപ്പറേഷൻ കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചതെന്ന് മുൻ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. പണം നൽകി. കോർപ്പറേഷനുമായി കരാറുണ്ടാക്കി മുൻകൂർ പണം വാങ്ങിയ ശേഷം മാലിന്യത്തിന്റെ അളവിനെച്ചൊല്ലി കമ്പനി തർക്കം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് സോണ്ടയെ നീക്കിയത്.

കോഴിക്കോട് കോർപറേഷനിലേയും ഫറോക്ക് കൊയിലാണ്ടി രാമനാട്ടുകര നഗരസഭകളിലേയും കടലുണ്ടി, കുന്നമംഗലം, ഒളവണ്ണ പഞ്ചായത്തുകളിലേയും മാലിന്യങ്ങൾ സംസ്‌കരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് സോണ്ടയുടെ കരാർ. 2019 സെപ്റ്റംബർ നാലിനാണ് സംസ്ഥാന വ്യവസായ വികസന കോർപറേഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സോണ്ട ഇൻഫ്ര ടെക്കുമായി കരാർ ഒപ്പുവച്ചത്. നേരിട്ടല്ല, മലബാർ വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ചായിരുന്നു സോൺടയുടെ കരാർ.

കമ്പനിക്ക് അനുമതിരേഖകൾ കിട്ടാൻ വൈകിയതുകൊണ്ടാണ് പ്ലാന്റിന്റെ നിർമ്മാണം തുടങ്ങാൻ വൈകുന്നതെന്നാണ് കോർപറേഷന്റ വിശദീകരണം. മാത്രമല്ല, പ്ലാന്റ് സ്ഥാപിക്കുന്ന ഞെളിയൻപറമ്പിലെ മാലിന്യം പൂർണമായും നീക്കാനും കഴിഞ്ഞിട്ടുമില്ല. ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം ഞെളിയൻപറമ്പ് പരിസരവാസികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. മഴക്കാലമാകുമ്പോൾ സംസ്‌ക്കരണകേന്ദ്രത്തിൽ നിന്ന് വരുന്ന മലിനജലമാണ് പ്രശ്നമെങ്കിൽ വേനലിൽ തീപിടിത്തമാണ് ഭീതി പടർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP