Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു; ആംബുലൻസിലെത്തി പരീക്ഷ എഴുതി ആന്മേരി; പരീക്ഷ എഴുതാനാവാതെ ഏഴു കുട്ടികൾ: ആദ്യദിനം ആത്മവിശ്വാസം പകർന്ന് മലയാളം പരീക്ഷ

വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു; ആംബുലൻസിലെത്തി പരീക്ഷ എഴുതി ആന്മേരി; പരീക്ഷ എഴുതാനാവാതെ ഏഴു കുട്ടികൾ: ആദ്യദിനം ആത്മവിശ്വാസം പകർന്ന് മലയാളം പരീക്ഷ

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: വീണു നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രി കിടക്കയിൽ നിന്നും ആംബുലൻസിലെത്തി പരീക്ഷ എഴുതി ആന്മേരി. രാമക്കൽമേട് സേക്രഡ് ഹാർട്ട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആൻ മേരി പീറ്ററാണ് സ്‌കൂൾ അധികൃതരുടെ കൈത്താങ്ങിൽ പരീക്ഷ എഴുതിയത്. തേനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിക്ക് ആംബുലൻസിൽ എസ്എസ്എൽസി പരീക്ഷ എഴുതാൻ സ്‌കൂൾ അധികൃതർ സൗകര്യമൊരുക്കി നൽകുക ആയിരുന്നു.

വെള്ളിയാഴ്ച വൈകിട്ടു വീട്ടിൽ വീണാണ് ആൻ മേരിക്ക് ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇടുപ്പെല്ലിനും നട്ടെല്ലിനും ക്ഷതമേറ്റെന്നു കണ്ടെത്തിയതിനെ തുടർന്നു തേനിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ആംബുലൻസിന്റെ സഹായത്തോടെ സ്‌കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കാൻ സ്‌കൂൾ അധികൃതർ സമ്മതിക്കുക ആയിരുന്നു.

ലേണിങ് ഡിസെബിലിറ്റിയുള്ള ആൻ മേരിക്കു വേണ്ടി പരീക്ഷ എഴുതാൻ സ്‌കൂളിലെ അദ്ധ്യാപിക ദീപയുടെ മകൾ ആഗി തെരേസയ്ക്കായിരുന്നു ചുമതല. ദീപയും ഭർത്താവ് ഷാജി സ്‌കറിയയും ആശുപത്രിയിലെത്തി   ആന്മേരിയുടെ മാതാപിതാക്കളെ വിവരങ്ങൾ ധരിപ്പിച്ചു. ആംബുലൻസ് മാർഗം ആൻ മേരിയെ ഇന്നലെ പുലർച്ചെ 3ന് ദീപയുടെ വീട്ടിലെത്തിച്ചു. രാവിലെ സ്‌കൂൾ അധികൃതർ ഏർപ്പാടാക്കിയ മറ്റൊരു ആംബുലൻസിൽ സ്‌കൂളിലെത്തിച്ചു. അങ്ങനെ, നിറഞ്ഞ സന്തോഷത്തോടെ ആഗിയുടെ സഹായത്താൽ ആൻ മേരി പരീക്ഷയെഴുതി ദീപ ടീച്ചറുടെ വീട്ടിലേക്ക് തന്നെ മടങ്ങി.

ബാലൻപിള്ള സിറ്റിയിലുള്ള ആന്മേരിയുടെ വീട്ടിലേക്കു ദുർഘടപാതയാണ്. ഇക്കാരണത്താൽ ദീപയുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ബാക്കി പരീക്ഷകൾക്കും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ തുടർചികിത്സയ്ക്കും സ്‌കൂൾ സൗകര്യമൊരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആൻ മേരിയുടെ മാതാപിതാക്കളായ പീറ്ററും വിമലയും കൂലിപ്പണിക്കാരാണ്.

പരീക്ഷ എഴുതാനാവാതെ ഏഴു കുട്ടികൾ
അടിമാലി: ഇന്നലെ ആരംഭിച്ച എസ്എസ്എൽസി പരീക്ഷയിൽ അടിമാലി ഗവ. ഹൈസ്‌കൂളിൽ ഏഴ് എസ്ടി കുട്ടികൾക്കു പരീക്ഷ എഴുതാനായില്ല. സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പിൽ നിന്നു ലഭിക്കാത്തതിനെത്തുടർന്നാണ് ഈ കുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. മന്നാങ്കാല, ഇരുമ്പുപാലം ട്രൈബൽ ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന 6 കുട്ടികൾക്കും ചിന്നപ്പാറ ആദിവാസി സങ്കേതത്തിൽ നിന്നുള്ള ഒരു കുട്ടിക്കുമാണു പരീക്ഷ എഴുതാൻ കഴിയാതെ വന്നത്.

40 ശതമാനത്തിൽ താഴെ ലേണിങ് ഡിസെബിലിറ്റിയുള്ള കുട്ടികൾക്കു പരീക്ഷ എഴുതാൻ സഹായിയെ നൽകാറുണ്ട്.എന്നാൽ ഈ കുട്ടികളുടെ ലിസ്റ്റ് ഓൺലൈനിൽ എത്തുമെന്നും അതനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഉപജില്ലയിൽ നിന്നു ലഭിച്ച നിർദ്ദേശം. പക്ഷേ ഇന്നലെ ലിസ്റ്റ് ലഭിച്ചില്ലെന്നു പ്രധാനാധ്യാപിക പറഞ്ഞു.

വലയ്ക്കാതെ മലയാളം
മാതൃഭാഷയിൽ ആത്മവിശ്വാസത്തോടെയാണ് ഇന്നലെ പരീക്ഷയ്ക്ക് തുടക്കമായത്. മലയാളം കുട്ടികളെ ഒട്ടും വലച്ചില്ല. പരാതികളില്ലാതെയാണ് 2,960 കേന്ദ്രങ്ങളിലായി ആദ്യ ദിന പരീക്ഷ നടന്നത്. അടുത്ത പരീക്ഷ 13ന് ആണ്. 29ന് സമാപനം.

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷകൾ. 30നു സമാപിക്കും. ഹയർ സെക്കൻഡറിയിൽ 2023 കേന്ദ്രങ്ങളിലായി 4,25,361 പേർ പ്ലസ് വൺ പരീക്ഷയും 4,42,067 പേർ പ്ലസ് ടു പരീക്ഷയും എഴുതുന്നു. വിഎച്ച്എസ്ഇയിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 28,820 പേരും രണ്ടാം വർഷം 30,740 പേരുമാണ് പരീക്ഷ എഴുതുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP