Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരന്തനിവാരണ സമിതി യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശിച്ചത് ഭോപ്പാൽ മോഡൽ ഒഴിപ്പിക്കൽ പദ്ധതി; വിഷപ്പുക പടരവേ കൊച്ചി നഗരവാസികളെ ഒഴിപ്പിക്കാൻ നിർദേശിച്ചു യോഗ തീരുമാനവും; നീക്കം തടഞ്ഞത് ഉന്നത ഭരണനേതൃത്വം; സർക്കാറിന്റെ ഇമേജ് സംരക്ഷിക്കാൻ കൊച്ചിക്കാരെ ഗ്യാസ് ചേംബറിൽ അടച്ചു

ദുരന്തനിവാരണ സമിതി യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശിച്ചത് ഭോപ്പാൽ മോഡൽ ഒഴിപ്പിക്കൽ പദ്ധതി; വിഷപ്പുക പടരവേ കൊച്ചി നഗരവാസികളെ ഒഴിപ്പിക്കാൻ നിർദേശിച്ചു യോഗ തീരുമാനവും; നീക്കം തടഞ്ഞത് ഉന്നത ഭരണനേതൃത്വം; സർക്കാറിന്റെ ഇമേജ് സംരക്ഷിക്കാൻ കൊച്ചിക്കാരെ ഗ്യാസ് ചേംബറിൽ അടച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യക്കൂനയ്ക്ക് തീപിടിച്ചു വിഷപ്പുക വ്യാപകമായി പടർന്നു പിടിച്ചത് സംസ്ഥാനത്തെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള മെട്രോ സിറ്റിയെ സാരമായി തന്നെയാണ് ബാധിച്ചത്. തുടർച്ചയായി എട്ടാം നാളും വിഷപ്പുക ഉയരുമ്പോൾ സർക്കാറിന്റെയും ദുരന്തനിവാരണ അതോരിറ്റിയുടെയും കെടുകാര്യസ്ഥ പ്രകടമാണ്. അതേസമയം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്ന വിധത്തിൽ വിഷപ്പുക നഗരത്തെ മൂടിയപ്പോഴും സംസ്ഥാന സർക്കാർ വിവരങ്ങൾ മറച്ചുവെച്ച് അട്ടിമറി ശ്രമങ്ങളാണ് നടത്തിത്. സർക്കാറിന്റെ ഇമേജ് സംരക്ഷിക്കാനും ബ്രഹ്മപുരം കരാറിന് പിന്നിലെ അഴിമതികൾ പുറത്തുവരാതിരിക്കാനും വേണ്ടിയായിരുന്നു സർക്കാർ ശ്രമം.

ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീപിടിച്ച വേളയിൽ ദുരന്ത നിവാരണ അതോരിറ്റി യോഗം ചേർന്നിരുന്നു. ചീഫ് സെക്രട്ടറി വി പി ജോയിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. അന്നത്തെ യോഗത്തിൽ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിരുന്നു. വിഷപ്പുക കാര്യമായി പടരുന്ന കൊച്ചി നഗത്തിലെ പ്രദേശങ്ങൾ ഒഴിപ്പിക്കാനായിരുന്നു യോഗത്തിലെ കൈക്കൊണ്ട തീരുമാനം. ഇതനുസരിച്ച് മുന്നോട്ടു പോകാനുള്ള ഒരുക്കങ്ങൾ നടക്കവേയാണ് ഉന്നത ഭരണനേതൃത്വം ഇടപെട്ട് ആ നീക്കം തടഞ്ഞത്.

മാലിന്യക്കൂന കത്തിയമരുമ്പോഴുള്ള പുക ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് അടക്കം കാരണമാകും എന്നതായിരുന്നു ദുരന്തനിവാരണ സമിതി യോഗം വിലയിരുത്തിയത്. വല വിധത്തിലുള്ള വാതകങ്ങളും കത്തുമ്പോൾ അതുകൊച്ചി നിവാസികളെ ദുരിതത്തിലാക്കുന്ന അവസ്ഥ വരുമായിരുന്നു. ഭോപ്പാൽ ദുരന്ത വേളയിൽ ഒഴിപ്പിക്കൽ നടപടിക്ക് സമാനമായ ശ്രമങ്ങളായിരുന്നു യഥാർഥത്തിൽ നടക്കേണ്ടിയിരുന്നത്. എന്നാൽ രാഷ്ട്രീയ ഇടപെടൽ മൂലം ഈ നീക്കം അട്ടിമറിക്കപ്പെട്ടു.

സർക്കാറിന്റെ വീഴ്‌ച്ചകൾ പുറത്തുവരുമെന്നും ഇമേജിനെ ബാധിക്കുമെന്നതുമായിരുന്നു ഉന്നത ഭരണത്തിലുള്ളവരുടെ പ്രശ്‌നം. ചുരുക്കത്തിൽ സർക്കാറിന്റെ തീരുമാനം കാരണം തുടർച്ചയായി വിഷപ്പുക ശ്വസിച്ചു ജീവിക്കേണ്ട അവസ്ഥയായി കൊച്ചി നിവാസികൾക്ക്. ദുരന്തനിവാരണ അതോരിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്‌ച്ചകൾ ഹൈക്കോടതി അടക്കം പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. വിഷപ്പുക നിയന്ത്രിക്കാൻ കൈക്കൊള്ളേണ്ട നടപടികളിലും അധികൃതർ വീഴ്‌ച്ച വരുത്തുകയാണ് ഉണ്ടായത്.

ഇപ്പോൾ മാലിന്യമല ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ അടക്കം എത്തിച്ചിരിക്കയാണ് അധികൃതർ. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിച്ചിട്ടും പുകയ്ക്ക് മാത്രം കുറവില്ല. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് - പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മാലിന്യപ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ വിമർശനം നേരിട്ട രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റിയാണ് സർക്കാർ എൻഎസ്‌കെ ഉമേഷിന് പകരം ചുമതല നൽകിയിരിക്കുന്നത്. ഇന്നലെ ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമർശനം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് തീകെടുത്താനുള്ള ഊർജ്ജിത നടപടികളിലേക്ക് സർക്കാർ കടന്നിരുന്നു. മാലിന്യ സംസ്‌കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റർ പ്ലാൻ വേണമെന്നാണ് ഇന്നലെ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനു പിന്നാലെയാണ് ബ്രഹ്മപുരത്തെ തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തര നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിൽ സംസ്‌കരിക്കാനാണ് നീക്കം. ജൈവമാലിന്യ സംസ്‌കരണത്തിനുള്ള വിൻഡ്രോ കന്‌പോസ്റ്റിങ് സംവിധാനത്തിന്റെ തകരാർ ഉടൻ പരിഹരിക്കും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. പ്രവർത്തനങ്ങളുടെ മേൽനോട്ടം മേയറും കളക്ടറും ഉൾപ്പെട്ട സമിതിക്ക്. മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ പങ്കെടുക്കുന്ന യോഗങ്ങൾ ചേരണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും. വിവാദങ്ങൾക്കിടെ ബ്രഹ്മപുരത്ത് അട്ടിമറിക്കുള്ള സാധ്യത തള്ളുകയാണ് കളക്ടർ രേണു രാജ്. രാസവിഘടന പ്രക്രിയയിലൂടെ പുറന്തള്ളുന്ന ചൂടുമൂലമുണ്ടാകുന്ന സ്‌മോൾഡറിങ് പ്രതിഭാസമാണ് തീപിടിത്തത്തിന് പ്രധാന കാരണമെന്നാണ് യോഗത്തിൽ കളക്ടർ നൽകിയ വിശദീകരണം. സംസ്ഥാനത്ത് ചൂട് കൂടിയത് തീപിടിത്തത്തിന്റെ ആക്കം കൂട്ടിയെന്നും കളക്ടർ വിമർശിച്ചു.

അതേസമയം കളക്ടറെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. രണ്ടുദിവസത്തിനകം തീ കെടുത്തുമെന്ന് പറഞ്ഞിട്ട് എന്ത് സംഭവിച്ചെന്നായിരുന്നു കോടതിയുടെ ചോദ്യം. ദുരന്തനിവാരണച്ചട്ടം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ വേണ്ടവിധം എത്തിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബ്രഹ്മപുരത്ത് തീപിടിത്ത മുന്നറിയിപ്പ് നൽകിയിരുന്നെന്നായിരുന്നു കളക്ടറുടെ മറുപടി.

അതേസമയം കോർപ്പറേഷനിൽ ബയോമൈനിങ് കരാർ നേടി ഇപ്പോൾ വിവാദത്തിലായ സോണ്ട ഇൻഫ്രാടെക്കിന് വേണ്ടി മുമ്പും വഴിവിട്ട ഇടപെടലുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നടന്നിരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊച്ചിയെ വിഷപ്പുകയിലാക്കിയതിന് പിന്നിൽ വൈക്കം വിശ്വന്റെ മകന്റെ കമ്പനി വിവാദത്തിലായിരിക്കുന്ന ഘട്ടത്തിലാണ് കമ്പനിക്ക് പിന്നിലെ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നത്. കണ്ണൂർ, കൊല്ലം കോർപ്പറേഷനുകളും ഈ ബയോ മൈനിങ് സ്ഥാപനവുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. യഥാർഥ കരാറുകളും ടെണ്ടറുകളും ലംഘിച്ചതു കൊണ്ടായിരുന്ന സോണ്ട ഇൻഫ്രാടെക്കിനെതിരെ നടപടി കൈക്കൊണ്ടത്.

രണ്ടിടങ്ങളിലും കോർപ്പറേഷനുകൾക്ക് ഈ കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നുള്ള സമ്മർദ്ദം മൂലമായിരുന്നു കരാർ സോണ്ടയ്ക്ക് നൽകിയത്. എന്നാൽ, കരാർ പ്രകാരമുള്ള ജോലി എടുക്കുന്നതിൽ കമ്പനി രണ്ടിടത്തും വീഴ്‌ച്ച വരുത്തി. ഇതോടെ ഈ സ്ഥാപനത്തെ ഒഴിവാക്കുകയാണ് കൊല്ലം, കണ്ണൂർ കോർപ്പറേഷനുകൾ ചെയ്തത്.

യഥാർത്ഥ കരാറും ടെൻഡർ വ്യവസ്ഥകളും ലംഘിച്ചിട്ടും ബ്രഹ്മപുരത്ത് ജൈവ ഖനനം തുടരാനും ഇഇവർക്ക് സാധിച്ചു എന്നത് പരിശോധിക്കുമ്പോഴാണ് ഈ കമ്പനിയും സർക്കാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ പുരത്തുവരുന്നത്. സോണ്ട ഇൻഫ്രാടെക് നിശ്ചിത സമയപരിധിയിൽ ഒമ്പത് മാസത്തോളം വീഴ്ച വരുത്തിയെങ്കിലും കരാർ അവസാനിപ്പിക്കുക എന്നതല്ലാതെ അവലോകനം ചെയ്യാൻ കൊച്ചി കോർപ്പറേഷൻ ഇതുവരെ ചിന്തിച്ചിരുന്നില്ല.

ഖനനം ചെയ്യേണ്ട മാലിന്യത്തിന്റെ അളവും നൽകാനുള്ള പണവും സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കണ്ണൂർ കോർപ്പറേഷൻ കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചതെന്ന് മുൻ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. പണം നൽകി. കോർപ്പറേഷനുമായി കരാറുണ്ടാക്കി മുൻകൂർ പണം വാങ്ങിയ ശേഷം മാലിന്യത്തിന്റെ അളവിനെച്ചൊല്ലി കമ്പനി തർക്കം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് സോണ്ടയെ നീക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP