Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യ വിഭജനത്തിന് ശേഷം ന്യൂനപക്ഷരാഷ്ട്രീയമുയർത്തി രൂപം കൊണ്ടത് ചെന്നൈയിലെ രാജാജി ഹാളിൽ; ബാബറി കാലത്ത് പോലും കൈക്കൊണ്ട സംയമനത്തിന് പിന്നിൽ വിവേകപൂർവ്വമായ നേതൃത്വം; കേരള മുസ്ലീങ്ങളുടെ സാമൂഹിക ഉന്നമനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ പ്രസ്ഥാനം; ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിന് 75 വയസ്സ് പൂർത്തിയാകുമ്പോൾ

ഇന്ത്യ വിഭജനത്തിന് ശേഷം ന്യൂനപക്ഷരാഷ്ട്രീയമുയർത്തി രൂപം കൊണ്ടത് ചെന്നൈയിലെ രാജാജി ഹാളിൽ; ബാബറി കാലത്ത് പോലും കൈക്കൊണ്ട സംയമനത്തിന് പിന്നിൽ വിവേകപൂർവ്വമായ നേതൃത്വം; കേരള മുസ്ലീങ്ങളുടെ സാമൂഹിക ഉന്നമനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ പ്രസ്ഥാനം; ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിന് 75 വയസ്സ് പൂർത്തിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഴരപ്പതിറ്റാണ്ടിന്റെ അനുഭവങ്ങളുടെ കരുത്തുമായി നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പിന്റെ പുത്തൻസാധ്യതകൾ തേടുകയാണ് മുസ്ലിംലീഗ്.പുതിയ പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന് മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഇന്ന് ചെന്നൈയിൽ തുടക്കമാകും.പാർട്ടി രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ചരിത്രത്തിലെ നാഴികക്കല്ലാക്കി മാറ്റാൻ നഗരമൊരുങ്ങി.രൂപീകരണത്തിന്റെ ഓർമ്മ പുതുക്കി ചെന്നൈയിൽ തന്നെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമാകുന്നത്.

ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രത്യാശയും സാമൂഹിക പിൻബലവും

രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങൾക്ക് രാഷ്ട്രീയവും സാമൂഹികവുമായ പിൻബലവും പ്രത്യാശകളുമാണ് മുസ്ലിംലീഗ് നാളിതുവരെയായി പകർന്നു നൽകുന്നത്.നാളേക്ക് 75 വർഷങ്ങൾക്ക് മുൻപാണ് കൃത്യമായി പറഞ്ഞാൽ 1948 മാർച്ച് 10ന്- ചെന്നൈയിലെ രാജാജി ഹാളിൽ ചേർന്ന ഇന്ത്യയിലെ മുസ്ലിം നേതാക്കളുടെ യോഗത്തിലാണ് ഇന്ത്യൻ യൂണിയൻ മുസ്്ലിംലീഗിന്റെ രൂപീകരണം.സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ഏഴു മാസത്തിനു ശേഷം രൂപീകൃതമായ മുസ്്ലിംലീഗിന്റെ ജനനം രാജ്യത്തിന്റെ മതേതര ജനാധിപത്യ പാന്ഥാവിലെ തിളങ്ങുന്ന നാഴികക്കല്ലുകളിലൊന്നാണ്.

രാജ്യത്തിന്റെ വിഭജനത്തിന് വഴിവെച്ച രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയിൽ സ്വതന്ത്ര ഇന്ത്യയിലെ മുസ്്ലിംകളുടെ അസ്തിത്വം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ദീർഘദർശികളും പക്വമതികളുമായ നേതാക്കൾ ഇത്തരമൊരു പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.തുടർന്നിങ്ങോട്ട് ഈ പ്രസ്ഥാനം അതിന്റെ ജൈത്രയാത്രയിൽ നിർവഹിച്ചുവരുന്നത് മഹത്തരമായ നിരവധി ഇടപെടലുകളാണ്.ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും കെ.എം സീതിസാഹിബുമടങ്ങുന്ന നേതൃ നിരക്കുകീഴിൽ അണിനിരന്ന സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ സ്വന്തം നേട്ടങ്ങളേക്കാളുപരി രാജ്യത്തിന്റെ മതേതര സങ്കൽപം കാത്തുസൂക്ഷിക്കുക എന്ന ചരിത്ര ദൗത്യം കൂടിയാണ് നിറവേറ്റിയത്.

രൂപീകരണ ഘട്ടം മുതൽ ഇന്നുവരെ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് നിർവഹിച്ചുപോരുന്നത് രാജ്യസേവനവും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്ര സങ്കൽപത്തിന്റെ സംസ്ഥാപനവും എന്ന ഖാഇദേമില്ലത്തിന്റെ ദൗത്യമാണ്. ഖാഇദേമില്ലത്ത് വിട്ടുപിരിഞ്ഞപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത്, ഇന്ത്യയുടെ മതസൗഹാർദത്തിന്റെയും രാജ്യസ്നേഹത്തിന്റെയും വക്താവിനെയാണ് രാജ്യത്തിന് നഷ്ടമായത് എന്നായിരുന്നു.

രാഷ്ട്രപിതാവ് കൊല്ലപ്പെടുന്നതിന് ദിവസങ്ങൾ മുൻപ് 1948 ജനുവരി പത്തിന് ചെന്നൈയിലെ ഗവർണേഴ്സ് ബംഗ്ലാവിൽ ഖാഇദേമില്ലത്തിനെ കാണാൻ അവസാന ഗവർണർ ജനറൽ മൗണ്ട്ബാറ്റൺ പ്രഭു എത്തിയിരുന്നു.പ്രധാനമന്ത്രി നെഹ്റുവിന്റെ ദൂതുമായായിരുന്നു ബാറ്റന്റെ വരവ്. ഇന്ത്യൻ മുസ്്ലിംകൾക്കായി പുതിയ പാർട്ടി രൂപീകരിക്കരുതെന്നായിരുന്നു ഉപദേശം.ഇതുകേട്ട ഖാഇദേമില്ലത്ത് പറഞ്ഞവാക്കുകൾ നിറഞ്ഞ ഇങ്ങനെയായിരുന്നു 'എനിക്കതിന് കഴിയില്ല... ഇന്ത്യൻ മുസ്്ലിംകൾക്ക് സ്വന്തമായൊരു സംഘടന വേണമെന്ന് അവരാഗ്രഹിക്കുന്ന കാലത്തോളം അതുസംഭവിക്കുക തന്നെ ചെയ്യും.' മുസ്്ലിംകളുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്തവർക്കുള്ള മറുപടി ഭരണഘടനാ നിർമ്മാണ സഭാംഗമെന്ന നിലയിൽ ഖാഇദേമില്ലത്ത് നടത്തിയ പ്രസംഗത്തിലുണ്ടായിരുന്നു.

വിഭജനാനന്തരം ഏറെ ദുരിതങ്ങൾക്കിരയായിട്ടും ഇന്ത്യൻ മുസ്്ലിംകൾ കൈക്കൊണ്ട സംയമനവും രാജ്യസ്നേഹവും ബോധ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായ സദസ്സിനോടായി പറഞ്ഞു.. രാജ്യത്തെ പൗരന്മാരുടെ സന്തുലിതമായ ഉന്നമനമാണ് നമ്മുടെ ലക്ഷ്യമെങ്കിൽ സംവരണം അടക്കമുള്ള എല്ലാവിധ ആനുകൂല്യങ്ങളും ഇന്ത്യൻ മുസ്്ലിംകൾക്ക് അതേപടി ലഭിക്കണം.അന്നത്തെ മൂന്നരക്കോടിയിലധികം വരുന്ന ഇന്ത്യൻ മുസ്ലിംകളുടെ ഹൃദയനഭസ്സിലെ ആശയും അഭിലാഷങ്ങളുമാണ് ഭരണഘടനാ നിർമ്മാണ സഭയിലും പിന്നീട് ഇന്ത്യൻ പാർലമെന്റിലും ഖാഇദേമില്ലത്തിലൂടെ പ്രതിഫലിച്ചത്.

രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനതയെ അവഗണനയിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും മോചിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ആനയിക്കാൻ മുസ്ലിംലീഗ് നിർവഹിച്ച കഠിന പരിശ്രമങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. ഖാഇദേമില്ലത്ത്, കെ.എം സീതിസാഹിബ്, സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ, ബി.പോക്കർ സാഹിബ്, ഉപ്പി സാഹിബ്, സി.എച്ച് മുഹമ്മദ്കോയ, ഇബ്രാഹിം സുലൈമാൻ സേട്ട്, ജി.എം ബനാത്ത്വാല, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ. അഹമ്മദ്, എ.കെ.എ അബ്ദസ്സമദ് തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ സമർപ്പണം ഇതിനു കരുത്തുപകർന്നു.

ഇന്ത്യയുടെ മതേതരവും സാംസ്‌കാരികവുമായ പാരമ്പര്യം മുറുകെപിടിച്ച് ജീവിക്കുകയാണ് രാജ്യത്തിന്റെ വളർച്ചക്കും വികാസത്തിനും സമാധാനത്തിനും ഹേതു എന്നാണ് രാജ്യത്തെ ഓരോ പൗരനോടും മുസ്്ലിം ലീഗ് അഭ്യർത്ഥിക്കുന്നത്.വിഭജനാനന്തരം കായികമായ ഭീഷണിയും സാമൂഹികമായ അവമതിപ്പും വിദ്യാഭ്യാസത്തിന്റെ അഭാവവുമായിരുന്നു ഇന്ത്യൻ മുസ്ലിംകളെ തുറിച്ചുനോക്കിയിരുന്നത്.

യോഗത്തിന് ഹാൾ പോലുമില്ലാതെ രൂപീകരണം

രൂപീകരണത്തിന് ഒരു ഹാൾ പോലും കിട്ടാത്ത ചരിത്രം കൂടിയുണ്ട് മുസ്ലിംലീഗിന് പറയാൻ. ഒടുവിൽ ചെന്നൈയിലെ സർക്കാർ അതിഥി മന്ദിരത്തിലാണ് (ഇന്നത്തെ രാജാജി ഹാൾ) ലീഗ് രൂപീകരണ യോഗം ചേർന്നത്. സ്വതന്ത്ര ഇന്ത്യയിൽ ലീഗ് പ്രവർത്തിക്കേണ്ടതില്ലെന്ന തീരുമാനം യോഗത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്നത്തെ മദ്രാസ് ഗവൺമെന്റ് അനുമതി നൽകിയതെന്ന കിംവദന്തികളും പിന്നീടു പ്രചരിച്ചു. കേരളത്തിൽ, മുന്നണിയായി മത്സരിച്ചു വലിയ വിജയം നേടിയ ശേഷവും അധികാരത്തിൽ ലീഗിനു പങ്കാളിത്തം നൽകാത്ത സ്ഥിതിയുണ്ടായി.

അടിയുറച്ച വോട്ട് ബാങ്കിന്റെ കരുത്തും ദീർഘദർശികളായ നേതാക്കളുടെ ഇച്ഛാശക്തിയും ആയുധമാക്കി ലീഗ് വെല്ലുവിളികൾ നേരിട്ടു. 1979ൽ കുറഞ്ഞ കാലത്തേക്കാണെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ലീഗ് പ്രതിനിധി സി.എച്ച്.മുഹമ്മദ് കോയ ഇരുന്നു. 2004ൽ ഇ.അഹമ്മദിലൂടെ കേന്ദ്രമന്ത്രി പദവിയും പാർട്ടിയെ തേടിയെത്തി.

1948 മാർച്ച് 10നു 51 പേർ പങ്കെടുത്ത യോഗത്തിലാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ചത്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് അഖിലേന്ത്യാ പ്രസിഡന്റും വിജയവാഡയിൽ നിന്നുള്ള മെഹബൂബ് അലി ബേഗ് ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ബാഫഖി തങ്ങൾ പ്രസിഡന്റും കെ.എം.സീതി സാഹിബ് ജനറൽ സെക്രട്ടറിയുമായി മലബാർ ജില്ലാ ലീഗ് കമ്മിറ്റിയും നിലവിൽ വന്നു.1956ൽ കേരളം രൂപീകരിക്കപ്പെട്ടപ്പോൾ ഇരുവരും സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി.

1950 ഒക്ടോബർ 28ന്, അന്ന് മദ്രാസ് നിയമസഭയുടെ ഭാഗമായിരുന്ന മലപ്പുറം മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എംപി.എ.ഹസൻ കുട്ടി കുരിക്കൾ ജയിച്ചു. രൂപീകരണത്തിനു ശേഷം കേരളത്തിലെ ലീഗിന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയമായിരുന്നു അത്.

തളർത്താത്ത പിളർപ്പുകൾ

ഒരു സംഘടനയെ സംബന്ധിച്ച് ശൈശവ കാലത്തുണ്ടാകുന്ന പിളർപ്പുകൾ വൻ തിരിച്ചടിയാണ്.എന്നാൽ അതിനെയും നിഷ്പ്രയാസം മറികടന്നിട്ടുണ്ട് മുസ്ലിംലീഗ്.1974ൽ അഖിലേന്ത്യാ ലീഗും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗുമായി പിളർന്നെങ്കിലും പിന്നീട് ഇരു പാർട്ടികളും ലയിച്ചു. പിളർപ്പിനു ശേഷം ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 1977ലാണ്.

ഇടതു മുന്നണിയുടെ ഭാഗമായിരുന്ന അഖിലേന്ത്യാ ലീഗ് ശക്തമായ പ്രചാരണം നടത്തിയെങ്കിലും ലീഗിന്റെ പരമ്പരാഗത കോട്ടകളിൽ കടന്നു കയറാൻ അവർക്കായില്ലെന്നു ഫലം തെളിയിച്ചു. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പുറത്തുപോയതും പാർട്ടിയെ വലിയതോതിൽ ബാധിച്ചില്ല. വർഗീയ ധ്രുവീകരണത്തിനെതിരെ അന്നു ലീഗെടുത്ത ഉറച്ച നിലപാട് പിന്നീടു പാർട്ടിക്കു വലിയ സ്വീകാര്യത ലഭിക്കുന്നതിനു കാരണമായി.

മുസ്ലിം ലീഗിന്റെ ഏഴര പതിറ്റാണ്ട്

യു.പി.എ സർക്കാർ നിയോഗിച്ച മുസ്ലിംകളുടെ സാമൂഹ്യനിലവാരം സംബന്ധിച്ച രജീന്ദർ സച്ചാർ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത് രാജ്യത്തെ ദാരിദ്ര്യരേഖക്കു കീഴിലുള്ളവരുടെ സംഖ്യ മുപ്പത്തൊന്നു ശതമാനമാണെന്നാണ്. രാജ്യ തലസ്ഥാനമായ ഡൽഹിയിലും മഹാരാഷ്ട്രയിലും കൊൽക്കത്തയടക്കമുള്ള പശ്ചിമ ബംഗാളിലെ ചേരികളിലും തെരുവുകളിലും ഇന്നും ഒരു നേരത്തെപോലും വിശടപ്പടക്കാൻ വഴിയില്ലാതെ കഴിയുന്നവർ രാജ്യത്തെ രണ്ടാമത്തെ വലിയസമുദായത്തിൽ പെട്ട ജനലക്ഷങ്ങളാണ്.പതിനെട്ടര കോടി മുസ്്ലിംകളിൽ ഇന്നും പട്ടിണി മാറിയെന്നുപറയാൻ കഴിയാത്തത് സന്തുലിതമായ വികസനം സാധ്യമാകാത്തതുകാരണമാണ്.

അമ്പതുകളിൽ നടന്ന ചർച്ചയിൽ ഭൂപരിഷ്‌കരണത്തിലൂടെ മാത്രമേ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനാകൂ എന്നനയത്തെ ലീഗും ഖാഇദേമില്ലത്തും പിന്തുണച്ചത് ഇതുകൊണ്ടായിരുന്നു. രാജ്യത്തിന്റെ മതേതരത്വവും ദേശീയോദ്‌ഗ്രഥനവും സാധ്യമാക്കുന്നതും സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതും ന്യൂനപക്ഷപിന്നാക്ക ജനതയുടെ അഭിവൃദ്ധിക്ക് അടിത്തറയൊരുക്കുന്നതുമായ ഒട്ടേറെ നിയമങ്ങൾ നിലവിൽ വന്നത് നിയമനിർമ്മാണ സഭകളിലെ മുസ്ലിം ലീഗിന്റെ ക്രിയാത്മക പങ്കാളിത്തം കൊണ്ടുകൂടിയാണ്.സ്വതന്ത്ര ഇന്ത്യയിൽ, വ്യവസ്ഥാപിതമായി പാർലമെന്ററി സംവിധാനം നിലവിൽവന്ന 1952 മുതൽ ഇന്നോളം രാജ്യത്തിന്റെ പരമോന്നത നിയമനിർമ്മാണ സഭയിൽ സജീവ പങ്കാളിത്തമുള്ള സംഘടനയാണ് മുസ്ലിം ലീഗ്.

മുസ്ലിംലീഗിന്റെ ഭരണ പങ്കാളിത്തംകൊണ്ടുള്ള നേട്ടം ഏറ്റവും നന്നായി അനുഭവിച്ചറിയുന്നവരാണ് കേരള ജനത. രാജ്യത്തിനു മാതൃകയായ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിൽ മുസ്ലിംലീഗ് വഹിച്ച പങ്ക് രാഷ്ട്രീയ ചരിത്രത്തിൽ ഇടംനേടിയതാണ്. ഇതെല്ലാം പ്രതീക്ഷയുടെ കിരണങ്ങളാകുമ്പോഴും പുതിയ ഭരണസാഹചര്യത്തിൽ മുസ്ലിം ജനവിഭാഗത്തിന്റെ ആശങ്ക പതിന്മടങ്ങായി വർധിച്ചിട്ടുണ്ട്.എല്ലാ ഭീഷണികളെയും പ്രതിരോധിക്കുന്നതിനു പൗരനുള്ള ഉപാധി ഇന്ത്യയുടെ ഭരണഘടന തന്നെയാണ്. ന്യൂനപക്ഷാവകാശം ഭരണഘടന ഉറപ്പുനൽകിയിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്ക് അവരുടേതായ സാംസ്‌കാരികവും മതപരവുമായ സ്വത്വം പിന്തുടർന്ന് ജീവിക്കാൻ കഴിയും. നീതിന്യായവ്യവസ്ഥിതിയുടെയും ഭരണഘടനയുടെയും പിന്തുണ ന്യൂനപക്ഷങ്ങൾക്ക് ആശ്രയിക്കാവുന്നതാണ്.

വർഗീയതക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതാണ് മുസ്ലിംലീഗിന്റെ പാരമ്പര്യം.പിന്നാക്ക ന്യൂനപക്ഷത്തോടൊപ്പം സ്ത്രീകൾ, യുവാക്കൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, പാവപ്പെട്ടവർ എന്നിവരുടെയെല്ലാം ക്ഷേമത്തിനാണ് പാർട്ടി നിലകൊള്ളുന്നത്.ഇന്ത്യയിലെ ജനതയെ വൈജാത്യങ്ങൾ മറന്ന് ഒരുമിപ്പിച്ചുനിർത്താൻ കഴിവുള്ള പാർട്ടി എന്ന നിലക്ക് രാജ്യത്തെ മതേതര ചേരിക്ക് നേതൃത്വം നൽകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു കഴിയും.അതവർ നിർവഹിക്കുമെന്നുതന്നെയാണ് മുസ്ലിംലീഗിന്റെ പ്രതീക്ഷ.

അന്യരുടെ അവകാശം കവർന്നെടുക്കുകയില്ലെന്നും അതേസമയം തന്നെ തങ്ങളുടെ അവകാശത്തെ ഒരിഞ്ചുപോലും വിട്ടുകൊടുക്കുകയില്ലെന്നുമാണ് മുസ്ലിം ലീഗിന്റെ സിദ്ധാന്തം. മഹാനായ സി.എച്ചിന്റെ ഈ വാചകങ്ങളാണ് ഇന്നും മുസ്ലിംലീഗിനെ നയിക്കുന്നത്.
ഇതിലൂന്നിനിന്നുകൊണ്ട് രാജ്യത്തിന്റെയും എല്ലാപൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും ദുർബലരുടെയും രക്ഷക്കായി വിവിധ മതേതരസംഘടനകളുമായി ചർച്ച നടത്തി മുന്നോട്ടുപോകാനാണ് പാർട്ടിയുടെ ലക്ഷ്യം

ഒരു വർഷം നീളുന്ന ആഘോഷം

ചെന്നൈയിൽ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ കേരളത്തിൽ നിന്നും 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ദേശീയ തലത്തിൽ മതേതര ചേരിക്ക് ശക്തി പകരുന്ന ആശയങ്ങളാണ് സമ്മേളനത്തിൽ ചർച്ചയാവുകയെന്ന് നേതാക്കൾ പറഞ്ഞു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ലീഗിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന തീരുമാനങ്ങൾ പ്ലാറ്റിനം ജൂബിലിയിൽ കൈക്കൊള്ളും. ഒരു വർഷം നീളുന്നതാണ് പ്ലാറ്റിനം ജൂബിലി ആഘോഷം.

ഇന്ന് കലൈവാണം അരങ്കത്തിൽ അരങ്ങേറുന്ന ദേശീയ പ്രതിനിധി സമ്മേളനത്തോടെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.മതേതര ചേരിയുടെ ശാക്തീകരണവും രാഷ്ട്രീയ പാർട്ടികളും, രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വനിതകളുടെയും തൊഴിലാളികളുടെയും കർഷകരുടെയും പങ്ക്, ഉത്തരവാദിത്ത രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനിൽപിന്റെയും ഏഴര പതിറ്റാണ്ട് തുടങ്ങിയ പ്രമേയങ്ങൾ ചർച്ച ചെയ്യും.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.ദേശീയ ഭാരവാഹികൾ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ജനപ്രതിനിധികൾ നിയോജകമണ്ഡലം പ്രസിഡന്റുമാർ സെക്രട്ടറിമാർ തുടങ്ങിയവരാണ് പങ്കെടുക്കുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ വേരുറപ്പിക്കാനുള്ള നയപരിപാടികൾ ചർച്ചയാകും. യുപിഎയെ ശക്തിപ്പെടുത്തുന്ന ആശയങ്ങൾക്ക് രൂപം നൽകുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

മാർച്ച് 10ന് രാവിലെ രാജാജി ഹാളിൽ മുസ്‌ലിം ലീഗ് രൂപവത്കരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം നടക്കും. തമിഴ്, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളിൽ പ്രതിനിധികൾ പ്രതിജ്ഞയെടുക്കും.തുടർന്ന് വൈകീട്ട് ഓർഡ് മഹാബലിപുരം റോഡിലെ വൈ.എം.സി.എ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറിൽ റാലി നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുഖ്യാതിഥിയാകും. തമിഴ്‌നാട്ടിലെ വളന്റിയർമാർ അണിനിരക്കുന്ന ഗ്രീൻഗാർഡ് പരേഡും ഇതോടനുബന്ധിച്ചുണ്ടാകും.വരും മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളും അരങ്ങേറും.

ചരിത്രമാകാൻ തീവണ്ടി യാത്ര

ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിനായി പ്രവർത്തകരെ സമ്മേളന നഗരിയിലെത്തിക്കാൻ തീവണ്ടി വാടകയ്‌ക്കെടുത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. 75-ാം വാർഷികം ആഘോഷിക്കാൻ ചെന്നൈയിലേക്ക് പ്രവർത്തകരെ കൊണ്ടുപോകുന്ന പ്രത്യേക തീവണ്ടി, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടും.തീവണ്ടി വാടകയ്‌ക്കെടുത്ത് പ്രവർത്തകരെ സമ്മേളനനഗരിയിലെത്തിക്കുന്നത് അപൂർവമാണ്.

60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് വാടകയ്ക്ക് തീവണ്ടി എടുത്തിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്. അവിടങ്ങളിൽനിന്ന് പാർട്ടിപ്രവർത്തകർ കയറും. വെള്ളിയാഴ്ച രാവിലെ ചെന്നൈ എഗ്മോറിലെത്തും. അവിടെനിന്ന് തമിഴ്‌നാട് സർക്കാർ ബസിൽ പ്രവർത്തകരെ സമ്മേളനനഗരിയായ, 75 വർഷം മുൻപ് ഖ്വായിദ്-ഇ-മില്ലത്ത് പാർട്ടിക്ക് രൂപം നൽകിയ രാജാജിഹാളിൽ എത്തിക്കും.

17 സ്ലീപ്പർ കോച്ച്, മൂന്ന് എ.സി. കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ എന്നിങ്ങനെയാണ് ഈ ചാർട്ടേഡ് തീവണ്ടിയിലുള്ളത്. 1416 പ്രവർത്തകർക്ക് യാത്ര ചെയ്യാം. തമിഴ്‌നാട് സർക്കാരിന്റെ 30 ബസുകളും ബുക്ക് ചെയ്തിട്ടുണ്ട്. സമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11-ന് ഇതേ തീവണ്ടി തിരിച്ച് പ്രവർത്തകരുമായി മംഗളൂരുവിലേക്ക് പുറപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP